Representational Image | Photo: freepik.com
രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയം 2020-ലെ ശുപാര്‍ശകളനുസരിച്ച് വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസ് തുടങ്ങാനുള്ള കരടുരേഖ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി.) ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു. കരടുനിര്‍ദേശത്തില്‍ വിദേശ സര്‍വകലാശാലകളുടെ ഇന്ത്യയിലെ കാമ്പസ്സുകള്‍ക്ക് സ്വയംഭരണാധികാരം, സ്വന്തമായി ഫീസ് നിശ്ചയിക്കുവാനുള്ള അവകാശം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്വാതന്ത്രാധികാരമുള്ള/സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സമാനമായി ഭരണനിര്‍വഹണം, നിയന്ത്രണാധികാരം, കോഴ്‌സുകള്‍ കണ്ടെത്തല്‍ എന്നിവ വിദേശ സര്‍വകലാശാലകള്‍ക്കും അനുവദിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ആഗോള സര്‍വകലാശാലാ റാങ്കിങ്ങില്‍ ആദ്യത്തെ 500-ല്‍ വരുന്ന സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാം.
2035-ഓടു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 50 ശതമാനത്തിലെത്തിക്കാനാണ് ദേശീയ വിദ്യാഭ്യാസനയം 2020 ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതിവര്‍ഷം എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സര്‍വകലാശാലകളിലെത്തുന്നത്. ഇവരില്‍ കേരളത്തില്‍ നിന്നുമാത്രം അര ലക്ഷത്തോളം വിദ്യാര്‍ഥികളുണ്ട്. വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയ്ക്കാനും, കുറഞ്ഞ ചെലവില്‍ വിദേശ സര്‍വകലാശാലാ കോഴ്‌സുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രലായത്തിന്റെ നേതൃത്വത്തില്‍ നടപടികൾ ആരംഭിക്കുന്നത്. നിരവധി സംസ്ഥാനങ്ങള്‍ വിദേശ സര്‍വകലാശാലകളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി മുതല്‍മുടക്കാന്‍ താല്പര്യമുള്ള സംരംഭകര്‍ തയ്യാറാകേണ്ടതുണ്ട്.
ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ കരടു നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ രണ്ട് ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാനൊരുങ്ങിക്കഴിഞ്ഞു. ഡിക്കിന്‍, വല്ലോങ് സര്‍വകലാശാലകളാണ് ഗുജറാത്തിലെ ഗിഫ്ട് സിറ്റിയില്‍ കാമ്പസ് തുടങ്ങുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലയളവില്‍ ഓസ്ട്രേലിയയില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 15 ലക്ഷത്തിലധികമാണ്. 70000-ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളും 1700-ഓളം ഫാക്കല്‍റ്റി അംഗങ്ങളും നിലവില്‍ ഓസ്ട്രേലിയയിലുണ്ട്. മികച്ച ഭൗതിക സൗകര്യം, അക്കാഡമിക്/ഗവേഷണ മികവ്, പ്ലേസ്മെന്റ്, സാങ്കേതിക വിദ്യ, ന്യൂജന്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ ഏറെ മുന്നിലാണ്.
Also Read
ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും കോഴ്സുകളുടെ ഏകീകരണം, അംഗീകാരം എന്നിവയിലൂടെ മികച്ച തുടര്‍ പഠന, ഗവേഷണ സാധ്യതകളാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ഓസ്ട്രേലിയയിലേക്ക് ഐ.ഇ.എല്‍.ടി.എസ് സ്‌കോര്‍ ആവശ്യമാണ്. പ്ലസ് ടു കഴിഞ്ഞുള്ള യുജി പഠനത്തിന് സാറ്റ് സ്‌കോറും എം.ബി.എ പഠനത്തിന് ജി മാറ്റും ആവശ്യമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസക്ക് അപേക്ഷിക്കാം.
