-
കോട്ടയ്ക്കല്‍: കാര്‍ഷിക എന്‍ജിനീയറിങ് കോഴ്സുള്ള കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായ കേളപ്പജി കോളേജ് ഓഫ് ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്ക്നോളജിയില്‍നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ജോലി ലഭിക്കാതെ കഷ്ടപ്പെടുന്നു.
കോളേജില്‍ ഒരു വിദ്യാര്‍ഥിക്ക് കോഴ്സ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഏകദേശം 20 ലക്ഷത്തിലേറെ രൂപ ചെലവാക്കുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയില്‍ ഇവരുടെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ല.
ഇറിഗേഷണല്‍ വിഭാഗം, സോയില്‍ കണ്‍സര്‍വേഷന്‍ വിഭാഗം, പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തിക, മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ എന്‍ജിനീയര്‍ തസ്തിക, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിലെ എന്‍ജിനീയര്‍ തസ്തിക എന്നിവയിലേക്കാണ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരെ പരിഗണിക്കേണ്ടതെങ്കിലും ഈ തസ്തികകളിലേക്ക് ഇവര്‍ക്കിപ്പോള്‍ അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
1990-ലാണ് കോളേജില്‍നിന്നും എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ആദ്യബാച്ച് പുറത്തിറങ്ങുന്നത്. മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് കാര്‍ഷിക എന്‍ജിനീയര്‍മാരുടെ അഭാവത്തില്‍ മെക്കാനിക്കല്‍, സിവില്‍ എന്ജിനീയര്മാരെയും ബി.എസ്സി. ആഗ്രിക്കള്‍ച്ചര്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരെയുമാണ് പരിഗണിച്ചിരുന്നത്. ഇന്ന് വര്‍ഷത്തില്‍ 40 കുട്ടികളെങ്കിലും അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനത്തില്‍ പഴയ നില തുടരുകയാണ്.
പ്രളയവും ഉരുള്‍പ്പൊട്ടലുമുണ്ടാവുന്ന കേരളത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ പ്രധാനപ്പെട്ട വിഭാഗമാണ്. എന്നാല്‍ ഇവരെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസേഴ്സ് തസ്തികയിലേക്ക് പരിഗണിക്കുന്നില്ലെന്ന് തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ അസി.പ്രൊഫ. ഡോ. രാജേഷ് പറഞ്ഞു.
യു.പി.എസ്.സിയില്‍ ഇന്ത്യയൊട്ടാകെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിനുവേണ്ട യോഗ്യത ബി.ടെക്ക് അഗ്രിക്കള്‍ച്ചര്‍, എം.എസ്സി. ആഗ്രോണമി, എം.എസ്സി. സോയില്‍ സയന്‍സ് എന്നിവയാണ്. എന്നാല്‍, ഈ തസ്തികയ്ക്ക് യു.പി.എസ്.സി പരിഗണിക്കാത്ത ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ ബിരുദമാണ് കേരളത്തില്‍ യോഗ്യതയായി പരിഗണിച്ചിരിക്കുന്നത്.
പഞ്ചായത്തുകളിലും കൃഷിഭവനുകളിലും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക യന്ത്രങ്ങളാണ് ശരിയായ പരിചരണം ലഭിക്കാത്തതിനാല്‍ തുരുമ്പെടുത്ത് നശിക്കുന്നത്. കാര്‍ഷിക എന്‍ജിനീയര്‍മാരുണ്ടായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ പറയുന്നു. പരിമിതമായ സീറ്റുകള്‍ ആയതിനാല്‍ കീം എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥികളാണ് കോഴ്സിന് ചേരുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗംതന്നെ നിലവിലുണ്ട്. എന്നാല്‍, കേരളത്തില്‍ ഇങ്ങനെയൊരു വിഭാഗമില്ല. ഓരോ പഞ്ചായത്തിലും കൃഷി ഓഫീസര്‍ ഉണ്ടെങ്കിലും കാര്‍ഷിക എന്‍ജിനീയര്‍മാര്‍ ഒരുജില്ലയില്‍ രണ്ടുപേര്‍ മാത്രമാണ്. ബ്ലോക്ക് തലത്തില്‍ ഒരു കാര്‍ഷിക എന്‍ജിനീയര്‍ എന്നരീതിയില്‍ നിയമനം നടത്തണമെന്നാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്.
Content Highlights: Agricultural Engineering graduates in Kerala facing job crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..