ഏതൊരു വിഷയത്തിലും കേരളത്തിലെ ആളുകള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകള്‍ എടുത്താല്‍തന്നെ അതറിയാം. നോട്ടു നിരോധിക്കുമ്പോള്‍ സാമ്പത്തിക വിദഗ്ദ്ധരാവുന്നവര്‍, പ്രളയം വരുമ്പോള്‍ ദുരന്ത സ്പെഷ്യലിസ്റ്റുകള്‍ ആകുന്നത് നാം കാണുന്നു. എല്ലാവരും എന്തിനെപ്പറ്റിയും അഭിപ്രായം പറയുമ്പോള്‍ ആര് എന്ത് പറയുന്നു എന്നതല്ല, എത്ര രസകരമായി പറയുന്നു എന്നാകും ആളുകള്‍ ശ്രദ്ധിക്കുന്നത്. അന്തിച്ചര്‍ച്ചകള്‍ ന്യൂസില്‍ നിന്നും വ്യത്യസ്തമായി വിനോദപരമാകുന്നത് അങ്ങനെയാണ്.
പറയുന്ന വിഷയത്തില്‍ ആളുകള്‍ക്ക് അറിവില്ല എന്നത് മാത്രമല്ല പ്രശ്നം, ഒരു പ്രശ്നത്തെ സമീപിക്കുമ്പോള്‍ അടിസ്ഥാനപരമായ കുറച്ചു ഡേറ്റ ഉണ്ടായിരിക്കണം. അതില്ലെങ്കില്‍ നമ്മള് പറയുന്നത് നമ്മുടെ മുന്‍വിധികള്‍ മാത്രമാണ്. മുന്‍വിധികള്‍ അനുസരിച്ചു നയങ്ങളോ പദ്ധതികളോ ഉണ്ടാക്കിയാല്‍ അത് പാളിപ്പോകും എന്നതില്‍ സംശയം വേണ്ട.
കേരളത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യേണ്ട രണ്ടു വിഷയങ്ങളുണ്ട്. രണ്ടും വേണ്ടത്ര കണക്കുകള്‍ ശേഖരിച്ചു നയങ്ങള്‍ ഉണ്ടാക്കേണ്ടവയാണ്.
ഒന്ന് തോറ്റ എന്‍ജിനീയര്‍മാരുടെ കാര്യമാണ്. കഴിഞ്ഞ വര്‍ഷം കേരള ടെക്നോളോജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അവസാന വര്‍ഷം എന്‍ജിനീയറിങ്ങ് പരീക്ഷ എഴുതിയ 35000 കുട്ടികളില്‍ 37 ശതമാനം പേരാണ് പാസായത്. ഫൈനല്‍ ഇയര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആയിരക്കണക്കിന് കുട്ടികള്‍ പുറത്തുപോകുന്നുണ്ട്. ഇവരില്‍ കുറേപ്പേര് വീണ്ടും പരീക്ഷയെഴുതി എന്‍ജിനീയറിങ്ങ് പാസായേക്കാം. എന്നാലും ഒരു വര്‍ഷം പതിനായിരത്തിന് മുകളില്‍ 'തോറ്റ എന്‍ജിനീയര്‍മാര്‍' കേരളത്തില്‍ ഉണ്ടാകുന്നു.
ഇവരിപ്പോള്‍ എന്താണ് ചെയ്യുന്നത്? രണ്ടുമുതല്‍ നാലു വര്‍ഷം വരെ എന്‍ജിനീയറിങ് പഠിച്ച ഇവരെ ഒന്നുമല്ലാതാക്കി പുറത്തു നിര്‍ത്തുന്നത് സമൂഹത്തിന് ഗുണകരമാണോ? അവര്‍ പഠിച്ച വിഷയങ്ങള്‍ക്ക് അല്പം ക്രെഡിറ്റ് നല്കി ഒരു സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അവരെ നമ്മുടെ തൊഴില്‍ മേഖലയിലേക്ക് എത്തിക്കാന്‍ സാധിക്കില്ലേ? (എങ്ങനെയാണ് ഇത്രയധികം തോല്‍ക്കുന്ന എന്‍ജിനീയര്‍മാര്‍ ഉണ്ടാകുന്നത് എന്നതും സമൂഹം ചര്‍ച്ച ചെയ്യണം. അത് മറ്റൊരു വിഷയമാണ്, പിന്നൊരിക്കലാകാം).
അടുത്തതായി ഈ തോറ്റ എന്‍ജിനീയര്‍മാരേക്കാള്‍ കഷ്ടമാണ് ജയിച്ചു വരുന്ന കുറെ ഡോക്ടര്‍മാരുടെ കാര്യം. ഉക്രൈനും ഫിലിപ്പീന്‍സും ഉള്‍പ്പെടെയുള്ള അനവധി രാജ്യങ്ങളില്‍ മെഡിസിന് പഠിച്ചിട്ട് വരുന്നവരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും മെഡിസിന് ഡിഗ്രി നേടി ഇന്ത്യയില്‍ എത്തിയാല്‍ അവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ കൗസിലിന്റെ ഒരു പരീക്ഷ എഴുതണം. Foreign Medical Graduate Exam എന്നാണ് ഇതിന്റെ പേര്.
ഇരുപത് ശതമാനത്തില്‍ താഴെയാണ് ഇതിലെ വിജയശതമാനം. അതായത് വിദേശത്ത് പോയി അഞ്ചോ ആറോ വര്‍ഷം മെഡിസിന് പഠിച്ചു വരുന്നവരില്‍ പത്തില്‍ എട്ടുപേര്‍ ജയിച്ച് ഡോക്ടര്‍മാര്‍ ആയിട്ടും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റാതെ വെറുതെ ഇരിക്കേണ്ടി വരുന്നു. ഇതില്‍ എത്ര പേര് കേരളത്തില്‍ നിന്നുണ്ട്?
ഇങ്ങനെ മെഡിസിന് പരീക്ഷ പാസ്സാവുകയും FMGE തോല്‍ക്കുകയും ചെയ്തവര്‍ എന്താണ് ചെയ്യുന്നത്? ഇന്ത്യയിലെ മൊത്തം കാര്യമെടുത്താല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനകം 61000 വിദേശ ഡോക്ടര്‍മാര്‍ പരീക്ഷയെഴുതി, അവരില്‍ 8700 പേര് പാസായി. ശരാശരി 15 ശതമാനം!. ഇതില്‍ എത്ര പേര് കേരളത്തില്‍ നിന്നുണ്ടാകും? ഈ കണക്ക് കേരളത്തിന് മാത്രമായി ലഭ്യമല്ല. ഓരോ വര്‍ഷവും ആയിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ മെഡിസിന് പഠിക്കാന്‍ പോകുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകള്‍. അതുകൊണ്ടു തന്നെ കേരളത്തിലെ ആയിരക്കണക്കിന് കുട്ടികള്‍ ഓരോ വര്‍ഷവും ഇങ്ങനെ കുടുങ്ങുന്നുണ്ടാകും.
എങ്ങനെയാണ് മെഡിസിന് പഠിച്ചിട്ടും പ്രാക്ടീസ് ചെയ്യാന്‍ പറ്റാതിരിക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കുന്നത് ? ഡോക്ടര്‍മാരുടെ ക്ഷാമം ഇത്രമാത്രമുള്ള ഇന്ത്യയില്‍ - എല്ലാത്തരം വ്യാജ ഡോക്ടര്‍മാരും വ്യാജ മെഡിക്കല്‍ സംവിധാനങ്ങളും പട്ടാപ്പകല്‍ പ്രാക്ടീസ് നടത്തുന്ന ഇന്ത്യയില്‍ - അഞ്ചോ ആറോ വര്‍ഷം മെഡിസിന് പഠിച്ച ഡോക്ടര്‍മാരെ വെറുതെയിരുത്തുന്നത് ശരിയാണോ?
പുറത്തുപോയി പഠിച്ചിട്ടു വന്നാല്‍ ഇത്തരം ഊരാക്കുടുക്കില്‍ പെടുമെന്ന് നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ബോധവല്‍ക്കരിക്കേണ്ടേ? ചിന്തിക്കേണ്ട വിഷയങ്ങളാണ്. ആദ്യം ചെയ്യേണ്ടത് ഈ വിഷയത്തില്‍ വേണ്ടത്ര ഡേറ്റ ശേഖരിക്കുകയാണ്. അതനുസരിച്ചു വേണം നയങ്ങള്‍ ഉണ്ടാക്കാന്‍.
വിദേശത്ത് പഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിശീലനം കിട്ടാത്തവരാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ തമ്മില്‍ പരിശീലനത്തില്‍ മാറ്റം ഉണ്ടെന്നതു പോലെയേ ഇതിനെ ഞാന്‍ കാണുന്നുള്ളു. അല്ലാതെ ഇന്ത്യയിലെ പരിശീലനം അടിപൊളി, വിദേശം വെറും പൊളി എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. വാസ്തവത്തില്‍ ഡോക്ടര്‍മാരുടെ കഴിവ് ഉറപ്പു വരുത്താനാണ് എം.സി.ഐ പരീക്ഷ നടത്തുന്നതെങ്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദേശ കോളേജുകളില്‍ നിന്നും ഉള്ളവര്‍ക്ക് ഒരുപോലെ പരീക്ഷകള്‍ നടത്തട്ടെ, അതല്ലേ ഹീറോയിസം!
Content Highlights: What could be the future of unemployed engineering and medical graduates - Muralee Thummarukudi Writes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..