പ്രതീകാത്മക ചിത്രം | Photo: ANI
തിരുവനന്തപുരം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ പ്രവർത്തിക്കുന്ന സ്കൂളുകൾ അടുത്ത അധ്യയനവർഷം നിർത്തലാക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് ധൃതിപിടിച്ച് നടപ്പാക്കാനാവില്ലെന്ന നിലപാടിൽ സർക്കാർ.
ഉത്തരവ് ഹൈക്കോടതിയുടേത് ഒന്നുമല്ലല്ലോയെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവ് കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. ഒറ്റദിവസംകൊണ്ട് മുഴുവൻ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹവിദ്യാഭ്യാസം നടപ്പാക്കാൻ അതത് സ്കൂളുകളിലെ അധ്യാപക രക്ഷാകർത്തൃസമിതിയാണ് പ്രാഥമിക തീരുമാനമെടുക്കേണ്ടത്. തുടർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആ തീരുമാനം അംഗീകരിച്ച് വിദ്യാഭ്യാസവകുപ്പിന് കൈമാറണം. സ്കൂളുകൾ അത്തരത്തിൽ മാറ്റുന്നതുനിമിത്തമുള്ള സാമൂഹികാവസ്ഥകളടക്കം പരിശോധിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
വിദ്യാഭ്യാസകമ്മിഷനുകളുടെ റിപ്പോർട്ടുകളും വിദ്യാഭ്യാസ അവകാശനിയമവും മറ്റും പരിഗണിച്ചാണ് ബാലാവകാശ കമ്മിഷൻ ശുപാർശ. സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുമുന്നോടിയായി സ്കൂളുകളിൽ ശൗചാലയങ്ങൾ അടക്കമുള്ള സാഹചര്യം ഒരുക്കണമെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിർദേശിച്ചിട്ടുണ്ട്. ലിംഗസമത്വം സംബന്ധിച്ച് നേരത്തേയും ബാലാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സഹവിദ്യാഭ്യാസം നിഷേധിക്കുന്നത് അന്തർദേശീയവും ദേശീയവുമായ ബാലാവകാശങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വത്തിന്റെയും ലംഘനമാണെന്നാണ് കമ്മിഷന്റെ നിരീക്ഷണം.
സർക്കാരിന് ഇക്കാര്യത്തിൽ അനുകൂലനിലപാടാണെങ്കിലും ശുപാർശസ്വഭാവമുള്ള കമ്മിഷന്റെ ഉത്തരവ് മുഴുവനായി നടപ്പാക്കണമെന്നില്ല. പ്രായോഗികബുദ്ധിമുട്ടുകൾതന്നെയാണ് സർക്കാരിനുമുന്നിലുള്ള തടസ്സം. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം 18 സ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കി മാറ്റിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..