പത്തിലും പ്ലസ്ടുവിലും ഫുള്‍ മാര്‍ക്ക് വാങ്ങുന്ന മലയാളി ദേശീയപരീക്ഷകളില്‍ കിതയ്ക്കുന്നത് എന്തുകൊണ്ട്?


ഡോ.അമൃത് ജി.കുമാര്‍പത്താംക്ളാസിലും പ്ളസ്‌ടുവിലും ഉയർന്ന മാർക്കുനേടുന്ന നമ്മുടെ കുട്ടികൾ പൊതുപ്രവേശന പരീക്ഷകളിൽ പിന്നോട്ടുപോകുന്നതെന്തുകൊണ്ട്‌? ഡൽഹി സർവകലാശാലാ കോളേജുകളിൽ മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ സമീപകാലത്തുണ്ടായ കുറവിനെ മുൻനിർത്തി വിശദീകരിക്കുന്നു

പ്രതീകാത്മക ചിത്രം | Photo: canva.com

കേരളത്തിലെ വിദ്യാർഥികൾ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മാത്രമേ അഡ്മിഷനു ശ്രമിക്കുന്നുള്ളോ? അതും ബിരുദ കോഴ്‌സുകൾക്ക് മാത്രം. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ഹിന്ദു കോളേജിൽ ഒരു പ്രത്യേക വിഷയത്തിന് മലയാളി വിദ്യാർഥികളുടെ മൃഗീയ ആധിപത്യം മുൻവർഷങ്ങളിൽ ഉണ്ടായി. എന്നാൽ, പൊതുപ്രവേശനപരീക്ഷ വന്നതോടെ മലയാളിസാന്നിധ്യം നാമമാത്രമാവുകയും ചെയ്തു. ഇത് ദേശീയതലത്തിൽ ചർച്ചയായി. ഡൽഹി സർവകലാശാലയുടെ കോളേജുകളിൽ മുൻ വർഷങ്ങളിലെ മലയാളി ആധിപത്യം മാർക്ക് ജിഹാദാണെന്നുപോലും ആരോപണമുയർന്നു.

എന്തുകൊണ്ട് ഡൽഹി യൂണിവേഴ്‌സിറ്റി മാത്രം? ഐ.ഐ.ടി.കൾ, ഐസറുകൾ, ഐ.ഐ.എമ്മുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും ബിരുദ കോഴ്‌സുകൾ ഉണ്ട്. അവിടെയെങ്ങും മലയാളിവിദ്യാർഥികളുടെ തള്ളിക്കയറ്റമില്ല. ജെ.എൻ.യു., ഡൽഹി സർവകലാശാല, ബി.എച്ച്.യു., അലിഗഢ്‌, ജാമിയ, എച്ച്.സി.യു. എന്നീ സർവകലാശാലകളിലെ ശാസ്ത്ര, സാമൂഹികശാസ്ത്ര, മാനവിക ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ആവശ്യക്കാർ ഏറെയാണ്. അവിടെയും മലയാളികളുടെ അതിസാന്നിധ്യം ചർച്ചയായിട്ടില്ല. എന്തുകൊണ്ടായിരിക്കും ഡൽഹി സർവകലാശാലയുടെ കോളേജുകളിലെ ബിരുദ കോഴ്‌സുകളിൽ, അതും സാമൂഹികശാസ്ത്ര മാനവിക വിഷയങ്ങളിൽ മാത്രം, മുൻവർഷങ്ങളിൽ മലയാളികളുടെ അതിസാന്നിധ്യവും ഈവർഷം എണ്ണത്തിൽ ഇടിവും സംഭവിച്ചത്?

