പ്രതീകാത്മക ചിത്രം | Photo: gettyimages.in
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്അണ്ടര് ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) കേരളത്തില്‍ ബിരുദതല മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനം തേടുന്നവര്‍ക്ക് വളരെ പ്രാധാന്യമുള്ള പരീക്ഷയാണ്. കേരളത്തില്‍ മെഡിക്കല്‍ വിഭാഗത്തിലെ ആറ്് പ്രോഗ്രാമുകള്‍ക്കും മെഡിക്കല്‍ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകള്‍ക്കും നീറ്റ് യു.ജി. 2021 ബാധകമാണ്.
നീറ്റ് യു.ജി. യോഗ്യത
നീറ്റ് യു.ജി.യില്‍ യോഗ്യത നേടാന്‍ അപേക്ഷാര്‍ഥി 50 എങ്കിലും പെര്‍സന്റൈല്‍ സ്കോര്‍ നേടണം. ഏതു സ്കോറിനു മുകളിലാണോ പരീക്ഷ എഴുതിയവരില്‍ 50 ശതമാനം പേരുടെയും സ്കോര്‍ വരുന്നത് ആ സ്കോറാണ് 50-ാം പെര്‍സന്റൈല്‍ സ്കോര്‍.
പരീക്ഷാ മൂല്യനിര്‍ണയം കഴിഞ്ഞേ ഇത് കണ്ടെത്താന്‍ കഴിയൂ. 2020-ല്‍ ഇത് 147 ആയിരുന്നു. ഓരോ വര്‍ഷവും ഇതില്‍ മാറ്റം വരാം. പരീക്ഷ അഭിമുഖീകരിക്കുന്നവരുടെ അപേക്ഷിക മികവ് ഇത് വിലയിരുത്തുന്നു. പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40-ാം പെര്‍സന്റൈല്‍ സ്കോറും (60 ശതമാനം പരീക്ഷാര്‍ഥികളുടെ സ്കോര്‍ ഇതിനു മുകളിലായിരിക്കും), ജനറല്‍/ജനറല്‍ ഇ.ഡബ്ല്യു.എസ്. വിഭാഗം ഭിന്നശേഷിക്കാര്‍ക്ക് 45-ാം പെര്‍സന്റൈല്‍ സ്കോറും (55 ശതമാനം പരീക്ഷാര്‍ഥികളുടെ സ്കോര്‍ ഇതിനു മുകളിലായിരിക്കും) വേണം.
കേരളത്തിലെ മെഡിക്കല്‍ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി.യില്‍ 720-ല്‍ 20 മാര്‍ക്ക് മതി. പട്ടിക വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല. 2021-ലെ കീം മെഡിക്കല്‍ ആന്‍ഡ് അലൈഡ് അപേക്ഷകര്‍ ഇപ്പോള്‍ നീറ്റ്. യു.ജി. 2021ന് അപേക്ഷിക്കണം. അപേക്ഷിച്ച്, പരീക്ഷ എഴുതി, യോഗ്യത നേടി, അവരുടെ നീറ്റ് സ്കോര്‍ യഥാസമയം പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കിയാലേ (അപ് ലോഡിങ്) പ്രവേശനപരീക്ഷാ കമ്മിഷണറുടെ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് റാങ്ക് പട്ടികകളിലേക്ക് പരിഗണിക്കൂ.
ദേശീയതലത്തിലെ സീറ്റുകള്‍
പ്രവേശനത്തിന്റെ പരിധിയില്‍ വരുന്ന സീറ്റുകള്‍: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി/ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി/വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ നടത്തുന്ന അഖിലേന്ത്യാ/ അഖിലേന്ത്യ ക്വാട്ട കൗണ്‍സലിങ്; എയിംസ്, ജിപ്മര്‍, കേന്ദ്ര സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍, സംസ്ഥാനങ്ങളിലെ കോളേജുകള്‍ എന്നിവയിലെ എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകള്‍, സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി കോളേജുകളിലെയും സ്വകാര്യ സര്‍വകലാശാലകളിലെയും സര്‍ക്കാര്‍, മാനേജ്മെന്റ്, മൈനോരിറ്റി, എന്‍.ആര്.ഐ. സീറ്റുകള്‍, സെന്‍ട്രല്‍ പൂള് ക്വാട്ട എന്നിവ ഉള്‍പ്പെടുന്നു.
ഓരോ സംസ്ഥാനത്തിന്റെയും സംവരണ തത്ത്വങ്ങള്‍ പ്രകാരമായിരിക്കും അതതു സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സി സംസ്ഥാന ക്വാട്ട സീറ്റുകള്‍ നികത്തുക. പുണെ, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. ആദ്യഘട്ട ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷന് എം.സി.സി. വെബ്സൈറ്റ് വഴിയാകും. നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് അര്‍ഹതയുള്ളത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് എ.എഫ്.എം.സി. നടത്തും.
കേരളത്തില്‍ നീറ്റ് യു.ജി. ബാധകമായ പ്രോഗ്രാമുകള്‍:
മെഡിക്കല്‍ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.
മെഡിക്കല്‍ അലൈഡ്: ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്സി. കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്സി. ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. ബയോടെക്നോളജി. ഇവയില്‍ മെഡിക്കല്‍ വിഭാഗം കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത നേടണം.
വിദേശ പഠനം
വിദേശത്ത് മെഡിക്കല്‍, ഡെന്റല്‍ പഠനം ആഗ്രഹിക്കുന്നവരും (ഭാരതീയര്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാര്‍) നീറ്റ് യോഗ്യത നേടണം.
