അന്ന് എന്‍ട്രന്‍സിന് പോകാന്‍ പണംതികഞ്ഞില്ല; ഇന്ന്, 1.58 കോടിയുടെ ഫെലോഷിപ്പുമായി ജസ്‌ന ഫിന്‍ലന്‍ഡില്‍


ഗീതാഞ്ജലി

ഡോ. എം. ജസ്ന | Photo: Special arrangement

പ്ലസ് ടുവിനു ശേഷം പ്രൊഫഷണല്‍ കോഴ്സ് പഠിച്ച് പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. ഈ മോഹം, ആദ്യം എന്‍ട്രന്‍സ് കോച്ചിങ്ങിനുള്ള ഫീസിന്റെ വലിപ്പത്തിലും പിന്നെ ബാങ്കിന്റെ വിദ്യാഭ്യാസ വായ്പാ നിരാസത്തിലൂടെയും പൊലിഞ്ഞ ഒരു പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ഇഷ്ടമുള്ള വിഷയം പഠിച്ചു പഠിച്ച് അന്താരാഷ്ട്രതലത്തിലെ തന്നെ എണ്ണപ്പെട്ട റിസര്‍ച്ച് ഫെലോഷിപ്പ് നേടിയെടുത്തു. പേര് ഡോ. എം. ജസ്ന. മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശി.

പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ പേരില്‍ യൂറോപ്യന്‍ കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മേരി സ്‌ക്ലോഡോവ്സ്‌ക ക്യൂറി ആക്ഷന്‍സ്- എം.സി.സി.എ. റിസര്‍ച്ച് ഫെലോഷിപ്പാണ് ജസ്നയ്ക്ക് ലഭിച്ചത്. 1, 58 കോടി രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. ഹരിതോര്‍ജ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന ഗവേഷണമാണ് ജസ്‌ന, ഫിന്‍ലന്‍ഡിലെ ഒളു സര്‍വകലാശാലയില്‍ നടത്തുന്നത്.When life gives you lemons, make lemonade....

When life gives you lemons, make lemonade എന്നൊരു പറച്ചിലുണ്ട്. ജീവിതം പ്രതിബന്ധങ്ങളെ മുന്നോട്ടുവെച്ചാല്‍, അതിനെ അതിമനോഹരമായി അതിജീവിക്കുക എന്നാണിതിന്റെ സത്ത. അത്തരത്തിലൊരു അതിജീവനം തന്നെയാണ് ജസ്‌നയും നടത്തിയത്. മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും നാലു പെണ്‍മക്കളില്‍ മൂന്നാമത്തെയാളാണ് ജസ്‌ന. കൂലിപ്പണിയായിരുന്നു മുഹമ്മദ് കുട്ടിക്ക്. ആയിഷയ്ക്ക്, പഞ്ഞിക്കിടക്കകള്‍ തുന്നിവില്‍ക്കുന്ന ജോലിയും. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കുടുംബം. അതുകൊണ്ടു തന്നെ പഠിച്ച് എത്രയും പെട്ടെന്നൊരു ജോലി എന്നതായിരുന്നു ജസ്‌നയുടെ സ്വപ്നം.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

ഹൈസ്‌കൂള്‍ പഠനം എരഞ്ഞിമങ്ങാട് ജി.എച്ച്.എസ്.എസിലായിരുന്നു. പിന്നെ പ്ലസ് ടു എന്‍.എച്ച്.എസ്.എസ്. എരുമമുണ്ടയില്‍. പ്ലസ് ടു പഠനശേഷം എത്രയും വേഗം ഒരു ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു ജസ്‌ന. മറ്റ് ബിരുദ കോഴ്‌സുകളൊന്നും അപ്പോള്‍ മനസ്സിലുണ്ടായിരുന്നില്ല. നഴ്സിങ് അല്ലെങ്കില്‍ ബി ഫാം പോലെയുമുള്ള പാരമെഡിക്കല്‍ കോഴ്സുകളുമായിരുന്നു പരിഗണനയില്‍. പരിശീലനത്തിന് പോയി എന്‍ട്രന്‍സ് പരീക്ഷ എഴുതാം എന്നായിരുന്നു ജസ്നയുടെ കണക്കുകൂട്ടല്‍. പക്ഷേ എന്‍ട്രന്‍സ് പരിശീലനത്തിന് വലിയതുക ഫീസ് ആയി നല്‍കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. അതോടെ ആ മോഹം പൂട്ടിക്കെട്ടി. മറ്റേതെങ്കിലും പ്രൊഫഷണല്‍ കോഴ്സിന് പോകാന്‍ വിദ്യാഭ്യാസ വായ്പയ്ക്കു വേണ്ടി ബാങ്കിനെ സമീപിച്ചെങ്കിലും അവര്‍ ആവശ്യപ്പെടുന്ന ഈട് നല്‍കാനുള്ള സാഹചര്യം ജസ്നയ്ക്കോ കുടുംബത്തിനോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ബി.എസ് സി ഫിസിക്സ് എന്ന വഴിയിലേക്ക് എത്തുന്നത്.

ഫിസിക്‌സിന്റെ ലോകത്തിലേക്ക്

പ്രൊഫഷണല്‍/ പാരാമെഡിക്കല്‍ കോഴ്‌സ് പഠനം എന്ന സ്വപ്നം പൊലിഞ്ഞതോടെ ജസ്‌ന ബിരുദത്തിന് ചേര്‍ന്നു. പ്ലസ് ടു കാലത്തേ ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു ഫിസിസ്‌ക്‌സും മാത്തമാറ്റിക്‌സും. അങ്ങനെ മമ്പാട് എം.ഇ.എസ്. കോളേജില്‍ ബിഎസ് സി ഫിസിക്സിന് ചേര്‍ന്നു. പഠനത്തോടും വിഷയത്തോടും ഇഷ്ടം കൂടിയതോടെ ബിരുദത്തിനു ശേഷം ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ സെയ്ന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ചേര്‍ന്നു. പി.ജി. ഒന്നാം സെമസ്റ്റര്‍ വരെ സഹോദരി ജംഷീദ നല്‍കിയ സാമ്പത്തിക പിന്തുണയിലായിരുന്നു ജസ്‌നയുടെ പഠനം. പിന്നീട് രണ്ടാം സെമസ്റ്റര്‍ മുതല്‍ ഇങ്ങോട്ട് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തായിരുന്നു ജസ്‌ന പഠനത്തിന് പണം കണ്ടെത്തിയത്. പി.ജിക്കു ശേഷം എക്സ്പിരിമെന്റല്‍ ഫിസിക്സില്‍ എം. ഫില്ലും ചെയ്തു. ശേഷം പി.എച്ച്.ഡിയിലേക്കും കടന്നു. മെറ്റീരിയല്‍ സയന്‍സില്‍, നാനോടെക്നോളജി ആയിരുന്നു പി.എച്ച്.ഡിയ്ക്കായി തിരഞ്ഞെടുത്തത്. ഇതില്‍ത്തന്നെ കാര്‍ബണ്‍ നാനോ ട്യൂബ് പോളിമര്‍ കോംപോസൈറ്റ്സിന്റെ ഡിഫറന്റ് ആപ്ലിക്കേഷന്‍സ് ആയിരുന്നു ഗവേഷണവിഷയം. എം ഫില്ലിനും പിഎച്ച്ഡിയ്ക്കും നിലവിലെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറും കുസാറ്റിലെ മുന്‍ അധ്യാപകനുമായിരുന്ന ഡോ. എം.കെ. ജയരാജ് ആയിരുന്നു ഗൈഡ്. ഗവേഷണ കാലയളവില്‍ അദ്ദേഹം നല്‍കിയ പ്രോത്സാഹനവും പിന്തുണയും വിലമതിക്കാനാവാത്തതാണെന്നും ജസ്‌ന കൂട്ടിച്ചേര്‍ക്കുന്നു. സുഹൃത്തുക്കളും സഹായവും പ്രോത്സാഹനവുമായി കൂടെനിന്നു.

