ചെന്നൈ ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബാക്രമണം | Photo: ANI
ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് ( NEET) പരീക്ഷയില്‍ പ്രതിഷേധിച്ച് ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്. ചെന്നൈ ബിജെപി ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് വിനോദ് എന്നയാള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
നീറ്റ് പരീക്ഷയോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. പ്രതിവര്‍ഷം ശരാശരി 20 വിദ്യാര്‍ഥികള്‍ ഇക്കാരണത്താല്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. പ്ലസ്ടുവരെ ഉയര്‍ന്നമാര്‍ക്ക് നേടി വിജയിച്ച ടോപ്പര്‍മാര്‍ പോലും നീറ്റില്‍ പരാജയപ്പെടുന്നത് തമിഴ്നാട്ടില്‍ പതിവായതോടെ പരീക്ഷ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ ബാധിക്കുമെന്നറിയിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ആഴ്ച തിരിച്ചയച്ചിരുന്നു.
പരീക്ഷ ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച തമിഴ്നാട് സര്‍ക്കാര്‍ രണ്ടാം തവണയും നീറ്റ് ഒഴിവാക്കല്‍ ബില്‍ ഏകകണ്ഠമായി പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചു. എന്നാല്‍ വോട്ടെടുപ്പിന് മുന്നോടിയായി നീറ്റ് പരീക്ഷയെ അനൂകൂലിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
സമ്പന്നരുടെ മക്കള്‍ക്കും സ്വകാര്യകോച്ചിങ്ങിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മാത്രമേ നീറ്റ് വിജയം കരസ്ഥമാക്കാനാവൂ എന്നാണ് ഭരണകക്ഷിയായ ഡിഎംകെയുടെയും പ്രതിപക്ഷത്തുള്ള എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും പക്ഷം. പാവപ്പെട്ട വിദ്യാര്‍ഥികളുടെ അവസരം നീറ്റിലൂടെ ഇല്ലാതാവുകയാണെന്നും ഇവര്‍ പറയുന്നു
നീറ്റ് പരീക്ഷയില്‍ ബിജെപിയുടെ നിലപാടിനോടുള്ള കടുത്ത അതൃപ്തിയാണ് ബോംബേറിയാന് പ്രേരിപ്പിച്ചതെന്ന് വിനോദ് പോലീസിനോട് പറഞ്ഞു. 2017-ല്‍ തെയ്നാംപേട്ട് പോലീസ് സ്റ്റേഷനും സര്‍ക്കാര്‍ മദ്യവില്പ്പനശാലയ്ക്കും നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതിയാണ് വിനോദ്. ഇയാള്‍ ഒരു പാര്‍ട്ടിയുടെയും അനുഭാവിയല്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നാണ് ബിജെപി ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..