കരട് നിര്‍ദേശങ്ങള്‍
യു.ജി.സി നിയമിച്ച സ്റ്റാന്റിങ് കമ്മിറ്റി വരാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത, കോഴ്‌സുകള്‍, സാധ്യത, അക്കാഡമിക് നിലവാരം, ഭൗതിക സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് വിലയിരുത്തി 45 ദിവസത്തിനകം യു.ജി.സി വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ രണ്ടു വര്‍ഷത്തിനകം കാമ്പസ് തുടങ്ങാന്‍ തത്വത്തില്‍ അംഗീകാരം നല്‍കും. തുടക്കത്തില്‍ 10 വര്‍ഷത്തേക്കാണ് അനുമതി നല്‍കുന്നത്. കാലയളവ് പിന്നീട് വര്‍ധിപ്പിച്ചു നല്‍കും.
രാജ്യത്തെ വിദ്യാര്‍ഥികളോടൊപ്പം, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും ഇവിടെ പ്രവേശനം നല്‍കാം. സുതാര്യമായ രീതിയില്‍ ഫീസ് നിര്‍ണയിക്കുന്നതോടൊപ്പം അധ്യാപകരെ രാജ്യത്തിന് അകത്തുനിന്നും വിദേശത്തുനിന്നും തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതിയില്ല. വിദേശ ഫണ്ടിന്റെ വിനിമയം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 (FEMA 1999)അനുസരിച്ചായിരിക്കും. സര്‍വ്വകലാശാലകള്‍ കാലാകാലങ്ങളില്‍ യു.ജി.സിക്കു ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2010-ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ വിദ്യാഭ്യാസ ബില്ലിനെ എതിര്‍ത്ത ബി.ജെ.പിയാണ് ഇന്ന് വിദേശ കാമ്പസുകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കുന്നത്. വിദേശ സ്വാധീനം ഇന്ത്യന്‍ സംസ്‌കാരത്തെ ബാധിക്കുമെന്നാണ് അന്നവര്‍ വാദിച്ചിരുന്നത്!
പഠനമേഖലയില്‍ വിദേശത്തേക്കൊഴുകുന്നത് ഒരു ലക്ഷം കോടി രൂപ
പ്രതിവര്‍ഷം എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനത്തിനായി വിദേശ സര്‍വകലാശാലകളിലെത്തുന്നത്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നും വിദേശത്തേക്കൊഴുകുന്നത്. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടിരാജ്യത്തെ വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിലൂടെ വിദേശത്തേക്കുള്ള സാമ്പത്തിക ഒഴുക്ക് കുറയ്ക്കാമെന്നും, വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന ഉന്നതപഠന സൗകര്യം രാജ്യത്ത് രൂപപ്പെടുത്താമെന്നുമാണ് യു.ജി.സി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറ്റാമെന്നും യു.ജി.സി കരുതുന്നു.
എന്നാല്‍ വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഇതിലൂടെ പൂര്‍ണമായി കുറയ്ക്കാന്‍ സാധിക്കുകയില്ല. പഠനത്തിനപ്പുറം വിദ്യാര്‍ഥികൾ ആഗ്രഹിക്കുന്നത് വിദേശ ജീവിതവും അവിടെ തന്നെ ലഭിച്ചേക്കാവുന്ന തൊഴിലവസരങ്ങളുമാണ്. ഇന്ത്യയിലെ വിദേശ കാമ്പസുകളില്‍ ലഭിക്കാവുന്ന വിദേശ ഫാക്കല്‍റ്റികളുടെ എണ്ണവും പരിമിതമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഭൗതിക സൗകര്യത്തിന്റെ കാര്യത്തിലും പരിമിതികളുണ്ട്.
വിദേശ കാമ്പസുകളുടെ ആവശ്യകത
വിദേശ സര്‍വകലാശാലകളുടെ വരവ് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലത്തിനൊത്ത ന്യൂജന്‍ കോഴ്‌സുകള്‍, മികച്ച അക്കാഡമിക്- ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപങ്ങളുമായുള്ള സഹകരണം , സാങ്കേതിക വിദ്യ, പഠനത്തോടൊപ്പമുള്ള തൊഴില്‍, പ്ലേസ്മെന്റ് സൗകര്യം, നിരവധി ലോകോത്തര സര്‍വകലാശാലകളുമായുള്ള ട്വിന്നിങ്, ജോയിന്റ്/ഡ്യൂവല്‍ ബിരുദ പ്രോഗ്രാമുകള്‍ എന്നിവ വിദേശ സര്‍വകലാശാലകളുടെ സവിശേഷതകളാണ്. 2022-ലെ സര്‍വകലാശാലകളുടെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങില്‍ ആദ്യത്തെ 300 റാങ്കുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഒറ്റ സര്‍വകലാശാല പോലുമില്ല. 300-നു മുകളിലാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടി എന്നിവയുള്ളത്.
രാജ്യത്ത് വിദേശ സര്‍വകലാശാലകളുടെ കാമ്പസ് വരുന്നതിലൂടെ താരതമ്യേന കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെ പഠിക്കാം. ഇതിലൂടെ വിദേശത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കാം. വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനെ അപേക്ഷിച്ച് പ്രാവീണ്യ പരീക്ഷകളില്‍ കുറവുണ്ടാകാനും സാധ്യതയുണ്ട്. അഡ്മിഷന്‍ പ്രക്രിയയിലും ഇളവ് പ്രതീക്ഷിക്കാം.
ഹാര്‍വാര്‍ഡ്, എം.ഐ.ടി, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ ലോകോത്തര സര്‍വകലാശാലകളുടെ കാമ്പസ് വരുന്നതോടെ ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഗുണനിലവാരത്തിലും മാറ്റമുണ്ടാകും. ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടിവരും. ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം, രാജ്യാന്തര നിലവാരത്തിലേക്ക് ഇന്ത്യന്‍ സര്‍വ്വകലാശാലകളെ പിടിച്ചുയര്‍ത്താന്‍ സഹായിക്കും. അധ്യാപകരുടെയും, ഗവേഷകരുടെയും പ്രവര്‍ത്തനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും.
അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനങ്ങള്‍
വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാടും വ്യത്യസ്തമാണ്. തമിഴ്നാട് ഇതിനകം താല്‍പര്യക്കുറവ് കാണിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ നലപാടുകളോട് പ്രതികൂലിക്കുന്നവര്‍ നിര്‍ദേശത്തോട് വിമുഖത കാണിക്കും. എത്ര വിദേശ സര്‍വകലാശാലകള്‍ താല്‍പര്യം പ്രകടിപ്പിക്കുമെന്നും അറിയേണ്ടതുണ്ട്. അമേരിക്കന്‍, യു.കെ സര്‍കലാശാലകളാണ് ഏറെയും. യൂറോപ്യന്‍, സിംഗപ്പൂര്‍, ചൈനീസ്, ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവയുമുണ്ട്. രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ വരുന്നതോടെ വിദ്യാഭ്യാസ മേഖലയില്‍ മുതല്‍ മുടക്കാന്‍ താല്‍പര്യമുള്ള സംരംഭകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.
വേണം ഫെലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍, അസിസ്റ്റന്റ്ഷിപ്പുകള്‍, ഫെല്ലോ ഷിപ്പുകള്‍ എന്നിവ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് മുന്‍കൈ എടുക്കണം. ഇതിനകം തന്നെ ചില സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ശാസ്ത്രാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള കെ.വി.പി.വൈ സ്‌കോളര്‍ഷിപ്പ് ഇതിലുള്‍പ്പെടുന്നു.
വേണം കാലത്തിനിണങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
മികച്ച നിലവാരമുള്ള വിദേശസര്‍വകലാശാലകളുടെ വരവിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം അവ സാമൂഹിക നീതി, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണം, താങ്ങാവുന്ന ഫീസ്, സ്‌കില്‍ വികസനം, തൊഴില്‍ ലഭ്യതാ മികവ് , ഗവേഷണം, അക്കാഡമിക് ഗുണനിലവാരം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഭാവി ഇന്നൊവേഷനുകളിലും തൊഴിലുകളിലും കാതലായ മാറ്റം പ്രവചിക്കുമ്പോള്‍ കാലത്തിനിണങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ രൂപപ്പെടുത്താന്‍ വിദേശ സര്‍വകലാശാലകള്‍ തയ്യാറാകണം. ഇതോടൊപ്പം ഇന്ത്യന്‍ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികളും ഉര്‍ജ്ജിതപ്പെടുത്തണം. (കരട് നിര്‍ദേശത്തില്‍ ആവശ്യമായ ഭേദഗതികള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്).
(ബെംഗളൂരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് & ടെക്‌നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ )
Content Highlights: foreign universities in India, edu talk, TP Sethumadhavan, overseas education, study abroad
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..