ഹോം വര്‍ക്കില്ല, പഠിക്കുന്നവനും പഠിക്കാത്തവനുമില്ല; ഇതാണ് സ്‌കാന്‍ഡിനേവിയന്‍ വിദ്യാഭ്യാസ മാതൃക


തോമസ് സാജന്‍ & ടിറ്റോ ഇടിക്കുള

ഉദാഹരണത്തിന് നോര്‍വേ,സ്വീഡന്‍, ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡ് എന്നിവടങ്ങളിലെ ബഹുഭൂരിപക്ഷത്തിനും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കേക്കുണ്ടാക്കാന്‍ അറിയാം. ബേക്കിങിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്നാണവര്‍ പഠിക്കുന്നത്

Representational Image | Photo: canva.com

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന ഫിന്‍ലന്‍ഡ്-നോര്‍വേ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ സ്‌കൂള്‍ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാനും വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന്റെ സാധ്യതകള്‍ ആരായാനുമാണ് മുഖ്യമന്ത്രിയുടേയും ഉന്നത സംഘത്തിന്റെയും യാത്ര. നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ സ്‌കൂള്‍ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം;

സമത്വാധിഷ്ഠിത വിദ്യാഭ്യാസംസ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിലവിലുള്ള സമത്വാധിഷ്ഠിത സാമൂഹിക അന്തരീക്ഷം തന്നെയാണ് സ്‌കൂളുകളിലും. ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലും എണ്ണത്തില്‍ കുറവായ പ്രൈവറ്റ് സ്‌കൂളുകളിലും മെറിറ്റ് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്ല. അതായത്, ഏതെങ്കിലുമൊരു പരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ പ്രൈമറി സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

കരിയര്‍/ വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join Mathrubhumi Edu&Career whatsapp group

ചെറിയ ക്ലാസ്സുകളില്‍ മെറിറ്റടിസ്ഥാനപ്പെടുത്തിയുള്ള സ്കൂൾ പ്രവേശനത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതിനാല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കുട്ടികള്‍ ചെറിയ ക്ലാസ്സുകളില്‍ മത്സരാധിഷ്ഠിതമായൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നില്ല. കുട്ടികള്‍ക്ക് സ്‌കൂള്‍കാലം ആനന്ദദായകമാക്കാന്‍ യാതൊരു തരത്തിലുള്ള മത്സരവും ക്ലാസ്മുറികളിലും പുറത്തും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയില്ലാതെയാണ് പ്രൈമറി സ്‌കൂളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഒരോ കുട്ടിയുടേയും കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് അധ്യാപകര്‍ ശ്രമിക്കുക. കുട്ടികള്‍ അഭിരുചി പ്രകടിപ്പിക്കുന്നതെന്തും ഒരു കഴിവായി പരിഗണിക്കപ്പെടും. വേഗത്തില്‍ ഓടാനറിയുന്നത്, വരയ്ക്കാനായുള്ള താത്പര്യം, ക്ലാസ്‌റൂമിന് പുറത്തുള്ള കാര്യങ്ങളില്‍ ഉത്സാഹം കാണിക്കുന്നതൊക്കെ കഴിവിന്റെ മാനദണ്ഡമാകും.

പഠനത്തില്‍ മികച്ചുനില്‍ക്കുന്ന കുട്ടികളുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസ്സിലെ പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തികൊണ്ടുവരാനാണ് അധ്യാപകര്‍ ശ്രമിക്കുക. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഗ്രൂപ്പ് പ്രോജെക്റ്റുകള്‍ നല്‍കുകയാണ് സാധാരണ ചെയ്യുക. എട്ട്-ഒന്‍പത് വയസ്സുവരെ ഒറ്റയ്ക്ക് പുസ്തകങ്ങള്‍ വായിക്കാനുള്ള 'അക്കാദമിക് പുഷ്' സ്‌കൂളില്‍ നിന്നുണ്ടാവില്ല.

പ്രൈമറി സ്‌കൂളുകളില്‍ സാധാരണ രണ്ടോ മൂന്നോ കുട്ടികളെ ഒരുമിച്ചിരുത്തിയാകും പുസ്തകങ്ങള്‍ വായിപ്പിക്കുക. ടീം വര്‍ക്ക് നിര്‍ണ്ണായകമായ പുതിയ കാലത്തെ തൊഴില്‍ മേഖലകളില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ മേല്‍ക്കൈ ലഭിക്കാനിടയുണ്ടെന്നാണ് പല വിദ്യാഭ്യാസ വിചക്ഷണരും അഭിപ്രായപ്പെടുന്നത്.

എട്ടുമുതലുള്ള ക്ലാസുകളിലാണ് ഔദ്യോഗികമായി ഗ്രേഡിങ് ഉണ്ടാവുക. ഏഴ് വരെയുള്ള ക്ലാസ്സുകളില്‍ കുട്ടികളുടെ പൊതുവിലയിരുത്തലുകള്‍ മാത്രമാകും അധ്യാപകര്‍ നടത്തുക. പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇടയ്ക്കിടെ പരീക്ഷകള്‍ ഉണ്ടാകുമെങ്കിലും കുട്ടികളെ സംബന്ധിച്ച വിലയിരുത്തലുകള്‍ മാത്രം മാതാപിതാക്കളെ അറിയിക്കും. അധ്യാപകര്‍ക്ക് കുട്ടികളെ മനസ്സിലാക്കാന്‍ വേണ്ടിയാകും പരീക്ഷയുടെ മാര്‍ക്കുകള്‍ ഉപയോഗിക്കുക. ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ ഗ്രേഡുകള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുമ്പോള്‍ മാത്രമാണ് പരിഗണിക്കപ്പെടുന്നത്.

കായികപരിശീലനത്തിന് സ്‌കാന്‍ഡിനേവിയന്‍ സ്‌കൂളുകളില്‍ വളരെയേറെ പ്രാമുഖ്യമുണ്ടെങ്കിലും, പ്രൈമറി തലത്തില്‍ ഒരു കായികയിനത്തിലും 'ഡെഡിക്കേറ്റഡ് ട്രെയിനിങ്'നല്‍കില്ല. ഉദാഹരണത്തിന് ഒന്നാം ക്ലാസ്സിലെ ഒരു കുട്ടി ഫുട്‌ബോളില്‍ അസാധാരണ മികവ് പ്രകടിപ്പിച്ചാലും അമേരിക്കയിലും മറ്റുമുള്ളതുപോലെ 'ക്യാച്ച് ഏര്‍ളി, ട്രെയിന്‍ ഏര്‍ളി' രീതിയനുസരിച്ച് ആ കുട്ടിക്ക് കൂടുതല്‍ പരിശീലനം നല്‍കി സ്‌പോര്‍ട്‌സിലേക്കു തിരിക്കാന്‍ പാടില്ലെന്നതാണ് അലിഖിത നിയമം. ചെറിയ കുട്ടികളുടെ ശ്രദ്ധ ഏതെങ്കിലുമൊരു കാര്യത്തില്‍ മാത്രം കേന്ദ്രീകരിപ്പിക്കുന്നത് അവരുടെ കുട്ടികാലം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണത്രേ. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോളിനൊപ്പം മറ്റു കളികളിലും സ്വച്ഛന്ദമായി ഏര്‍പ്പെടാനാകുന്ന വിധമാണ് പ്രൈമറി സ്‌കൂള്‍ സംവിധാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. 'ഫ്രീ ഇദരത്' എന്നാണ് ഈ രീതിക്ക് നോര്‍വീജിയനില്‍ പറയുക. 'ഫ്രീ ഇദരത്' കാലയളവില്‍ കായികയിനങ്ങള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ്, സ്‌പെഷ്യല്‍ കോച്ചിങ് തുടങ്ങിയ പരിഗണനയൊന്നും സര്‍ക്കാര്‍ നല്‍കില്ല. എന്നാല്‍, കുട്ടികള്‍ അഞ്ചാം ക്ലാസ്സിലെത്തുന്നതോടെ കഥ മാറും. സ്‌പോര്‍ട്‌സില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയോ അഡ്വാന്‍സ്ഡ് ട്രെയിനിങ് സെന്ററുകളിലേക്ക് മാറ്റുകയോ ചെയ്യും.

ചെസ് പാരമ്പര്യം തീരെയില്ലാത്ത നോര്‍വേയില്‍ ജനിച്ചു വളര്‍ന്ന മാഗ്‌നസ് കാള്‍സണ്‍ പത്തൊന്‍പതാം വയസ്സില്‍ ഫിഡെ ലോക ചെസ്സ് ചാമ്പ്യനായി വളര്‍ന്നതില്‍ സ്‌കാന്‍ഡിനേവിയന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് രസകരമായൊരു പങ്കുണ്ട്. നോര്‍വീജിയന്‍ സ്‌കൂളുകളില്‍ മികച്ച അധ്യാപകരുണ്ടെങ്കിലും ചെസ്സില്‍ തല്‍പരനായ തന്റെ മകന് പ്രൈമറി സ്‌കൂളില്‍ വ്യക്തിഗത പരിഗണനയൊന്നും കിട്ടില്ലെന്ന് മനസ്സിലാക്കിയ മാഗ്‌നസ് കാള്‍സന്റെ പിതാവ് ഒരു പ്രധാന തീരുമാനമെടുത്തു. ചെസ്സ് പരിശീലനത്തിലും മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി മാഗ്‌നസ് കാള്‍സനെ ഒരു വര്‍ഷം സ്‌കൂളില്‍ വിടാതെ വീട്ടിലിരുത്തി പഠിപ്പിക്കുക. ഒരു വര്‍ഷത്തെ 'ഹോം സ്‌കൂള്‍' കഴിഞ്ഞു തിരിച്ചെത്തിയ മാഗ്‌നസ് കാള്‍സന് അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ചു.

പരീക്ഷകള്‍ക്കും മാര്‍ക്കിനും പ്രധാന്യം കുറവായതിനാല്‍ പഠനത്തെ ബാധിക്കാതെതന്നെ എട്ടാം വയസ്സു മുതല്‍ യൂറോപ്പിലെ പ്രമുഖ ചെസ്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കാള്‍സനു സാധിച്ചു. നോര്‍വീജിയന്‍ സ്‌കൂള്‍ സംവിധാനം ഉറപ്പ് തരുന്ന 'ഫ്‌ളക്‌സിബിലിറ്റി' തന്റെ മകന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മാഗ്‌നസ് കാള്‍സന്റെ പിതാവ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് പതിനഞ്ച് വയസ്സിനു മുന്‍പുതന്നെ മാഗ്‌നസ് കാള്‍സന് പതിനായിരം മണിക്കൂറെങ്കിലും ചെസ്സ് പരിശീലനത്തിനായി മാറ്റിവെയ്ക്കാനായി.

പാചകമുള്‍പ്പടെ പ്രായോഗിക ജീവിതത്തിനുതകുന്ന പല കാര്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ സ്‌കൂള്‍ വിദ്യാഭാസത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന് നോര്‍വേ,സ്വീഡന്‍, ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡ് എന്നിവടങ്ങളിലെ ബഹുഭൂരിപക്ഷത്തിനും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കേക്കുണ്ടാക്കാന്‍ അറിയാം. ബേക്കിങിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്നാണവര്‍ പഠിക്കുന്നത്. റോഡ് നിയമങ്ങളും അപ്പര്‍ പ്രൈമറിതലത്തില്‍ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ചില ദിവസങ്ങളില്‍ സൈക്കിളുകളുമായി വേണം സ്‌കൂളിലെത്താന്‍. സൈക്കിള്‍ റോഡിലൂടെ ഓടിപ്പിച്ചും പാര്‍ക്കിങ് ബേയിലെത്തിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ച് അധ്യാപകര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും.

സ്‌കൂള്‍ കാലഘട്ടത്തിനുശേഷം ഏതെങ്കിലുമൊരു കോഴ്‌സിന് അഡ്മിഷന്‍ നേടാന്‍വേണ്ടി വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന രീതി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലില്ല. പ്ലസ് വണ്‍ മുതല്‍ പ്ലസ് ത്രീ വരെയുള്ള കാലയളവില്‍ കുട്ടികളുടെ അഭിരുചികളെക്കുറിച്ച് കൃത്യമായൊരു മാപ്പിങ് സ്‌കൂളുകളില്‍ നടന്നിട്ടുണ്ടാകും. ഓരോ വിദ്യാര്‍ത്ഥിയുടേയും അഭിരുചിയും കഴിവുകളും നോക്കി സ്‌കൂളിലെ കരിയര്‍ അഡൈ്വസേഴ്‌സ് വ്യത്യസ്തങ്ങളായ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലേക്ക് അഡൈ്വസ് ചെയ്യും. അതാതു സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്നാണ് പരാതികള്‍ക്ക് ഇടനല്‍കാത്തവിധം കുട്ടികളുടെ ശേഷികള്‍ നിര്‍ണ്ണയിക്കുന്നത്.

ഇന്ത്യയിലേതുപോലെ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാനായി ഒരു പൊതുപ്രവേശന പരീക്ഷ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്ല. പ്ലസ് വണ്‍ മുതല്‍ പ്ലസ് ത്രീ വരെയുള്ള കാലയളവില്‍ അധ്യാപകര്‍ നല്‍കുന്ന സ്‌കൂള്‍തല പരീക്ഷകളുടെ ശരാശരി മാര്‍ക്കാണ് മെഡിക്കല്‍ കോഴ്‌സിനുള്ള പ്രവേശനത്തിന്റെ പ്രധാന മാനദണ്ഡം. പ്ലസ് ത്രീയുടെ അവസാനം നടക്കുന്ന പൊതുപരീക്ഷയുടെ മാര്‍ക്കും പരിഗണിക്കപ്പെടും. അഭിരുചിയും ആഗ്രഹവുമുള്ള ഒരാള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കാതെ വന്നാലും ആ വിദ്യാര്‍ത്ഥിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അടയുന്നില്ല. മറ്റൊരു കോഴ്‌സിന് പോയശേഷം ഡിഗ്രിയുമായി വന്നാല്‍ അവിടെ ലഭിച്ച ക്രെഡിറ്റുകള്‍ പരിഗണിച്ച് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടാം. പ്രസ്തുത വിദ്യാര്‍ത്ഥിക്ക് മൂന്നോ നാലോ വര്‍ഷം നഷ്ടപ്പെടുമെങ്കിലും ഡോക്ടറാകാനുള്ള ആഗ്രഹം അവശേഷിക്കുന്നുണ്ടെങ്കില്‍ 'സൈഡ് എന്‍ട്രി' വഴി അഡ്മിഷന്‍ നേടാന്‍ സ്‌കാന്‍ഡിനേവിയന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സാധിക്കും.

മെഡിസിന്‍ പോലുള്ള കോഴ്സുകള്‍ക്ക് ആകര്‍ഷണീയത ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ വലിയൊരു തള്ളിക്കയറ്റം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഉണ്ടാകാറില്ല. വ്യത്യസ്ത ജോലികള്‍ തമ്മില്‍ സ്റ്റാറ്റസ്സിലൊ ശമ്പളത്തിലോ കാര്യമായ വ്യതാസമില്ല എന്നതാണ് പ്രധാന കാരണം.

കഴിവും അഭിരുചിയും അടിസ്ഥാനമാക്കിയുള്ള മെറിറ്റോക്രാറ്റിക് സംവിധാനമാണ് നിലനില്‍ക്കുന്നതെങ്കിലും ഒരു വ്യക്തിയുടെ കരിയറിലെ നേട്ടങ്ങളും സാമൂഹികപദവിയും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നു സാരം.

ഫിന്‍ലന്‍ഡ് മാതൃക

താരതമ്യേന 'റിലാക്‌സഡ്' ആയ സ്‌കൂള്‍ സംവിധാനമാണ് നിലവിലുള്ളതെങ്കിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കുട്ടികള്‍ പഠനനിലവാരത്തില്‍ പിന്നാക്കമല്ല എന്നതാണ് യാഥാര്‍ഥ്യം. കുട്ടികളുടെ വായനയിലുള്ള കഴിവും കണക്കിലും ശാസ്ത്രവിഷയങ്ങളിലുമുള്ള പ്രാവീണ്യം അടിസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ 'പിസ' റാങ്കിങ്ങില്‍ ആദ്യ മുപ്പത് സ്ഥാനക്കാരില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമുണ്ട്. മാത്തമാറ്റിക്സിന്റെ കാര്യത്തില്‍ മത്സരാധിഷ്ഠിത സ്‌കൂള്‍ സംവിധാനം നിലവിലുള്ള അമേരിക്കയെക്കാള്‍ മികച്ച നിലയിലാണ് ഫിന്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ കോംപ്റ്റിറ്റിവ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലന്‍ഡിലാണ് ലോകത്തിലെ ഏറ്റവും വികസിതമായ വിദ്യാഭ്യാസ സമ്പ്രദായമുള്ളത്. താരതമ്യേനെ ചുരുങ്ങിയ സമയം മാത്രം സ്‌കൂളില്‍ പോയിക്കൊണ്ടാണ് ഫിന്‍ലന്‍ഡിലെ കുട്ടികള്‍ ലോകത്തിനു മുന്‍പിലെത്തിയത്. പാശ്ചാത്യലോകത്തുതന്നെ വര്‍ഷത്തില്‍ ഏറ്റവും കുറച്ച് സ്‌കൂള്‍ ദിനങ്ങളും ഏറ്റവും കുറച്ച് മണിക്കൂറുകള്‍ ദിവസവും കുട്ടികള്‍ സ്‌കൂളില്‍ ചിലവഴിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. ഫിന്‍ലന്‍ഡിലെ കുട്ടികള്‍ ക്ലാസ്സ്മുറികളില്‍ ചിലവഴിക്കുന്ന സമയവും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഉദാഹരണത്തിന് ഒന്നാം ക്ലാസ്സില്‍ പ്രവേശിക്കപ്പെടുന്ന ഏഴ് വയസ്സുള്ളൊരു കുട്ടി ക്ലാസ് മുറിയില്‍ ചിലവഴിക്കണ്ടേ സമയം ആഴ്ചയില്‍ ഇരുപത് മണിക്കൂറാണ്. അതേ പ്രായത്തിലുള്ള ഒരു ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി ക്ലാസ്സില്‍ ചെലവഴിക്കേണ്ട സമയത്തിന്റെ പകുതി മാത്രമാണിത്. ബാക്കി സമയം കുട്ടികള്‍ പലതരം ഇന്‍ഡോര്‍-ഔട്ട്ഡോര്‍ കളികള്‍ക്കു വേണ്ടിയാകും വിനയോഗിക്കുക. ഒട്ടുമിക്ക സ്‌കാന്‍ഡിനേവിയന്‍ സ്‌കൂളുകള്‍ക്കും ചെറിയൊരു സ്‌പോര്‍ട്‌സ് കോംപ്ലക്സും സ്വന്തമായുണ്ടാകും.

മറ്റു സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെന്നപോലെ ഫിന്‍ലന്‍ഡിലെ പ്രൈമറി സ്‌കൂളുകളില്‍ ഹോംവര്‍ക്ക് നല്‍കാറില്ല. കുട്ടികള്‍ക്ക് കൂടുതല്‍ സമയവും കുട്ടികളായിരിക്കാനും ജീവിതം ആസ്വാദ്യകരമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ക്രിസ്റ്റ കീറോ വിശദീകരിച്ചത്.

ഹോംവര്‍ക്ക് ഒഴിവാക്കിയാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം കുടുംബത്തില്‍ ഒരുമിച്ചിരിക്കാനും കളികളിലും സംഗീതത്തിലും ഏര്‍പ്പെടാനും സമയം ലഭിക്കും.

എല്ലാ സ്‌കൂളുകളിലും കുട്ടികള്‍തന്നെ നടത്തുന്നൊരു സ്റ്റുഡന്റ് കഫേ ഉണ്ടാകും. ഉച്ചയ്ക്കുള്ള ഭക്ഷണം സൗജന്യമായി അവിടെനിന്ന് ലഭിക്കും. അധ്യാപകര്‍ക്കൊപ്പം ഇരുന്നാകും വിദ്യാര്‍ത്ഥികളും ലഞ്ച് കഴിക്കുക. പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ പോലും അവരവര്‍ കഴിക്കുന്ന പ്ലേറ്റുകള്‍ വൃത്തിയാക്കണം.

സെക്കണ്ടറി സ്‌കൂളില്‍ അവസാന വര്‍ഷമുള്ള മെട്രിക്കുലേഷന്‍ പരീക്ഷ ഒഴിച്ചാല്‍ ഫിന്‍ലന്‍ഡിലെ കുട്ടികള്‍ നിര്‍ബന്ധിത പൊതുപരീക്ഷകള്‍ ഒന്നും എഴുതേണ്ടതില്ല. അഞ്ച് പേപ്പറുകളാണ് ഫിന്നിഷ് മെട്രിക്കുലേഷന്‍ എക്‌സാമിനേഷനില്‍ ഉണ്ടാവുക. മാതൃഭാഷയിലുള്ള ഒരു പേപ്പര്‍ എല്ലാവരും നിര്‍ബന്ധമായി എഴുതണം. അതിനു പുറമേ രണ്ടാമതൊരു ദേശീയ ഭാഷ, ഒരു വിദേശ ഭാഷ, മാത്തമാറ്റിക്‌സ് എന്നിവയ്ക്കും പരീക്ഷയുണ്ട്. സയന്‍സും ഹ്യൂമാനിറ്റീസും ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങളില്‍നിന്ന് ഒരെണ്ണവും വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കണം. ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് മാത്രമാണ് പൊതുപരീക്ഷയുടെ ഫലം ഉപയോഗിക്കപ്പെടുക. ഫിന്‍ലന്‍ഡിലെ സ്‌കൂള്‍ കരിക്കുലം പത്തുവര്‍ഷത്തിലൊരിക്കല്‍ സമഗ്രമായ മാറ്റത്തിന് വിധേയമാക്കാറുണ്ട്. ഒരു കരിക്കുലം എങ്ങനെ പഠിപ്പിക്കണം, എത്രമാത്രം ടെക്‌നോളജി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക അതാത് സ്‌കൂളുകളിലെ അധ്യാപകരാണ്.

ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയ്ക്ക് ഇന്ന് പ്രചാരമേറുകയാണ്. 'ഫിന്‍ലന്‍ഡ് വേ' എന്ന ഹെല്‍സിങ്കി ആസ്ഥാനമായിട്ടുള്ള വിദ്യാഭ്യാസ കമ്പനിക്ക് നാല് ഭൂഖണ്ഡങ്ങളിലായി പതിനൊന്ന് പ്രീസ്‌കൂളുകള്‍ ഉണ്ട്. ഹെല്‍സിങ്കിയിലും ദുബായിലും ആസ്ഥാനമുള്ള 'എഡ്യൂക്കേഷന്‍ ഹൗസ്-ഫിന്‍ലന്‍ഡ്' എന്ന സ്ഥാപനം ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം വേരുറപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫിന്‍ലന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂളാണ് മറ്റൊരുദാഹരണം.

ടെസ്റ്റുകള്‍ അടിസ്ഥാനമാക്കിയുള്ള മത്സരത്തിനപ്പുറം കുട്ടികള്‍ക്കിടയിലുള്ള പരസ്പര സഹകരണത്തിനും ഔപചാരികതകളില്ലാത്ത അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിനും ഊന്നല്‍ കൊടുക്കുന്ന ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം പൂനെയിലെ സ്‌കൂളില്‍ ചെറിയ ക്ലാസുകള്‍ മുതല്‍ നടപ്പിലാക്കാനാണ് ശ്രമം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികള്‍ക്കുണ്ടായിരിക്കേണ്ട ശേഷികളായി കണക്കാക്കപ്പെടുന്ന വിമര്‍ശനാത്മക ചിന്ത, സര്‍ഗ്ഗവൈഭവം, ആശയവിനിമയം, സഹപ്രവര്‍ത്തനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സ്‌കൂള്‍ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. മാനസിക പിരിമുറക്കം തീരെയില്ലാത്ത, കുട്ടികളെ ക്ലാസ്സ്മുറികള്‍ക്കുള്ളിലും ട്യൂഷന്‍ ക്ലാസ്സുകളിലും തളച്ചിടാത്ത മനസ്സിനേയും ശരീരത്തേയും ഒരേപോലെ ഉത്തേജിപ്പിക്കുന്ന പാഠ്യപദ്ധതികള്‍ തലച്ചോറിനെ വികസിപ്പിക്കുമെന്നാണ് (ന്യൂറോപ്ലാസ്റ്റിസിറ്റി) വിദഗ്ധമതം.

കുറഞ്ഞ ജനസംഖ്യയും ഉയര്‍ന്ന സാമ്പത്തിക നിലവാരവുമുള്ള സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങള്‍ പ്രവര്‍ത്തികമാക്കിയ ലോകോത്തര വിദ്യാഭ്യാസ മാതൃക അതേപടി കേരളത്തില്‍ നടപ്പിലാക്കുന്നത് എളുപ്പമല്ലായിരിക്കാം. എന്നാല്‍, നോളേജ് ഇക്കോണമിയില്‍ ചുവടുറപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ മുന്നേറാന്‍ ശ്രമിക്കുന്ന കേരളംപോലെ മാനവികവികസനത്തില്‍ മുന്‍പന്തിയിലുള്ളൊരു സംസ്ഥാനത്തിന് ഫിന്‍ലന്‍ഡ് ഉള്‍പ്പെടുന്ന സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളിലെ സ്‌കൂള്‍ സംവിധാനത്തില്‍നിന്നും പഠിക്കാനേറെയുണ്ട്.

(സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഗവേഷണ-അധ്യാപന മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ് ലേഖകര്‍)


Content Highlights: Scandinavian model in education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented