കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുമ്പോള്‍, ഇവിടെ സംഭവിക്കുന്നത്‌


എസ്. ഇരുദയ രാജൻ, ഡോ. എസ്. ഷിബിനു മുഹമ്മദ്, ഹസീബ് എൻ.

വിദ്യാഭ്യാസത്തെ മുൻനിർത്തി കേരളത്തിൽനിന്ന്‌ യുവാക്കൾ വിദേശത്തേക്ക്‌ പറക്കുമ്പോൾ ഇവി​ടത്തെ പഠന, സാമൂഹികാന്തരീക്ഷങ്ങളെക്കുറിച്ച്‌ പലവിധ ചോദ്യങ്ങൾ ഉയരുന്നുണ്ട്‌. ഇവയ്ക്ക്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്‌ ലേഖകർ

Representational Image | Photo: canva.com

പ്രവാസികളും പ്രവാസി ധനവും കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയുടെ നാഴികക്കല്ലുകളാണ്. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള 21.2 ലക്ഷം മലയാളികളിൽ 81.2 ശതമാനവും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിലാണ്. അതിൽത്തന്നെ മൂന്നിൽ ഒരാൾ എന്ന കണക്കിൽ യു.എ.ഇ.യിലാണ്.

ഇന്ന് കേരളത്തിൽ കാണുന്നത് വിദ്യാർഥികളായ യുവാക്കളുടെ കുടിയേറ്റമാണ്. ഗൾഫ് കുടിയേറ്റം മറ്റു നിവൃത്തിയില്ലാതെ (Distress Migration) ആയിരുന്നു. എന്നാൽ, ഇന്ന് യുവാക്കളുടെ കുടിയേറ്റം ഉന്നതവിദ്യാഭ്യാസ ലക്ഷ്യങ്ങളോടെയും നൈപുണിവികസനത്തിനുമാണ്.

കണക്കുകൾപ്രകാരം ലോകത്തെ ആഭ്യന്തര ഉത്‌പാദനത്തിന്റെ എഴുപതുശതമാനം സംഭാവനചെയ്യുന്ന പതിനൊന്നു രാഷ്ട്രങ്ങളിൽ ഒൻപതെണ്ണത്തിലും 2030 ആകുമ്പോഴേക്കും നൈപുണ്യശേഷിയുള്ള തൊഴിലാളികളുടെ കുറവുണ്ടാകും.

ഉദാഹരണത്തിന് 2030 ആകുമ്പോഴേക്കും വിദഗ്ധതൊഴിലാളികളുടെ എണ്ണത്തിൽ ജർമനിയിൽ ഇരുപത്തിമൂന്നു ശതമാനത്തിന്റെയും ചൈനയിൽ മൂന്നു ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നാണ് സൂചന. ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക്‌ സ്വന്തംനാട്ടിൽ ഉയർന്ന വേതനത്തോടെയുള്ള ജോലിസാധ്യത വിരളമാണെന്നു കണക്കുകൂട്ടി വിദേശരാജ്യങ്ങളിലെ അവസരങ്ങൾ മുൻകൂട്ടിക്കണ്ട് അവ ഉപയോഗപ്പെടുത്താൻ തീരുമാനിക്കുന്നു.

2030 ആകുമ്പോൾ 14 കോടി കോളേജ് വിദ്യാർഥികളെ ഉൾക്കൊള്ളുന്ന, ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാകും ഇന്ത്യ. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട വിഷയമാണ് വിദ്യാർഥിക്കുടിയേറ്റം.

കേരളത്തിന്‌ കുടിയേറ്റ നയമില്ല

കേരളത്തിലെ വിദ്യാർഥികൾ പോകുന്നത് പഠനശേഷം ജോലിനേടി ജീവിതം പറിച്ചുനടാൻ സാധിക്കുന്ന രാഷ്ട്രങ്ങളിലേക്കാണ്. അതായത്, അവർ സ്ഥിരംകുടിയേറ്റത്തെ (Permanent Migration) ഇഷ്ടപ്പെടുന്നെന്നു സാരം. ഗൾഫ് കുടിയേറ്റം താത്കാലികമായിരുന്നു (Temporary Migration). പോകുന്നവർ വിസക്കാലാവധി കഴിഞ്ഞാൽ മടങ്ങിയെത്തുമെന്നതും ഇക്കാലയളവിനിടയിൽ കുടിയേറ്റ ധനം (Remittances) നമ്മുടെ നാട്ടിലേക്ക് ഇടവേളകളിൽ എത്തുമെന്നതും മേന്മയായിരുന്നു.

