ഈസി ഇംഗ്ലീഷ്, ലളിതം ഗണിതം; സമ്മര്‍ദമുണ്ടാക്കുന്നതല്ല ശരിയായ അധ്യാപനം


എബി പി. ജോയി

അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്ക് വെറും സഹായികള്‍ മാത്രമായിരിക്കണം. കുട്ടികളുടെ ഇഷ്ടത്തിനാണ് പ്രാധാന്യം. കാനഡയിലെ വിദ്യാഭ്യാസ വിദഗ്ധയായ രണ്‍ഡീന്‍ ഡ്യുറാറ്റോ പറയുന്നു.

ഫോട്ടോ: മധുരാജ്‌

നിഷ്‌കളങ്കതയുടെ തെളിഞ്ഞമുഖമുള്ള നമ്മുടെ കുഞ്ഞുങ്ങള്‍, അവര്‍ നന്മയുടെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളാണ്. ഇന്നത്തെ അവരുടെ കളിചിരികളിലും തമാശകളിലുമാണ് നാളെയുടെ ജീവിതത്തിന്റെയും ലോകത്തിന്റെയും താളമുള്ളത്. അത് മനസ്സില്‍വെച്ചുകൊണ്ടു വേണം അവരുടെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍. അവരെ പഠിപ്പിക്കാന്‍. ക്ലാസ് മുറികളും പാഠപുസ്തകങ്ങളും സിലബസും കാണിക്കാത്ത വെളിച്ചം കുട്ടിക്ക് കാണിക്കുന്ന വഴിവിളക്കുകളായി അധ്യാപകര്‍ മാറണം സ്‌കൂള്‍തലത്തിലെ വിദ്യാഭ്യാസം എങ്ങനെ വേണമെന്നതില്‍ വിദഗ്ധയായ കാനഡയില്‍നിന്നുള്ള രണ്‍ഡീന്‍ ഡ്യുറാറ്റെ പറയുന്നു.

വ്യത്യസ്തതകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പരസ്പരം അറിഞ്ഞും പ്രകൃതിയെ അറിഞ്ഞും അവര്‍ വളരണം. പരീക്ഷയെന്നു പറഞ്ഞ് അവരെ എപ്പോഴും ഭയപ്പെടുത്തുകയോ സമ്മര്‍ദത്തിലാക്കുകയോ ചെയ്യരുത്. കളിമുറ്റങ്ങളില്‍ അവര്‍ ഒത്തുചേര്‍ന്ന് ഉല്ലസിക്കണം. കളിയിലൂടെയും നിരീക്ഷണങ്ങളിലൂടെയും അവര്‍ ആസ്വദിച്ച് പഠിക്കണം. പഠനം ഉല്ലാസകരമാവുമ്പോള്‍ കുട്ടികള്‍ സന്തോഷിക്കുന്നതുകണ്ട് അധ്യാപകരും രക്ഷിതാക്കളും ആ കൂട്ടച്ചിരിയില്‍ പങ്കെടുക്കണം. ബിരുദത്തിനുശേഷം രണ്‍ഡീനിന്റെ പഠനഗവേഷണങ്ങള്‍ മുഴുവന്‍ പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരുന്നു. ലോകത്ത് പലയിടത്തും ഈ വിഷയത്തില്‍ ട്രെയിനിങ് പ്രോഗ്രാമുകള്‍ നടത്തുന്നു. കാനഡ സസ്‌ക്കാട്ടൂണ്‍ സെയ്ന്റ് തെരേസാ സ്‌കൂളിലെ അധ്യപികയാണ് രണ്‍ഡീന്‍. കെ.പി.എസ്.ടി.എ. കനേഡിയന്‍ ടീച്ചേഴ്‌സ് ഫെഡറേഷന്റെ സഹകരണത്തോടെ ഡല്‍ഹിയിലും കോഴിക്കോട്ടും സംഘടിപ്പിച്ച അന്തര്‍ദേശീയ ബോധനരീതികളെക്കുറിച്ചുള്ള പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രണ്‍ഡീന്‍ സംസാരിക്കുന്നു...

teacher
രണ്‍ഡീന്‍ ഡ്യുറാറ്റേ

? കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം

= എന്റെ വീക്ഷണം പറയാം. അത് ഞാന്‍ ഇഷ്ടപ്പെടുന്നൊരു ഫോര്‍മുലയാണ്. ഈസി ഇംഗ്ലീഷ്, ലളിതം ഗണിതം, ലഘുപരീക്ഷണങ്ങളിലൂടെ ശാസ്ത്രം, മധുരിക്കുന്ന മാതൃഭാഷ. പഠിപ്പിക്കുന്ന രീതി അധ്യാപകര്‍ക്കനുസരിച്ചും വിദ്യാര്‍ഥികള്‍ക്കനുസരിച്ചും മാറാം. നിര്‍മാണത്തിലൂടെയും അഭിനയത്തിലൂടെയും മറ്റും പഠിക്കുമ്പോള്‍ അതില്‍ കുട്ടിയുടെ പങ്കാളിത്തം ഉറപ്പുവരുന്നു. അത് നല്ലതാണ്. രക്ഷിതാക്കള്‍ക്കും കൂടെക്കൂടെ ബോധവത്കരണക്ലാസ് നല്‍കണം. പഠനവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുട്ടിയുടെ ഇഷ്ടമാണ് പരിഗണിക്കേണ്ടത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇഷ്ടമല്ല. അവര്‍ക്ക് കുട്ടിയെ സഹായിക്കാമെന്നു മാത്രം. കുട്ടികളുടെ ബോധനിലവാരം അടിസ്ഥാനപ്പെടുത്തി വേണം ബേസിക്, സ്റ്റാന്‍ഡേഡ്,അഡ്വാന്‍സ്ഡ്, എക്‌സലന്റ് തുടങ്ങി ഓരോ വിഷയത്തിന്റെയും നിലവാരം കുട്ടിക്ക് നല്‍കാന്‍.

? ഒരു ക്ലാസില്‍ എത്രകുട്ടികള്‍ ആവാമെന്നത് കേരളത്തില്‍ ഇപ്പോഴും തര്‍ക്കവിഷയമാണ്

= അത് ഓരോനാട്ടിലും വ്യത്യസ്തമാണ്. എന്റെ ക്ലാസില്‍ പരമാവധി എട്ടുകുട്ടികളാണ്. സ്‌കൂളില്‍ ആകെ 75 കുട്ടികള്‍. മലയാളി രക്ഷിതാക്കളുടെ കുട്ടികളുമുണ്ട്. മലയാളികള്‍ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ളവരാണെന്ന് എനിക്കറിയാം. എണ്ണംകുറയുമ്പോള്‍ ഓരോ കുട്ടിയുടെ നേര്‍ക്കുമുള്ള അധ്യാപകരുടെ ശ്രദ്ധകൂടും. പഠനനിലവാരം ഉയരും. ഇവിടെ 30 കുട്ടികളോളം ഒരു ക്ലാസിലുണ്ടെന്നറിയാം. അതൊക്കെ ഒരു നാട്ടിലെ വിദ്യാഭ്യാസപരമായ അടിസ്ഥാനസൗകര്യങ്ങള്‍ക്കും സ്‌കൂളുകളുടെ എണ്ണത്തിനുമനുസരിച്ചേ നടപ്പാക്കാനാവൂ. അധ്യാപകര്‍ കൊടുക്കുന്ന ശ്രദ്ധ മറ്റേതൊരു പഠനസാഹചര്യത്തെക്കാളും കുട്ടിക്ക് പ്രധാനമാണെന്ന് മനസ്സിലാക്കുക.