മേരി സ്‌ക്ലോഡോവ്സ്‌ക ക്യൂറി ആക്ഷന്‍സ് ഫെലോഷിപ്പിലേക്ക്

2021-ലാണ് ജസ്‌ന മേരി സ്‌ക്ലോഡോവ്സ്‌ക ക്യൂറി ആക്ഷന്‍സ് അഥവാ എം.എസ്.സി.എയ്ക്കു വേണ്ടി അപേക്ഷിക്കുന്നത്. കാര്‍ബണ്‍ നാനോ ട്യൂബ് പോളിമര്‍ കോംപോസൈറ്റ്സിന്റെ വ്യത്യസ്ത ആപ്ലിക്കേഷനുകളില്‍ ഒന്നായ സൂപ്പര്‍ കപ്പാസിറ്റര്‍ ആപ്ലിക്കേഷനാണ് ജസ്‌ന ഇതിനായി തിരഞ്ഞെടുത്തത്. നിലവില്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്കുള്ള ഒരു പോരായ്മയെ പരിഹരിച്ച് അതിനെ ഇ വെഹിക്കിള്‍ ഹരിതോര്‍ജ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഫെലോഷിപ്പിനു വേണ്ടി ജസ്‌ന സമര്‍പ്പിച്ച വിഷയം. ഈ ഫെലോഷിപ്പിനു വേണ്ടി അപേക്ഷിക്കണമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍നിന്ന് ഒരു സൂപ്പര്‍വൈസര്‍ വേണം എന്നൊരു നിബന്ധനയുണ്ട്. അത്തരമൊരു അന്വേഷണമാണ് ഒളു സര്‍വകലാശാലയിലെ പ്രൊഫസറായ ക്രിസ്റ്റ്യന്‍ കോര്‍ദാസിലേക്ക് എത്തുന്നത്.

സാധാരണ എനര്‍ജി സ്റ്റോറിങ് ഡിവൈസുകളായ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് ഒരു പോരായ്മയുണ്ട്. അവ ബാറ്ററികളെയും മറ്റും അപേക്ഷിച്ച് ചാര്‍ജ് അതിവേഗം ഡിസ്ചാര്‍ജ് ചെയ്യും. ഈ പോരായ്മ പരിഹരിക്കുകയാണെങ്കില്‍ അവയെ ഇലക്ട്രിക് വാഹനങ്ങളിലും മറ്റും പ്രയോജനപ്പെടുത്താനാകും. ചാര്‍ജ് അതിവേഗം ഡിസ്ചാര്‍ജ് ചെയ്യാത്ത സൂപ്പര്‍ കപ്പാസിറ്ററുകള്‍ തയ്യാറാക്കാനുള്ള ഗവേഷണത്തിനാണ് ജസ്നയ്ക്ക് 1.58 കോടിരൂപയുടെ ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഗ്രീന്‍ എനര്‍ജി എന്ന സങ്കേതത്തിന് മുതല്‍ക്കൂട്ടാകുന്നതാണ് ജസ്നയുടെ കണ്ടെത്തല്‍. രണ്ടുവര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കേണ്ടത്.

ഉമ്മയുടെ മകള്‍

മകള്‍ വിജയിക്കണം മിടുക്കിയാകാണം എന്ന ഉമ്മയുടെ പ്രാര്‍ഥനയും ആഗ്രഹവുമാണ് തനിക്ക് ഊര്‍ജം നല്‍കുന്നതെന്ന് ജസ്‌ന പറയുന്നു. ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും ജസ്‌നയ്ക്ക് ഉമ്മ നല്‍കിയ പിന്തുണ അത്രമേല്‍ വലുതായിരുന്നു. ഇന്ന് മലപ്പുറത്തുനിന്ന് ഏറെ അകലെ ഫിന്‍ലന്‍ഡില്‍ മികച്ച സര്‍വകലാശാലകളിലൊന്നില്‍ റിസര്‍ച്ച് ഫെലോയായി നില്‍ക്കുമ്പോള്‍, അതിനു തുണയായത് ഉമ്മ ആയിഷയാണെന്നും ജസ്‌ന കൂട്ടിച്ചേര്‍ക്കുന്നു. ജമീല, ജംഷിദ, ജബീന എന്നിവരാണ് ജസ്‌നയുടെ സഹോദരിമാര്‍. തിരുവനന്തപുരം സ്വദേശിയും കുസാറ്റിലെ ഗവേഷകനുമായ മിഥുനാണ് ജസ്നയുടെ ഭര്‍ത്താവ്.

Content Highlights: Marie Curie Fellowship, Dr.M.Jasna, Marie Sklodowska-Curie Postdoctoral Fellowships


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented