പ്രതീകാത്മകചിത്രം | മാതൃഭൂമി
പഴഞ്ചൊല്ലുകൾ നമ്മോടുപറയുന്നത് ശീലങ്ങൾ മാറ്റുക എളുപ്പമല്ല എന്നാണ്. അനുഭവങ്ങളും അതുതന്നെയാണ് പറയുക. എന്നിരുന്നാലും കാലാനുസൃതമായി മാറാനും കാര്യങ്ങളെ മാറ്റാനും മനുഷ്യൻ ശ്രമിക്കുന്നത് ബൗദ്ധികതലത്തിലുണ്ടായ പരിണാമങ്ങൾ അതിനു നമ്മളെ പ്രാപ്തരാക്കുന്നു എന്നുള്ള തിരിച്ചറിവാണ്!
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനം അധ്യാപകരാണ്. അവരാണ് ഈ മേഖലയെ കാക്കുന്ന സൈന്യം! സൈന്യം സജ്ജമല്ലെങ്കിൽ ഏത് യുദ്ധമാണ് വിജയിക്കുക?
ഉന്നത വിദ്യാഭ്യാസരംഗത്തേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കുന്ന രീതിയുടെ പ്രധാന പ്രശ്നം, ജോലിയുടെ വിവിധതലങ്ങൾ ആവശ്യപ്പെടുന്ന തയ്യാറെടുപ്പ് ലഭിക്കാത്തവരെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത് എന്നതാണ്.
നമുക്കിപ്പോഴും അധ്യാപനം ഒരു പ്രകടനകലയാണ്. അതുകൊണ്ടാണ് എല്ലാ പഠനമുറികളിലും അധ്യാപകർക്ക് പ്രകടനം നടത്താൻ എന്ന നിലയിൽ ഒരു തട്ടകം പണിതിട്ടിരിക്കുന്നത്. അതിനുമുകളിലേക്ക് കാലെടുത്തു വെക്കുന്നതോടെ പഠനമുറിയുടെ കേന്ദ്രബിന്ദുവായി അധ്യാപകൻ മാറുകയാണ്. പ്രഭാഷണത്തിലൂടെ കുട്ടികളെ പ്രബുദ്ധരാക്കിക്കളയാം എന്ന ഭാവത്തോടെയാണ് മിക്കവരും അധ്യാപനം നടത്തുന്നത്.
നൈപുണ്യത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെ വാർത്തടുക്കാൻ ആദ്യം വേണ്ടത് അധ്യാപനത്തിനുള്ള പരിശീലനമാണ്. അതിലേക്കായി ആദ്യം ചെയ്യേണ്ടത് പഠനത്തിന്റെ പരിണതഫലം (outcome of learning) വ്യക്തമായി നിർവചിക്കുക എന്നതാണ്. പഠനത്തിന്റെ പരിണതഫലം പല തരത്തിൽ നിർവചിക്കാം. ഒരു എളുപ്പവഴി നിലവിലുള്ള ഏതെങ്കിലും പഠന-വർഗീകരണ (Taxonomy of learning) സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്. ബൗദ്ധിക കാര്യങ്ങളിൽ ഊന്നിയാണ് പഠനമെങ്കിൽ ആറു തലങ്ങളിൽ പഠന-വർഗീകരണം സാധ്യമാണ്. ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലനക്കളരികൾ നമുക്കുവേണ്ടതുണ്ട്.
കേട്ട് പഠിക്കുന്ന ഒരേയൊരു രീതിയാണ് ഭൂരിഭാഗം പഠനമുറികളിലും പരീക്ഷിക്കപ്പെടുന്നത്. എന്തുകൊണ്ട് അത് ചെയ്തുപഠിക്കുന്ന രീതിയിലേക്ക് മാറിക്കൂട? ഒരു പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടിക്ക് ധിഷണാപരമായി ഒരു ആശയം പരിചിതമായ ഒരു സന്ദർഭത്തിൽ പ്രയോഗിക്കേണ്ടത് (Apply conceptual knowledge) എങ്ങനെ എന്ന് പഠിപ്പിക്കാൻ അധ്യാപകർ ചെയ്യേണ്ടത് എന്താണ്? ആ കുട്ടിയെ ബൗദ്ധികപരമായ ആ ജോലി ഏല്പിക്കുക. അയാൾ അതെങ്ങനെ ചെയ്യുന്നു എന്ന് നിരീക്ഷിക്കുക, വേണ്ട നിർദേശങ്ങൾ വേണ്ട സമയത്ത് കൊടുക്കുക. പ്രശ്നനിർധാരണമാണ് (problem solving) കുട്ടി പഠിക്കേണ്ടതെങ്കിൽ, കുട്ടികളാണ് പഠനമുറികളിൽ പ്രശ്ന നിർധാരണം ചെയ്യേണ്ടത്. അധ്യാപകർ അല്ല.
ഇനി കുട്ടികൾ അവരുടെ അറിവ് ഉപയോഗിക്കേണ്ടത് തികച്ചും അപരിചിതമായ ഒരു സന്ദർഭത്തിലാവണം എന്നിരിക്കട്ടെ (Analyse the concept). എങ്ങനെ നമുക്കവരെ പഠിപ്പിക്കാം? പാരമ്പര്യമായി ചെയ്തുവരുന്ന ഒരു അബദ്ധം അധ്യാപകനോ അധ്യാപികയോ കുട്ടികൾക്കു മുന്നിൽ അത്തരമൊരു സന്ദർഭം ആദ്യം വിശദീകരിച്ചു കൊടുത്തശേഷം എങ്ങനെ ആ പ്രശ്നത്തെ സമീപിക്കണം എന്ന് പറഞ്ഞുകൊടുത്താണ്. പക്ഷേ, വിശദീകരണം കഴിയുന്നതോടെ ആ സന്ദർഭം അപരിചിതമല്ലാതായിത്തീരുന്നു! ഇവിടെയാണ് പഠന സമ്പ്രദായങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അധ്യാപകർക്ക് പരിശീലനം കൊടുക്കേണ്ടത്. അപരിചിതമായ ഒരു സന്ദർഭത്തിൽ എങ്ങനെ ഒരു പ്രശ്നം കൈകാര്യം ചെയ്യുമെന്ന് കുട്ടികളെ തന്നെത്താൻ കണ്ടുപിടിക്കാൻ പ്രേരിപ്പിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്.
ഉന്നത വിദ്യാഭ്യാസത്തിലെ പഠനത്തിന്റെ നിലവാരം, അധ്യാപകർ ക്ളാസിൽ എന്തുചെയ്യുന്നു എന്നതിനെക്കാളുപരി, അധ്യാപകർ അവരുടെ കുട്ടികളോട് ക്ളാസിൽ എന്ത് ചെയ്യാൻ പറയുന്നു എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
(മദ്രാസ് ഐ.ഐ.ടി.യിൽ ടീച്ചർ ലേണിങ് സെന്ററിന്റെ തലവനും കെമിസ്‌ട്രി പ്രൊഫസറുമാണ് ലേഖകൻ)
Content Highlights: Should teachers change their teaching methods? Break old teaching habits, Modern Teaching Methods
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..