ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ഏതെന്നറിയുമോ ? | Best Colleges


ജലീഷ് പീറ്റര്‍

4 min read
Educational Guidance
Read later
Print
Share

ഇന്ത്യയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: റാങ്ക് അറിയുവാന്‍ എന്‍. ഐ. ആര്‍. എഫ്

Representational Image (Photo: Canva)

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ ആര്‍ക്കൊക്കെയാണെന്ന് ചോദിച്ചാല്‍ 2015 വരെ ഔദ്യോഗികമായി ഉത്തരമില്ലായിരുന്നു. പലരും 'അത് ഞമ്മക്കാ'ണെന്നു അവകാശപ്പെട്ട് മാതാപിതാക്കളെയും കുട്ടികളെയും പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ 2016-ല്‍ ഈ ചോദ്യത്തിനൊരു ഉത്തരവുമായി എന്‍. ഐ. ആര്‍. എഫ്. കടന്നു വന്നു.

2016-ലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ (NIRF) പ്രഥമ 'ഇന്ത്യ റാങ്കിങ്' പ്രസിദ്ധീകരിച്ചത്. രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകള്‍,സംസ്ഥാന സര്‍വ്വകലാശാലകള്‍, കല്പിത സര്‍വ്വകലാശാലകള്‍, സ്വകാര്യ സര്‍വ്വകാശാലകള്‍, ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, IIT/NIT/IIM എന്നിവയെല്ലാം റാങ്കിങില്‍ ഉള്‍പ്പെടുന്നു

എന്താണ് എന്‍. ഐ. ആര്‍. എഫ്.?

45000-ല്‍ അധികം കോളേജുകളും ആയിരത്തിലധികം സര്‍വ്വകലാശാലകളും ആയിരത്തി അഞ്ഞൂറോളം മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.). ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ഉന്നത പഠന സ്ഥാപനങ്ങളെ ഒരു ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുന്നന്നതിനുമാണ് 'ഇന്ത്യ റാങ്കിങ്' സംവിധാനം ആവിഷ്‌കരിച്ചത്. 2015-സെപ്തംബറിലാണ് എന്‍. ഐ. ആര്‍. എഫ്. സ്ഥാപിതമായത്. ന്യൂഡല്‍ഹിയാണ് ആസ്ഥാനം.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

ഉപരിപഠനത്തിനൊരു ചൂണ്ടുപലക

വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണ് എന്‍.ഐ.ആര്‍.എഫിന്റെ ഇന്ത്യ റാങ്കിങ്. അതിനാല്‍ തന്നെ ഇന്ത്യ റാങ്കിങ് വിശ്വസനീയവുമാണ്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും 'ഇന്ത്യ റാങ്കിങ്' ഏറെ സഹായകരമാണ്. ഓരോ പഠന മേഖലകളിലെയും മികവിന്റെ കേന്ദ്രങ്ങളെ ഈ റാങ്കിങ് ലൂടെ അറിയാന്‍ കഴിയുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഐ. ഐ.. ടി. ഏതാണ്? ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്‍ജിനീയറിങ്‌ കോളേജ് ഏതാണ്? ഇതൊക്കെ അറിയുവാന്‍ www.nirf.org സന്ദര്‍ശിച്ചാല്‍ മതി.

ഓരോ സ്ഥാപനത്തിനും ഓരോ വിഭാഗത്തിലും ലഭിച്ച സ്‌കോറുകള്‍,ഓരോ അക്കാദമിക് വര്‍ഷത്തിലും ആ സ്ഥാപനത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ എത്ര പേര്‍ക്ക് കാമ്പസ് പ്ലെയ്സ്മെന്റ് ലഭിച്ചു,എത്ര പേര്‍ വീണ്ടും ഉന്നതപഠനത്തിന് ചേര്‍ന്നു, എന്നിങ്ങനെ സമഗ്രമായ ഒരു റിപ്പോര്‍ട്ട് ഈ റാങ്കിംഗില്‍ നിന്നും നമുക്ക് ലഭിക്കുന്നു.

റാങ്കിങ് പത്ത് മേഖലകളില്‍

പത്ത് ഡിസിപ്ലിനുകളിലാണ് ഇന്ത്യ റാങ്കിംഗിനായി എന്‍. ഐ. ആര്‍. എഫ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഗണിക്കുന്നത്. ഓവറോള്‍,എന്‍ജിനീയറിങ്‌, മാനേജ്മെന്റ്, ഫാര്‍മസി,കോളേജുകള്‍,ആര്‍ക്കിടെക്ചര്‍, നിയമം,മെഡിക്കല്‍,ഡെന്റല്‍,ഗവേഷണം എന്നിവയാണവ. എല്ലാ തലങ്ങളിലെയും മികവ് പരിശോധിച്ച് രാജ്യത്തെ ഏറ്റവും മികച്ച നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഓവറോള്‍ വിഭാഗത്തില്‍ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

റാങ്കിങ്ങിനുമുണ്ട് മാനദണ്ഡങ്ങള്‍

വെറുതെയല്ല,കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ടീച്ചിംഗ്,ലേണിംഗ് ആന്‍ഡ് റിസോഴ്സസ്, റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ പ്രാക്ടീസ്, സര്‍വ്വകലാശാല പരീക്ഷകളിലെ വിജയവും ഡോക്ടറല്‍ തീസിസുകളുടെ എണ്ണവും, ഔട്ട്‌റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി, പീയര്‍ പെഴ്സപ്ഷന്‍ എന്നിവയാണ് റാങ്കിങ് മാനദണ്ഡങ്ങള്‍.

എന്‍. ഐ.ആര്‍.എഫ് 'ഇന്ത്യ റാങ്കിങ്'ല്‍ പങ്കെടുക്കുന്നതിന് എല്ലാ വര്‍ഷവും വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, വിവരങ്ങള്‍ എന്‍. ഐ. ആര്‍. എഫിന്റെ ഓണലൈന്‍ ഡാറ്റ ക്യാപ്ചറിംഗ് സിസ്റ്റത്തില്‍ സമര്‍പ്പിക്കണം. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് എന്‍. ഐ. ആര്‍. എഫ്. അവിഷ്‌കരിച്ചിരിക്കുന്ന റാങ്കിങ് മെത്തഡോളജി അനുസരിച്ചാണ് റാങ്കിങ് തയ്യാറാക്കി ഓരോവര്‍ഷവും പ്രസിദ്ധീകരിക്കുന്നത്. ഏപ്രിലിലാണ് എന്‍. ഐ. ആര്‍. എഫ്. റാങ്കിങ് പ്രഖ്യാപിക്കാറുള്ളത്.

2021-ല്‍ സീസണ്‍ ആറ്

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തുന്ന ''ഇന്ത്യ റാങ്കിംഗി'ന്റെ തുടര്‍ച്ചയായ ആറാമത്തെ പതിപ്പ്2021ല്‍ പ്രസിദ്ധീകരിച്ചു.2016ല്‍ റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോള്‍,യൂണിവേഴ്സിറ്റി വിഭാഗത്തിനും എന്‍ജിനീയറിങ്‌, മാനേജ്മെന്റ്,ഫാര്‍മസി എന്നീ മൂന്ന് വിഷയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കുമാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.

ആറ് വര്‍ഷത്തിനിടയില്‍,മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. സമഗ്ര തലം, സര്‍വകലാശാലകള്‍,കോളേജ്,ഗവേഷണ സ്ഥാപനങ്ങള്‍,എന്നീ നാല് വിഭാഗങ്ങളും എന്‍ജിനീയറിങ്‌, മാനേജ്മെന്റ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഡെന്റല്‍,നിയമം എന്നിവ ഉള്‍പ്പെടെ 7 വിഷയ മേഖലകളും 2021-ല്‍ റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങള്‍'ഇന്ത്യ റാങ്കിംഗ്2021 'ല്‍ ആദ്യമായി റാങ്ക് ചെയ്യപ്പെട്ടു.

200-സ്ഥാപനങ്ങള്‍ എന്‍ജിനീയറിങ്‌ വിഭാഗത്തിലും100 എണ്ണം ഓവറോള്‍,യൂണിവേഴ്സിറ്റി,കോളേജ് വിഭാഗങ്ങളിലും, മാനേജ്മെന്റ്,ഫാര്‍മസി വിഷയങ്ങളില്‍ 75 വീതം, മെഡിക്കല്‍,ഗവേഷണ സ്ഥാപനങ്ങളില്‍ 50 വീതം, ഡെന്റല്‍-40, നിയമം-30, ആര്‍ക്കിടെക്ചര്‍-25 സ്ഥാപനങ്ങള്‍ക്കും റാങ്ക് നല്‍കി. ഓവറോള്‍,യൂണിവേഴ്സിറ്റി,കോളേജ് എന്നി വിഭാഗങ്ങളില്‍ 101 മുതല്‍ 200 വരെ റാങ്ക്കളും എന്‍ജിനീയറിങ്‌ വിഭാഗത്തില്‍ 201-300 വരെ അധിക റാങ്കിംഗുകളും നല്‍കി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ'ഇന്ത്യ റാങ്കിങ് 2021' കാണുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓവറോള്‍ വിഭാഗത്തില്‍ രാജ്യത്തെ മികച്ച 100 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ റാങ്കിംഗ് പ്രകാരം രാജ്യത്തെ മികച്ച നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഓവറോള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റാങ്കിംഗ് നടത്തിയിരിക്കുന്നത്.2021ലെ ഇന്ത്യ റാങ്കിംഗ് പ്രകാരം ഓവറോള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസിനാണ് ഒന്നാം റാങ്ക് (സ്‌കോര്‍ -86.76).2019, 2020വര്‍ഷങ്ങളിലും ഒന്നാം റാങ്ക് ഐ. ഐ. ടി., മദ്രാസിനായിരുന്നു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാം റാങ്കും (സ്‌കോര്‍ -82.67) മുംബൈലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മൂന്നാം റാങ്കും (സ്‌കോര്‍ -82.52) നേടി. രാജ്യത്തെ1657ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2021ലെ ഇന്ത്യ റാങ്കിംഗിന്റെ ഓവറോള്‍ വിഭാഗത്തില്‍ പങ്കെടുത്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ ഇന്ത്യ റാങ്കിംഗ്2021ല്‍ ആദ്യത്തെ പത്ത് റാങ്കുകളില്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

  • Rank 1:Indian Institute of Technology (IIT) Madras - Score: 86.76
  • Rank 2:Indian Institute of Science (IISc) Bengaluru- Score: 82.67
  • Rank 3:Indian Institute of Technology (IIT) Bombay - Score: 82.52
  • Rank 4:Indian Institute of Technology (IIT) Delhi - Score: 81.75
  • Rank 5:Indian Institute of Technology (IIT) Kanpur - Score: 76.50
  • Rank 6:Indian Institute of Technology (IIT) Kharagpur-Score: 75.62
  • Rank 7:Indian Institute of Technology (IIT) Roorkee - Score: 71.40
  • Rank 8:Indian Institute of Technology (IIT) Guwahati -Score: 69.26
  • Rank 9:Jawaharlal Nehru University (JNU),Delhi -Score: 66.61
  • Rank 10:Banaras Hindu University (BHU),Varanasi -Score: 63.10
കേരളത്തില്‍ ഒന്നാമന്‍ കേരള സര്‍വ്വകലാശാല

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ന്യൂഡല്‍ഹിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ 'ഇന്ത്യ റാങ്കിങ് 2021'ന്റെ ഓവറോള്‍ വിഭാഗത്തില്‍ കേരള സര്‍വ്വകലാശാലയാണ് കേരളത്തില്‍ ഒന്നാമന്‍. അഖിലേന്ത്യ തലത്തില്‍ നാല്പത്തിനാലാം സ്ഥാനമാണ് (സ്‌കോര്‍:48.87) കേരള സര്‍വ്വകലാശാലയ്ക്കുള്ളത്. അന്‍പത്തിരണ്ടാംറാങ്ക് നേടി (സ്‌കോര്‍-47.62) മഹാത്മ ഗാന്ധി സര്‍വ്വകലാശാലയും അറുപത്തഞ്ചാം റാങ്കോടെ (സ്‌കോര്‍ -46.02) കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ആദ്യ നൂറ് റാങ്കുകളില്‍ ഇടം നേടി. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ പ്രവത്തിക്കുന്ന കേരള കേന്ദ്ര സര്‍വ്വകലാശാല എന്നിവ ആദ്യ 200 റാങ്കുകളില്‍ ഉണ്ട്.

(വിദ്യാഭ്യാസ വിദഗ്ധനും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസറുമാണ് ലേഖകന്‍)

Content Highlights: National Institute Ranking Framework NIRF

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


vishnu suresh

2 min

ഗവേഷണത്തിന് ഐ.ഐ.ടിയിലേക്ക്; പരിമിതികളില്‍ കരയാനല്ല, നേടാനാണ് വിഷ്ണുവിന് ജീവിതം

Aug 2, 2023


student

3 min

ഇന്റർനാഷണൽ റിലേഷൻസ്; അറിയാം കരിയർ സാധ്യതകൾ 

Jun 6, 2023


Most Commented