സൂക്ഷ്മമായി പരിശോധിക്കാത്ത ഒരു പ്രബന്ധരചന മാത്രമാണോ ഗവേഷണം?


By പി.എം. ഗിരീഷ്

3 min read
Read later
Print
Share

കുട്ടിക്കളിയല്ല, ഗവേഷണം

Representational Image | Photo: canva.com

‘‘ഉന്നതവിദ്യാഭ്യാസത്തിന്റെ അടിത്തറ തോണ്ടുകയല്ലേ നിങ്ങൾ അധ്യാപകരെല്ലാംകൂടി ചെയ്യുന്നത്?’’ -ചെന്നൈയിൽ ചായക്കട നടത്തുന്ന അത്യാവശ്യം നല്ല വായനയും ഭാഷാസ്നേഹവുമുള്ള സുഹൃത്തിന്റേതാണ് ചോദ്യം. ‘‘ഇതിനൊരു പരിഹാരമൊന്നുമില്ലേ നിങ്ങൾ മദ്രാസ് യൂണിവേഴ്‌സിറ്റിക്കാരും ഇങ്ങനെയൊക്കെയാണോ ചെയ്യുന്നത്?’’ ഗവേഷണരംഗത്തെക്കുറിച്ച്‌ വിശിഷ്യാ മലയാളഗവേഷണരംഗത്തെക്കുറിച്ച്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദമാണ് സുഹൃത്തിന്റെ ചോദ്യത്തിന് ആധാരം.

മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു. ഗവേഷകരും മാർഗദർശികളും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മൂല്യനിർണയത്തെക്കുറിച്ചും അദ്ദേഹത്തോടു സംസാരിച്ചു.

അല്പം കാര്യം
ഗവേഷണപ്രശ്നം (​Research question) കണ്ടെത്തിയാണ് ഗവേഷണത്തിന് ആരംഭംകുറിക്കുന്നത്. ഗവേഷണരീതി, ഗവേഷണപ്രശ്നവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഗവേഷകരുടെ താത്പര്യമുള്ള മേഖലയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതും ഗവേഷണത്തിന്റെ ഗതി നിശ്ചയിക്കുന്നതും ഗവേഷണപ്രശ്നമാകുന്നു. പൂർവപഠനങ്ങളുടെ നിരൂപണത്തിൽനിന്നാണ് പൊതുവേ ഗവേഷണപ്രശ്നം രൂപപ്പെടുന്നത്. അതിനാൽ പൂർവപഠനനിരൂപണം വളരെ പ്രധാനപ്പെട്ടതാണ്. അത് വെറും പഠനങ്ങളുടെ പട്ടികപ്പെടുത്തലല്ല. ഇതുവരെ ഉത്തരം കണ്ടുപിടിക്കാത്തതും എന്നാൽ, പ്രസക്തിയുള്ളതുമായ ചില പ്രശ്നങ്ങളാണ് ഗവേഷണപ്രശ്നങ്ങളായി മാറുന്നത്. ഗവേഷണപ്രശ്നത്തോടുള്ള താത്കാലിക ഉത്തരമാണ് പരികല്പന. (Hypothesis) (ഇത് പിന്നീട് മാറാം). ഒരു പഠനത്തിൽ ഒന്നിലധികം പരികല്പനകൾ ഉണ്ടാകും. പരികല്പനയുടെ സഹായത്തോടെ ഉചിതമായ പ്രബന്ധശീർഷകം കണ്ടെത്തണം. തലക്കെട്ട് ഉറപ്പിച്ചാൽ, പഠിക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ലക്ഷ്യം കൃത്യമായി വ്യക്തമാക്കണം. പരികല്പനയുടെ സാധുത പരിശോധിക്കുകയും ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ഗവേഷണരൂപരേഖയിൽ ഉൾപ്പെടുത്തുന്നത്.

സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട ദത്തശേഖരണാർഥം ഉപയോഗിക്കുന്ന കീലപദങ്ങൾ (Keywords) മനസ്സിലാക്കിവെക്കണം. ഇവ പൂർവപഠനങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിപൂർവവും വിമർശനാത്മകവുമായി വിലയിരുത്തുകയും വേണം. ദത്തശേഖരണം,(Data Collection) ദത്താവതരണം, ദത്താപഗ്രഥനം, നിഗമനങ്ങൾ, അടിക്കുറിപ്പ്, ഗ്രന്ഥസൂചി, അനുബന്ധം, കീലപദസൂചി എന്നിവയെല്ലാം രൂപകല്പനയുടെ ഭാഗമാണ്‌.

ലളിതവും സുതാര്യവുമായ ഭാഷയിൽ പ്രബന്ധം തയ്യാറാക്കണം. അംഗീകൃത ഗവേഷണശൈലികൾ സ്വീകരിക്കണം. ഗവേഷണവിഷയത്തിന്റെ അടിസ്ഥാനപ്രമാണമാണ് ആകരസാമഗ്രികൾ (Source material). ദത്തശേഖരണത്തിന് സഹായിക്കുന്ന സ്രോതസ്സുകളാണവ. പ്രഥമം, ദ്വിതീയം, തൃതീയം എന്നിങ്ങനെ പ്രാമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ ഇവയെ തരംതിരിക്കാം. വിദഗ്‌ധരുമായുള്ള അഭിമുഖവും അഭിപ്രായങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇതെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഗവേഷകരെ സഹായിച്ചേക്കാം.

ഒരുക്കവും മെരുക്കവും

ഗവേഷകർ ഒരു വർഷത്തെ കോഴ്‌സ് വർക്ക് ചെയ്യണം. നാല് കോഴ്‌സുക(വിഷയങ്ങൾ)ളാണ് ഉള്ളത്. കോഴ്‌സ് വർക്കിനുശേഷം പരീക്ഷ എഴുതണം. ജയിക്കാൻ കുറഞ്ഞത് അമ്പത്തഞ്ചു ശതമാനം മാർക്കുവേണം. അതു കിട്ടാത്തവർ വീണ്ടും പരീക്ഷ എഴുതണം. അതിൽ എം.ഫിൽ ഉള്ളവർക്ക് റിസർച്ച് മെത്തഡോളജിയുടെ പരീക്ഷ എഴുതേണ്ടതില്ല. ‘റിസർച്ച് എത്തിക്സ്’ എന്നൊരു വിഷയം കോഴ്‌സിന്റെ ഭാഗമായി ചെയ്യുന്നുണ്ട്. അക്കാര്യം നല്ലപോലെ ഗവേഷകരും മാർഗദർശികളും മനസ്സിരുത്തി പഠിച്ചാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഓരോ കോഴ്‌സിനും രീതിശാസ്ത്രമനുസരിച്ച് പ്രബന്ധം തയ്യാറാക്കണം. അത് ഡിപ്പാർട്ട്‌മെന്റിൽ അവതരിപ്പിക്കണം. തുടർന്നുവരുന്ന ചർച്ചകൾക്കുശേഷം പ്രബന്ധം സെമിനാറിൽ അവതരിപ്പിക്കുകയോ ഗവേഷണജേണലുകളിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യാം. കോഴ്‌സ് വർക്കിനുശേഷം ഗവേഷണത്തെക്കുറിച്ച് ഗവേഷകർ ആർജിച്ച അറിവ് വിദഗ്‌ധസമിതിയിൽ അവതരിപ്പിക്കണം. അവർക്ക് നിർദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ, അത് യുക്തിയുള്ളതാണെന്ന് ഗവേഷകർക്ക് തോന്നുകയാണെങ്കിൽ അവകൂടി ഉൾപ്പെടുത്തണം. പ്രബന്ധസംഗ്രഹം സമർപ്പിക്കുന്നതിനുമുമ്പ് കുറഞ്ഞത് രണ്ട് പ്രബന്ധങ്ങൾ അംഗീകൃതഗവേഷണജേണലുകളിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അതുകൂടാതെ ദേശീയ/അന്താരാഷ്ട്രസെമിനാറുകളിൽ രണ്ട് പ്രബന്ധങ്ങളെങ്കിലും അവതരിപ്പിക്കുകയും വേണമെന്നാണ് നിബന്ധന. (ഇപ്പോൾ അയവു വരുത്തിയിട്ടുണ്ട്).

പ്രബന്ധം കുട്ടിക്കളിയല്ല

ഗവേഷണത്തിനുള്ള കുറഞ്ഞ കാലാവധി മൂന്നുവർഷമാണ്‌. പരമാവധി ആറുവർഷവും. ​ഗവേഷണം ഫുൾ​െ​െ​ടം ആയോ പാർട്‌ ടൈം ആയോ ചെയ്യാം. (വിവിധ സർവകലാശാലകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കാറുണ്ട്‌) പ്രബന്ധസംഗ്രഹം അഥവാ സിനോപ്‌സിസ് സമർപ്പിച്ചതിനുശേഷം മൂന്നുമാസത്തിനുശേഷമോ ആറുമാസത്തിനുള്ളിലോ ഗവേഷണപ്രബന്ധം സമർപ്പിക്കുന്ന രീതിയാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയിലുള്ളത്. ഗവേഷണപ്രബന്ധത്തിന്റെ അവസാനരൂപം തയ്യാറാക്കിയശേഷം സിനോപ്‌സിസ് സമർപ്പിച്ചാൽ തുടർന്ന് ലഭിക്കുന്ന സമയത്തിനുള്ളിൽ ഗവേഷണരൂപരേഖയ്ക്ക് മാറ്റം വരുത്താനാകില്ലെങ്കിലും കണ്ടെത്തുന്ന ചില്ലറത്തെറ്റുകൾ തിരുത്താനും ചിലത് കൂട്ടിച്ചേർക്കാനും കഴിയും. ഇന്റർനാഷണൽ, നാഷണൽ(വടക്കേ-ഇന്ത്യ, നോർത്ത് ഈസ്റ്റ് ഇന്ത്യ- ദക്ഷിണേന്ത്യ), പ്രാദേശികം(തമിഴ്‌നാട്) എന്നിങ്ങനെ പല മേഖലകളായി തിരിച്ച് അവിടങ്ങളിലെ പ്രഗല്‌ഭരായ അധ്യാപകരെ ഉൾപ്പെടുത്തിയാണ് മൂല്യനിർണയത്തിനുള്ള പാനൽ തയ്യാറാക്കുക. വൈസ് ചാൻസലറാണ് പാനലിന് അനുമതി നൽകുക. ഗവേഷണവിഷയത്തിൽ വിദഗ്‌ധർക്ക് അറിവുണ്ടായിരിക്കണം. അത് തെളിയിക്കുന്നതിനായി കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഗവേഷണജേണലുകളിൽ അവർ എഴുതിയ രണ്ടു പ്രബന്ധങ്ങളുടെ വിശദാംശങ്ങളും പാനലിനോടൊപ്പം കൊടുക്കണം. ലിങ്ക് ലഭ്യമാണെങ്കിൽ അതുകൂടി ഉൾപ്പെടുത്തണം. അത് അനുസരിച്ചായിരിക്കും യൂണിവേഴ്‌സിറ്റി പ്രബന്ധം മൂല്യനിർണയത്തിന് അയച്ചുകൊടുക്കുക. ഉദാരമതികൾ മൂല്യനിർണയത്തിനുവരുന്ന പ്രബന്ധങ്ങൾ എല്ലാം സ്വീകരിക്കും. കുമിഞ്ഞുകൂടുന്ന പ്രബന്ധങ്ങൾ തീർത്തുകൊടുക്കാനുള്ള സംഘർഷത്തിലായിരിക്കും പിന്നീടവർ. ആ തിരക്കിനിടയിൽ മൂല്യനിർണയം നാമമാത്രമായിപ്പോകാം. അതു പ്രബന്ധത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ പറ്റാത്തരീതിയിലുള്ള വിലയിരുത്തലുമാകാം.

മൂല്യനിർണയരീതി

ഒരു പ്രബന്ധം മൂല്യനിർണയം ചെയ്യാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും വേണം. അതിനനുസരിച്ച് പ്രബന്ധങ്ങൾ സ്വീകരിക്കുകയാണെങ്കിൽ മുല്യനിർണയം നീതിയുള്ളതാക്കാം. സർവകലാശാലകൾ മൂല്യനിർണയത്തിന് അനുവാദം ചോദിച്ചാൽ പെട്ടെന്ന് പ്രതികരിക്കുന്നത് നന്നായിരിക്കും. ഒരാൾക്ക് പറ്റില്ലെങ്കിൽ മറ്റൊരാൾക്ക് അയക്കാൻ പറ്റും. അതുവഴി കാലതാമസം ഒഴിവാക്കാം. മേഖല തിരിച്ചുകൊണ്ടുള്ള പാനൽ ആകുമ്പോൾ, ഗവേഷണവിഷയത്തിന് അനുസരിച്ചുള്ള വിദഗ്‌ധരെ കണ്ടെത്താനും വിഷമം നേരിടാറുണ്ട്. തീർച്ചയായും ഇത് മൂല്യനിർണയത്തെ ബാധിക്കും.

പുറത്തുനിന്നുള്ള രണ്ടുപേരും മാർഗദർശിയുമാണ് പ്രബന്ധം മൂല്യനിർണയം ചെയ്യുക. മൂല്യനിർണയക്കാർ ആശയപരമായ പിഴവുകളോ രചനാപിഴവുകളോ കണ്ടെത്തുകയാണെങ്കിൽ മാർഗദർശി യൂണിവേഴ്‌സിറ്റിക്ക്‌ സമർപ്പിക്കുന്ന ‘കൺസോളിഡേറ്റഡ് റിപ്പോർട്ടി’ൽ അക്കാര്യം കാണിക്കണം. അതനുസരിച്ച് പിഴവുകൾ തിരുത്താൻ ഗവേഷകർക്ക് അവസരം കിട്ടുന്നു. അവർ പിഴവുകൾ തിരുത്തി പ്രബന്ധം വീണ്ടും യൂണിവേഴ്‌സിറ്റിക്ക് സമർപ്പിക്കുന്നു. തുടർന്ന് മൂന്നാമതൊരാൾക്ക് തിരുത്തിയ പ്രബന്ധം അയച്ചുകൊടുക്കുന്നു. അവരാണ് പൊതുവാചാപരീക്ഷ നടത്താൻ എത്തുക. പ്രബന്ധം വിശദമായി പരിശോധിക്കേണ്ട ചുമതല അവർക്കില്ലെങ്കിലും പലരും പ്രബന്ധം വായിച്ച ് മറ്റ് എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ അതു പൊതുവാചാപരീക്ഷയിൽ ഉന്നയിക്കും. പൊതുവാചാപരീക്ഷയിൽ ഗവേഷകരുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ, അക്കാര്യം ചൂണ്ടിക്കാണിച്ച് പിഴവുകൾ തിരുത്തി വീണ്ടും പ്രബന്ധം മൂല്യനിർണയം നടത്തി പൊതുവാചാപരീക്ഷ നടത്താനുള്ള ഏർപ്പാടുമുണ്ട്. പക്ഷേ, ഈ ഘട്ടത്തിലേക്ക് പോകുന്നതായി കേട്ടിട്ടില്ല. സർവകലാശാലാഗവേഷണം പൊതുമധ്യത്തിൽ എത്തിക്കുക എന്ന ലക്ഷ്യംകൂടി പൊതുവാചാ പരീക്ഷ നിറവേറ്റുന്നുണ്ട്.

എല്ലാം കേട്ടതിനുശേഷം അദ്ദേഹം ചോദിച്ചു: ‘‘ഇതെല്ലാം എല്ലാ യൂണിവേഴ്‌സിറ്റികളിലുമുള്ളതല്ലേ എന്നിട്ടും ഗവേഷണരംഗം ഇത്രമാത്രം മലീമസമാകാനുള്ള കാരണം അധ്യാപകർക്കും ഗവേഷകർക്കും വിദഗ്‌ധർക്കും ഗവേഷണതാത്പര്യം, ആത്മാർഥത, സത്യസന്ധത എന്നിവയിൽ ഒന്നുപോലുമില്ലാത്തതുകൊണ്ടല്ലേ? പിന്നെ വ്യവസ്ഥയെ കുറ്റം പറയുന്നതിൽ എന്തർഥം?’’

(മദ്രാസ്‌ സർവകലാശാല മലയാള വകുപ്പധ്യക്ഷനാണ്‌ ലേഖകൻ)

Content Highlights: why do we need research

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


Sara thomas

5 min

ഹരിശ്രീ പഠിപ്പിച്ച് തമിഴത്തിക്കുട്ടിയെ സിനിമവരെയെത്തിച്ചു; സാറാതോമസും വത്സലാറാണിയും, ഒരപൂര്‍വസൗഹൃദം!

Apr 1, 2023

Most Commented