പ്രതീകാത്മക ചിത്രം | Photo: canva.com
‘കുട്ടികൾ വിദേശത്ത് പോകുന്നതുകൊണ്ടുമാത്രം രക്ഷപ്പെടില്ല. അഥവാ രക്ഷപ്പെടുന്നുണ്ടെങ്കിൽ സർവദുരിതങ്ങളും സഹിച്ച് കഠിനാധ്വാനംചെയ്ത് സ്വയം പഠിക്കുന്നതുകൊണ്ടുമാത്രമാണ്’. ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ വൈസ് ചെയർമാനായ പ്രൊഫ. രാജൻ ഗുരുക്കൾ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. പറയുന്നതിൽ കഴമ്പുണ്ട്. നന്നായി പഠിക്കുക എന്നത് വ്യക്തിയിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം തന്നെയാണ്. പക്ഷേ, ഒരു ചോദ്യമുണ്ട്. അങ്ങനെവരുമ്പോൾ വ്യക്തിയുടെ ഉയർച്ചയിൽ സാഹചര്യങ്ങൾക്ക് ഒരു പങ്കുമില്ലേ? വ്യക്തിമാത്രമാണ് തന്റെ സ്വന്തം ഭാവിയെ നിർണയിക്കുന്നത് എന്ന നിലപാടിന് സമൂഹത്തിലെ അരികുവത്‌കരിക്കപ്പെട്ടവർക്കടക്കം ഉറപ്പാക്കാൻ സാധിക്കുന്ന ‘നല്ല സാഹചര്യങ്ങൾ’ എന്ന സാമൂഹികനീതിയിൽ ഊന്നിയ സങ്കല്പത്തെ പൂർണമായും റദ്ദുചെയ്യുന്നു എന്ന വലിയ അപകടമുണ്ട്.
പഠിപ്പിൽ വെറും ശരാശരിക്കാരായ വിദ്യാർഥികളാണ് വിദേശസർവകലാശാലകളിലേക്ക് പഠനത്തിനായിപ്പോകുന്നത് എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. ഇത്തരത്തിൽ ഒരു സാമാന്യവത്‌കരണം പുനഃപരിശോധിക്കേണ്ടതാണ്. വിദേശത്തേക്ക് അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിനായി പോകുന്നവരിൽ എല്ലാവരും പഠിപ്പിൽ ശരാശരിക്കാരായ വിദ്യാർഥികളല്ല. വളരെ മിടുക്കരായ വിദ്യാർഥികളും ശരാശരിയിൽ താഴ്ന്ന മാർക്കുള്ള വിദ്യാർഥികളും പോകുന്നുണ്ട്. ഇതിൽനിന്നു മനസ്സിലാക്കേണ്ടത് വിദേശത്തുനിന്ന് സർവകലാശാലാ പഠനം പണംകൊടുത്ത് വാങ്ങാൻ സാധിക്കുന്ന ഉപഭോഗമനസ്സ് കേരളത്തിലെ രക്ഷാകർത്തൃസമൂഹത്തിൽ രൂപപ്പെട്ടുവന്നിട്ടുണ്ട് എന്നുള്ളതാണ്. ഇത് എങ്ങനെ രൂപപ്പെട്ടു എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെയാണ് വ്യക്തിക്ക് സ്വന്തം വിജയം ഉറപ്പിക്കാനുള്ള സാധ്യതപോലെത്തന്നെ ‘നല്ല പഠനസാഹചര്യത്തിന്’ വ്യക്തിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യത എന്ന ആശയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ വേണ്ടത്.
വിശ്വാസക്കമ്മി
രക്ഷാകർത്താക്കളുടെയും വിദ്യാർഥികളുടെയും വിശ്വാസം ആർജിക്കുന്നതരത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ കേരളത്തിൽ നിർമിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? ഉയർന്ന സാക്ഷരത, ജീവിതനിലവാര സൂചിക, ആരോഗ്യസൂചിക എന്നിങ്ങനെ ലോകനിലവാരം എന്നും മറ്റും നാം അവകാശപ്പെടുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാം നാണിച്ചുപിന്മാറുന്ന അവസ്ഥ.
ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ‘കേരളത്തിനു പുറത്തേക്ക്’ എന്നുള്ള ആശയം രൂപപ്പെട്ടുവന്നതിന്റെ പിന്നിൽ ജോലിയും ശമ്പളവും കൊതിക്കുന്ന അപക്വതമാത്രം ചൂണ്ടിക്കാട്ടി നമുക്ക് തടിയൂരാൻ സാധിക്കുമോ? വ്യക്തിപരമായിപ്പോകാതെ പൊതുവായി പറഞ്ഞാൽത്തന്നെ, ഇപ്പോൾ സജീവരാഷ്ട്രീയനേതൃത്വത്തിലടക്കമുള്ള പലരുടെയും മക്കൾ വിദേശത്താണ് പഠിക്കുന്നത്. അവരെപ്പോലും ഈ യുക്തി പറഞ്ഞുമനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നില്ല. അതിന് രക്ഷാകർത്താക്കളെയും വിദ്യാർഥികളെയും മാത്രം പഴിച്ചതുകൊണ്ടോ, ശരാശരി പഠനനിലവാരമുള്ളവർ മാത്രമാണ് പുറത്തേക്ക് പോകുന്നതെന്ന് പരിതപിച്ചതുകൊണ്ടോ കാര്യമുണ്ടെന്നുതോന്നുന്നില്ല. മറിച്ച്, വിദ്യാഭ്യാസം പ്രദാനംചെയ്യുന്ന സ്റ്റേറ്റിന്റെ ഏജൻസികളുടെ ആത്മവിമർശനവും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്‌കരണനടപടികളും അനിവാര്യമാണ്.
നിലവാരത്തകർച്ചയുടെ പിന്നാമ്പുറങ്ങൾ
ദീർഘവീക്ഷണമുള്ളതും കാര്യക്ഷമവുമായ ഒരു ഭരണസംവിധാനമാണ് നല്ല ഉന്നതവിദ്യാഭ്യാസ വ്യവസ്ഥയുടെ അടിസ്ഥാനശില. ഇതിന്റെ ഉപോത്‌പന്നമായാണ് മികവുറ്റ അധ്യാപകർ സർവകലാശാലകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരാണ് ഒരു നല്ല അക്കാദമിക അന്തരീക്ഷം കലാലയങ്ങളിൽ സൃഷ്ടിക്കുന്നത്. ഇവർക്കുവേണ്ട മികച്ച ഭൗതികസാഹചര്യങ്ങൾ സൃഷ്ടിച്ചുകൊടുക്കുക എന്നുള്ളതും രാഷ്ട്രീയാതീതമായും സ്വതന്ത്രമായും പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊടുക്കലും ഭരണസംവിധാനത്തിന്റെ പ്രധാനപ്പെട്ട ചുമതലകളാണ്. ഈ പറഞ്ഞ സാഹചര്യങ്ങളിൽനിന്നാണ് മികവുറ്റ വിദ്യാർഥികൾ സൃഷ്ടിക്കപ്പെടുന്നത്.
ശരാശരി വിദ്യാർഥിപോലും ഇത്തരം സാഹചര്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ടുകയറുന്ന കാഴ്ചയാണ് ‘നല്ല’ വിദേശസർവകലാശാലകളിൽ നമുക്ക് കാണാൻ കഴിയുക. ഇതിന്റെ ഫലമായാണ് വിദേശസർവകലാശാലകളിൽ ക്രിട്ടിക്കൽ മാസ് രൂപപ്പെടുന്നത്. മറിച്ച്, ക്രിട്ടിക്കൽ മാസ് രൂപപ്പെട്ടതിനുശേഷം ഉണ്ടാവുന്ന ഒന്നല്ല ഉന്നതവിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം.
മേൽസൂചിപ്പിച്ചതിൽ അടിസ്ഥാനഘടകം ദീർഘവീക്ഷണമുള്ളതും കാര്യക്ഷമമായതുമായ ഭരണസംവിധാനമാണ്. എന്നാൽ, നമ്മുടെ സംസ്ഥാനത്ത് സർവകലാശാലാ ഭരണസംവിധാനത്തെ പ്രതിനിധാനംചെയ്യുന്നത് രാഷ്ട്രീയമായും കക്ഷിതാത്‌പര്യങ്ങളുടെ അടിസ്ഥാനത്തിലും നിശ്ചയിക്കപ്പെടുന്ന സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയവയാണ്. യഥാർഥത്തിൽ ഈ തലങ്ങൾതൊട്ടുതന്നെ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ശോഷണം ആരംഭിച്ചുതുടങ്ങുന്നു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് സർവകലാശാലകളിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്ന രീതി. കേരളത്തിലെ എല്ലാ സ്റ്റേറ്റ് സർവകലാശാലകളിലും അധ്യാപകനിയമനം വലിയ ആക്ഷേപങ്ങൾക്കും നിയമക്കുരുക്കുകൾക്കും കാരണമാവുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇത്തരത്തിലുള്ള നിയമനരീതി ക്യൂമിലേറ്റിവായി സർവകലാശാലകളുടെ നിലവാരത്തെ പിന്നോട്ടടിക്കുകയാണ്. വെറും അധ്യാപക തൊഴിൽകേന്ദ്രങ്ങളായിട്ടാണ് സർവകലാശാലകൾ പരിഗണിക്കപ്പെടുന്നത്. മികച്ച അധ്യാപകരെ ലഭിക്കണമെങ്കിൽ ദേശീയതലത്തിലുള്ള മിടുക്കന്മാരും മിടുക്കികളുമായ അധ്യാപകരെ സർവകലാശാലകളിലേക്ക് കണ്ടെത്തേണ്ടതുണ്ട്. ദൗർഭാഗ്യകരമെന്നുപറയട്ടെ, കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ അധ്യാപകരെ ദേശീയതലത്തിലുള്ള മത്സരത്തിന്റെയെങ്കിലും അടിസ്ഥാനത്തിൽ നിയമിക്കാറുണ്ടോ? രാഷ്ട്രീയ ആശ്രിതനിയമനത്തിനുള്ള കേന്ദ്രങ്ങൾ എന്നതിൽനിന്ന് ദേശീയനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളായി മാറ്റുന്നതിന് ആദ്യം ചെയ്യേണ്ടത് മറ്റൊരുപാധിയുമില്ലാതെ മികവുള്ള അധ്യാപകരെ കേരളത്തിലേക്ക് ആകർഷിക്കുക എന്നുള്ളതാണ്. അതുകൊണ്ട് പഠിപ്പിൽ ശരാശരിക്കാരായ വിദ്യാർഥികളെ ഉപദേശിക്കുന്നതിനോടൊപ്പംതന്നെ സർവകലാശാലയുടെ ഗുണനിലവാരത്തിന്റെ ആണിക്കല്ലായ നമ്മുടെ അധ്യാപകരെ നിയമിക്കുന്ന രീതിയെക്കൂടി അഴിച്ചുപണിയേണ്ടതുണ്ട്.
(വിദ്യാഭ്യാസ നിരീക്ഷകനായ ലേഖകൻ കേന്ദ്രസർവകലാശാലയിൽ അധ്യാപകനാണ്)
Content Highlights: Study abroad and debt crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..