യുവതലമുറ വിദേശത്തേക്ക് കുടിയേറുമ്പോൾ നാട്ടിലെ കുടുംബങ്ങളിൽ പ്രായമായവർ ഒറ്റപ്പെടുന്നു. ഇത്തരം വിഷയങ്ങൾകൂടി കണക്കിലെടുത്തുവേണം കേരളത്തിൽനിന്നുള്ള വിദ്യാർഥിക്കുടിയേറ്റം മുന്നോട്ടുവെക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ.

നിലവിൽ കേരളത്തിന് കുടിയേറ്റ നയമില്ലെന്നതാണ് പ്രധാനപ്രശ്നം. സർക്കാരിന്റെ കൈയിൽ കുടിയേറിയ വിദ്യാർഥികളുടെ കണക്കുകളൊന്നുമില്ല. വിദേശരാജ്യങ്ങളിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ കണക്കുകൾ ശേഖരിക്കാൻ സ്ഥിരംസംവിധാനം സർക്കാർ ഏർപ്പെടുത്തണം. കുടിയേറുന്ന രാജ്യത്തെ ഭാഷയും സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുകയും വേണം. ഈ രാജ്യങ്ങളിൽ മലയാളിസംഘടനകൾ ഉണ്ടെങ്കിൽ അവരുമായി വിദ്യാർഥികളെ ബന്ധപ്പെടുത്തണം. അത് ചൂഷണങ്ങളിൽനിന്ന് രക്ഷനേടാൻ സഹായകമാകും.

കുടിയേറ്റവും സാമ്പത്തികച്ചോർച്ചയും

നമ്മുടെ നാട്ടിൽനിന്ന് പുറത്തുപോകുന്ന വിദ്യാർഥികൾ പഠനാവശ്യത്തിനായി ചെലവാക്കുന്നത് വർഷം 690.9 കോടി ഡോളറെന്ന (ഏകദേശം 56,000 കോടി രൂപ) ഭീമമായ തുകയാണ്. 2021-ലെ കണക്കുകൾപ്രകാരം ഇത് പുറത്തേക്കുപോകുന്ന ധനത്തിന്റെ (Outward Remittances) 30.24 ശതമാനമാണ് (യാത്രച്ചെലവുൾപ്പെടെ). ചൈന കഴിഞ്ഞാൽ വിദേശവിദ്യാർഥികൾ വഴി അമേരിക്ക ഏറ്റവുംകൂടുതൽ വരുമാനം നേടുന്നത് ഇന്ത്യയിൽനിന്നാണ്. ഇത് സാമ്പത്തികച്ചോർച്ചയല്ലാതാകണമെങ്കിൽ (Drain of Wealth) ദീർഘകാല വീക്ഷണത്തോടെയുള്ള സമീപനം വേണം.

വിദ്യാഭ്യാസക്കുടിയേറ്റം കുറയ്ക്കുക എന്നതാണ് സാമ്പത്തികച്ചോർച്ച തടയാനുള്ള ആദ്യ വഴി. അതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കാലത്തിനൊത്ത് ഉടച്ചുവാർക്കണം. കേരളത്തിലെ സർവകലാശാലകളുടെ മേന്മയില്ലായ്മയാണ് പുറത്തേക്കുപോകാനുള്ള പ്രധാന കാരണമായി വിദ്യാർഥികൾ പറയുന്നത്. പശ്ചാത്തലസൗകര്യത്തിന്റെ അഭാവം, യോഗ്യരായ അധ്യാപകരുടെ കുറവ്, കാലഹരണപ്പെട്ട പാഠ്യപദ്ധതി, പാഠ്യപദ്ധതിക്ക്‌ വ്യാവസായിക മേഖലയുമായുള്ള ബന്ധത്തിന്റെ കുറവ് എന്നിവ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നാട്ടിലെ മൂന്നു സർവകലാശാലകൾ മാത്രമാണ് ആഗോള റാങ്കിങ്ങിൽ ആദ്യ ഇരുനൂറിൽ ഉള്ളത്. വെറും പത്ത് ഇന്ത്യൻ സർവകലാശാലകൾ മാത്രമാണ് ആഗോള റാങ്കിങ്ങിൽ ആദ്യ എഴുന്നൂറിൽ വന്നതെന്നകാര്യവും അറിയണം.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പോരായ്മ വിളിച്ചോതുന്ന മറ്റൊരു കാര്യമാണ് ദേശീയതലത്തിൽ മികച്ച കലാലയങ്ങളിൽ പ്രവേശനം ലഭിക്കുന്ന മലയാളിവിദ്യാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്. ഇത്തരം സ്ഥാപനങ്ങൾ ഹയർസെക്കൻഡറി മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നൽകിയിരുന്നപ്പോൾ മലയാളികളുടെ എണ്ണം കൂടുതലായിരുന്നു. എന്നാൽ, പൊതുപ്രവേശന പരീക്ഷ നടപ്പാക്കിയതോടെ മലയാളികൾക്ക് വിജയിക്കാൻ കഴിയുന്നില്ലെന്നത് ആശങ്കാജനകമാണ്.

വിദേശരാഷ്ട്രങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥിതി മറിച്ചാണ്. ന്യൂസീലൻഡിൽ ആകെ എട്ടു സർവകലാശാലകളാണുള്ളത്. അവയെല്ലാംതന്നെ ആഗോള റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടംപിടിച്ചിട്ടുണ്ട്. ഇക്കാലത്ത് ഏതു തൊഴിൽദാതാവും ആഗോള അനുഭവസമ്പത്തുള്ളവരെയാകും അവരുടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ താത്പര്യപ്പെടുക. ഇതും കുടിയേറ്റപ്രവണത വിദ്യാർഥികളിൽ വർധിപ്പിക്കുമെന്നതിൽ സംശയമില്ല.

ഇങ്ങോട്ടാരും വരവില്ല

ഒട്ടുമിക്കരാജ്യങ്ങളിലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പുറത്തേക്കുപോകുന്ന യുവാക്കളുടെ അഭാവം നികത്തുംവിധം മറ്റു രാജ്യങ്ങളിൽനിന്നുള്ളവരുടെ വരവുമുണ്ടാകും (Replacement Migration). അത് കുടിയേറ്റ സമതുലനാവസ്ഥ (Balanced Migration) സൃഷ്ടിക്കുന്നു. ഇവിടെ അതുണ്ടാകുന്നില്ല.

ഏറ്റവുംകൂടുതൽ വിദ്യാർഥിക്കുടിയേറ്റം നടക്കുന്ന രാജ്യമാണ് ചൈന. അവിടെ ഓരോ വർഷവും എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം പുറത്തേക്കുപോകുന്നവരുടെ എണ്ണത്തിന്റെ പകുതിയിലേറെയാണ്. മലേഷ്യയുടെ കാര്യമെടുത്താൽ പുറത്തേക്കുപോകുന്ന വിദ്യാർഥികളുടെ അത്രയുംതന്നെ വിദേശത്തുനിന്ന് അവിടേക്ക് എത്തുന്നുണ്ട്. ഈ രാജ്യങ്ങൾക്കൊന്നും വിദ്യാർഥിക്കുടിയേറ്റം സാമ്പത്തികച്ചോർച്ചയുണ്ടാക്കുന്നില്ല.

മസ്തിഷ്കച്ചോർച്ച

സാമ്പത്തികച്ചോർച്ച പോലെത്തന്നെ നാടിന്റെ താത്പര്യത്തിന് വിരുദ്ധമാണ് മസ്തിഷ്കച്ചോർച്ച (Brain Drain). പുറത്തുപോയി പഠിക്കുന്ന വിദ്യാർഥികൾ തിരിച്ചെത്തി നാടിന്റെ വികസനത്തിൽ പങ്കാളികളാകാതിരിക്കുമ്പോഴാണ് ബൗദ്ധിക ചോർച്ചയുണ്ടാകുന്നത്. പുറത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറച്ചുകൊണ്ടും തദ്ദേശീയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചുകൊണ്ടുമാണ് മസ്തിഷ്കച്ചോർച്ച മസ്തിഷ്കനേട്ടമാക്കി (Brain Gain) മാറ്റേണ്ടത്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെൻറ് ചെയർമാനാണ് എസ്. ഇരുദയ രാജൻ. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയാണ് ഡോ. എസ്. ഷിബിനു. ഇതേ കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ് മുഹമ്മദ് ഹസീബ് എൻ.

Content Highlights: Migration of kerala students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented