-
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ 99.97 പെര്‍സെന്റൈലോടെ കേരളത്തില്‍ ഒന്നാം റാങ്കുകാരനായ അദ്വൈത് ദീപക്കിന്റെ അഭിപ്രായത്തില്‍ കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ഏക വഴി. പണ്ടു മുതല്‍ ഭൗതിക ശാസ്ത്രത്തോടും ഗണിതത്തോടും ഉണ്ടായിരുന്ന താല്‍പര്യമാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷയ്ക്ക് പരിശീലിക്കാന്‍ അദ്വൈതിന് പ്രേരണയായത്. കോഴിക്കോട് സി.എം.ഐ സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ പത്താം ക്ലാസ്സ് പാസ്സായതിനു പിന്നാലെ ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാര്‍ സ്‌കൂളില്‍ പ്രവേശനം നേടി. തുടര്‍ന്ന് ചങ്ങനാശ്ശേരി ബ്രില്യന്‍സില്‍ ചേര്‍ന്നു പഠനത്തോടൊപ്പം ജെ.ഇ.ഇ മെയിന്‍ പരിശീലനവും നടത്തി.
മോക്ക് ടെസ്റ്റുകള്‍ വഴികാട്ടി
മുന്‍ വര്‍ഷത്തെ ചോദ്യപേപ്പറുകളും മോക്ക് ടെസ്റ്റുകളുമാണ് റാങ്ക് നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത്. ഓരോ പാഠഭാഗങ്ങള്‍ പഠിച്ച് കഴിയുമ്പോഴും മോക്ക്‌ടെസ്റ്റുകള്‍ എഴുതി പരിശീലിച്ചത് ഗുണമായെന്നാണ് അദ്വൈതിന്റെ പക്ഷം. അതുകൊണ്ടു തന്നെ പരീക്ഷ കഴിഞ്ഞതും 100 പെര്‍സെന്റൈലിനോട് അടുത്ത സ്‌കോര്‍ കിട്ടുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഫലം വന്നപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ സംസ്ഥാനത്ത് ഒന്നാം റാങ്കുകാരാനായി്. മദ്രാസ് ഐ.ഐ.ടി.യില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്നാണ് ഈ റാങ്ക് ജേതാവിന്റെ ആഗ്രഹം.
പിന്തുണച്ച് കുടുംബവും അധ്യാപകരും
കോഴിക്കോട് ബേബി മെമ്മോറില്‍ ഹോസ്പിറ്റലിലെ ഡോക്ടറായ റിജില്‍ ദീപക്കിന്റെയും ചക്കോരത്തുകുളം ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടര്‍ ദര്‍ശനയുടേയും മകനാണ് അദ്വൈത്. സഹോദരി അവന്തിക ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. പരീക്ഷാപേടിയില്‍ നിന്ന് രക്ഷനേടാന്‍ കുടുംബവും അധ്യാപകരും കൂടെ നിന്നെന്ന് അദ്വൈത് പറയുന്നു. സംശയമുള്ള ഭാഗങ്ങള്‍ മനസ്സിലാക്കി പഠിച്ച് മുന്നേറാന്‍ അവര്‍ തന്ന പിന്തുണ പകരം വെക്കാനാകാത്തതാണ്.
താല്‍പര്യമാണ് പ്രധാനം
മനസ്സിന് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് ഈ 17-കാരന്‍ പറയുന്നത്. താല്‍പര്യമുള്ള മേഖല തിരഞ്ഞെടുത്ത് മനസ്സിലുള്ള ലക്ഷ്യത്തിന് വേണ്ടി കഠിനമായി അധ്വാനിക്കണം. അങ്ങനെയുള്ളവരെത്തേടി വിജയമെത്തുമെന്ന് അദ്വൈത് സാക്ഷ്യപ്പെടുത്തുന്നു.
Content Highlights: Success Story of adwaith who scored first rank in JEE Main
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..