മാനദണ്ഡം മാറിയപ്പോൾ
കേന്ദ്ര സർവകലാശാലകൾ നടത്തിയിരുന്ന പൊതുപ്രവേശനപരീക്ഷയിൽ 2022-നുമുമ്പ്‌ ഡൽഹി സർവകലാശാല ചേർന്നിരുന്നില്ല. ജെ.എൻ.യു., ബി.എച്ച്.യു., അലിഗഢ്‌, ജാമിയ മിലിയ, എച്ച്.സി.യു., ഐ.ഐ.ടി.കൾ ഇവരെല്ലാം പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകുന്നു. ഡൽഹി യൂണിവേഴ്‌സിറ്റി പ്ലസ്ടുവിന്റെ മാർക്കടിസ്ഥാനത്തിൽ കട്ട് ഓഫ് നിർണയിച്ചാണ് ബിരുദ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിരുന്നത്. അങ്ങനെവരുമ്പോൾ അടിസ്ഥാന യോഗ്യതാപരീക്ഷയുടെ ഉദാരമായ മൂല്യനിർണയം നിർണായകമാകുന്നു.

മൂല്യനിർണയം എത്ര ഉദാരമാകണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. കേരളം മാർക്ക് ദാനം വളരെ ഉദാരമായി ചെയ്യുന്നു. അതിന്റെ ഗുണം പ്ലസ്ടു വിദ്യാർഥികൾക്ക് ഡിഗ്രി അഡ്മിഷന്റെ കാര്യത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ലഭിച്ചു. മറ്റുള്ള സർവകലാശാലകളിലും സ്ഥാപനങ്ങളിലും ലഭിക്കാത്തതിനു കാരണം ആ സർവകലാശാലകൾ പൊതുപ്രവേശനപരീക്ഷകൾ നടത്തി എന്നതുതന്നെയാണ്. ഈവർഷം ഡൽഹി യൂണിവേഴ്‌സിറ്റിയും പൊതുപ്രവേശനപരീക്ഷ നടത്തി. അതോടെ അവിടെയും നമ്മുടെ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിതമായി.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join Whatsapp Group

മാർക്ക് പെരുക്കത്തിന്റെ കാരണം
ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കോളേജുകളിൽ സയൻസിതര വിഷയങ്ങളിൽ മാത്രമാണ് മലയാളികളുടെ ആധിക്യം ചർച്ചയാവുന്നത്. സയൻസിന്റെ കാര്യത്തിൽ പരാതിയില്ല. കാരണം, സയൻസ് വിഷയത്തിൽ ഹയർസെക്കൻഡറിയിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്നവർക്കും സി.ബി.എസ്.ഇ. പഠിക്കുന്നവർക്കും ഉയർന്ന മാർക്ക് ലഭിക്കുന്നു. എന്നാൽ, സയൻസിന്റെ അത്ര മാർക്ക് മാനവിക, സാമൂഹികശാസ്ത്ര വിഷയങ്ങളിൽ സി.ബി.എസ്.ഇ. നൽകുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്ര വിഷയങ്ങളിലെ മാർക്ക് അടിസ്ഥാനമാക്കിയുള്ള പ്രവേശനപ്രക്രിയയിൽ സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് കേരള സിലബസ് പഠിച്ചവരെക്കാൾ മുൻകൈ കിട്ടുന്നു.

ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് കേരളത്തിലെ ഹയർ സെക്കൻഡറിയിൽ സാമൂഹികശാസ്ത്ര വിഷയങ്ങളിലെ മാർക്കുദാനം സയൻസിന്റേതിന് സമാനമാണെന്നാണ്. വിജയശതമാനമല്ല ഉദ്ദേശിച്ചത്. സയൻസിന് നൂറുശതമാനം മാർക്കും വാങ്ങാൻ വിദ്യാർഥികൾക്ക് സാധിക്കും. 90 ശതമാനത്തിനു മുകളിൽ മാർക്കുള്ളവരുടെ എണ്ണവും കൂടുതലായിരിക്കും. ആ വിഷയങ്ങളുടെ സ്വഭാവം വലിയൊരളവുവരെ അതിനെ സാധൂകരിക്കുന്നുണ്ട്. എന്നാൽ, സാമൂഹികശാസ്ത്ര, മാനവിക വിഷയങ്ങളിലും 100 ശതമാനവും 90 ശതമാനത്തിലധികവും മാർക്കുള്ളവരുടെ എണ്ണം വളരെ വലുതായാലോ?

ഗ്രേസ് മാർക്ക് എന്ന സംവിധാനവും കേരളത്തിലുണ്ട്. സാമൂഹികശാസ്ത്രം, മാനവിക വിഷയങ്ങളിൽ 90 ശതമാനം മാർക്ക് എഴുതിവാങ്ങിയ വിദ്യാർഥിക്ക് ഗ്രേസ് മാർക്കുകൂടി ഉണ്ടെങ്കിൽ 100 ശതമാനത്തിലേക്ക് എത്താം. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദ അഡ്മിഷനിലെ മലയാളിപ്പെരുക്കത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഇതാണ്.

അശാസ്ത്രീയമായ അഡ്മിഷൻ സമ്പ്രദായം
പല സംസ്ഥാനങ്ങളിൽ നടത്തുന്ന പ്ലസ്ടു പരീക്ഷയിൽ പലതരത്തിലുള്ള മൂല്യനിർണയ രീതിയാണുള്ളത്. ചിലർ വളരെ കർശനമായി, ചിലർ ഉദാരമായി, മറ്റുചിലർ ഇതിന്റെ രണ്ടിന്റെയും ഇടയിൽ. ഒന്നിലധികം ഏജൻസികൾ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ പൊതുപ്രവേശനം ശാസ്ത്രീയമാണോ? ബോധനത്തിന്റെയും മൂല്യനിർണയത്തിന്റെയും അടിസ്ഥാന പാഠങ്ങൾ അറിയാവുന്നവർ പറയുക അല്ല എന്നാണ്. ഡൽഹി യൂണിവേഴ്‌സിറ്റി മുൻവർഷങ്ങളിൽ പിന്തുടർന്നത് ഈ അശാസ്ത്രീയതയാണ്.

പല സംസ്ഥാനങ്ങളും നടത്തിയിരുന്ന പരീക്ഷയെ ബിരുദപ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയായി അവർ കണക്കാക്കി. സിലബസിലെ വ്യത്യാസങ്ങൾ, മൂല്യനിർണയ രീതി, ഗ്രേഡിങ്ങിലെ വ്യത്യാസങ്ങൾ, ഓരോ സംസ്ഥാനവും പിന്തുടർന്നുവരുന്ന ഗ്രേസ് മാർക്ക് സമ്പ്രദായം എന്നിവ പരിഗണിക്കാതെ വ്യത്യസ്ത പരീക്ഷകളുടെ മാർക്കിനെ മെറിറ്റ് കണക്കാക്കുന്നതിന് ഉപയോഗിച്ചു. ഈ അശാസ്ത്രീയത നിലനിൽക്കേ ചില സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികൾ കൂടുതലായി എത്തുന്നതിന് കുറ്റംപറഞ്ഞിട്ട് കാര്യമില്ല. എന്തായാലും പ്രവേശനത്തിലെ അശാസ്ത്രീയത പരിഹരിക്കാനുള്ള മാർഗം ഡൽഹി യൂണിവേഴ്‌സിറ്റി ആവിഷ്കരിച്ചു. പല പരീക്ഷകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനു പകരം പൊതുപരീക്ഷയിലേക്ക് അവർ മാറി.

മാർക്കുദാനത്തിന്റെ പ്രശ്നം
വളരെ ഉയർന്ന മാർക്ക് ഹയർ സെക്കൻഡറി പരീക്ഷയിൽ നേടിയ നമ്മുടെ വിദ്യാർഥികൾ പൊതുപ്രവേശന പരീക്ഷയിൽ പിറകോട്ടായി. ബലൂൺ പോലെ വീർത്ത നമ്മുടെ പ്ലസ്ടു പരീക്ഷാഫലത്തെ കുത്തിപ്പൊട്ടിച്ച സൂചിയായി പൊതുപ്രവേശനപരീക്ഷ മാറുകയായിരുന്നോ? വളരെ ആഴത്തിലുള്ള ചിന്തകളും ആത്മാർഥമായി നടപടികളും ഇക്കാര്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്

പത്തിലെയും പന്ത്രണ്ടിലെയും ഫലപ്രഖ്യാപനം വിദ്യാർഥികളെക്കാളും രക്ഷാകർത്താക്കളെക്കാളും കൂടുതൽ സർക്കാരിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. ഓരോ വർഷവും വിജയശതമാനവും എ പ്ലസുകളും ഉയർത്തുന്നതിനു വേണ്ടിയുള്ള മത്സരം ഫലത്തിൽ ദൃശ്യമാണ്.

കോവിഡ് കാലത്ത് ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി. എന്നിട്ടോ? അവർക്ക് ഇഷ്ടമുള്ള കോഴ്‌സുകളിൽ അഡ്മിഷൻ കിട്ടിയില്ല. ഇങ്ങനെ മാർക്കുദാനം ചെയ്യുന്നതിലൂടെ വിദ്യാർഥികളിൽ അവരുടെ കഴിവിനെക്കുറിച്ച് തെറ്റായ ധാരണയാണ് വിദ്യാഭ്യാസസമ്പ്രദായം സൃഷ്ടിക്കുന്നത്. പരീക്ഷയിൽ തന്റെ അവസ്ഥയും അഭിരുചികളും മനസ്സിലാക്കി അനുയോജ്യമായ മേഖല തിരഞ്ഞെടുക്കാനുള്ള അവസരനിഷേധമാണിത്. 2021-ലെ ഫലപ്രഖ്യാപനം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കി. അതുകൊണ്ടുമാത്രം 2022-ലെ ഫലത്തിൽ മിതത്വം ദൃശ്യമായി.

മാർക്ക് വരുന്ന ‘മാനദണ്ഡങ്ങൾ’

മാർക്ക് കൂട്ടിയിടാൻ രേഖാമൂലം സർക്കാർ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ല. പിന്നെ എങ്ങനെയാണ് സാമൂഹികശാസ്ത്ര, മാനവിക വിഷയങ്ങളിലടക്കം 95 ശതമാനത്തിലധികം മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഇവിടെയാണ് ‘മാനദണ്ഡങ്ങൾ’ എന്ന ആധുനിക മാനേജ്‌മെന്റ് സങ്കല്പത്തിന്റെ മാന്ത്രികശക്തി വെളിവാകുന്നത്.

സ്റ്റേറ്റ് ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപകരുടെ തസ്തികകൾ നിർണയിക്കുന്നത് വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചാണ്. ഇത് ഒരു ‘മാനദണ്ഡമാണ്’. സ്വന്തം തസ്തിക ഉറപ്പിക്കുന്നതിന് അധ്യാപകർ ശ്രമിക്കുന്നത് തെറ്റല്ല. അതിന് താൻ പഠിപ്പിക്കുന്ന കോഴ്‌സുകളിലേക്ക് കൂടുതൽ വിദ്യാർഥികൾ ആകർഷിക്കപ്പെടണം. ഉയർന്ന വിജയശതമാനവും നല്ലമാർക്കും ലഭിക്കുന്ന സ്ട്രീമുകളും സ്കൂളുകളും അന്വേഷിച്ച് വിദ്യാർഥികൾ എത്തും. അങ്ങനെവരുമ്പോൾ വിജയശതമാനം മറ്റൊരു ‘മാനദണ്ഡം’ ആകുന്നു. ഒന്നാമത്തെ മാനദണ്ഡം പാലിക്കപ്പെടുന്നതിന് രണ്ടാമത്തെ മാനദണ്ഡം അടിസ്ഥാനമാകുന്നു. ഈ രണ്ടു മാനദണ്ഡങ്ങളുംകൂടി സംയുക്തമായി ‘അൺ ഇക്കണോമിക്’ സ്കൂളുകൾ എന്ന ആശയമായി മാറുന്നു.

മലയാളം, ഹിന്ദി, സംസ്കൃതം അടക്കമുള്ള ഭാഷാ വിഷയങ്ങളിൽപ്പോലും 95 ശതമാനത്തിനു മുകളിലുള്ള വിദ്യാർഥികളുടെ എണ്ണം വളരെ അതിശയിപ്പിക്കുന്നതാണ്. എല്ലാ വിദ്യാർഥികൾക്കും ഏതെങ്കിലും ഒരു ഗ്രേസ് മാർക്കിനുകൂടി അർഹതയുണ്ട് എന്നുവരുമ്പോൾ കാര്യങ്ങൾ പറയുകയുംവേണ്ട.

എന്തുചെയ്യണം?
നമ്മുടെ കുട്ടികൾ ദേശീയതലത്തിൽ പ്രവേശനം നേടുന്നതിന് എന്തുവേണം എന്ന് ആലോചിക്കുന്നതിനുമുമ്പ് ചില മറുചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്. ദേശീയതലത്തിൽനിന്ന് വിദ്യാർഥികളെ ഇങ്ങോട്ടാകർഷിക്കാൻ എന്തു ചെയ്യണം? നമ്മുടെ കേരള സർവകലാശാലയുടെ അല്ലെങ്കിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനുവേണ്ടി ഡൽഹിയിൽനിന്നും ഹരിയാണയിൽനിന്നുമൊക്കെ വിദ്യാർഥികൾ ക്യൂനിൽക്കുന്ന കാലം എന്നുവരും? എന്തുകൊണ്ടാണ് ഡൽഹി സർവകലാശാലയെക്കാളും നല്ല സർവകലാശാലകൾ കേരളത്തിൽ ഇല്ലെന്ന തോന്നൽ ഇവിടത്തെ വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും ഉണ്ടാവുന്നത്?

വിദ്യാഭ്യാസത്തിലെ ഗുണനിലവാരം ഉറപ്പിക്കാനും ദേശീയ സർവകലാശാലകളിൽ നമ്മുടെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാനും മാർക്ക് ദാനത്തിനപ്പുറം ചുരുങ്ങിയത് മൂന്നു കാര്യങ്ങൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നാമതായി, തങ്ങളുടെ അസ്തിത്വത്തെത്തന്നെ ചോദ്യംചെയ്യുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജോലിയെടുക്കാൻ അധ്യാപകരോട് ആവശ്യപ്പെടുന്നത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന്‌ വിദ്യാഭ്യാസവകുപ്പ് മനസ്സിലാക്കണം. ഉപാധികളില്ലാതെ അധ്യാപകവൃത്തിയിൽ ഏർപ്പെടാൻ അധ്യാപകർക്ക് സാധിക്കണം. രണ്ടാമത്, അക്കാദമിക വിഷയങ്ങളോടൊപ്പംതന്നെ അക്കാദമിക നൈപുണിയും ജീവിതനൈപുണിയും വിദ്യാർഥികളിൽ വളർത്തുന്നതിന് കാര്യമായ സമയം പാഠ്യപദ്ധതിയിൽ മാറ്റിവെക്കുകയും അതിനുവേണ്ട പരിശീലനം അധ്യാപകർക്ക് നൽകുകയും വേണം. ഇത്തരത്തിലുള്ള പരിപാടികൾ ഗ്രേസ് മാർക്കിനു വേണ്ടി മാത്രമുള്ള കറവപ്പശുക്കളായി മാറാതിരിക്കാൻ ശ്രദ്ധവേണം.

മൂന്നാമത്, ബിഹാറിൽനിന്നും ബംഗാളിൽനിന്നുമൊക്കെ ധാരാളം തൊഴിലാളികൾ കേരളത്തിൽ എത്തിച്ചേരുന്നുണ്ട്. പക്ഷേ, അവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസത്തിന് ആരും കേരളത്തിൽ എത്താറില്ല. ഇതരസംസ്ഥാനങ്ങൾക്ക് കേരളം ഒരു തൊഴിൽവിപണി മാത്രമാണ്. വിദ്യാഭ്യാസകേന്ദ്രമായി വളരാൻ കേരളത്തിന് സാധിച്ചിട്ടില്ല. നയരേഖകളിലും പ്രസംഗങ്ങളിലും മറ്റും കേരളത്തെ ‘വിദ്യാഭ്യാസ ഹബ്ബ്’ ആക്കും എന്ന് സ്ഥിരംകേൾക്കാറുണ്ട്. കേട്ടുകേട്ട് ‘വിദ്യാഭ്യാസ ഹബ്ബ്’ എന്ന വാക്കിനുതന്നെ മനംപിരട്ടൽ ഉണ്ടാക്കുന്ന അവസ്ഥ. ഇനിയെങ്കിലും ഇക്കാര്യത്തിൽ ആത്മാർഥമായ ആലോചനകളും ഉണ്ടാവണം.

Content Highlights: Why malayali students performing poorly in national level exams?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented