.
ഇതൊരു യാത്രാനുഭവമാണ്. സ്‌കൂള്‍യാത്രയിലെ രസംകൊല്ലിയാകാതിരിക്കാന്‍ ടൂര്‍ പോകാനുള്ള ആഗ്രഹം മനസിലടക്കി സ്വയം മാറിനടന്ന കൂട്ടുകാരനെ ചേര്‍ത്ത് നിര്‍ത്തിയ ഒരുപറ്റം കൂട്ടുകാരുടെയും അതിന് പൂര്‍ണ പിന്തുണ നല്‍കിയ അധ്യാപകരുടെയും യാത്രാനുഭവം. വീല്‍ചെയറിലായിപ്പോയതുകൊണ്ട് മാത്രം തട്ടിമാറ്റപ്പെട്ട സ്വപ്‌നങ്ങളുടെ കൂട്ടത്തിലല്ല, എക്കാലവും കൂടെക്കൊണ്ട് നടക്കാനുള്ള മനോഹര ഓര്‍മ്മകളായിരിക്കും ശഹബാസിന് ആ യാത്ര, തീര്‍ച്ച. ശഹബാസിന്റെ അധ്യാപകന്‍ നൗഷാദ് റഹീം മന്നയിൽ എഴുതുന്നു....
യാത്ര എന്ന വാക്കിന് എത്ര അര്‍ത്ഥങ്ങളാണുള്ളത്! ആല്‍കെമിസ്റ്റിലെ സാന്റിയാഗോ നിധി കണ്ടെത്തുന്നത് യാത്രയുടെ അവസാനമാണല്ലോ! ആ നിധി തന്റെ കാല്‍ചുവട്ടിലാണെന്നറിയാനും യാത്ര കൂടിയേ തീരൂ ! തന്റെ മുന്നില്‍ വര്‍ഷങ്ങളോളം ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന നിധി കണ്ടെത്താന്‍ ഒരു പക്ഷേ അവരെയും കൂട്ടിയുള്ള ഒരു ദിവസത്തെ യാത്രയ്ക്ക് സാധിച്ചേക്കാം. അങ്ങനെ വരുമ്പോള്‍
ഏതൊരു യാത്രയും പഠനയാത്രയല്ലേ?
അങ്ങനെയൊരു പഠനയാത്രയാണ് മലപ്പുറം ജില്ലയിലെ ജിഎച്ച്എസ്എസ് അരീക്കോട്ടെ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. വിനോദയാത്രയില്‍ ശാരീരിക വെല്ലുവിളികള്‍ നേരിട്ട ശഹബാസ് എന്ന കൂട്ടുകാരനെ കൂടി തോളിലേറ്റിയപ്പോള്‍ ആ യാത്ര തികച്ചും 'തീം സെന്റേഡ്' ആയി മാറുകയായിരുന്നു. കൊടൈക്കനാല്‍, രാമക്കല്‍മേട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായിരുന്നു നവംബര്‍ 27-ന് ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര. വലിയൊരു സിലബസ് ഡമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്നുണ്ടെങ്കിലും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് അധ്യാപകര്‍ ആ 'വെല്ലുവിളി' ഏറ്റെടുത്തു.
.jpg?$p=59bad30&&q=0.8)
ശഹബാസിലേക്ക് തിരികെ വരാം....'അഗ്‌നിജ്വാല' എന്നത്രേ ഉറുദുവില്‍ ശഹബാസ് എന്ന വാക്കിനര്‍ത്ഥം. കാലുകളുടെ തളര്‍ച്ച മനസ്സിനെ ബാധിക്കരുതെന്ന് ആ മുഖത്ത് തെളിഞ്ഞു കത്തുന്നു. കൂട്ടുകാരുടെ ബസിനകത്തെ നൃത്തച്ചുവടുകളിലേക്ക് മനസ്സിനെ പറിച്ചെറിയുന്നുണ്ട് ശഹബാസ് -തളര്‍ന്ന കാലുകളെ കൈകള്‍ കൊണ്ട് തഴുകി. ശഹബാസിന്റെ ഉമ്മ സുഹ്‌റയും ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
നിനക്ക് താല്‍പര്യമുണ്ടോ പോകാന്‍ എന്ന് ചോദിപ്പോ ഞാന്‍ എങ്ങനെ പോകും എന്നായിരുന്നു അവന്റെ ചോദ്യം. താന്‍ കാരണം കൂടെ വരുന്നവര്‍ക്ക് അവരുടെ വിലപ്പെട്ട സമയങ്ങള്‍ നഷ്ടപ്പെടുമോ എന്നായിരുന്നു അവന്റെ ടെന്‍ഷന്‍.. അപ്പോഴാണ് ഫ്രണ്ട്‌സ് എല്ലാവരും കൂടി നീ ഇല്ലാതെ ഞങ്ങള്‍ക്കെന്ത് ടൂറാഡാ എന്ന് ചോദിക്കുന്നത്...കൊടൈക്കനാലിലെ തണുപ്പില്‍ പാറിനടക്കാനാവാത്ത അവന് ചിറകായത് ആ കൂട്ടുകാരാണ്. ഇത് തന്നെയാണ് ഞങ്ങള്‍ രക്ഷിതാക്കളും കുട്ടികളും ആഗ്രഹിക്കുന്നതും. സഹതാപമല്ല ചേര്‍ത്തുപിടിക്കലാണ്, ഞങ്ങളുണ്ട് കൂടെ എന്നുള്ള തോന്നലാണ് ഇവര്‍ക്കാവശ്യം
ശഹബാസിന്റെ ഉമ്മയുടെ വാക്കുകളാണത്. കൊടൈക്കനാലിന്റെയും രാമക്കല്‍മേടിന്റെയും ഭൂപ്രകൃതിയുടെ കിടപ്പ് വീല്‍ചെയറിലെ യാത്രയെ വെല്ലുവിളിച്ചപ്പോള്‍ ശഹബാസിന്റെ കൂട്ടുകാര്‍ക്കത് നിസ്സാരമായിരുന്നു. ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ എന്തെന്ന് അനുഭവവേദ്യമാകുന്ന നിമിഷങ്ങള്‍...! കൊടൈക്കനാലിലെ പൈന്‍ ഫോറസ്റ്റുകളിലെ മണ്ണിനു മീതേ പാഞ്ഞു പോകുന്ന കനമുള്ള വേരുകള്‍ വീല്‍ചെയറിന്റെ ചക്രങ്ങളുടെ ഉരുളലിനെ തടഞ്ഞിട്ടപ്പോള്‍ തങ്ങളുടെ തോളുകളിലേക്ക് അവര്‍ ശഹബാസിനെ ഉയര്‍ത്തി. ആ പൈന്‍ മരത്തണലില്‍ ശഹ്ബാസിനു ചുറ്റും കൂടി അവര്‍ പാടി;
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ..
യാത്രയെഴുത്തവസാനിപ്പിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ കാഴ്ചയില്‍ വീണ്ടും തെളിയുന്നു ശഹ്ബാസിനെ ഇരുത്തി വീല്‍ ചെയറുമായി നടന്നു നീങ്ങുന്ന അഫ്‌സല്‍, ജിതിന്‍, ഉനൈഫ്.... കെട്ടുപോകാത്തൊരു കാഴ്ച. അതെ, തിരിച്ചറിവിന്റെ പെരുമ്പറ കൊട്ടുന്നുണ്ട് ഈ വിനോദയാത്ര.
.jpg?$p=5af3b65&&q=0.8)
Content Highlights: school tour experience of a differently abled student
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..