പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva
2023-ല്‍ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്താകമാനം പ്രകടമാകുമ്പോള്‍ തൊഴില്‍ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. തൊഴില്‍ സംരംഭങ്ങളും, സ്റ്റാര്‍ട്ടപ്പുകളും സുസ്ഥിരത കൈവരിക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വരും. അമേരിക്കയില്‍ ഇതിനകം പ്രധാനപ്പെട്ട രണ്ടു ബാങ്കുകള്‍ അടച്ചു പൂട്ടി കഴിഞ്ഞു. തൊഴില്‍ രംഗത്തും കാര്യമായ മാറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. തൊഴിലിടങ്ങളില്‍ കൊഴിഞ്ഞു പോക്കും, പിരിഞ്ഞു പോക്കും സാധാരണമായി മാറുന്ന കാലമാണിത്. സുസ്ഥിര തൊഴിലിനും, തൊഴില്‍ സുരക്ഷയ്ക്കും സാങ്കേതിക വിദ്യയോടൊപ്പം, തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യമേറുകയാണ്.
2023-ല്‍ ഒരേ ജോലിയില്‍ തുടരുന്നവരുടെ എണ്ണം കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ആകെ 12 ശതമാനത്തില്‍ താഴെ മാത്രമാണ് പഠിച്ച മേഖലയില്‍ തന്നെ തൊഴില്‍ ചെയ്യുന്നത്. ലോകത്തെവിടെയും സുസ്ഥിര തൊഴില്‍ ചെയ്യാന്‍ ഇന്ന് ഉദ്യോഗാര്‍ഥികള്‍ തയ്യാറാണ്. ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ എത്ര ശതമാനം പേര്‍ ലഭിച്ച തൊഴിലില്‍ തന്നെ തുടരുന്നു? തുടരെ തുടരെയുള്ള തൊഴില്‍ മാറ്റം യുവാക്കളില്‍ ഇന്ന് ട്രെന്‍ഡായി മാറുകയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. കോവിഡിന് ശേഷം ഈ പ്രവണത രാജ്യത്താകമാനം വര്‍ധിച്ചു വരുന്നു.
മാറുന്ന തൊഴില്‍ ശീലങ്ങള്‍
വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് മോഡ്, ഓഫ് ലൈന്‍ മോഡ് എന്നീ തൊഴില്‍ ശീലങ്ങളിലേക്ക് കോര്‍പറേറ്റുകള്‍ മാറിയപ്പോള്‍ ആശയവിനിമയത്തിനുള്ള സാധ്യത പരിമിതമായി. ഇത് പ്രവര്‍ത്തനക്ഷമതയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ലഭിച്ചത് സ്ഥിരം ജോലിയാണോ എന്നുപോലും അറിയാത്ത സ്ഥിതിവിശേഷം യുവാക്കള്‍ക്കിടയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇത് മറ്റു തൊഴിലന്വേഷണങ്ങളിലേക്കാണ് അവരെ പ്രേരിപ്പിക്കുന്നത്. ആഗോള തൊഴില്‍ മേഖലയിലുള്ള മാന്ദ്യം തൊഴില്‍ സുരക്ഷയെക്കുറിച്ച് ചിന്തിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. താത്പര്യമില്ലാത്ത തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ തൊഴിലുകളിലേക്ക് മാറാന്‍ ശ്രമിക്കുന്നു. കുറഞ്ഞ ശമ്പളമുള്ളവര്‍ മെച്ചപ്പെട്ട ശമ്പളമുള്ള തൊഴിലിന് ശ്രമിക്കുമ്പോള്‍, മികച്ച ശമ്പളം ലഭിക്കുന്നവര്‍ താത്പര്യമുള്ള ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു
ജോലി രാജിവെച്ച് വിദേശത്ത് ഉന്നതപഠനത്തിനെത്തുന്നവര്‍
Also Read
24 വയസ്സിനു താഴെയുള്ള യുവാക്കളിലാണ് (Gen Zers) തൊഴില്‍ മാറ്റം കൂടുതലായി കാണപ്പെടുന്നത്. മൊത്തം റിക്രൂട്‌മെന്റില്‍ 37 ശതമാനവും ഇവരാണ്. ഭാവി തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അജ്ഞത അവരില്‍ കൂടുതലാണ്. ജോലി ലഭിച്ചവര്‍ ഉപരി പഠനത്തിന് വേണ്ടി തൊഴില്‍ ഉപേക്ഷിക്കുന്ന പ്രവണതയും കൂടുതലാണ്. ഇവരില്‍ 60 ശതമാനത്തിലേറെയും വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനെത്തുന്നു. തുടര്‍ന്ന് അമേരിക്ക,കാനഡ,ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ്,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇമിഗ്രേഷന് ശ്രമിക്കുന്നു. എന്നാല്‍ മികച്ച മാനേജ്മന്റ്, നേതൃപാടവ, സാങ്കേതിക പരിശീലനം നല്‍കുന്ന കമ്പനികളില്‍ കൊഴിഞ്ഞു പോക്ക് കുറവാണെന്നതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന സുഹൃത്തിനോട് ഈയടുത്ത് എങ്ങനെയാണ് കൊഴിഞ്ഞുപോക്ക് 'മാനേജ്' ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ജോലിക്കെടുക്കുമ്പോള്‍ ബി.ടെക് തോറ്റവര്‍ക്കും, കോഴ്സ് പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍ക്കുമാണ് മുന്‍ഗണനയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് മികച്ച സ്‌കില്‍ വികസന പരിശീലനം നല്‍കി അവരെ ജോലിക്കായി പ്രാപ്തരാക്കും. അതുകൊണ്ട് തന്നെ ഇവരില്‍ കൊഴിഞ്ഞു പോകല്‍ നിരക്ക് വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രം!
പഠിച്ചതല്ല പാടേണ്ടത്
തൊഴില്‍ മേഖലയില്‍ അവശ്യമായ സ്‌കില്ലും, വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതും തമ്മില്‍ വന്‍ അന്തരം നില നില്‍ക്കുന്നുണ്ട്. അതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് റീ-സ്‌കില്ലിങ്, അപ്പ് സ്‌കില്ലിങ് എന്നിവ ആവശ്യമാണ്. ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കോഡിങ്/ കമ്പ്യൂട്ടര്‍ ലാംഗ്വേജ്, പൊതുവിജ്ഞാനം എന്നിവ അത്യന്താപേക്ഷിതമാണ്. അറിയപ്പെടാത്ത പുത്തന്‍ സ്‌കില്ലുകള്‍ അഥവാ ന്യൂഏജ് സ്‌കില്ലുകള്‍ ഇനി ആവശ്യമായി വരും. പുത്തന്‍ തലമുറയെ അംഗീകരിക്കാനുള്ള വിമുഖത സീനിയര്‍ മാനേജ്മന്റ് തലത്തില്‍ വര്‍ധിച്ചു വരുന്നുണ്ട്. മാനേജ്‌മെന്റും ഉദ്യോഗാര്‍ഥികളും തമ്മിലുള്ള ആശയവിനിമയത്തിലും അസ്വാരസ്യം വര്‍ധിച്ചു വരുന്നു.
പുത്തന്‍കാലത്ത് വേണം പുത്തന്‍ സ്‌കില്ലുകള്‍
സാങ്കേതിക വിദ്യയുടെ സ്വാധീനം തൊഴില്‍ മേഖലയില്‍ വര്‍ധിച്ചു വരുന്നു. എല്ലാ മേഖലകളിലും ഇത് പ്രകടമാണ്. തൊഴിലിനോടൊപ്പം വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം ആഡ് ഓണ്‍ ക്വാളിഫിക്കേഷനായി ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം കോഴ്സുകള്‍ ചെയ്യാന്‍ നിരവധി പേര്‍ ഇന്ന് തയ്യാറാകുന്നു. അവര്‍ക്കിണങ്ങിയ മികച്ച ഓണ്‍ലൈന്‍ ടെക്‌നോളജി പ്ലാറ്റുഫോമുകള്‍ ഇന്നുണ്ട്. നിരവധി ലോക റാങ്കിങ് നിലവാരത്തിലുള്ള സര്‍വ്വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഓഫര്‍ ചെയ്തുവരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് മികച്ച തൊഴില്‍ ലഭിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രൊഫഷണല്‍ ബിരുദധാരികളില്‍, പ്രത്യേകിച്ച് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ വിദേശത്ത് ഉന്നതപഠനത്തിനോ കാറ്റ് പരീക്ഷയെഴുതി ഐഐഎമ്മുകളിലോ, മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊ മാനേജ്മന്റ് പഠനത്തിന് ശ്രമിക്കുന്നു.
തൊഴില്‍ ലക്ഷ്യമിട്ടുള്ള ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ അറിവിനോടൊപ്പം, മനോഭാവത്തിനും, തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കണം. മികച്ച തൊഴില്‍ നൈപുണ്യം സിദ്ധിച്ചവരെ ഉയര്‍ന്ന ശമ്പളം നല്‍കി ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളും 2023-ല്‍ കാണാം. ജി.സി.സി രാജ്യങ്ങളില്‍ ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. പക്ഷെ നിര്‍മാണ മേഖലയില്‍ മാന്ദ്യം അനുഭവപ്പെടും.
(ബെംഗളൂരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് & ടെക്‌നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Why Millennials and Gen Z Change Jobs Often
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..