Representational Image | Pic Credit: Getty Images
കണ്മുന്നില് കാണുന്നതൊക്കെ സത്യമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍, കണ്ടതൊന്നും സത്യമല്ലെന്നും എല്ലാം സ്വപ്‌നമായിരുന്നെന്നും പറയുന്ന കാലമാണിത്. കംപ്യൂട്ടറുകള്‍ ഒരുക്കുന്ന മായക്കാഴ്ചകളുടെ ലോകം അങ്ങനെയായിക്കഴിഞ്ഞു. ഗെയിം മുതല്‍ അതിസൂക്ഷ്മ ശസ്ത്രക്രിയ വരെ ഇത്തരം സാങ്കേതികവിദ്യയിലേക്ക് വഴിമാറിക്കഴിഞ്ഞു. അതോടൊപ്പം അവസരങ്ങളുടെ സ്വപനമല്ലാത്ത ലോകവും നിങ്ങള്‍ക്കുമുന്നില്‍ തുറക്കുന്നു.
ദൃശ്യശ്രാവ്യ മേഖലകളിലെ പുത്തന്‍ സാങ്കേതികവിദ്യകളായ വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍.), ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍.) എന്നിവ ഇനി ഇവിടെയും പഠിക്കാം. കെല്‍ട്രോണിന്റെ നോളജ് സര്‍വീസ് ഗ്രൂപ്പാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് ഒരുക്കിയിട്ടുള്ള വെര്‍ച്വല്‍ ലാബില്‍ കുറഞ്ഞ ചെലവില്‍ വിവിധ 'റിയാലിറ്റി'കള്‍ പഠിക്കാന്‍ അവസരമൊരുക്കുന്നത്. ആഗോള ഐ.ടി. കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡിന്റെയും (എച്ച്.പി.) ഗെയിമിങ് മേഖലയിലെ പ്രശസ്തരായ യൂണിറ്റി എന്ന സിങ്കപ്പൂര്‍ കമ്പനിയുടെയും സഹകരണത്തോടെയാണ് ലാബ് തയ്യാറാക്കിയിട്ടുള്ളത്.
ഇതൊക്കെ പഠിക്കാം
മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ ഒരുവര്‍ഷത്തെ ഡിപ്ലോമ/ പി.ജി. ഡിപ്ലോമ കോഴ്‌സ്‌വരെയാണ് ആദ്യഘട്ടം. ലെവല്‍ 1, 2, 3 എന്നിങ്ങനെ മൂന്ന് തലങ്ങളായാണ് കോഴ്‌സ് ഘടന. ആദ്യ രണ്ട് ലെവലുകള്‍ക്ക് പ്ലസ്ടു ആണ് അടിസ്ഥാനയോഗ്യത. ബി.ഇ./ബി.ടെക്./എം.സി.എ. ആണ് ലെവല്‍ മൂന്ന് കോഴ്‌സുകളുടെ യോഗ്യത. പോളിടെക്‌നിക്, ബി.ടെക്., ബി.സി.എ., എം.സി.എ. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനും അവസരമുണ്ടാകും.
കെല്‍ട്രോണ്‍ നോളജ് സെന്ററുകള്‍ നടത്തുന്ന വിവിധ ആനിമേഷന്‍ കോഴ്‌സുകളില്‍ വി.ആര്‍. ആനിമേഷന്‍, ഗെയിം ഡിസൈന്‍, വെര്‍ച്വല്‍ ഫിലിം മേക്കിങ് എന്നിവകൂടി ഇനി ഉള്‍പ്പെടുത്തും. ഇവര്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റി ലാബില്‍ പ്രായോഗിക പരിശീലനവും നല്‍കും.
ജോലി കിട്ടുമോ?
കംപ്യൂട്ടര്‍ ഗെയിമുകളുടെ കുതിച്ചുചാട്ടവും ആനിമേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചനിരക്കിലുണ്ടായ വര്‍ധനയും ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ഇതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ മേഖലകളിലൊക്കെ വി.ആര്‍./എ.ആര്‍. സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്.