? പ്രൈമറിതലത്തിലെ അധ്യയനമാധ്യമം ഏതായിരിക്കണം

= സംശയംവേണ്ട, മാതൃഭാഷയാവുന്നതാണ് ഏറ്റവുംനല്ലത്. അത് പോസിറ്റീവ് ചിന്ത ഉണര്‍ത്തുന്നതും സൃഷ്ടിപരവും ഓരോരുത്തരുടെയും വാസന തിരിച്ചറിയാന്‍ സഹായിക്കുന്നതുമാവണം. ഇക്കാര്യത്തില്‍ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കല്പം മാതൃകാപരമാണ്. നയീ താലിം. അധ്യാപകന്‍ മാതൃക കാണിക്കണം. മിക്കപ്പോഴും സ്‌കൂളില്‍ വൈകിവരുന്ന ഒരു അധ്യാപകന് സമയനിഷ്ഠയെക്കുറിച്ച് പറയാന്‍കഴിയില്ല. പറഞ്ഞിട്ടും കാര്യമില്ല. 'ഗുഡ് മോണിങ്' എന്നോ 'താങ്ക് യൂ' എന്നോ പറയാന്‍ നിരന്തരം ഉപദേശിക്കുന്നതിനെക്കാള്‍ നല്ലത് അധ്യാപകര്‍ സന്ദര്‍ഭാനുസരണം ഈ വാക്കുകള്‍ കുട്ടികളോടു പറയുന്നതാണ്. അതാണ് മാതൃക. പഠനത്തിനനുസരിച്ചും പ്രായത്തിനനുസരിച്ചും പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുക.

? പഠനത്തില്‍ മിടുക്കരല്ലാത്ത കുട്ടികളെ എങ്ങനെയാണ് അന്നാട്ടിലൊക്കെ സഹായിക്കുക

= കുട്ടി അറിയാതെതന്നെ പഠനത്തില്‍ ശാക്തീകരിക്കും. അധ്യാപകര്‍ ആ കുട്ടിക്ക് പ്രത്യേകപരിഗണനയും പിന്തുണയും നല്‍കും. അറിവുപകരാന്‍ തക്കവിധം കൂടുതല്‍ അച്ചടക്കമുള്ളയാളാക്കി മാറ്റും. ആ കുട്ടി പറയുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. പഠനത്തില്‍ സജീവപങ്കാളിത്തം നല്‍കും. ആക്ടിവിറ്റി ചെയ്യാന്‍ സഹായിക്കും. ആ കുട്ടിയോട് കൂടുതല്‍ അടുത്തിടപഴകും. പഠനം ഭാരമല്ലാതാക്കും.

? ബോധനരീതികളില്‍ ഏതാണ് മികച്ചത്

= അത് ഓരോ സാഹചര്യത്തിനും വിഷയത്തിനും അനുസരിച്ചാണ്. കുട്ടിയാണ് പഠിക്കുന്നത്, അധ്യാപകന്‍ പിന്‍ബലമേകുക മാത്രം ചെയ്യുന്നുവെന്ന് ഓര്‍ക്കുക. അറിയാവുന്ന കാര്യങ്ങളില്‍നിന്ന് അറിയാത്ത കാര്യങ്ങളിലേക്ക് രസകരമായി കുട്ടിയെ നയിക്കുക. വിദ്യാര്‍ഥികളെ ഉത്തരവാദിത്വബോധമുള്ളവരാക്കി മാറ്റുക. ക്ലാസ്മുറിയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും അധ്യാപകര്‍ പഠനത്തില്‍ മുമ്പേനടക്കുകയും ചെയ്യുക.

കായികവിദ്യാഭ്യാസം നല്‍കുന്നതുപോലെയല്ലല്ലോ ശാസ്ത്രം പഠിപ്പിക്കേണ്ടത് ? ക്ലാസ്മുറിയില്‍ കുട്ടികളുടെ ഇടപെടല്‍ വര്‍ധിപ്പിക്കണം. ദൃശ്യങ്ങള്‍ കാണിക്കുക, ചാര്‍ട്ടുകളും മറ്റും കൂടുതലായി ഉപയോഗിക്കുക, രസകരമായ അവതരണം ശീലമാക്കുക. വികാരപരമായി സമീപിക്കേണ്ട വിഷയങ്ങളെ അങ്ങനെ വേണം സമീപിക്കാന്‍. സാമൂഹ്യമര്യാദകളോ ദേശസ്‌നേഹമോ പഠിപ്പിക്കുമ്പോള്‍ അധ്യാപകന്‍ ഇതൊക്കെയുള്ള ആളാണെന്ന് കുട്ടി മനസ്സിലാക്കുംവിധം വിഷയത്തെ സമീപിക്കണം.

? ടീച്ചറായ രണ്‍ഡീനിന്റെ സങ്കല്പത്തിലെ ഒരു മാതൃകാടീച്ചര്‍ എങ്ങനെയായിരിക്കും

= നിരന്തരം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കും. ജീവിതംമുഴുവന്‍ പഠനം. കുട്ടിയെ ചെറിയ കാര്യങ്ങള്‍ക്കുപോലും അഭിനന്ദിക്കും. ഹലോ എന്നുപറഞ്ഞ് അവരുടെ പേരുംചേര്‍ത്ത് മനോഹരമായ സ്വരത്തിലും ശബ്ദവിന്യാസത്തോടെയും കുട്ടികളെ സംബോധനചെയ്യും. മുഖത്ത് പ്രസന്നതയുണ്ടായിരിക്കും. കുട്ടിയുമായി ഊഷ്മളസൗഹൃദമുണ്ടാവും. സ്‌നേഹവും കുട്ടികളോട് അടുപ്പവും ഉണ്ടാവും. മാതൃകാപരമായി വസ്ത്രം ധരിക്കും. കണക്കിലെ കളികളും കുട്ടിക്ക് ഇഷ്ടപ്പെടുന്ന കുടുക്കുചോദ്യങ്ങളുമൊക്കെ ചോദിക്കും. അങ്ങനെ കുട്ടികളെ രസിപ്പിക്കും. വിരസതയകറ്റും. കുട്ടികളെ ശരിക്കും നിരീക്ഷിക്കും. മോഡലിങ് ആക്ടിവിറ്റി ചെയ്യിക്കും. ശാസ്ത്ര സാങ്കേതികത ക്ലാസില്‍ പ്രയോജനപ്പെടുത്തും.

? രണ്‍ഡീന്‍ ക്ലാസില്‍ അങ്ങ് ചെയ്യുന്ന ഏതെങ്കിലും ഒരു ടെക്‌നിക് പറയാമോ

= കുട്ടികളെക്കൊണ്ട് ചില നല്ലകാര്യങ്ങള്‍ പറയിക്കും. അവ വൈറ്റ് ബോര്‍ഡില്‍ കളര്‍ചോക്കുകൊണ്ട് എഴുതും. ചോദ്യത്തിന് ഉത്തരംപറഞ്ഞ കുട്ടിയുടെ ചിത്രം ബോര്‍ഡില്‍ കാരിക്കേച്ചര്‍പോലെ വരയ്ക്കും. ചുവടെ ഏതെങ്കിലും നല്ലശീലം പാലിക്കുമെന്ന് എഴുതി ആ കുട്ടിയെക്കൊണ്ട് ഒപ്പിടീക്കും. കുട്ടിയെ ബഹുമാനിക്കുന്നതിനു തുല്യമാണിത്. മുതിര്‍ന്നവരെപ്പോലെതന്നെ കുട്ടികളും എഴുതി ഒപ്പിട്ട കാര്യങ്ങള്‍ പാലിക്കാന്‍ നിഷ്ഠപുലര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. അതൊക്കെ കുട്ടിയുടെ മനസ്സിനെ സ്വാധീനിക്കുന്നു. ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നാമെങ്കിലും ഒരു ചെറിയ സ്‌കൂള്‍കുട്ടിക്ക് അതത്ര ചെറുതല്ല.

? ഈ നാട്ടിലെ അധ്യാപകരോട് എന്തുപറയും

= കുട്ടികളെ വൃഥാ പരീക്ഷാസമ്മര്‍ദത്തിലാക്കരുത്. ഒരു കുട്ടിയെ അളക്കാന്‍ ഒരു പരീക്ഷയ്ക്കുകഴിയില്ല. ഒരു പരീക്ഷയുടെ വിജയമോ പരാജയമോ അനുസരിച്ചല്ല ഒരു കുട്ടിയുടെ ഭാവി എന്ന വസ്തുത അധ്യാപകര്‍ മറക്കരുത്. ജീവിതമെന്ന പരീക്ഷയാണ് ഏറ്റവുംപ്രധാനം. അതിന്റെ വിജയത്തിന് കുട്ടിയെ പരിശീലിപ്പിക്കുകയാണ് ഏറ്റവും നല്ലത് . ഭാവി ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പര്യാപ്തരാക്കുക.

Content Highlights: Qualities of a good teacher, interview with Randeen Durette

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented