പ്രതീകാത്മക ചിത്രം | Photo-amrita.edu
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2022-ലെ എന്‍ഐആര്‍എഫ് റാങ്കിങില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് രാജ്യത്തെ മികച്ച എട്ടാമത്തെ മെഡിക്കല്‍ കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് രാജ്യത്തെ മികച്ച 10 മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ അമൃത ഉള്‍പ്പെടുന്നത്. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് ഒന്നാം സ്ഥാനത്ത്.
സര്‍വകലാശാലകളുടെ റാങ്കിങില്‍ അഞ്ചാം സ്ഥാനം ഇത്തവണയും അമൃത വിശ്വ വിദ്യാപീഠം നിലനിര്‍ത്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് രാജ്യത്തെ മികച്ച പത്ത് സര്‍വകലാശാലകളുടെ പട്ടികയില്‍ അമൃത വിശ്വ വിദ്യാപീഠം ഇടംപിടിക്കുന്നത്. എന്‍ജിനീയറിങ്, ഫാര്‍മസി, ഡെന്റല്‍ കോളേജ് വിഭാഗം റാങ്കിങിലും ഇത്തവണ മികച്ച നേട്ടമാണ് അമൃത സ്വന്തമാക്കിയത്. ഫാര്‍മസി കോളേജ് വിഭാഗത്തില്‍ 14 - ാം റാങ്കാണ് അമൃത നേടിയത്. രാജ്യത്തെ മികച്ച 15 ഫാര്‍മസി കോളേജുകളില്‍ ഇടംപിടിച്ച കേരളത്തില്‍ നിന്നുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അമൃത.
എന്‍ജിനീയറിങ്, ഡെന്റല്‍ കോളേജ് വിഭാഗങ്ങളില്‍ 19 -ാം റാങ്കും അമൃത സ്വന്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ റാങ്കിങില്‍ 16-ാം സ്ഥാനവും അമൃത വിശ്വ വിദ്യാപീഠത്തിനാണ്. അമൃത വിശ്വ വിദ്യാപീഠം ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ വിശാലമായ വീക്ഷണവും, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പരിശ്രമവുമാണ് ഇത്തവണയും എന്‍ഐആര്‍എഫ് റാങ്കിങില്‍ മികച്ച മുന്നേറ്റം നടത്താന്‍ സഹായിച്ചതെന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന് പറഞ്ഞു. അമൃത വിശ്വവിദ്യാപീഠത്തിന് 2021-ല്‍ നാക് എപ്ലസ് പ്ലസ് അംഗീകാരം ലഭിച്ചിരുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായാണ് കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്.എഫ്) എല്ലാ വര്‍ഷവും റാങ്കുകള്‍ പ്രഖ്യാപിക്കുന്നത്. ഓവറോള്‍, യൂണിവേഴ്സിറ്റി, കോളേജ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, എന്‍ജിനീയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, ലോ, ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് റാങ്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ആണ് ഈ വര്‍ഷത്തെ എന്‍.ഐ.ആര്.എഫ് റാങ്കുകള്‍ പ്രഖ്യാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..