.
പത്താംക്ലാസ് പരീക്ഷാഫല പ്രഖ്യാപനത്തിൽ ഇക്കുറിയും വിജയശതമാനത്തിൽ വയനാട് ഏറ്റവും പിന്നിലാണ്. വിവാദവും പരസ്പരം പഴിചാരലും തുടങ്ങി. പത്താംക്ലാസിനെ കേന്ദ്രീകരിച്ച് 'കതിരിൽ മാത്രം വളം വെക്കുന്ന' ഈ ചർച്ചകൾ വയനാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ഗുണം ചെയ്യുമോ? ഒരോ ക്ലാസിലും പഠിക്കുന്ന വിദ്യാർഥി അവരുടെ കരിക്കുലത്തിന്റെ കൂടി സഹായത്തോടെ ആർജിക്കേണ്ട അടിസ്ഥാന അറിവും വികാസവും നേടിയിട്ടുണ്ടോ. വയനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് ഒരന്വേഷണം.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി എന്തെല്ലാം കഴിവുകൾ ആർജിക്കണം? ഒരു പാഠം തെറ്റാതെ വായിക്കാനാവണം, വായിക്കുന്നതിന്റെ അർത്ഥം ആരും പറഞ്ഞുനൽകാതെ മനസ്സിലാവണം. കണക്കുകൂട്ടണം. അവർക്കാവശ്യമെന്തെന്ന് ലളിതമായ ഭാഷയിൽ ബോധ്യപ്പെടുത്താനാവണം. - വയനാട്ടിലെ എത്ര കുട്ടികൾക്ക് അതിന് കഴിയുന്നുണ്ട്. ജില്ലയിലെ 80 ശതമാനം കുട്ടികൾക്കും അതിനാവുന്നില്ലെന്നാണ് യാഥാർഥ്യം. ചെറിയ ക്ലാസിൽ പോലും വയനാട്ടുകാർ പിൻ്ബെഞ്ചിൽ തന്നെയാണെന്നാണ് ദേശീയ അച്ചീവ്‌മെന്റ് സർവെയും (NAS 2021) പറയുന്നത്.
നാസ് സർവെ പ്രകാരം ജില്ലയിൽ മൂന്നാം ക്ലാസിലെ 81.6 ശതമാനം കുട്ടികളും പഠനത്തിൽ ശരാശരിയും അതിൽ താഴെയും നിലവാരമുള്ളവരാണ്. അഞ്ചിലും എട്ടിലും പത്തിലും പഠിക്കുന്നവരിൽ 80 ശതമാനത്തിന് മുകളിലും ശരാശരിക്കാരോ, അതിൽ പുറകിലോ ആണ്. അതേസമയം ഇതേ സർവെയിൽ മിക്ക വിഭാഗങ്ങളിലും സംസ്ഥാനം ദേശീയ ശരാശരിയേക്കാൽ മുന്നിലാണ്. സംസ്ഥാന ശരാശരിയുടെ അരികിലെത്താൻ പോലും വയനാടിനാവുന്നില്ല.
പത്തിലല്ല, ഒന്നാം ക്ലാസിൽ തുടങ്ങണം നമ്മുടെ മാറ്റത്തിനായുള്ള ശ്രമമെന്നാണ് ദേശീയ അച്ചീവ്‌മെന്റ് സർവെ വ്യക്തമാകുന്നത്. എന്നാൽ എൻ.സി.ആർ.ടി,. സി.ബി.എസ്.സി. സിലബസ് പ്രകാരം നടത്തിയ സർവെയാണ് നാസ് റിപ്പോർട്ടെന്ന ദുർബല വാദമുയയർത്തി പ്രതിരോധിക്കാൻ മാത്രമാണ് അധികൃതർ ശ്രമിക്കുന്നത്. റിപ്പോർട്ടിൽ കഴമ്പുണ്ടോയെന്ന പരിശോധനകൾ നടന്നിട്ടില്ല.
നാസ് സർവെയിലെ പ്രധാന കണ്ടെത്തലുകൾ
- പഠനനിലവാരത്തിൽ പൊതു പിന്നാക്കാവസ്ഥ പ്രകടം.
- പത്താം ക്ലാസ് വിദ്യാർഥികളിൽ കണക്ക്, ഭാഷ, സയൻസ്, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒരു വിദ്യാർഥിക്ക് പോലും ഉന്നത നിലവാരം പുലർത്താനായില്ല. ഇംഗ്ലീഷില്‍ പത്തു ശതമാനം കുട്ടികൾ മാത്രം കൂടുതൽ മെച്ചപ്പെട്ട നിലവാരം കാണിക്കുന്നു.
- യു.പി. ക്ലാസുകൾ മുതൽ ആദിവാസി വിദ്യാർഥികൾ പഠനത്തിൽ പിന്നാക്കം പോകുന്നു.
- ഹൈസ്‌കൂൾ ക്ലാസുകളിലെത്തുമ്പോൾ പെൺകുട്ടികൾ ഭാഷാപഠനത്തിൽ മുന്നിലെത്തുന്നു. മറ്റു വിഷയങ്ങളിലും തുല്യനിലവാരം പുലർത്തുന്നു.
- സർക്കാര്, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളാണ് സർവെയിൽ പങ്കെടുത്തത്. പൊതു പിന്നാക്കാവസ്ഥ പ്രകടം.
- സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യക്കുറവ് പരാതിയാവുന്നില്ല. അധ്യാപകരുടെ കാര്യശേഷിയിലും നല്ല അഭിപ്രായമാണ് സർവെ രേഖപ്പെടുത്തുന്നത്.
എവിടെയാണ് പിഴയ്ക്കുന്നത്?
കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ രണ്ടുകാര്യങ്ങൾ വേണം. പ്രാധാനമായും ചുറ്റുപാടുകൾ. സ്‌കൂളുകൾ വഴി അതുറപ്പാക്കാൻ നമുക്കാവുന്നുണ്ട്. മെച്ചപ്പെട്ട കെട്ടിടങ്ങൾ, സൗജന്യ ഉച്ചഭക്ഷണം, വിവിധ സ്‌റ്റൈപ്പന്റുകൾ എന്നിവയെല്ലാം ഉദാഹരണം. പിന്നെ പഠനപ്രക്രിയയിലെ പിന്തുണ. ഉത്തരാധുനിക ഡിജിറ്റൽ കാലത്ത് പഠിക്കുന്ന ഇന്നത്തെ വിദ്യാർഥിക്കൊപ്പമെത്താൻ അധ്യാപകർക്കാവുന്നില്ലെന്നതാണ് സത്യം. വിദ്യാർഥി അധ്യാപകനിൽ നിന്ന് അറിവല്ല തേടുന്നത്. വഴികാട്ടിയാവാനുള്ള ചുമതലയാണ് ഇന്ന് അധ്യാപകനുള്ളത്. അധ്യാപക യോഗ്യതകൾ ഉണ്ടെങ്കിലും പഴയ വാർപ്പുമാതൃകകളിൽ നിന്ന് ഇറങ്ങിപ്പോരാൻ സാധിക്കാത്ത അധ്യാപകന് പുതിയ വിദ്യാർഥി ആഗ്രഹിക്കുന്നിടത്ത് എത്താനാവുന്നില്ല.
മാതാപിതാക്കളുടെ മേൽനോട്ടം/ പിന്തുണ കൂടുതലായി ആവശ്യപ്പെടുന്ന പഠനക്രമമാണ് നമ്മുടെ കരിക്കുലം ആവശ്യപ്പെടുന്നത്. ഹോംവർക്ക് പോലുള്ളവ ഉദാഹരണം. ആദിവാസികൾ, കർഷക തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങി വർണ/ വർഗ വിഭജനങ്ങളിൽ പിന്നാക്കക്കാർ ഏറെയുള്ള വയനാട്ടില് മാതാപിതാക്കളിൽ പലരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ അല്ല. പഴയ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസം തേടുന്ന ആദ്യതലമുറയാവും മാതാപിതാക്കൾ. ആദിവാസികളെ സംബന്ധിച്ചാണെങ്കിലും ഇപ്പോൾ സ്‌കൂളിലെത്തിയ കുട്ടികളാവും പ്രൈമറി ക്ലാസുകളെങ്കിലും കടക്കുന്ന ആദ്യതലമുറ. അതിനാൽ തന്നെ കരിക്കുലം ആവശ്യപ്പെടുന്ന പഠനപിന്തുണ വീട്ടിൽ നിന്ന് കുട്ടിക്ക് ലഭിക്കുന്നില്ല. സ്വാഭാവികമായും ഈ പിന്തുണ കൂടി അധ്യാപകനാണ് നൽകേണ്ടത്. എന്നാൽ പഠിപ്പിച്ചു തീർക്കേണ്ട ഓട്ടപ്പാച്ചിലിൽ അവർക്കും ഇതിനാവുന്നില്ല.
പൊതുസമൂഹം ശ്രദ്ധിക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിലും പത്താംക്ലാസ് പരീക്ഷയിലും മികച്ച വിജയം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ മാത്രമായി വിദ്യാഭ്യാസ പ്രക്രിയ ചുരുങ്ങുന്നു. ഈ പരീക്ഷകളിലെ മികച്ച മാർക്ക് മാത്രമാവുന്നു വിദ്യാർഥികളുടെയും ഉന്നം. അവിടെ മാർക്കുനേടുന്ന മിടുക്കരിലേക്ക് മാത്രം പഠനപ്രവർത്തനം ചുരുങ്ങും. ശേഷിക്കുന്ന ഭൂരിപക്ഷം ശരാശരിക്കാരായി തുടരുന്നു.
പദ്ധതികൾ ഏറെയുണ്ട്, മേൽനോട്ടമോ
കുട്ടികളുടെ പഠനനിലവാരം ഉയർത്താനാവശ്യമായ പദ്ധതികൾക്ക് ജില്ലയിൽ കുറവില്ല. വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെ.യും ഡയറ്റുമെല്ലാം പദ്ധതി നിർദേശങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഈ പദ്ധതികളുടെ നടപ്പാക്കലും ഗുണഫലം പരിശോധിക്കലും തുടർപ്രവർത്തനവും നടക്കുന്നില്ല. അതിനാളില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടറും തുടങ്ങി അധ്യാപക തസ്തികകളിൽ പോലും ജില്ലയിൽ നിരന്തരമായി ഒഴിഞ്ഞുകിടപ്പാണ്. ഇന്നുള്ള ആൾ നാളെയില്ല എന്ന അവസ്ഥയാണ് പൊതുവിൽ. സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനുമിടയിലുള്ള ഇടത്താവളം മാത്രമാണ് പല ഉദ്യോഗസ്ഥർക്കും വയനാട്. സ്വാഭാവികമായും വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പിനെ ഇത് ബാധിക്കുന്നു. മേൽനോട്ടത്തിന് ആളില്ലാതെ വരുന്നതോടെ കടലാസിൽ മാത്രമൊതുങ്ങുന്നു പദ്ധതികൾ. എ.ഇ.ഓഫീസുകൾക്ക് കീഴിലാവട്ടെ അവർക്ക് പരിഗണിക്കാവുന്നതിൽ അധികം സ്‌കൂളുകളും. എ.ഇ.ഓഫീസിൽ തുടങ്ങി, അധിക അധ്യാപക നിയമനവും ബാച്ച് അനുവദിക്കലും വരെ നടപ്പാകണം. എങ്കിലേ സംവിധാനം പോലും ശക്തിപ്പെടൂ.
( തുടരും)
Content Highlights: Wayanad, education, educational problems, Higher Education, tribal education in wayanad
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..