എന്‍.ബി.എ അംഗീകരിച്ച കേരളത്തിലെ ആദ്യ പോളിടെക്‌നിക്; വിജയവഴിയില്‍ തൃശ്ശൂർ വനിതാ പോളി


ടി.ജെ. ശ്രീജിത്ത്‌ | tjsreejith@mpp.co.in

നാഷണൽ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ഏക പോളിടെക്‌നിക് ആയി മാറിയ തൃശ്ശൂർ ഗവ. വനിതാ പോളിടെക്‌നിക്കിന്റെ വിശേഷങ്ങളിലേക്ക്...

നെടുപുഴ ഗവ. വനിതാ പോളിടെക്‌നിക്കിലെ വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുക്കുന്ന പ്രിൻസിപ്പൽ എ.എസ്. ചന്ദ്രകാന്ത

‘ഇപ്പഴും കാണും അവിടെയെവിടെയെങ്കിലും ഒന്നരയാൾ പൊക്കത്തിലുള്ള പോത്തോട്ടക്കല്ല്. അവിടെ നിന്നായിരുന്നു പോത്തോട്ടം തുടങ്ങുന്നതും അവസാനിക്കുന്നതും...’ മത്സരച്ചൂടിന്റെ ചൂരുയുർന്നിരുന്ന മണ്ണിലെ പോളിടെക്‌നിക്കിന്റെ കഥപറയുകയാണ് പോളി പിള്ളേരുടെ ‘അച്ഛാച്ഛൻ’. തൃശ്ശൂർ നെടുപുഴയിലെ ഗവ. വനിതാ പോളിടെക്‌നിക്കിന് സമീപം സ്റ്റേഷനറിക്കട നടത്തുന്ന എഴുപത്തിരണ്ടുകാരൻ സോമകുമാർ ഓർമകളെ ‘പോളിഷ്’ ചെയ്‌തെടുക്കുകയാണ്.

പോത്തോട്ടക്കല്ലും പോളിടെക്‌നിക്കും

‘സമചതുരത്തിൽ, താഴെനിന്ന് മുകളിലേക്ക് പോകുന്തോറും വണ്ണം കൂടുന്ന വെട്ടുകല്ല്... അതായിരുന്നു പോത്തോട്ടക്കല്ല്...’ കാർഷികോത്സവത്തിന്റെ ഭാഗമായി പോത്തോട്ടം നടന്നിരുന്ന മണ്ണിലാണ് 58 വർഷം മുമ്പ് പെൺകുട്ടികൾക്കായുള്ള കേരളത്തിലെ രണ്ടാമത്തെ പോളിടെക്‌നിക് ഉയർന്നത്. ‘ഞങ്ങളൊക്കെ പന്തുകളിച്ചിരുന്ന പറമ്പായിരുന്നു അത്. മ്മടെ ജോസ് സിനിമാ തിയേറ്ററിനടുത്ത് ‘സിനിമ കഫേ’ എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്ന ഊരാളൻ വാസുവിന്റെ അച്ഛൻ ഊരാളൻ മാണിയുടേതായിരുന്നു സ്ഥലം. പോത്തോട്ടം മാത്രമല്ല, ഒരുപാട് ഫുട്‌ബോൾ ടൂർണമെന്റുകളും നടന്നിരുന്നു...’

ആലുവ വരെ മാത്രം സർവീസ് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ആദ്യമായി തൃശ്ശൂരിലെത്തിയപ്പോൾ, ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നതും ഈ വലിയ പറമ്പിലായിരുന്നു. ‘മുഖം കൂർത്ത ഫർഗോ ബസുകളായിരുന്നു പറമ്പിലെല്ലാം...’ മൂന്ന് പതിറ്റാണ്ടിലേറെയായി സോമകുമാർ സ്‌റ്റേഷനറിക്കട നടത്തുന്നു. പോളിയിൽനിന്ന് പഠിച്ചു പോകുന്ന ‘കുട്ടി’കൾ അവരുടെ കുട്ടികളുമായി ‘അച്ഛാച്ഛന്റെ’ കടയിലെത്തുന്നു. അതാണ് പോളിയും സോമകുമാറും തമ്മിലുള്ള വർഷങ്ങളുടെ ബന്ധം. പോളിയുടെ മിടിപ്പുകളെല്ലാം ഈ കടയിലിരുന്നാലറിയാം.

പോത്തോട്ടമായാലും പന്തുകളിയായാലും കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ പരിശീലനമായാലും... ഒത്തിരി ഒത്തിരി വിജയങ്ങൾ കണ്ട മണ്ണിലാണ് പോളിടെക്‌നിക്. വിജയങ്ങളുടെ ആ പാരമ്പര്യം പോളിടെക്‌നിക്കിലെ ഇപ്പോഴത്തെ ടീമും തുടരുന്നു. കുട്ടികളായാലും അധ്യാപകരായാലും ഒരു ‘പോളി ഹൗസി’ലെ അംഗങ്ങളെ പോലെയാണ്. അവരുടെ ഒത്തൊരുമയുടെ പുതിയ അധ്യായമാണ് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷന്റെ അംഗീകാരം.

Thrissur Womens' Poly

അംഗീകാരത്തിന്റെ വഴികളിൽ

മൂന്ന് വർഷം നീണ്ട മുന്നൊരുക്കങ്ങളുടെ ഫലമായാണ് പോളിടെക്‌നിക്കിന്റെ ഈ നേട്ടം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ കെ.പി. ഇന്ദിരാദേവിയാണ് പോളിടെക്‌നിക്കുകൾ എൻ.ബി.എ. അക്രെഡിറ്റേഷൻ നേടാൻ ശ്രമിക്കണം എന്ന് ആവശ്യപ്പെട്ടത്. ഇതാണ് പോളിടെക്‌നിക് കോളേജിലെ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമവുമായി കോളേജ് അധികൃതർ രംഗത്തിറങ്ങിയത്. അംഗീകാരം കിട്ടേണ്ട വഴികൾ തിരഞ്ഞു. മുമ്പ് എൻ.ബി.എ. അക്രെഡിറ്റേഷൻ നേടിയ സ്ഥാപനങ്ങൾ ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചു പഠിച്ചു.

ഒമ്പത് കോടിയുടെ വികസനപ്രവർത്തനങ്ങൾ

Thrissur Womens' Poly

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നിഷ്‌കർഷിക്കുന്ന തരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ മാത്രം ഒമ്പത് കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് സർക്കാർ ഇവിടെ നടപ്പാക്കിയത്. ഇലക്‌ട്രോണിക്‌സ് ബ്ലോക്ക്, കംപ്യൂട്ടർ സയൻസ് ബ്ലോക്ക്, ലൈബ്രറി കെട്ടിടം, എൻ.ടി.പി.സി.യുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് പണിത ലേഡീസ് ലോഞ്ച്, സെക്യൂരിറ്റി റൂം, എ.ടി.എം., എം.എൽ.എ. അഡ്വ. കെ. രാജന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ ആധുനിക വാസ്തുശില്പ മാതൃകയിൽ പണിത റിസപ്ഷൻ കോംപ്ളക്‌സ്, മോഡ്യുലാർ ഓഫീസ് സിസ്റ്റം, വിപുലീകരിച്ച കംപ്യൂട്ടർ ലാബ് എന്നിങ്ങനെ വലിയതോതിലുള്ള വികസനങ്ങൾ ഇതിനകം നടന്നു.

