പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 50.47 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 25,851 വിദ്യാർഥികളിൽ 13,025 പേരും വിജയിച്ചു. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ലോക്കറിൽ വിതരണം ചെയ്തുതുടങ്ങിയതായും വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.
ഗവൺമെന്റ് (65.18), ഗവൺമെന്റ് എയ്ഡഡ് (69.34), ഗവൺമെന്റ് നിയന്ത്രിത സ്വാശ്രയ (53.87), സ്വകാര്യ സ്വാശ്രയ കോളേജുകൾ (44.40) എന്നിങ്ങനെയാണ് വിജയശതമാനം. കംപ്യൂട്ടർ സയൻസിലാണ് ഉയർന്ന വിജയശതമാനം (50.39), ഇലക്ട്രോണിക്സ് (49.09), ഇലക്ട്രിക്കൽ (38.83), സിവിൽ (50.01), മെക്കാനിക്കൽ (36.55) എന്നിങ്ങനെയാണ് മറ്റു ശാഖകളിലെ വിജയം.
വിജയിച്ച 13,025 പേരിൽ 1321 വിദ്യാർഥികൾ ബി.ടെക്. ഓണേഴ്സ് ബിരുദത്തിന് അർഹരായി. പ്രോ-വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, സിൻഡിക്കേറ്റ് പരീക്ഷ സമിതി കൺവീനർ ഡോ. സി. സതീഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്. ആനന്ദ രശ്മി എന്നിവരും പത്രസമ്മേളനത്തിൽ സംസാരിച്ചു.
മികച്ച വിദ്യാർഥികൾ
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ സിവിൽ എൻജിനിയറിങ് വിദ്യാർഥികളായ കാതെറിൻ സെബാസ്റ്റ്യൻ 9.98 സ്കോറോടെ ഒന്നാംസ്ഥാനത്തെത്തി. ഇതേ കോളേജിലെ ആർ.എസ്. അരവിന്ദ് (9.97) രണ്ടാംസ്ഥാനം നേടി. കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിലെ സിവിൽ വിദ്യാർഥിനി എസ്. ശ്രീലക്ഷ്മിയും പാലക്കാട് എൻ.എസ്.എസ്. കോളേജിലെ കംപ്യൂട്ടർ സയൻസിലെ സ്നേഹയും 9.95 ഗ്രേഡ് നേടി മൂന്നാംസ്ഥാനം പങ്കിട്ടു.
മികച്ച കോളേജുകൾ
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജ് (82.43 ശതമാനം), തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് (80), തിരുവനന്തപുരം ബാർട്ടൻഹിൽ കോളേജ് (79.64 ശതമാനം) എന്നീ കോളേജുകളാണ് വിജയശതമാനത്തിൽ മുന്നിൽ.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് (7.16), എൻജിനിയറിങ് കോളേജ് ബാർട്ടൻഹിൽ (6.78), തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് (6.69) എന്നിവയാണ് ഉയർന്ന അക്കാദമിക് പെർഫോമൻസ് ഇൻഡക്സ് ലഭിച്ച കോളേജുകൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..