-
ന്യൂഡല്‍ഹി: ലോക്സഭയിലെ ഭരണപ്രതിപക്ഷ ബഹളം ഒരു മണിക്കൂറിലേറെ കണ്ട് പുറത്തിറങ്ങുമ്പോള്‍ മുഹമ്മദ് ആസിം പറഞ്ഞു: പാര്‍ലമെന്റ് ഉഷാറാണ്. ലോക്സഭ ആദ്യമായിക്കണ്ടതിന്റെ കൗതുകം ആസിമിന്റെ നിറഞ്ഞചിരിയില്‍ പ്രതിഫലിച്ചു. അപ്പോഴേക്ക് ലോക്സഭാംഗം രമ്യാ ഹരിദാസ് ആസിമിനരികിലെത്തി. പിന്നെ നാട്ടുവര്‍ത്തമാനവും കുശലവും.
ഭിന്നശേഷിക്കാരനായ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് പിതാവ് മുഹമ്മദ് സെയ്ദിനും മനുഷ്യാവകാശപ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിനുമൊപ്പം ലോക്സഭ കാണാനെത്തിയത്. സന്ദര്‍ശകപാസുകള്‍ പിതാവിന്റെയും നൗഷാദിന്റെയും സഹായത്തോടെ സന്ദര്ശകഗ്യാലറിയിലെത്തിയപ്പോഴേക്ക് സഭയില്‍ ഭരണപ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ലോക്സഭയുടെ സന്ദര്ശകഗ്യാലറിയിലെ മൂന്നാംനിരയിലിരുന്ന് ആസിം സഭാനടപടികള്‍ കണ്ടു.
തിങ്കളാഴ്ചയാണ് ആസിം ഡല്‍ഹിയിലെത്തിയത്. ദേശീയ മനുഷ്യാവകാശകമ്മിഷനിലും ദേശീയ ബാലാവകാശകമ്മിഷനിലും പോയി. വെളിമണ്ണ ഗ്രാമത്തില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ വേണമെന്ന ആവശ്യമുയര്‍ത്തി കമ്മിഷനുകള്‍ക്ക് നിവേദനം നല്കി. ഭിന്നശേഷിക്കാരനായ തനിക്ക് പഠിക്കാന്‍ അടുത്ത പ്രദേശത്ത് സര്‍ക്കാര്‍ ഹൈസ്കൂളില്ലെന്ന പരാതിയുന്നയിച്ചു. പഠിക്കാനുള്ള അവകാശത്തിനായി ആസിം നടത്തിയ പോരാട്ടങ്ങള്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വെളിമണ്ണ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ യു.പി. സ്കൂള്‍ ആക്കി ഉയര്‍ത്തിയതും ജന്മാനാ ഇരുകൈകളും ഇല്ലാത്ത ആസിമിന്റെ പരിശ്രമങ്ങളുടെ ഫലമായാണ്.
Content Highlights: Asim's Parliament visit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..