പ്രതീകാത്മക ചിത്രം | Photo-Mathrubhumi
'അറിവിനെ വിഷയങ്ങളുടെ ഇടനാഴികളിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത് വിശകലനാത്മകതയ്ക്കും വിമര്‍ശനാത്മകതയ്ക്കും യുക്ത്യധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ക്കുംനേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നതിന് തുല്യമാണ്' -എന്നുപറഞ്ഞത് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഗുണനിലവാര വര്‍ധനയും പുനരുജ്ജീവനവും വിശകലനംചെയ്ത് സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച യശ്പാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ്. ഇന്ത്യകണ്ട ഏറ്റവും പ്രഗല്ഭനായ ശാസ്ത്രജ്ഞരില്‍ ഒരാളായ യശ്പാലിന്റെ വിദ്യാഭ്യാസദീര്‍ഘദര്‍ശിത്വം ആരെയും അതിശയിപ്പിക്കും.
തമിഴ്‌നാട്ടില്‍നിന്ന് തുടക്കംകുറിക്കുകയും ഇന്ത്യയെമ്പാടും വ്യാപിക്കുകയുംചെയ്ത ഏകാത്മക വിഷയങ്ങളില്‍ അധിഷ്ഠിതമായ സര്‍വകലാശാലാ സങ്കല്പത്തെയാണ് യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നത്. സ്‌പോര്‍ട്‌സ്, മെഡിസിന്‍, അധ്യാപകവിദ്യാഭ്യാസം, എന്‍ജിനിയറിങ്- ഇങ്ങനെ ഓരോന്നിനും ഓരോ സര്‍വകലാശാലയുണ്ടാക്കിയാല്‍ ഭരണസൗകര്യമുണ്ടാവുമെന്നത് സത്യമാണെങ്കില്‍ക്കൂടി അക്കാദമികമായ വളര്‍ച്ചയുടെ മുരടിപ്പിലേക്കാണത് നയിക്കുക.
സയന്‍സും സാമൂഹികശാസ്ത്രങ്ങളും തത്ത്വചിന്തയും എയ്‌സ്തറ്റിക്കും എല്ലാംകൂടി സംയോജിതമായി ഒരു കാമ്പസില്‍ ലഭ്യമാകുമ്പോഴാണ് ഒരു വിദ്യാര്‍ഥിക്ക് തങ്ങളുടെ വിഷയത്തിലെത്തന്നെ വ്യത്യസ്തതലങ്ങളെ മനസ്സിലാക്കുന്നതിനും വിശകലനംചെയ്യുന്നതിനും സാധിക്കുക. ഗണിതശാസ്ത്രത്തില്‍ തുടങ്ങുന്ന ഗവേഷണം എത്തിച്ചേരുന്നത് തത്ത്വചിന്തയിലും തത്ത്വചിന്തയിലെ ഗവേഷണങ്ങള്‍ അവസാനിക്കുന്നത് പ്രാപഞ്ചികസത്യങ്ങളെ അന്വേഷിക്കുന്ന ഭൗതികശാസ്ത്രത്തിലുമായെന്നുവരാം. നമ്മുടെ സൗകര്യത്തിനുവേണ്ടിയാണ് സര്‍വകലാശാലകള്‍ വകുപ്പുകളെ തിരിക്കുന്നതെങ്കില്‍ വൈജ്ഞാനികപ്രപഞ്ചത്തിന് ഇത്തരം വേര്‍തിരിവുകള്‍ ബാധകമേയാവുന്നില്ല.
സര്‍വകലാശാലയെ ചുരുക്കുന്ന ഭേദഗതി
കേരളത്തിലെ സര്‍വകലാശാലാ പരിഷ്‌കര്‍ത്താക്കള്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. ഓരോ വിഷയത്തിലും ഓരോ സര്‍വകലാശാലയുണ്ടാക്കിയാല്‍ ആ വിഷയത്തില്‍പ്പെട്ട പ്രൊഫസര്‍മാര്‍ക്ക് വൈസ്ചാന്‍സലറും മറ്റുമാകുന്നതിനുള്ള സാധ്യതകൂടും. ഇങ്ങനെയൊക്കെയാണ് ചിന്തകള്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെയൊക്കെ ആത്യന്തികഫലമായി നമ്മുടെ സര്‍വകലാശാലകള്‍ 'ബോണ്‍സായിവത്കരണ'ത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്).
കുഫോസിന്റെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്തുകൊണ്ട് കഴിഞ്ഞ മാസം നിയമസഭ പാസാക്കിയ ബില്‍. ഫിഷറീസും സമുദ്രപഠനവുമായിമാത്രം ആ സര്‍വകലാശാലയെ ചുരുക്കിക്കൊണ്ടുവരുന്നതാണ് ഈ ഭേദഗതി. വിഷയവൈവിധ്യങ്ങളുടെ സമൃദ്ധിയാണ് ഒരു സര്‍വകലാശാലയെ ഗുണനിലവാരമുള്ളതാക്കി മാറ്റുന്നത്. പേരില്‍ത്തന്നെ സാങ്കേതികവിദ്യ ഉള്ളടങ്ങിയ ഒരു സര്‍വകലാശാലയാണ് മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. എന്നാല്‍, ഈ കലാലയത്തില്‍ത്തന്നെയാണ് ലോകോത്തര ഭാഷാശാസ്ത്രവിദഗ്ധനായ നോം ചോംസ്‌കി ജോലിയെടുക്കുന്നത്.
