Representational Image | Photo: PTI
പത്താംക്ലാസ് പരീക്ഷാഫല പ്രഖ്യാപനത്തിൽ ഇക്കുറിയും വിജയശതമാനത്തിൽ വയനാട് ഏറ്റവും പിന്നിലാണ്. വിവാദവും പരസ്പരം പഴിചാരലും തുടങ്ങി. പത്താംക്ലാസിനെ കേന്ദ്രീകരിച്ച് 'കതിരിൽ മാത്രം വളം വെക്കുന്ന' ഈ ചർച്ചകൾ വയനാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ഗുണം ചെയ്യുമോ? ഒരോ ക്ലാസിലും പഠിക്കുന്ന വിദ്യാർഥി അവരുടെ കരിക്കുലത്തിന്റെ കൂടി സഹായത്തോടെ ആർജിക്കേണ്ട അടിസ്ഥാന അറിവും വികാസവും നേടിയിട്ടുണ്ടോ. വയനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് അന്വേഷണം രണ്ടാം ഭാഗം
യു.പി. - ഹൈസ്കൂൾ ക്ലാസ്മുറികളിലേക്ക് കയറിചെല്ലുന്ന അധ്യാപകന് ക്ലാസിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാരെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. നിശബ്ദത കൊണ്ടും ആത്മവിശ്വാസക്കുറവ് കാണിച്ചും അവർ തങ്ങളെ തന്നെ കാണിച്ചു കൊടുക്കും. ഒന്നാംക്ലാസിൽ തുറന്ന മനസ്സോടെ ഇടപഴകുന്ന ആദിവാസി കുട്ടിയെ പത്താംക്ലാസ് എത്തുമ്പോഴേക്കും സ്കൂളിനെ വിട്ട് തോട്ടത്തിൽ പണിയെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് നിലവിലെ നമ്മുടെ സംവിധാനം. അന്യവത്കരണത്തിന്റെ ആദ്യഘട്ടം ഭാഷതന്നെയാണ്. വീട് എന്ന് മലയാളത്തിൽ പഠിപ്പിക്കുന്നത് തന്റെ ‘പിരൈ’യാണെന്ന് പോലും കുട്ടിക്ക് മനസ്സിലാവുന്നില്ല. ഊരിന് പുറത്തുള്ളവർ താമസിക്കുന്ന കെട്ടിടമാണ് അവർക്ക് വീട്. ആശയം മനസ്സിലാക്കുന്നതിലെ ഈ വ്യത്യാസം പഠനകാലത്തുടനീളം അവരിലുണ്ടാകും.
കൊഴിഞ്ഞുപോക്ക് ശരിക്കും കുറഞ്ഞോ
സർക്കാർ രേഖകളിൽ കൊഴിഞ്ഞുപോക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ രേഖകളിൽ കാണുന്നതല്ല യാഥാർഥ്യമെന്നാണ് വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും ഒരു പോലെ പറയുന്നത്. ക്ലാസിലെത്തിയില്ലെങ്കിലും ആദിവാസി വിദ്യാർഥിയ്ക്ക് ഹാജർ നൽകുന്ന സമ്പ്രദായം ജില്ലയിൽ തുടരുന്നുണ്ട്. പലതാണ് കാരണം. ചിലപ്പോൾ ആദിവാസി വിഭാഗങ്ങളുടെ ആചാരങ്ങളെ തിരിച്ചറിയുന്ന അധ്യാപകന്റെ മമത. ഉദാഹരണം കുടുംബവീടുകളിൽ ദിവസങ്ങളോളം താമസിക്കുന്ന പതിവ് പണിയ വിഭാഗക്കാർക്കുണ്ട്. ഈ താമസം കഴിഞ്ഞാൽ കുട്ടി വിദ്യാലയത്തിലേക്ക് മടങ്ങുമെന്നറിയുന്ന അധ്യാപകർ ഹാജർ നൽകും. മറ്റു ചിലപ്പോൾ അർഹമായ സ്റ്റൈപ്പന്റുകളിൽ കുട്ടി തഴയപ്പെട്ടു പോകരുതെന്ന ചിന്തയാകാം. ചില അധ്യാപകർക്കെങ്കിലും ഉച്ചക്കഞ്ഞി കണക്കുകൾ ഒപ്പിക്കാനുള്ള തത്രപ്പാടാണ്. ക്ലാസിലെത്താത്ത ആദിവാസിക്കുട്ടി കൂടി എത്തിയെന്ന് കാണിച്ചാലേ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവൂ എന്നും അധ്യാപകർക്ക് അറിയാം.
Also Read
യു.പി. ക്ലാസുകളിലാണ് ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് വർധിക്കുന്നത്. ഹൈസ്കൂളുകളോട് ചേർന്നുള്ള യു.പി. ക്ലാസുകളാണ് ജില്ലയിൽ അധികവും. ഇവിടെ ഹൈസ്കൂൾ ക്ലാസുകളിലെ മികച്ച പരീക്ഷാഫലത്തിനായി അധ്യാപകരുെട ശ്രദ്ധ പോകുമ്പോൾ യു.പി. കുട്ടികൾക്ക് മതിയായ പരിഗണന കിട്ടുന്നില്ല. അവരുടെ പഠനനിലവാരം അളക്കാനുള്ള സംവിധാനങ്ങളും നമുക്കില്ല. ഇതോെട പൊതുവിൽ കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകും. ആദിവാസി കുട്ടിയെ സംബന്ധിച്ചാകുമ്പോൾ പഠനപിന്നാക്കവസ്ഥയ്ക്കൊപ്പം കുടുംബത്തിന്റെ സാഹചര്യങ്ങൾ തൊഴിലിനായും പ്രേരിപ്പിക്കും. കവുങ്ങ് കയറിയാലോ, കാപ്പിപറിക്കാനോ സാമ്പത്തികാവശ്യങ്ങൾ പ്രേരിപ്പിക്കും. ഇതിനൊപ്പം നല്ല അനുഭവങ്ങൾ തരാത്ത സ്കൂൾ കൂടിയായാലോ. കുട്ടി സ്കൂളിനോട് പതിയെ വിടപറയും.
തുണയാവുന്നില്ല സംവിധാനങ്ങൾ
അഞ്ച് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, 27 പ്രീമെട്രിക് ഹോസ്റ്റൽ, നഴ്സറി സ്കൂൾ, ഏകാധ്യാപക വിദ്യാലയങ്ങൾ, കോളനികളിലെ സാമൂഹിക പഠനമുറികള്, മെന്റർ ടീച്ചർമാർ, പഠനമുറികളിലെ ഫെസിലിറ്റേറ്റർ, സോഷ്യൽ വർക്കർ, എജ്യുക്കേഷണൽ വൊളന്റിയർ, ട്രൈബൽ പ്രൊമോട്ടർമാർ -ആദിവാസി കുട്ടികളുടെ പഠന നിലവാരം ഉയർത്താനുള്ള സംവിധാനങ്ങളാണിത്. പുറമെ ജനമൈത്രി പോലീസ്, ജനമൈത്രി എക്സൈസ്, പഞ്ചായത്ത്/ നഗരസഭ വിദ്യാഭ്യാസ കമ്മിറ്റി, കൂട്ട് പദ്ധതി, വിദ്യാകിരണം പദ്ധതി , ഗോത്രക്ലബ് എന്നിങ്ങനെ വിവിധ പേരുകളിൽ പലതരം പദ്ധതികൾ.
.jpg?$p=7219393&&q=0.8)
എല്ലാ പദ്ധതികളും എല്ലാ വിദ്യാർഥികളിലേക്കും എത്തുന്നുണ്ടാവില്ല. എന്നാൽ ഏതെങ്കിലും ഒരു പദ്ധതി, ഒരു ഉദ്യോഗസ്ഥൻ കുട്ടിയിലേക്ക് എത്തിപ്പെട്ടാൽ പോലും പഠനനിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേനെ. മെന്റർ ടീച്ചറെ എടുക്കാം. കുട്ടി സ്കൂളിൽ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും പഠനത്തിലും സഹായം നൽകാനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്. എന്നാൽ മറ്റു അധ്യാപകരുടെ സഹായികളെ പോലെയോ, ഒഴിവുള്ള പിരീഡുകളിൽ വിഷയം പഠിപ്പിക്കാനോ ആണ് ഇവരെ ഉപയോഗിക്കുന്നത്. പദ്ധതി പരാജയപ്പെടുന്നു. സാമൂഹിക പഠനമുറി എടുക്കാം. ജില്ലയിൽ 3060 കോളനികളാണ് ഉള്ളത്. ആകെ 25 പഠനമുറിയും. പദ്ധതിയുണ്ടെങ്കിലും എത്ര പേർക്ക് പ്രയോജനം ചെയ്യുമെന്ന് പരിശോധിച്ചാൽ മതി. ഇതാണ് കൊട്ടിഘോഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഗുണഫലം ഇല്ലാത്തതിന് പിന്നിൽ. പദ്ധതിയുടെ മേൽനോട്ടം വഹിക്കാനോ, ഗുണഫലം രേഖപ്പെടുത്താനോ പരാജയപ്പെട്ടാൽ അത് തിരുത്താനോ ഉള്ള സംവിധാനം എവിടെയും ഉണ്ടാകുന്നില്ലെന്നതാണ് സത്യം.

വേണ്ടതെന്ത്?
കുട്ടിയുടെ താത്പര്യങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിയാൻ അധ്യാപകർക്കാവുക എന്നതാണ് പ്രധാനം. കലാ -കായിക മേഖലകളിൽ ആദിവാസി വിദ്യാർഥികൾക്കുള്ള മികവും താത്പര്യവും എടുത്തുപറയേണ്ടതാണ്. ഓടുന്ന ഒരു കുട്ടിക്ക് കൂടുതൽ അവസരം ഒരുക്കാനോ അവനെ പ്രോത്സാഹിപ്പിക്കാനോ അധ്യാപകൻ തയ്യാറായാൽ കുട്ടി സ്കൂളിലും കളിക്കളത്തിലും സജീവമാകും. ഒളിംപ്യൻ ഗോപിമാർ ഇനിയും വയനാട്ടിലുണ്ടാകും.പഠനത്തിലാവട്ടെ അവരെക്കൂടി ഉൾചേർക്കുന്നതാവണം ക്ലാസ് മുറി. മാതൃഭാഷ മലയാളം മാത്രമല്ലെന്നും നിങ്ങൾ വീടുകളിൽ സംസാരിക്കുന്നത് ആണെന്നും അത് പണിയഭാഷയോ അടിയ ഭാഷയോ ആവാമെന്നും എല്ലാ കുട്ടികളും തിരിച്ചറിയണം. ആ ഇടപെടൽ ഓരോ ഘട്ടത്തിലും വേണം.
ജില്ലയിൽ മുമ്പൊരു സ്കൂളിൽ പ്രധാനധ്യാപകൻ മുൻകൈയെടുത്ത് അസംബ്ലിയിൽ പണിയ ഭാഷയിൽ വാർത്തകൾ വായിച്ചിരുന്നു. കുട്ടികൾക്കുള്ള അംഗീകാരമായിരുന്നു അത്. എന്നാൽ ആദിവാസി ഭൂരിപക്ഷ മേഖല ആയിരുന്നിട്ട് പോലും അധ്യാപകൻ സ്ഥലംമാറിയതിന് പിന്നാലെ പണിയഭാഷയിലെ വായന എല്ലാവരും ചേർന്ന് നിർത്തി. ക്ലാസ് മുറികൾ മാത്രമല്ല സമൂഹം കൂടിയാണ് ആദിവാസിവിദ്യാർഥിയെ രൂപപ്പെടുത്തുന്നതെന്ന് ഇന്നി എന്നാണു നമ്മൾ തിരിച്ചറിയുക.
(തുടരും)
Content Highlights: School Dropout Among Tribal Students in wayanad
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..