5ജിയുടെ വരവോടെ അവസരങ്ങള്‍ കുതിച്ചുയരുമെന്നതില്‍ സംശയമില്ല. ലെവല്‍ 1, 2 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ഡിസൈന്‍, വീഡിയോസൗണ്ട് എഡിറ്റിങ്, 3ഡി ഡിസൈന്‍ ആന്‍ഡ് മോഡലിങ്, ലുക്ക് ഡെവലപ്‌മെന്റ്, ലൈറ്റിങ് ആന്‍ഡ് റെന്‍ഡറിങ്, കാരക്ടര്‍ സെറ്റ്അപ്പ് ആന്‍ഡ് സ്‌കിന്നിങ്, കാരക്ടര്‍ ആനിമേഷന്‍, ഗെയിം എന്‍ജിന്‍ വര്‍ക് ഫ്‌ലോ, ഗെയിം എന്‍ജിന്‍ ലൈറ്റ് വിത്ത് ക്യാമറ ആന്‍ഡ് ആനിമേഷന്‍, അസറ്റ് ഇന്റഗ്രേഷന്‍ ഇന്‍ ഗെയിം എന്‍ജിന്‍, വിഷ്വല്‍ പ്രൊഡക്ഷന്‍ ഡെവലപ്പര്‍, വി.ആര്‍. യൂട്ടിലിറ്റി ഡെവലപ്പര്‍, മോഡലിങ് ആന്‍ഡ് ടെക്സ്റ്ററിങ് ആര്‍ട്ടിസ്റ്റ് എന്നിവ തൊഴില്‍ സാധ്യതയുള്ള ചില മേഖലകളാണ്.
പഠനം മാത്രമല്ല
വെര്‍ച്വല്‍ ലാബ് പഠനാവശ്യത്തിനുമാത്രമല്ല. 'റിയാലിറ്റി' യുടെ അദ്ഭുതക്കാഴ്ചകള്‍ കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. നേരത്തേ അനുമതിയെടുത്താല്‍ അരമണിക്കൂര്‍ നേരം സ്വപ്‌നലോകത്തൂടെ സഞ്ചരിക്കാം. ഓട്ടോമൊബൈല്‍, ഇന്റീരിയല്‍, ആനിമേഷന്‍ ഗെയിം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. 10 മുതല്‍ 5 വരെയാണ് സമയം.
കേരളത്തെ ഗെയിമിങ് കേന്ദ്രമാക്കും

വിനോദ വ്യവസായ രംഗത്തെ ലോകപ്രശസ്തരായ കമ്പനികള്‍ പലതും ആനിമേഷനും മറ്റുമായി ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി കേരളത്തെ ഗെയിമിങ് സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യകള്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. -ടി.ആര്‍. ഹേമലത, എം.ഡി., കെല്‍ട്രോണ്‍
നിങ്ങള്‍ക്ക് കിടപ്പുമുറിയിലിരുന്ന് ചന്ദ്രനിലെ കാഴ്ച കാണാമെന്നുപറഞ്ഞാല്‍ അതില്‍ അതിശമില്ല. എന്നാല്‍, അവിടെ ഇറങ്ങിനടക്കുന്ന പ്രതീതി കിട്ടിയാലോ? അതും കിടക്കയില്‍നിന്ന് എഴുനേല്‍ക്കാതെ. അതിന് വി.ആര്‍. ഹെഡ്‌സെറ്റ് ധരിക്കണമെന്നുമാത്രം. പിന്നെ, നിങ്ങള്‍ എങ്ങോട്ടുനോക്കിയാലും ചുറ്റും ചന്ദ്രനിലെ കാഴ്ചകളാകും. ഇങ്ങനെ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച സാധ്യമാകുന്ന തരത്തില്‍ കംപ്യൂട്ടര്‍ സൃഷ്ടിക്കുന്ന മായികലോകമാണ് വി.ആര്‍.
ഓഗ് മെന്റഡ് റിയാലിറ്റി
ലോകത്തെ കളിഭ്രാന്തന്മാരെയൊക്കെ രസംപിടിപ്പിച്ച പോക്കിമോന്‍ വീഡിയോഗെയിം ഓര്‍മയില്ലേ. പോക്കിമോന്‍ ഗോയെ ഇത്രയേറെ ജനപ്രിയമാക്കിയതിനുപിന്നില്‍ ഓഗ്മെന്റഡ് റിയാലിറ്റിയാണെന്ന് എത്രപേര്‍ക്കറിയാം. പോക്കിമോന്‍ എന്നത് ശരിക്കുമുള്ള കാര്യമാണെന്ന് നാം വിശ്വസിക്കുന്നതിനുകാരണവും ഇതാണ്. യഥാര്‍ഥവസ്തുക്കളെയും കംപ്യൂട്ടര്‍ സഹായത്താല്‍ നിര്‍മിക്കുന്ന ചിത്രങ്ങളെയും കൂട്ടിച്ചേര്‍ത്ത് യഥാര്‍ഥലോകത്തെ കാഴ്ചാനുഭവം തരുന്ന സാങ്കേതികവിദ്യയാണ് ഒ.ആര്‍.
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..