പ്രതീകാത്മക ചിത്രം| Photo: Freepik
ഓരോവർഷം കഴിയുംതോറും കൂടുതൽ അവസരങ്ങൾ നൽകുന്ന മേഖലകളാണ് ഫാർമസി, പരാമെഡിക്കൽ. മെഡിക്കൽ കോഴ്സുകൾക്കെന്നപോലെ എന്നും സാധ്യതയുള്ളവയാണ് ഇവ. കേരളത്തിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡോക്ടർക്കൊപ്പം ജോലി
രോഗനിർണയം, ചികിത്സ തുടങ്ങിയ മേഖലകളിൽ ഡോക്ടർമാരുമൊത്ത്, അവരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവരാണ് പാരാമെഡിക്കൽ ആരോഗ്യപ്രവർത്തകർ. കിടത്തിച്ചികിത്സയില്ലാത്ത ക്ലിനിക്കുകൾമുതൽ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികളിൽവരെ ഇവർക്ക് തൊഴിൽ ലഭിക്കാം. ഇവയിൽ ചില മേഖലകൾ ആശുപത്രിയോടുചേർന്നു മാത്രം തൊഴിലവസരങ്ങൾ നൽകുമ്പോൾ മറ്റുചിലത് സ്വകാര്യപ്രാക്ടീസിനും സംരംഭകത്വത്തിനും അവസരമൊരുക്കുന്നു.
യോഗ്യത
പ്ലസ്ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് ജയിച്ചിരിക്കണം. ഫാർമസി ഡിപ്ലോമ പ്രവേശനത്തിന്, ബയോളജിക്കുപകരം മാത്തമാറ്റിക്സ് പഠിച്ചവർക്കും അപേക്ഷിക്കാം. ഫാർമസി ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 35 ശതമാനം) വേണം. ഡിപ്ലോമ ഇൻ ഫാർമസി പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യപരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച് ജയിച്ചിരിക്കണം. മാർക്ക് വ്യവസ്ഥയില്ല. വി.എച്ച്.എസ്.ഇ.യുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്സുകൾ പഠിച്ചവർക്ക്, ചില കോഴ്സുകളിൽ സംവരണം ഉണ്ട്. പ്രായം (സർവീസ് വിഭാഗം ഒഴികെ): 2022 ഡിസംബർ 31-ന് 17 വയസ്സ്.
അവസരങ്ങൾ
പാരാമെഡിക്കൽ പ്രോഗ്രാമുകൾ പൂർത്തിയാക്കുന്നവർക്ക് സർക്കാർ/സ്വകാര്യ മേഖലകളിലെ സാധാരണ ക്ലിനിക്കുകൾ, പബ്ലിക് ഹെൽത്ത് സെൻററുകൾ, കമ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഹെൽത്ത് ക്ലിനിക്കുകൾ, ഫിറ്റ്നസ് സെൻററുകൾ എന്നിവിടങ്ങളിൽ മേഖലയ്ക്കനുസരിച്ച് തൊഴിലവസരങ്ങളുണ്ട്. പ്രതിരോധ, വ്യവസായ, പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശുപത്രികളിലും അവസരങ്ങളുണ്ട്. അധ്യാപന, ഗവേഷണ മേഖലയിലും വിദേശരാജ്യങ്ങളിലും അവസരങ്ങളുണ്ട്.
ഇന്റേൺഷിപ്പ്
റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോതെറാപ്പി ടെക്നോളജി പ്രോഗ്രാം മൂന്നുവർഷ കോഴ്സും മറ്റുള്ളവ പൊതുവേ രണ്ടുവർഷ കോഴ്സുകളുമാണ്. ചില രണ്ടുവർഷ കോഴ്സുകൾക്ക് ആറുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ഉണ്ടാകും. വിശദാംശങ്ങൾ lbscentre.in-ൽ പ്രോഗ്രാം ലിങ്കിലെ പ്രോസ്പെക്ടസിൽ ഉണ്ട്.
അപേക്ഷ
ഒന്നോ ഒന്നിൽ കൂടുതൽ കോഴ്സുകളിലേക്കോ പരിഗണിക്കപ്പെടാൻ, ഒരൊറ്റ അപേക്ഷയേ നൽകാവൂ. lbscentre.in വഴി ഡിസംബർ ഒൻപതുവരെ നൽകാം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 12-നകം നടത്തണം.
Content Highlights: para medical diploma courses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..