മലയാള സർവകലാശാല | ഫോട്ടോ: അജിത് ശങ്കരൻ
തിരൂർ: മലയാളഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും ഭാഷാപഠനം എളുപ്പമാക്കാനുമായി സ്ഥാപിച്ച മലയാള സർവകലാശാലയ്ക്ക് ഈ കേരളപ്പിറവി ദിനത്തിൽ പത്താം പിറന്നാൾ. 2012 നവംബർ ഒന്നിനാണ് വാക്കാട് തുഞ്ചൻ സ്മാരക ഗവ. കോളേജിന്റെ അഞ്ചേക്കർ സ്ഥലത്ത് താത്കാലിക ആസ്ഥാനം നിർമിച്ച് മലയാള സർവകലാശാലയ്ക്ക് തുടക്കം കുറിച്ചത്. കെ. ജയകുമാറായിരുന്നു ആദ്യത്തെ വൈസ് ചാൻസലർ. അദ്ദേഹം വിരമിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി ഡോ. അനിൽ വള്ളത്തോളാണ് വൈസ് ചാൻസലറായി പ്രവർത്തിക്കുന്നത്.
നിലവിൽ 32 അധ്യാപകരും താത്കാലികക്കാരുൾപ്പെടെ 110 ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. ഗവേഷകവിദ്യാർഥികളടക്കം 500-ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എം.എസ്.സി. പരിസ്ഥിതിപഠനവും എം.എ. കോഴ്സുകളുമടക്കം 11 പഠനസ്കൂളുകൾ ഇവിടെയുണ്ട്. വള്ളത്തോൾ ചെയർ, എഴുത്തച്ഛൻ ചെയർ എന്നിവയും ജർമ്മനിയിൽ ഗുണ്ടർട്ട് ചെയറും പ്രവർത്തിച്ചുവരുന്നു.
നേട്ടങ്ങളേറെയുണ്ടെങ്കിലും ഇനിയും സർവകലാശാലയ്ക്ക് കെട്ടിടം പണിയാനായിട്ടില്ല. ഏറെ വിവാദങ്ങളുടെ ഇടയിൽ മാങ്ങാട്ടിരിയിൽ 12 ഏക്കർ സ്ഥലം വാങ്ങിയെങ്കിലും നടന്നില്ല. നിർമാണത്തിന് 138 കോടി രൂപ സർക്കാർ അനുവദിക്കുമെന്ന് പറയുകയും ഇതിൽ 20 കോടി രൂപ കഴിഞ്ഞ ബജറ്റിൽ നീക്കിവെക്കുകയും ചെയ്തിരുന്നു. പക്ഷേ, ഭരണാനുമതി ലഭിച്ചിട്ടില്ല. സർവകലാശാലയിൽ സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടില്ല. സ്വന്തമായി ഹോസ്റ്റലുകളും ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സുകളുമില്ല.
കേന്ദ്രസർക്കാർ ക്ലാസിക്കൽ മലയാളം മികവുകേന്ദ്രമായി പ്രഖ്യാപിച്ചത് വലിയ നേട്ടമാണ്. കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിഭാഷാകേന്ദ്രമായി പ്രവർത്തിക്കാനും കഴിഞ്ഞു. ആയോധനകലയായ കളരിപ്പയറ്റിന്റെ ചരിത്രം തേടിയുള്ള ഗവേഷണപദ്ധതിക്ക് സർവകലാശാല തുടക്കം കുറിച്ചു. ആരോഗ്യ സർവകലാശാലയുമായി ചേർന്ന് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മലയാളഭാഷ സ്വായത്തമാക്കാനുള്ള പരിശീലനപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
വാർഷികാഘോഷവും മലയാളവാരാഘോഷവും ഇന്ന് തുടങ്ങും
മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷവും മലയാളവാരാഘോഷവും ‘ഓർച്ച 2022’ എന്ന പേരിൽ കേരളപ്പിറവി ദിനത്തിൽ തുടങ്ങും. നവംബർ ഒന്നുമുതൽ ഏഴുവരെയാണ് ആഘോഷം. രാവിലെ പത്തരയ്ക്ക് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സി.എം. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഭാഷാപ്രതിജ്ഞയെടുക്കും. നവംബർ രണ്ടിന് രാവിലെ പത്തിന് എം.ടി. വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തും.
നവംബർ ഏഴിന് രാവിലെ പത്തിന് സമാപനസമ്മേളനവും സർവകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നുമുതൽ പടയണി, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം എന്നിവ അരങ്ങേറും.
നേട്ടങ്ങളുമായി മുന്നോട്ട്-ഡോ. അനിൽ വള്ളത്തോൾ
മലയാള സർവകലാശാലയിൽ വൈസ് ചാൻസലറായി ചുമതലയേറ്റതുമുതൽ സർവകലാശാലയ്ക്ക് നേട്ടങ്ങളുടെ കാലഘട്ടമാണെന്ന് വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു. സർവകലാശാലയ്ക്ക് സ്റ്റാറ്റ്യൂട്ടറി ആക്ട് തയ്യാറാക്കാൻ കഴിഞ്ഞു. ആവശ്യമായ വ്യവസ്ഥകളും സമിതികളും നടപ്പിൽവരുത്തി. വിവിധ ഭാഷാപരിപോഷണ പദ്ധതികളുമായി സർവകലാശാല മുന്നോട്ടുപോകുകയാണ്. സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം പണിയാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണെന്നും വൈസ് ചാൻസലർ പറഞ്ഞു.
Content Highlights: Thunchath Ezhuthachan malayalam university celebrates its tenth birthday
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..