Representational Image
പഠനശേഷം സ്ഥിരജോലി തരപ്പെടുത്താന്‍ ബുദ്ധിമുട്ടുന്ന ചെറുപ്പക്കാര്‍ക്ക് അത്താണിയായിരുന്നു ഒരു കാലത്ത് പാരലല്‍ കോളേജുകള്‍. പയ്യന്നൂര്‍ കോളജില്‍ നിന്ന് ബി.എസ്.സി മാത്തമാറ്റിക്‌സ് കഴിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ നേരം കൊല്ലി നടന്ന കാലത്താണ് ഞാനൊരു പാരലല്‍ കോളജ് അധ്യാപകന്റെ കുപ്പായമണിയുന്നത്. അങ്ങിനെയൊരു 'നല്ല'കാലം മിക്കവാറും പേരുടെ ജീവിതത്തില്‍ കാണുമല്ലോ.
ഒന്നു ചുമ്മാ കറങ്ങാന്‍, സിനിമ കാണാന്‍, കൂട്ടുകാരുടെ കൂടെ പോകാന്‍ ഒക്കെ കാശ് വീട്ടില്‍ നിന്നുവാങ്ങേണ്ട അവസ്ഥ. കുടുംബസാമ്പത്തിക ശാസ്ത്രത്തില്‍ ചെലവിന്റെ വകതിരിവ് അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ തരംതിരിക്കേണ്ടതിന്റെ ആവശ്യകത അധ്യാപികയായ അമ്മ മുന്‍പേ പഠിപ്പിച്ചിരുന്നു. അത്യാവശ്യമുള്ള കാര്യങ്ങള്‍ തന്നെ ഒരുമാതിരി ഒപ്പിച്ചു പോകുന്ന അച്ഛനോടും അമ്മയോടും അനാവശ്യവിഭാഗത്തില്‍ പെടുന്ന എന്റെ നേരം കൊല്ലി പരിപാടികള്‍ക്ക് പണം ചോദിക്കുന്നതെങ്ങനെ?
അക്കാലത്ത് ബാലപംക്തികളില്‍ ഇടയ്ക്ക് കഥയും കവിതയുമെഴുതുമായിരുന്നു, പ്രസിദ്ധീകരിക്കുന്നവയ്ക്ക് തപാലില്‍ 15 രൂപ വച്ച് പ്രതിഫലം കിട്ടിയിരുന്നതാണ് അന്നത്തെ എന്റെ ആകെ വരുമാനം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രതിഫലം കിട്ടിയത്, സുഗതകുമാരിയുടെ കൈയില്‍ നിന്ന്തളിര് മാസികയില്‍ ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നപ്പോള്‍. തുടര്‍ന്ന് ഒന്നുരണ്ടുമാസം കൂടുമ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍ നിന്ന് പരിപാടിയവതരിപ്പിക്കാന്‍ വിളിക്കുന്നവകയില്‍ 75 രൂപ കിട്ടും. കഥയവതരിപ്പിക്കല്‍, നാടകരചന ഒക്കെയുണ്ടായിരുന്നു. ഒരു തവണ ലോട്ടറിയടിച്ചപോലെ 375 രൂപകിട്ടി.
എം.എസ്.സി മാത്തമാറ്റിക്‌സ് അന്ന് കോഴിക്കോടുള്ള കോളജുകളില്‍ മാത്രമെ ഉള്ളൂ. ബി.എസ്.സിക്ക് 90 ശതമാനത്തോളം മാര്‍ക്കുണ്ടെങ്കില്‍ അന്ന് യൂണിവേഴ്‌സിറ്റി സെന്ററിലും ഫറൂക്ക് കോളജിലും ദേവഗിരി കോളജിലും അഡ്മിഷന്‍ ലഭിക്കും. മാര്‍ക്ക് അത്രയും എത്താത്തതുകൊണ്ട് സീറ്റ് കിട്ടിയില്ല.
ഏതെങ്കിലും ട്യൂട്ടോറിയലില്‍ പഠിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കവേയാണ് കോളേജില്‍ സീനിയര്‍ ആയിരുന്ന ഹരീന്ദ്രന്‍ വീട്ടിലെത്തുന്നത്. പയ്യന്നുരില്‍ 'ആമ്പിയര്‍' എന്ന ട്യൂട്ടോറിയല്‍ കോളജ് നടത്തുകയാണ് കക്ഷി. എന്റെ സുഹൃത്തും സഹപാഠിയുമായ കെ.ടി.രവീന്ദ്രന്‍ (പിന്നീട് പയ്യന്നൂര്‍ കോളജ് പ്രിന്‍സിപ്പലായി) പറഞ്ഞയച്ചിട്ട് വന്നതാണ്. രവി അവിടെ കണക്ക് പഠിപ്പിക്കുന്നുണ്ട് അന്ന്. ബി.എസ്.സിക്ക് എന്നെക്കാളും കനമുള്ള മാര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് അവന് യൂണിവേഴ്‌സിറ്റി സെന്ററില്‍ എം.എസ്.സി ക്ക് പ്രവേശനം കിട്ടി പോവുകയാണ്. ആമ്പ്യറിന് അവന്റെ ഒഴിവിലേക്ക് ഒരാളെ വേണം.
എനിക്ക് കണക്കു ഏറ്റവും പ്രിയമെങ്കിലും പഠിപ്പിച്ചു പരിചയമില്ല. ഏതായാലും പണത്തിന്റെ ആവശ്യവുമുണ്ടല്ലോ, ഒരു കൈ നോക്കാം എന്നു തീരുമാനിച്ചു. പി.ജിക്ക് സീറ്റു കിട്ടാനുള്ള 90 ശതമാനം മാര്‍ക്ക് ഇല്ലായിരുന്നെങ്കിലും കണക്ക് എനിക്ക് വളരെ 'മലയാളം പോലെ'അറിയുമായിരുന്നു, അതുകൊണ്ട് ഒരു തയ്യാറെടുപ്പും ആവശ്യമില്ല; ചിരിച്ചു കൊണ്ട് പുസ്തകം പോലും കൂട്ടിനില്ലാതെ കൈവീശിനടന്നാണ് പയ്യന്നൂരില്‍ ബസ്സിറങ്ങി മെല്ലെ ട്യൂട്ടോറിയലിലെത്തിയത്.
പ്രീഡിഗ്രിക്ക് പഠിക്കുന്ന ഒരുപാട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തിങ്ങിനിറഞ്ഞ ക്ലാസ്. അവരെ കണ്ടതും നെഞ്ച് പടപടാ പിടച്ചു തുടങ്ങി. കാലിന് കുറച്ചു വിറയലും. സ്‌കൂളിലും കോളജിലും കൂട്ടുകാര്‍ക്കൊപ്പം തരം കിട്ടുമ്പോളൊക്കെ പഠിപ്പിക്കുന്നവരെ കുഴക്കുകയും കാലുവാരുകയുമൊക്കെ ചെയ്തിട്ടുണ്ട്. പണി കിട്ടുമോ? ഈ കുമാരീകുമാരസംഘം വലക്കുമോ?
എന്നാലും ഞാന്‍ നെഞ്ചും വിരിച്ച് നിന്നു. എനിക്കിത് നേരെ ചൊവ്വേ കൊണ്ടുപോയേപറ്റു. പൈസയുണ്ടാക്കാന്‍ വേറെ വഴിയില്ലാഞ്ഞപ്പോള്‍ എന്റെ വിഷമമറിഞ്ഞ് ദൈവം നേരിട്ട് അഡ്മിഷന്‍ കൊടുത്ത് പറഞ്ഞയച്ചതാണ് എന്റെ സുഹൃത്തിനെ എന്നൊക്കെ ബസ്സിലിരുന്ന് ചിന്തിച്ച് കൊണ്ടാണ് വന്നത്.
ബസ്സിനുള്ള പൈസ വീട്ടില്‍ നിന്നു വാങ്ങുമ്പോള്‍ അഹങ്കാരവും പറഞ്ഞു, ഇനി ഇങ്ങിനെ ചോദിക്കേണ്ടി വരില്ല എന്ന്. അതിന്, 'കയ്യിലെന്തെങ്കിലും കിട്ടട്ടെ എന്നിട്ട് നീ അഹങ്കരിക്ക്' എന്ന് പറയുംപോലെ ഒരു നോട്ടം അമ്മയുടെയടുത്തു നിന്ന് കിട്ടുകയുമുണ്ടായി.
'ആമ്പിയറി'ല്‍ സുഹൃത്ത് രവീന്ദ്രന്‍ പോയതില്‍ കുട്ടികള്‍ക്കൊക്കെ ഒരുപാട് സങ്കടം ഉണ്ടെന്ന് അവിടെയെത്തിയതും എനിക്ക് മനസ്സിലായി, ചിലര്‍ കരയുന്നുണ്ടായിരുന്നു. കുട്ടികള്‍ക്ക് അവനോട് അത്രയും സ്‌നേഹം! രവീന്ദ്രന്റെ പഠിപ്പിക്കലും കുട്ടികളോടു കാണിച്ച സൗഹൃദവും അറിഞ്ഞ് പകരക്കാരനായെത്തിയ എനിക്ക് അസൂയ വന്നു.
സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ പകരക്കാരനെ കാണാന്‍ കുട്ടികള്‍ ചിലരൊക്കെ വാതിലിനടുത്ത് വന്ന് ഒളിഞ്ഞു നോക്കി; 'ഓഹ് ഇവനോ' എന്ന് അവര്‍ പറയുകയാണോ? കണ്ടാല്‍ രവീന്ദ്രനെക്കാളും സൈസ് ചെറിയവനാണ് ഇവന്‍. എനിക്കങ്ങനെ 'കോംപ്ലക്‌സ് തലയ്ക്കു കയറിയിരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ ഹരീന്ദ്രന്‍ എന്റെ കയ്യില്‍ പഠിപ്പിക്കേണ്ട ഒരു പുസ്തകം തരുന്നു- പ്രീ ഡിഗ്രി ഫിസിക്‌സ് ടെക്സ്റ്റ് ബുക്ക്.
എന്റീശ്വരാ ഫിസിക്‌സ് പഠിപ്പിക്കുകയോ? കണക്കിനല്ലെ ഞാന്‍ വന്നത്?!
അതൊരു നടുക്കമായിരുന്നു.
ഭൂമി തലകീഴായി മറിഞ്ഞിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിക്കാറില്ലേ ചില അസാധാരണ നിമിഷങ്ങളില്‍?
തലചുറ്റി വീഴാഞ്ഞത് ഭാഗ്യം.
'കണക്ക് ഞാന്‍ ഏറ്റെടുത്തു, നീ ഇത് പഠിപ്പിച്ചാല്‍ മതി', പ്രിന്‍സിപ്പലിന്റെ ഓര്‍ഡറില്‍ ഞാന്‍ വിയര്‍ത്തു. കുറച്ചുനേരം ഒരത്ഭുതജീവിയെ കാണുന്നതു പോലെ ഫിസിക്‌സ് ബുക്ക് തുറിച്ചു നോക്കി അങ്ങിനെ നിന്നുപോയി.
ബിഎസ്സിക്ക് ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും ഫിസിക്‌സ് പഠിച്ചിരുന്നു. അല്ല, മുഖ്യ വിഷയമായ കണക്കിന് മേമ്പൊടിയായി ഫിസിക്‌സും ഉണ്ടായിരുന്നു എന്നുവേണം പറയാന്‍. വേണ്ട പോലെ പഠിച്ചിരുന്നില്ല.
ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി ഫിസിക്‌സ് പരീക്ഷയുടെ ദിവസം മോഹന്‍ലാലിന്റെ പുതിയ പടം പയ്യന്നുര്‍ സുമംഗലി തിയേറ്ററില്‍ റിലീസാകുന്നത് നേരില്‍ കാണാന്‍ പരീക്ഷ ഹാളില്‍ നിന്ന് ഒന്നുമെഴുതാതെ ഉത്തരക്കടലാസ് ടീച്ചര്‍ക്ക് കൊടുത്ത് സുഹൃത്തുക്കളുടെ കൂടെ ഇറങ്ങിയവനാണ് ഇവന്‍. പിന്നെ, ഫിസിക്‌സ് ക്ലാസില്‍ പ്രൊഫസര്‍ നാരായണന്‍ സാര്‍ പലതിന്റെയും ചിത്രം ബോര്‍ഡില്‍ വരയ്ക്കുമ്പോഴൊക്കെ പുറകിലിരുന്ന് കൂട്ടുകാരന്‍ ജയകൃഷ്ണനൊപ്പം 'മൈക്കല്‍ ആഞ്ചലോ വര തുടങ്ങി' എന്നു പറഞ്ഞ് കളിയാക്കിയതും ഇവന്‍.
പിന്നെ അതിന്റെയെല്ലാം പ്രത്യാഘാതമായി എന്നു പറയാം ടീച്ചര്‍മാര്‍ക്ക് ഫിസിക്‌സ് ക്ലാസില്‍ ഇവനെ പ്രത്യേകം ഒരു പരിഗണനയുണ്ടായിരുന്നു. കോളജില്‍ ആദ്യമായി ഫിസിക്‌സ് പരീക്ഷയില്‍ 'പൂജ്യം' വാങ്ങിയ മഹാന്‍.
അടുത്തവര്‍ഷം ഫിസിക്‌സ് ലാബില്‍ ഒരു ചെറിയ തെറ്റു പറ്റിയതിന്റെ പേരില്‍ സുകുമാരന്‍സാര്‍ എന്റ ലാബ് ബുക്ക് വലിച്ചെറിഞ്ഞു പറഞ്ഞു, 'നീയൊന്നും ഇതു പഠിച്ച് നന്നാവുമെന്ന് തോന്നുന്നില്ല'
ഫ്‌ളാഷ്ബാക്കുകളുടെ പരമ്പര തന്നെ മനസിലോടിയെത്തി. ക്ലാസില്‍ പോകാന്‍ സമയമായി. മടിച്ചു മടിച്ച് പോയി.
ശരിക്കുറപ്പില്ലാത്ത വിഷയം. പഠിപ്പിക്കാന്‍ പരിചയമില്ലാത്ത അന്തര്‍മുഖനായ ഒരു ടീനേജര്‍. പുതുതായി പഠിപ്പിക്കാന്‍ വന്നയാളെ ഇട്ടു പൊരിക്കാന്‍ റെഡിയായി കാത്തിരുന്ന ഒരുകൂട്ടം പയ്യന്നൂര്‍ കോളജില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ പ്രീഡിഗ്രി കുട്ടികള്‍. മതിയല്ലോ.
നീന്താനറിയാത്തയാള്‍ വെള്ളത്തില്‍ വീണ പോലെയായി എന്റെ ഓരോ ദിവസവും.കുട്ടികളെ നന്നായി പഠിപ്പിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ബോധ്യം വന്ന ദിനങ്ങള്‍. പഠിക്കാന്‍ മിടുക്കരായ കുട്ടികളായിരുന്നു ക്ലാസ് മുഴുവന്‍. ചോദിക്കുന്നതൊക്ക കഠിനമായ ചോദ്യങ്ങള്‍. ചോദ്യശരങ്ങള്‍. ഞാന്‍ ഉത്തരം പറയാന്‍ കഴിയാതെ പതറുമ്പോള്‍ അടക്കിപ്പിടിച്ച പരിഹാസച്ചിരി. ക്ലാസു നിറയെ. കൂടുതല്‍ ചോദ്യം ചോദിച്ച് കുഴക്കിയിരുന്ന ഒരു പയ്യന്‍ പനിപിടിച്ച് രണ്ടു ദിവസം വരാതായപ്പോള്‍ ഞാന്‍ സന്തോഷിക്കുകയുമുണ്ടായി. ക്ലാസില്‍ കയറുമ്പോള്‍ നോക്കും ആ ചോദ്യശരം ഇന്നും വന്നിട്ടുണ്ടൊ?
ചിലപ്പോള്‍ കുട്ടികളെ നോക്കാതെ ബോഡില്‍ നോക്കിയാണ് സംസാരിച്ച് വിഷയം നീക്കുക. ഒരു അധ്യാപകന്റെ ദുരവസ്ഥ!
വൈകുന്നേരം വീട്ടിലെത്തിയാല്‍ രാത്രി മിക്കവാറും ഉറക്കമിളച്ചിരുന്ന് ഫിസിക്‌സ് പഠനമായി. അടുത്തദിവസം പഠിപ്പിക്കേണ്ട കാര്യങ്ങള്‍. ഇവന്‍ വിദ്യാര്‍ത്ഥിയോ അധ്യാപകനോ എന്ന് വീട്ടുകാര്‍ക്ക് തോന്നിക്കാണണം. എന്റെ സ്ട്രസ്സ് കണ്ട് ആരും ഒന്നും ചോദിച്ചില്ല.
രണ്ടാഴ്ചയായപ്പോള്‍ മടിച്ചു മടിച്ച് ഹരീന്ദ്രനോട് ശമ്പളത്തിന്റെ കാര്യം പരാമര്‍ശിച്ചു. അത് കേട്ടഭാവമില്ല. ക്ലാസ് കോലാഹലമായതിന്റെ പ്രതികരണമായി ഞാന്‍ കണക്കാക്കി. അന്തര്‍മുഖത്വം, ക്ലാസിലെ എന്റെ 'പെര്‍ഫോമന്‍സിനെ' കുറിച്ചുള്ള സ്വയം വിലയിരുത്തല്‍ ഒക്കെ കാരണം കൂടുതല്‍ ശക്തിയായി ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
പക്ഷ മൂന്നുനാല് ആഴ്ചയ്ക്കകം ഫിസിക്‌സ് വരുതിയില്‍ വന്നു. ഫിസിക്‌സ് എന്ന വിഷയത്തോട് കുടുതല്‍ ഇഷ്ടവും വന്നു. പഠിക്കേണ്ട സമയത്ത് ഉഴപ്പിനടന്നതില്‍ ദു:ഖവും.
ഫിസിക്‌സില്‍ മാര്‍ക്ക് കുറഞ്ഞത് പഠിക്കാന്‍ കഴിയാഞ്ഞിട്ടല്ല ശ്രമമില്ലാതിരുന്നതു കാരണം മാത്രം എന്നതിരിച്ചറിവില്‍ സ്വയം പഴിച്ചു. ഗണിതശാസ്ത്രവിഷയങ്ങളില്‍ നൂറു ശതമാനത്തിനടുത്ത് മാര്‍ക്ക് കിട്ടിയിട്ടും ആ കുറവു കാരണമാണ് ബി.എസ്.സി യുടെ മൊത്തം മാര്‍ക്ക് കുറഞ്ഞതും എം.എസ്.സി പ്രവേശനം കിട്ടാതിരുന്നതും.
ആമ്പിയറിലെ പഠിപ്പിക്കല്‍ അല്‍പാല്‍പമായി മെച്ചമായി വരുമ്പോഴേക്കും എനിക്ക് കോഴിക്കോട് ഫറൂക്ക് കോളജില്‍ എം.എസ്.സി ക്ക് വൈയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് പ്രവേശനമായി. ഉഴപ്പാതെ പഠിച്ച് നല്ല മാര്‍ക്കു വാങ്ങി പുറത്തു വന്നു. പിന്നീട് കേരള സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ സയന്‍സ് പ്രവേശന പരീക്ഷ എഴുതാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍.
മാത്തമാറ്റിക്‌സിനെക്കാളുമധികം പരീക്ഷയില്‍ ബഹുഭൂരിപക്ഷം ചോദ്യങ്ങളും ഫിസിക്‌സില്‍ നിന്നായിരുന്നു. ആമ്പിയറില്‍ എന്നെ ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കി ഫിസിക്‌സ് പഠിപ്പിച്ച കുട്ടികളോട് പ്രവേശനപരീക്ഷയിലെ എന്റെ ഓരോ ഉത്തരവും കടപ്പെട്ടിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തി. ആയിരക്കണക്കിന് കുട്ടികളുണ്ടായിരുന്നതിനാല്‍ പ്രവേശനപരീക്ഷയില്‍ വളരെയൊന്നും പ്രതീക്ഷ വച്ചില്ല. അപ്പൊഴേക്കും ഞാന്‍ കണ്ണൂരിലെ സിവില്‍ സ്റ്റേഷനില്‍ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു ഇന്‍വസ്റ്റിഗേറ്റര്‍ എന്ന ക്ലറിക്കല്‍ ലവല്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു
ഒരു ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും പോസ്റ്റ് മാന്‍ ഒരു കത്ത് കയ്യില്‍ തരുന്നു. തിരുവനന്തപുരം കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്. ഒരു കാര്യം പരാമര്‍ശിക്കാന്‍ മറന്നു പോയി. നാലാഴ്ച പഠിപ്പിച്ചതിന് ഒരു രൂപ പോലും ആമ്പിയര്‍ ശമ്പളം തന്നിരുന്നില്ല അവിടുന്ന് വിട്ടു പോരുമ്പോള്‍ പോലും. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന പാട്ടെഴുതിയത് ഞാനല്ലെങ്കിലും ആ അനുഭവം എന്റേതു കൂടിയാണ്. (അന്നത്തെ ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്ക് വായിക്കുമ്പോള്‍ ഇത് പുതുമയായി തോന്നില്ല എന്നറിയാം)
എന്നാല്‍ പോസ്റ്റുമാന്‍ തന്ന ഈ കത്തിലുണ്ടായിരുന്നു ആ ദിവസങ്ങളിലെ എന്റെ കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലം! കേരള സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക്
പഠിക്കാന്‍ ചിലവഴിക്കുന്ന ശ്രമം ഒരിക്കലും പാഴാവുന്നില്ല എന്നുപറയാമെങ്കിലും പഠിക്കണ്ടത് അതിന്റെ സമയത്തുതന്നെ ചെയ്തിരുന്നെങ്കില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ലായിരുന്നു എനിക്ക്. മോഹന്‍ലാലിന്റെ സിനിമ യൂണിവേഴ്‌സിറ്റി പരീക്ഷ കഴിഞ്ഞശേഷം കണ്ടാലും മതിയായിരുന്നു, ജീവിതകാലം മുഴുവന്‍ മാര്‍ക്ക് ലിസ്റ്റില്‍ ഒരു പൂജ്യം കൊണ്ടുനടക്കേണ്ടി വരില്ലായിരുന്നല്ലോ.
(32 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനും ന്യൂയോര്‍ക്കിലെ Memorial Sloan Kettering Cancer Center-ന്റെ ക്ലൗഡ് ടെക്‌നോളജി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയുമാണ് ലേഖകന്‍)
(പഠനകാലത്തെ അനുഭവങ്ങള്‍ നിങ്ങള്‍ക്കുമെഴുതാം. നിങ്ങളുടെ ഫോട്ടോ സഹിതം കുറിപ്പ് 94003 18888 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യൂ)
Content Highlights: prasanna kumar aduthila shares his experience of college days
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..