യോഗ്യത
നീറ്റിന് അപേക്ഷിക്കാന്‍ കുറഞ്ഞ പ്രായപരിധി 2021 ഡിസംബര്‍ 31-ന് 17 വയസ്സാണ്. ഉയര്‍ന്ന പ്രായപരിധി, പരീക്ഷാ തീയതിയില്‍ (2021 സെപ്റ്റംബര്‍ 12) 25 വയസ്സ്. പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. ഉയര്‍ന്ന പ്രായപരിധി വ്യവസ്ഥ, കോടതിയുടെ പരിഗണനയിലായതിനാല്‍ 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും കോടതി വിധിക്കു വിധേയമായി താത്കാലികമായി അപേക്ഷിക്കാം.
പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങളും മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവയും പഠിച്ച് ജയിച്ചിരിക്കണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്/സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ വഴിയും അംഗീകൃത സംസ്ഥാന ബോര്‍ഡിലെ പ്രൈവറ്റ് പഠനം വഴിയും യോഗ്യത നേടിയവര്‍, ബയോളജി/ബയോടെക്നോളജി അഡീഷണല്‍ വിഷയമായി പഠിച്ചവര്‍ എന്നിവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം. അവരുടെ അര്‍ഹത, ഇക്കാര്യത്തിലുള്ള കോടതി വിധിക്കു വിധേയമായിരിക്കും.
വ്യവസ്ഥകള്‍ക്കു വിധേയമായി, നിശ്ചിത സയന്‍സ് വിഷയങ്ങളോടെയുള്ള ഇന്റര്‍മീഡിയറ്റ്/പ്രീഡിഗ്രി പരീക്ഷ, പ്രീ പ്രൊഫഷണല്‍/പ്രീ മെഡിക്കല്‍ പരീക്ഷ, ത്രിവത്സര സയന്‍സ് ബാച്ചിലര്‍ പരീക്ഷ, ബാച്ചിലര്‍ കോഴ്സിന്റെ ആദ്യവര്‍ഷ പരീക്ഷ, പ്ലസ് ടുവിനു തത്തുല്യമായ അംഗീകൃത പരീക്ഷ എന്നിവയിലൊന്ന് ജയിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ 2021ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പ്രത്യേകം ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ മൂന്ന് വിഷയങ്ങള്‍ക്കുംകൂടി കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മൂന്നിനുംകൂടി 40 ശതമാനം മതി.
അപേക്ഷ
നീറ്റ് അപേക്ഷ നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കണം. ആദ്യഘട്ടം ഓണ്‍ലൈന്‍ രജിസ്ട്രേഷന്. രണ്ടാംഘട്ടത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി അപേക്ഷ പൂരിപ്പിച്ച് ലഭിക്കുന്ന അപേക്ഷാനമ്പര്‍ കുറിച്ചുവെക്കണം. മൂന്നാം ഘട്ടത്തില്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഇടതു പെരുവിരല്‍ അടയാളം, ഒപ്പ് എന്നിവയുടെ ഇമേജുകള്‍, നിശ്ചിത വലുപ്പത്തില്‍/ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. നാലാം ഘട്ടത്തില്‍ ഫീസടയ്ക്കണം.
ഫീസ്
ഫീസ് 1500 രൂപയാണ്. ജനറല്‍ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ് (ഇ.ഡബ്ല്യു.എസ്.)/ഒ.ബി.സി. എന്‍.സി.എല്‍. വിഭാഗക്കാര്‍ക്ക് 1400 രൂപയും പട്ടിക/ഭിന്നശേഷി/ട്രാന്സ്ജന്ഡര് വിഭാഗങ്ങള്‍ക്ക് 800 രൂപയുമാണ്. കേരളത്തിനു പുറത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്താല്‍ 7500 രൂപയാണ് അപേക്ഷാ ഫീസ്. തുക ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്/യു.പി.ഐ./വാലറ്റ് വഴി അടയ്ക്കാം.
നാലു ഘട്ടങ്ങളും ഒരുമിച്ചോ, പല സമയങ്ങളിലായോ പൂര്‍ത്തിയാക്കാം. പൂര്‍ത്തിയാക്കിയശേഷം കണ്ഫര്മേഷന് പേജ് പ്രിന്റ് ചെയ്ത് വെക്കാം. എവിടേക്കും അയക്കേണ്ടതില്ല.
അപേക്ഷയിലെ പിശകുകള്‍ തിരുത്താനുള്ള സൗകര്യം ഓഗസ്റ്റ് എട്ട് മുതല്‍ 12 വരെ. അപേക്ഷാ സമര്‍പ്പണത്തിന്റെ രണ്ടാം ഘട്ടത്തില്‍ അപ്ലോഡ് ചെയ്യേണ്ട രേഖകളില്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുന്നു. അര്‍ഹതയ്ക്കു വിധേയമായി കാറ്റഗറി സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി./ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. തുടങ്ങിയവ), ഭിന്നശേഷി (പി.ഡബ്ല്യു.ബി.ഡി.) സര്‍ട്ടിഫിക്കറ്റ് എന്നിവയും സിറ്റിസണ്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്കേണ്ടതുണ്ടെങ്കില് അതും അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഓഗസ്റ്റ് ആറ്. വിവരങ്ങള്‍ക്ക്: https://neet.nta.nic.in
Content Highlights: NEET UG 2021 Application invited, details about neet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..