സ്നേഹജ് ശ്രീനിവാസ് | ഫോട്ടോ: പി.ജയേഷ്
ക്വിസ്സിങ്ങില് പരീക്ഷണങ്ങള്‍ കൊണ്ട് തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് സ്നേഹജ് ശ്രീനിവാസ്. ആയിരത്തിലധികം ക്വിസ് മത്സരങ്ങളാണ് ഇതിനോടകം സ്നേഹജ് സംഘടിപ്പിച്ചത്. കാണാപ്പാഠം പഠിക്കാതെ, ക്വിസ്സിങ് ഒരു ഗെയിമായി കണ്ടാല്‍ ആസ്വാദനത്തിന്റെ തലം തന്നെ മാറുമെന്ന് തെളിയിക്കുകയാണ് സ്നേഹജ്. അറിവും ഹോബിയും സമന്വയിപ്പിക്കാനായാല് ക്വിസിങ്ങ് ജനകീയമാകും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലായ റിവര്‍ബരേറ്റ് എന്ന ക്വിസ് മാമാങ്കത്തിന്റെ ശില്പിയും ക്വിസ് മാസ്റ്ററുമായ സ്നേഹജ് ശ്രീനിവാസ് ക്വിസ്സിങ്ങിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു,
'1770- ല്‍ ലണ്ടനിലെ ന്യൂഗേറ്റ്സില് വില്യം ആഡിസ് എന്ന വ്യക്തിയെ ഒരു ലഹളയ്ക്ക് പ്രേരണ നല്കി എന്ന കുറ്റത്തിന് ജയിലിലടച്ചു. ഒരുദിവസം ഭക്ഷണത്തോടൊപ്പം കിട്ടിയ മാംസത്തിന്റെ എല്ല് അയാള്‍ എടുത്തുവെച്ചു. ജയിലര്‍ക്ക് കൈക്കൂലികൊടുത്ത് കുറച്ച് നാരുകളും പശയും സംഘടിപ്പിച്ചു. ഇവ മൂന്നും ഉപയോഗിച്ച് ഒരു ഉത്പന്നം തയ്യാറാക്കി. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം ഇത് വില്ക്കാന് ഒരു കമ്പനി സ്ഥാപിക്കുകയും ചെയ്തു. 1700-കളില്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഇന്നും നിലനില്‍ക്കുന്നുണ്ട്. ആ ഉത്പന്നം നമ്മള് നിത്യവും ഉപയോഗിക്കുന്നുണ്ട്. എന്താണ് അത്?'' ക്വിസ് മാസ്റ്റര്‍ സ്നേഹജ് ശ്രീനിവാസ് ചോദിച്ചു. ഒടുവില്‍ ക്വിസ് മാസ്റ്റര്‍ തന്നെ ഉത്തരം പറയേണ്ടിവന്നു... ''നമ്മള് എല്ലാദിവസവും കൈയിലെടുക്കുന്ന ടൂത്ത്ബ്രഷാണ് ആ വസ്തു.'' സദസ്സ് വിസ്മയിച്ചു. ക്വിസ്സിങ് എന്ന ഗെയിമിനെ ജനകീയമാക്കിയ സ്നേഹജിന്റെ ഓരോ സെഷനുകളും ഇങ്ങനെ കഥയും കടങ്കഥകളുമായി ഗെയിം
പോലെ മുന്നോട്ട്പോകുന്നതാണ്.
ക്വിസ് ലോകത്തേക്ക്
''ചെറുപ്പംമുതലേ ആരാധിക്കുന്ന ഐ.എ.എസ്., ഐ.പി.എസ്. ഓഫീസര്‍മാരൊക്കെ ക്വിസ്സിങ്ങിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കിയവരായിരുന്നു. ക്വിസ്മാസ്റ്റര്‍ കെ.പി. സുനിലാണ് പ്രചോദനമായത്. അങ്ങനെയൊക്കെയാണ് ഈ മേഖലയിലേക്ക് എത്തുന്നത്. പരീക്ഷണങ്ങള്‍ നടത്തി ക്വിസ്സിങ്ങിന്റെ സാധ്യതകള്‍ ആസ്വദിക്കാന്തുടങ്ങി.'' സ്നേഹജ് പറയുന്നു.
ക്യു ഫാക്ടറിയും ക്യു പോസിറ്റീവും
ക്വിസ്സിന്റെ വിവിധതലങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന 'ക്യുഫാക്ടറി' എന്ന സംഘടനയ്ക്കും സ്നേഹജ് തുടക്കമിട്ടിട്ടുണ്ട്. ഇതില്‍ അറിവ് വിനിമയം ചെയ്യുന്ന രീതി 'ക്യുപോസിറ്റീവ്' എന്ന് അറിയപ്പെടുന്നു. ''സുഹൃത്തുക്കള്‍ക്കൊപ്പം 'ഡ്രീംസ്'എന്ന പേരില്‍ 2000-ത്തിലാണ് ഇതിന്റെ തുടക്കം. ആദ്യം ക്ലബ്ബായും പിന്നീട് സൊസൈറ്റിയായും രജിസ്റ്റര്‍ചെയ്തു. ഐ.എ.എസ്. ഉദ്യോഗസ്ഥരായ എ. ജയതിലക്, എന്‍. പ്രശാന്ത്, ഡോ.എം. ബീന വിജയന് എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. പിന്നീട് 'ക്വിസ് കേരള' എന്ന പേരിലേക്ക് മാറ്റി. ഇന്ത്യക്ക് പുറത്തേക്ക് എത്തിയപ്പോഴാണ് ഇതിനൊരു ആധുനിക മുഖം കൊടുക്കണം എന്ന് ചിന്തിച്ചത്. അങ്ങനെ 'ക്യുഫാക്ടറി' എന്നപേരില്‍ രജിസ്റ്റര്‍ ചെയ്തു. മനുഷ്യരുടെ ഉള്ളിലുള്ള ക്യൂരിയോസിറ്റിയെയും പോസിറ്റിവിറ്റിയെയും കൂട്ടിച്ചേര്‍ത്താണ് 'ക്യുപോസിറ്റീവ്' എന്ന് വിളിക്കുന്നത്.
Also Read
ചോദ്യോത്തരങ്ങള്‍ മാത്രമല്ല
ജയപരാജയങ്ങളെ എങ്ങനെ നേരിടണം എന്നുള്ള തിരിച്ചറിവുണ്ടാക്കാന്‍ ക്വിസ്സിലൂടെ സാധിക്കും. ഈ സാധ്യതകള്‍ എല്ലാവരിലേക്കുമെത്തണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ക്വിസ്സിങ് അധികം കടന്നു ചെന്നിട്ടില്ലാത്ത ചില്‍ഡ്രന്‍സ് ഹോമുകള്‍, ട്രൈബല്‍ ഹോമുകള്‍, ഗേള്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ ടി.വി. അനുപമ ഐ.എ.എസ്, മിര്‍ മുഹമ്മദലി ഐ.എ.സ്, ഡോ.അദീല ഐ.എ.എസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ ഗെയിം പരിചയപ്പെടുത്തി. അവര്‍ക്ക് പതുക്കെ ഈ കളി ഇഷ്ടപ്പെട്ടു. ആ കുട്ടികളുടെ അറിവും കഴിവും മെച്ചപ്പെടാന്‍ തുടങ്ങി. ക്വിസ് എന്നത് കുറേ ചോദ്യങ്ങള്‍ മനഃപ്പാഠമാക്കുന്നതിനപ്പുറത്തേക്ക് എന്ത് അറിയണം എന്നുള്ള തിരിച്ചറിവിന്റെ ഫോര്മാറ്റാകണം. ഇതാണ് സ്നേഹജിന്റെ നിലപാട്.
വരട്ടെ ഓപ്പണ്‍ ക്വിസ്സിങ്
ഐ.ക്യു.എ. (ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്) കേരളത്തിലും പ്രവര്‍ത്തനം തുടങ്ങാന്‍ പോവുകയാണ്. അത് വലിയ വിപ്ലവംതന്നെ ഉണ്ടാക്കുമെന്ന് സ്നേഹജ് പ്രതീക്ഷിക്കുന്നു.
''ക്വിസ്സിങ്ങിന് പ്രായപരിധിയില്ല. ബെംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാംതന്നെ ക്വിസ് കൂട്ടായ്മകളുണ്ട്. കേരളത്തിലാണ് അത്തരത്തിലൊരു സംസ്കാരം നിലവിലില്ലാത്തത്. ഈ സ്ഥിതി ഒന്ന് മാറ്റിയെടുക്കാനായി ഞങ്ങള്‍ ഇവിടെ ക്വിസ് കൂട്ടായ്മ തുടങ്ങിയിരുന്നു. റെനെ ദെക്കാര്‍ത്തെയുടെ 'ഐ തിങ്ക് ദേര്‍ ഫോര്‍ ഐ ആം' എന്ന ഉദ്ധരണിയെ അടിസ്ഥാനപ്പെടുത്തി 'ഐ ക്വിസ് ദേര്‍ഫോര്‍ ഐ ആം' എന്ന ക്യാമ്പയിനും നടത്തിയിരുന്നു.
പല ജില്ലകളിലും വാട്സാപ്പ് കൂട്ടായ്മകള്‍ നടത്തി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഒരുപാട് പേര് ഒത്തുചേര്‍ന്ന് അന്യോന്യം ചോദ്യങ്ങള്‍ ചോദിക്കും. കൂട്ടത്തില്‍ ഒരാള്‍ ക്വിസ് മാസ്റ്റര്‍ ആകും. ഒരുപക്ഷേ, അതൊരു ചെറിയ കുട്ടിയായിരിക്കാം. എന്നാല്‍ കുട്ടിയുടെ മുന്നിലിരിക്കുന്നത് ഒരു ഐ.പി.എസ് ഓഫീസറാകാം. അപ്പോള്‍ കുട്ടിക്ക് ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. രജിസ്ട്രേഷന് ഫീസോ സമ്മാനത്തുകയോ ഇല്ലാതെ നടത്തുന്ന ഇത്തരം കൂട്ടായ്മകള്‍ പരസ്പരം അറിവ് കൈമാറുന്ന വളരെ രസകരമായ ഒരു ആശയമാണ്. ക്വിസ് നടത്തുന്ന ആളുകളുടെ ഇടപെടല്‍ പ്രധാനമാണ്. എനിക്കിത് സാധിക്കില്ല എന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കരുത്. ഓപ്പണ്‍ ക്വിസ്സുകളാണ് ഏറ്റവും നല്ലത്. ഐ.ക്യു.എ. മുന്നോട്ടുവയ്ക്കുന്നതും അതുതന്നെയാണ്. അവരുടെ ലോക ചാമ്പ്യനെ തിരഞ്ഞെടുക്കുന്നതും ഓപ്പണ്‍ ക്വിസ്സിലൂടെയാണ്.'' സ്നേഹജ് തന്റെ ലക്ഷ്യം വ്യക്തമാക്കുന്നു.
ക്വിസ് മാന്‍ ഓഫ് കേരള
22 വര്‍ഷമായി ക്വിസ്സിങ് മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. 'ഐക്വിസ്' എന്നപേരില്‍ കേരളത്തില്‍ ഇന്‍ഫോമല്‍ ക്വിസ് പ്രസ്ഥാനത്തിന് തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവല്‍ എന്ന ഔദ്യോഗിക റെക്കോഡ് നേടിയ 'റിവര്‍ബറേറ്റ്' എന്ന ക്വിസ് മാമാങ്കത്തിന്റെ ശില്പി, ലണ്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര ക്വിസ്സിങ് അസോസിയേഷന്റെ (ഐ.ക്യു.എ) ദക്ഷിണേന്ത്യാ ഡയറക്ടര്‍, ജി.സി.സി. ഹെഡ്, ക്വിസ് സൊസൈറ്റിയുടെ ഇന്ത്യയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി... എന്നീ നിലകളില്‍ പ്രശസ്തന്‍. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന 'ക്വിസ് മാസ്റ്റര്‍' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
Content Highlights: snehaj sreenivas shares his experience on quizzing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..