ദൈവശാസ്ത്രപഠനങ്ങള്‍ക്കുവേണ്ടി പുരോഹിതനായ ജോണ്‍ ഹാര്‍വാഡ് സ്ഥാപിച്ചതാണ് ഹാര്‍വാഡ് സര്‍വകലാശാല. എന്നാല്‍, ഈ സര്‍വകലാശാലകളൊക്കെ അവരുടെ സ്ഥാപിതലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പഠന-ബോധന-ഗവേഷണ പ്രക്രിയകളില്‍ പങ്കാളിയാകുന്നതിനൊപ്പം മറ്റുവിഷയ മേഖലകളിലേക്കും പടര്‍ന്നുപന്തലിച്ചു. ഓരോ വിഷയത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്ന സര്‍വകലാശാലകള്‍ എന്നതിലുപരി വളരെ പരിമിതമായ ഒരു വിഷയത്തിനായിമാത്രം ഒരു സര്‍വകലാശാല എന്നത് സര്‍വകലാശാലാസങ്കല്പത്തെ അപക്വമായി മനസ്സിലാക്കുന്നതിന്റെ തെളിവാണ്.
വേണ്ടത് വിഷയവൈവിധ്യം
ഏതെങ്കിലും ഒരു വിഷയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സ്ഥാപിക്കപ്പെട്ട സര്‍വകലാശാലകള്‍ ആ വിഷയത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന വിഷയങ്ങളുടെ ഒരു ശൃംഖലതന്നെ ഉരുത്തിരിച്ചെടുക്കുകയും അങ്ങനെ ഒരു വലിയ വടവൃക്ഷംപോലെ പടര്‍ന്നുപന്തലിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍, കേരളത്തിലാകട്ടെ സമുദ്രപഠനത്തിനും മത്സ്യഗവേഷണത്തിനുംവേണ്ടി സ്ഥാപിക്കപ്പെട്ട സര്‍വകലാശാല, തങ്ങള്‍ മറ്റൊന്നും അവിടെ പഠിപ്പിക്കുകയില്ലെന്നും അവിടെ ഇപ്പോള്‍ നിലനില്‍ക്കുന്ന എല്ലാ കോഴ്‌സുകള്‍ക്കും സമുദ്രപഠന/ഫിഷറീസ് എന്ന പേര് കൂട്ടിച്ചേര്‍ക്കണമെന്നും പറയുകയാണ്.
മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എന്‍ജിനിയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയുംചെയ്യുന്ന പഠന വകുപ്പുകളുടെ പേരുമാറ്റി 'സമുദ്ര മാനേജ്‌മെന്റ്' അല്ലെങ്കില്‍ 'മത്സ്യമാനേജ്‌മെന്റ് എന്ന പേര് സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് യഥാര്‍ഥത്തില്‍ അക്കാദമികമായ കോമാളിത്തരമാണ്. മാനേജ്മെന്റ്, ഇക്കണോമിക്‌സ് പോലുള്ള വിശാലമായ വിജ്ഞാനമേഖലകളുടെ ഒരു സ്‌പെഷ്യലൈസെഷന്‍ എന്നുമാത്രം വിളിക്കാവുന്ന വിഷയങ്ങളാണ് ഈ പറഞ്ഞവയൊക്ക.
സമുദ്ര-ഫിഷറീസ് പഠനഗവേഷണങ്ങള്‍ ചരിത്രവും സാമ്പത്തികശാസ്ത്രവും സംഗീതവുമടക്കമുള്ള വിഷയവൈവിധ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ഈ വിഷയങ്ങള്‍ക്ക് എങ്ങനെയാണ് തങ്ങളുടെ വിഷയങ്ങളെ കൂടുതല്‍ പ്രായോഗികവും യാഥാര്‍ഥ്യബോധമുള്ളതും സമൂഹനന്മയ്ക്ക് ഉതകുന്നതുമാക്കിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുക എന്നാണ് ആലോചിക്കേണ്ടത്. അങ്ങനെ ആലോചിച്ചുകൊണ്ടാണ് മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ലിംഗ്വിസ്റ്റിക്‌സ് അടക്കമുള്ള വിഷയങ്ങള്‍ കടന്നുവന്നത്. ഐ.ഐ.ടി. മദ്രാസില്‍ മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ പേര് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നാണ്. ഉന്നതനിലവാരത്തിലുള്ള മാനേജ്‌മെന്റ് ഗവേഷണവും പഠനബോധന പ്രവര്‍ത്തനങ്ങളും നടക്കുന്ന ഒരു വകുപ്പാണിത്.
ഇത്തരത്തില്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടിമാത്രം തുടങ്ങിയതാണെങ്കിലും പല വിഷയമേഖലകളിലേക്ക് കടന്നുചെന്ന് പ്രാഗല്ഭ്യംതെളിയിച്ച ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഇന്ത്യയിലും ധാരാളമുണ്ട്. ഒരുമാതിരി എല്ലാ ഐ.ഐ.ടി.കളിലും തത്ത്വചിന്തയും മാനവികവിഷയങ്ങളും പഠിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ഈ സ്ഥാപനങ്ങളെക്കെ പഠനവകുപ്പിന്റെ പേരിനുമുമ്പില്‍ 'സാങ്കേതികത' എന്ന വാക്ക് ചേര്‍ക്കണമെന്ന് നിര്‍ബന്ധംപിടിച്ചാല്‍ എന്തൊരു തമാശയായിരിക്കുമത്! മറ്റൊരു കാര്യം, കുഫോസില്‍ വരാന്‍പോകുന്ന ഒഴിവുകള്‍ക്ക് ICAR അംഗീകാരമുള്ള ഫിഷറീസ് സയന്‍സ് ബിരുദംതന്നെ അടിസ്ഥാനയോഗ്യതയായി വേണം എന്ന നിബന്ധന സമാനവിഷയങ്ങള്‍ പഠിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ മത്സ്യമേഖലയില്‍ ബിരുദാനന്തരബിരുദവും ഉപരിപഠനവും നടത്തുന്നവരുടെ സാധ്യതകള്‍ ഇല്ലാതാക്കുകയാണ്.
ദേശീയ വിദ്യാഭ്യാസനയം 2020 മുന്നോട്ടുവെക്കുന്ന ആശയവും സര്‍വകലാശാലകള്‍ വിവിധങ്ങളായ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കണമെന്നതാണ്. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളെല്ലാം പഠന-ബോധന പ്രക്രിയ ക്രമീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഫോസിലെ വിദ്യാര്‍ഥികള്‍ക്ക് സമുദ്രപഠനവും ഫിഷറീസും തിരിച്ചും മറിച്ചുമിട്ട് പഠിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഒരു മെഡിക്കല്‍ കോളേജില്‍പ്പോലും സംഗീതവും തത്ത്വചിന്തയും ഭാഷയുമൊക്കെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകുമ്പോള്‍ മുഷിപ്പിക്കുന്ന പഠനപ്രക്രിയയില്‍നിന്ന് വലിയ ആശ്വാസമാണത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക.
ജനകീയമാകണം ഗവേഷണം
സമുദ്ര-മത്സ്യ പഠന-ഗവേഷണ ഫലങ്ങള്‍ ആദ്യം ഉപയോഗപ്രദമാകേണ്ടത് സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. അവരെക്കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ ഗവേഷണപ്രക്രിയ മുമ്പോട്ടുകൊണ്ടുപോകുന്നതിന് ഓരോ സര്‍വകലാശാലയും അവര്‍ ആത്യന്തികമായി പ്രതിനിധാനംചെയ്യുന്ന സമൂഹത്തെ തൊട്ടറിയുന്ന വിഷയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് തങ്ങളുടെ കാമ്പസുകളെ വിപുലീകരിക്കുകയാണ് വേണ്ടത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നിവ പ്രചാരത്തിലായിക്കൊണ്ടിരിക്കുമ്പോള്‍ പല അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളും സാങ്കേതികപഠനവകുപ്പുകളിലേക്ക് എത്തിക്‌സും ഫിലോസഫിയും പഠനഗവേഷണപ്രക്രിയയുടെ ഭാഗമാക്കുന്നതിന് മുന്‍കൈയെടുത്തു കൊണ്ടിരിക്കയാണ്.
ഫിഷറീസ് സര്‍വകലാശാല മത്സ്യബന്ധനവകുപ്പിന്റെ കീഴിലും കാര്‍ഷികസര്‍വകലാശാല കൃഷിവകുപ്പിനുകീഴിലുമാണ് ഇപ്പോള്‍. ഈ വകുപ്പുകള്‍ക്ക് ഇത്തരത്തിലുള്ള സര്‍വകലാശാലകള്‍ നടത്തുകയെന്നത് അവരുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുവരുന്ന ഒന്നാണ്. ഇത്തരത്തിലുള്ള സര്‍വകലാശാലകളെ അതതുവകുപ്പില്‍നിന്ന് അടര്‍ത്തിമാറ്റി വിദ്യാഭ്യാസവകുപ്പിനുകീഴില്‍ കൊണ്ടുവരുന്നത് വലിയൊരളവുവരെ മള്‍ട്ടി ഡിസിപ്ലിനറിയായുള്ള ഒരു സംവിധാനം ഈ കാമ്പസുകളില്‍ നിലനിര്‍ത്തുന്നതിന് സഹായകമാകും.
കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകനാണ് ലേഖകന്‍
Content Highlights: the importance of more courses under one university rather than opting for one subject
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..