നിഷടീച്ചറും വിദ്യാർഥികളും
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ജീവിതത്തില്‍ മറ്റെന്തൊക്കെയോ നേടാനും നേരിടാനും പ്രാപ്തരാക്കിയ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കെന്നും പ്രിയപ്പെട്ടവരായിരിക്കും. അടിയും വടിയുമില്ലാതെ, കൂടെ നിര്‍ത്തി തന്നോളം പോന്ന വ്യക്തികളായി പരിഗണിച്ച് വിദ്യാര്‍ഥികളോട് ഇടപെടുന്ന അധ്യാപകരുടെ കാലമാണിത്. അങ്ങനെ ചേര്‍ത്തു നിര്‍ത്തിയ ഒരു അധ്യാപികയും അവരുടെ വിദ്യാര്‍ഥികളുമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം.
കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിലെ അധ്യാപികയായ നിഷടീച്ചര്‍ക്കായി വിദ്യാര്‍ഥികളൊരുക്കിയ പിറന്നാളാഘോഷവും സമ്മാനങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിരിച്ചെടുത്ത തുക കൊണ്ട് സ്വര്‍ണമോതിരവും സാരിയും കേക്കുമൊക്കെയായി കുട്ടികള്‍ ഒരുക്കിയ ആഘോഷം കണ്ട് അധ്യാപികയുടെ കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥികളെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരധ്യാപികയെ സംബന്ധിച്ച് ആ നിമിഷം കണ്ണുനിറയാതിരിക്കുന്നതെങ്ങനെ? വിദ്യാര്‍ഥികളില്‍ ചിലര്‍ പിറന്നാളാഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആഘോഷം വൈറലായത്. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ഞാന്‍ കരയുന്നില്ല....നിങ്ങളോ? എന്നാണ് പേളിമാണി കമന്റായി കുറിച്ചത്.
2019-ലാണ് ഗസ്റ്റ് ലക്ചററായി നിഷ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പഠിപ്പിക്കാനെത്തുന്നത്. അന്നുമുതല്‍ ഇന്നോളം വേര്‍തിരിവ് കാണിക്കാതെ എല്ലാവരേയും ഒരുപോലെ കാണാന്‍ ശ്രമിക്കാറുണ്ടെന്ന് നിഷപറയുന്നു. കുട്ടികളെ ഹൃദയം നിറഞ്ഞ് സ്‌നേഹിക്കുക, ആത്മാര്‍ത്ഥമായി ശാസിക്കുക, കൂടെ നില്‍ക്കുക. അതാണ് അധ്യാപികയെന്ന നിലയില്‍ അവരോട് ചെയ്യാനുള്ളതെന്നും അവര്‍ പറയുന്നു
'ജീവിതത്തില്‍ ആദ്യമായിട്ടാണ് അങ്ങനെയൊരു പിറന്നാളാഘോഷം. ഞാനാകെ സര്‍പ്രൈസായിപ്പോയി. കണ്ണൊക്കെ നിറഞ്ഞു. ഇത്ര ചേര്‍ത്ത് നിര്‍ത്താന്‍ മാത്രം ഞാനവര്‍ക്ക് പ്രിയപ്പെട്ടതാണല്ലോ എന്നോര്‍ത്ത്. നന്നായി പഠിച്ച് നല്ല റിസല്‍ട്ട് ഉണ്ടാക്കുകയാണ് നിങ്ങളെനിക്കായി ചെയ്തുതരേണ്ടതെന്നാണ് ഞാനവരോട് പറഞ്ഞത്. ഈ വര്‍ഷമാണ് ഞാനവരുടെ ക്ലാസ് ടീച്ചറായി ചെല്ലുന്നത്. ആ ക്ലാസിലെ എല്ലാ കുട്ടികളും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും വഴക്ക് പറയേണ്ടിടത്ത് വഴക്ക് പറയുകയും ചെയ്യുന്ന അധ്യാപികയാണ് ഞാന്‍' നിഷ പറയുന്നു
.jpg?$p=bec7056&&q=0.8)
ഈ അധ്യയന വര്‍ഷമാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്പാര്‍ട്‌മെന്റിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ട്യൂട്ടറായി നിഷ ടീച്ചര്‍ ചാര്‍ജെടുക്കുന്നത്. അന്നുമുതലിന്നോളം എന്താവശ്യത്തിനും മുന്നില്‍ നിഷ ടീച്ചറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 'എന്തിനും കൂടെ നില്‍ക്കുന്ന, വഴക്കുപറഞ്ഞും പിണങ്ങിയും ഞങ്ങളെ നന്നാക്കാന്‍ ശ്രമിക്കുന്ന നിഷമിസ്സിന് എന്തുകൊടുത്താലും മതിയാവില്ല. മിസ്സിന്റെ പിറന്നാളിന് ഞങ്ങളുടേതായി എന്തെങ്കിലും ഒരു സമ്മാനം നല്‍കണമെന്ന് ക്ലാസില്‍ പറഞ്ഞപ്പോള്‍ 60 പേരും ഒപ്പം നിന്നു. പൈസ പിരിക്കാനൊന്നും ഒരു അധ്വാനവും ഉണ്ടായില്ല. മിസ്സിന് വേണ്ടിയല്ലേ. നൂറും ഇരുന്നൂറുമായി ഓരോരുത്തര്‍ക്കും തരാന്‍ കഴിയുന്ന സംഖ്യ എല്ലാവരും തന്നു. വളരേ ബുദ്ധിമുട്ടുള്ള ചിലരോട് ഞങ്ങള്‍ പണം വാങ്ങിയുമില്ല. മൊബൈല്‍ ഫോണ്‍ വാങ്ങാമെന്നാണ് ആദ്യം കരുതിയത്. പിന്നെ തീരുമാനം മാറ്റി. ഒരു സ്വര്‍ണമോതിരവും സാരിയും കൊടുക്കാമെന്നായി. എന്തുകൊടുക്കുന്നു എന്നതിലല്ല, മിസ്സിന് കൊടുക്കുന്നു എന്നതാണ് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം. സമ്മാനം കൊടുക്കുമ്പോള്‍ മിസ്സെന്തായാലും വഴക്ക് പറയുമെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. എന്നാലും ഞങ്ങള്‍ക്ക് സന്തോഷാ' - വിദ്യാര്‍ഥികളിലൊരാളായ റഊഫ് പറഞ്ഞു
.jpg?$p=8a6554b&&q=0.8)
"മാര്‍ച്ച് 25-നായിരുന്നു മിസ്സിന്റെ പിറന്നാള്‍. കുട്ടികളുടെ ലാബ് എക്‌സാമും അന്നായിരുന്നു. ലാബ് എക്‌സാം നന്നായി ചെയ്യാന്‍ കഴിയാഞ്ഞതില്‍ ഡൗണ്‍ ആയിരുന്നു എല്ലാവരും. മിസ്സും നല്ല ദേഷ്യത്തിലായിരുന്നു. പരീക്ഷ കഴിഞ്ഞ് കുറച്ചുപേരൊക്കെ വീട്ടില്‍ പോയിരുന്നു. പോയവരെ തിരിച്ചുവിളിച്ചാണ് ക്ലാസില്‍ എല്ലാം അറേഞ്ച് ചെയ്തത്. പരീക്ഷ നന്നായി ചെയ്യാന്‍ പറ്റാത്തതില്‍ ഞങ്ങളെ വഴക്ക് പറയാനായിരുന്നു വാസ്തവത്തില്‍ മിസ്സ് ക്ലാസിലേക്ക് വന്നത്. അങ്ങനെയൊരാഘോഷം പ്രതീക്ഷിച്ചതേയില്ലല്ലോ. ജീവിതത്തില്‍ ഇന്നുവരെ ഇങ്ങനെയൊരു പിറന്നാളുണ്ടായിട്ടില്ലെന്ന് പറയുമ്പോള്‍ മിസ്സിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അതില്‍പരം മറ്റെന്ത് വേണം ഞങ്ങള്‍ക്ക്. വീഡിയോ വൈറലാകുമെന്നൊന്നും വിചാരിച്ചിരുന്നില്ല" , വിദ്യാര്‍ഥികള്‍ പറയുന്നു
സ്വര്‍ണമൊക്കെ സമ്മാനമായി കൊടുക്കണോ എന്നാരെങ്കിലും വിമര്‍ശിച്ചോ എന്ന ചോദ്യത്തിന് അതിലും മേലെയാണ് ഞങ്ങള്‍ക്ക് മിസ്സെന്നായിരുന്നു അവരുടെ ഉത്തരം.
Content Highlights: students celebrate their teacher's birthday- video went viral
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..