ഇത് കൂട്ടായ്മയുടെ ജയം

ഇത് കൂട്ടായ്മയുടെ വിജയമാണെന്ന് പ്രിൻസിപ്പൽ എ.എസ്. ചന്ദ്രകാന്ത പറയുന്നു. കുട്ടികളുടേയും അധ്യാപക-അനധ്യാപകരുടേയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഒരു ഗാർഡനർ പോലുമില്ലാത്ത കോളേജിൽ പൂന്തോട്ടം ഉണ്ടാക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് വിദ്യാർഥിനികളാണ്. ചിത്രങ്ങൾ വരച്ചും മറ്റും ക്ലാസ്‌മുറികൾ ഭംഗിയാക്കുന്നതും കുട്ടികൾ തന്നെ. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, സ്ഥലം എം.എൽ.എ.യും ഗവ. ചീഫ് വിപ്പുമായ കെ. രാജൻ, മുൻമേയർ അജിത വിജയൻ, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവരുടെ പിന്തുണ വളരെ വലുതായിരുന്നു. ഇതിന് പുറമേയായിരുന്നു ഒരു ടീം എന്ന നിലയിലുള്ള ജീവനക്കാരുടെ പ്രയത്‌നം. കംപ്യൂട്ടർ വിഭാഗം മേധാവി എം.ജെ. ബിജു, ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവി സി.എ. അരുൺ, കൊമേഴ്‌സ്യൽ പ്രാക്റ്റീസ് വിഭാഗം മേധാവി സുനിൽകുമാർ, അസിസ്റ്റന്റ് പ്രൊഫ. ജയപ്രകാശ്, ഓഫീസ് സൂപ്രണ്ട് അനിത എന്നിവരോടൊപ്പം മറ്റ് ജീവനക്കാരും എല്ലാ പ്രവർത്തനങ്ങളിലും ഒപ്പം നിന്നു. അലുംനി അസോസിയേഷന്റെയും അധ്യാപക-രക്ഷാകർതൃ സംഘടനയുടെയും സഹായങ്ങൾ മറക്കാനാകില്ലെന്നും എ.എസ്. ചന്ദ്രകാന്ത പറയുന്നു.

ഇനിയുമുണ്ട് ആശ

കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് അംഗീകാരം കിട്ടിയതിന് പിന്നാലെ ഈ വർഷം തന്നെ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിന് എൻ.ബി.എ. അക്രെഡിറ്റേഷന് അപേക്ഷിക്കാനൊരുങ്ങുകയാണ് കോളേജ്. മൂന്ന് കോഴ്‌സുകളിലായി നിലവിൽ 540 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വൈകാതെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ കൂടി തുടങ്ങണമെന്നാണ് സ്വപ്‌നമെന്ന് പ്രിൻസിപ്പൽ എ.എസ്. ചന്ദ്രകാന്ത പറയുന്നു.

സൗകര്യങ്ങളുടെ ‘ടെക്‌നിക്’

Thrissur Womens' Poly

* ഡിപ്ലോമകൾ : കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് (സെക്രട്ടേറിയൽ പ്രാക്ടീസ്)

* നൈപുണ്യ വികസനത്തിനുള്ള ഇന്നൊവേഷൻ ആൻഡ്‌ എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ

*സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ

*15,000 പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി

*ആധുനിക സൗകര്യങ്ങളുള്ള ലാബുകൾ

*ഇന്റേണൽ മൂല്യനിർണയത്തിന് പ്രത്യേക പുസ്തകം ഉത്തരക്കടലാസ് രൂപത്തിൽ

*ഓരോ കുട്ടിയേയും അധ്യാപകർ അടുത്തറിയുന്ന മെന്ററിങ്‌ സിസ്റ്റം

*ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള ഇലക്‌ട്രോണിക് വീൽചെയർ

* പെൺകുട്ടികൾക്കുള്ള മൾട്ടി ജിം

*യോഗ പരിശീലനം

Thrissur Womens' Poly

ചരിത്രവഴികളിലെ പോളി

കണിമംഗലം ഗ്രാമത്തിലെ നെടുപുഴയിൽ പോളിടെക്‌നിക് വന്നതിന് പിന്നിൽ കെ.കെ. ബാലകൃഷ്ണനെന്ന നെടുപുഴക്കാരൻ മന്ത്രിയുടെ പെടാപ്പാടുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ പോളിടെക്‌നിക് തിരുവനന്തപുരത്തായിരുന്നു. മൂന്നാം പഞ്ചവത്സര പദ്ധതിയിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കറും വിദ്യാഭ്യാസമന്ത്രി പി.പി. ഉമ്മർകോയയും ചേർന്നെടുത്ത തീരുമാനമാണ് രണ്ടാം വനിതാ പോളി തൃശ്ശൂരിലെന്നത്. അങ്ങനെ 1962-ൽ വനിതാ പോളി തൃശ്ശൂരിലെത്തി. എൻ. പദ്‌മാവതിയായിരുന്നു ആദ്യ പ്രിൻസിപ്പൽ.

ചെമ്പുക്കാവിലെ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മതിൽക്കെട്ടിനുള്ളിൽ നാണംകുണുങ്ങി ഒതുങ്ങിനിന്നിരുന്ന ഈ ‘വനിത’ യെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്കെത്തിച്ചത് നെടുപുഴക്കാരനായ മുൻമന്ത്രി കെ.കെ. ബാലകൃഷ്ണനാണ്. അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഊരാളൻ മാണിയിൽ നിന്ന് പോത്തോട്ടപ്പറമ്പ് സർക്കാർ വാങ്ങി. കെട്ടിടം പണി തുടങ്ങിയപ്പോൾ ഒരുപാട് നന്നങ്ങാടികൾ ആ മണ്ണിൽ നിന്ന് ലഭിച്ചു. 1966-ൽ നെടുപുഴയിലെ പുതിയ കെട്ടിടസമുച്ചയത്തിലേക്ക് വനിതാ പോളിയെത്തി.

നാഷണൽ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍

സാങ്കേതികവിദ്യാഭ്യാസത്തിന് ദേശീയതലത്തിൽ നിലവാരം നിശ്ചയിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ഏജൻസിയാണ് നാഷണൽ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എൻ.ബി.എ.). കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടത്തുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) നിഷ്‌കർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലേ ആദ്യഘട്ട പരിശോധനയ്ക്ക് മുമ്പുള്ള പ്രീക്വാളിഫയർ കടക്കൂ. തുടർന്ന് സെൽഫ് അസസ്‌മെന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ടീം പരിശോധന നടത്തും.

വിദ്യാർഥികൾ പ്രായോഗികതലത്തിൽ പാഠ്യവിഷയങ്ങൾ എത്രമാത്രം ഉൾക്കൊണ്ടു എന്ന് കണക്കാക്കുന്ന ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസരീതിയുടെ നടപ്പാക്കൽ, സെൽഫ് അസസ്‌മെന്റ്, വിദ്യാർഥികളുടെ പഠനനിലവാരം, അധ്യാപനം, അധ്യാപകരുടെ അനുപാതം, പാഠ്യേതരപ്രവർത്തനങ്ങൾ തുടങ്ങിയവ കണക്കാക്കിയാണ് ഓരോ കോഴ്‌സിനും അംഗീകാരം നൽകുക. ഇത് ലഭിച്ചാൽ ആ സ്ഥാപനത്തിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് എൻ.ബി.എ. അക്രെഡിറ്റഡ് സർട്ടിഫിക്കറ്റാകും ലഭിക്കുക. രാജ്യാന്തരതലത്തിൽ അംഗീകാരമുള്ളതാണ് ഈ സർട്ടിഫിക്കറ്റ്. മികച്ച സ്ഥാപനങ്ങളിൽ ജോലിസാധ്യത ഉറപ്പാകും. പുതിയ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനും സാധിക്കും.

കേന്ദ്രത്തിൽനിന്ന് വിവിധ പദ്ധതികളിലൂടെ ഫണ്ട് ലഭിക്കാനും സഹായകരമാകുന്നതാണ് ഈ അംഗീകാരം. തൃശ്ശൂർ ഗവ. വനിതാ പോളിടെക്‌നിക്കിന്റെ 2015 മുതൽ 2018 വരെയുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തിയാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് എൻ.ബി.എ. അക്രെഡിറ്റേഷൻ.

*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Nedupuzha Womens' Polytechnic College Recognised with NBA Accreditation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented