മിച്ചംപിടിച്ച ശമ്പളവും ബോണസും സുഹൃത്തുക്കളുമാണ് മലാവിയിലെ 'മലയാളി സ്കൂളിന്റെ' ആധാരശില


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.inമലപ്പുറം സ്വദേശികളായ അരുണ്‍ സി. അശോകനും ഭാര്യ സുമി സുബ്രഹ്‌മണ്യനുമാണ് രണ്ട് സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ മലാവിയില്‍ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. കേരളാ ബ്ലോക്ക് എന്നാണ് ആ കെട്ടിടത്തിന് ഗ്രാമീണര്‍ നല്‍കിയ പേര്.

Premium

അരുൺ സി. അശോകനും സുമി സുബ്രഹ്‌മണ്യനും മലാവിയിലെ സ്‌കൂളിന് മുന്നിൽ കുട്ടികൾക്കൊപ്പം

രു ഫെബ്രുവരി മാസം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ കനത്ത മഴ പെയ്യുന്ന സമയം. ചിസസില ഗ്രാമത്തിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ സി. അശോകന്‍. നിര്‍മാണം പുരോഗമിക്കുന്ന ഡാം സൈറ്റിലേയ്ക്കായിരുന്നു യാത്ര. അപ്പോഴാണ് ആ കാഴ്ച അരുണിന്റെ ശ്രദ്ധയില്‍പ്പെട്ടത്, മരച്ചുവട്ടില്‍നിന്നു പുസ്തകങ്ങളുമായി കുറേ കുട്ടികള്‍ മഴ നനഞ്ഞ് ഓടുന്നു... മുന്നോട്ട് ചെന്നപ്പോള്‍ ഒരു ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന് താഴെ കുറേ കുട്ടികള്‍ മഴ നനഞ്ഞ് നില്‍ക്കുന്നു. പുല്ല് മേഞ്ഞ ആ കെട്ടിടമാകട്ടെ അതീവ ശോചനീയാവസ്ഥയിലായിരുന്നു. അന്വേഷിച്ചപ്പോള്‍ വാഹനത്തിന്റെ ഡ്രൈവറാണ് പറഞ്ഞത് അതൊരു സ്‌കൂളാണെന്ന്. ഗ്രാമത്തിലെ കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂള്‍ കെട്ടിടമായിരുന്നു അത്. തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലേയ്ക്ക് കിലോ മീറ്ററുകള്‍ നടന്നു പോകേണ്ടതിനാല്‍ ഗ്രാമത്തിലെ ആളുകള്‍ ചേര്‍ന്ന് നിര്‍മിച്ചതായിരുന്നു ആ സ്‌കൂള്‍.

മലാവിയിലെ ആ ഗ്രാമീണ സ്‌കൂളിന്റെ ശോചനീയാവസ്ഥ കണ്ടപ്പോള്‍ കേരളത്തിലെ സ്‌കളൂകളുടെ സൗകര്യവും വിദ്യാര്‍ഥികളേയുമാണ് അരുണിന് ഓര്‍മ വന്നത്. നാട്ടിലുള്ളത് പോലെ വലിയ സൗകര്യങ്ങളുള്ളതല്ലെങ്കിലും എന്ത് കൊണ്ട് മഴയും വെയിലും അടിക്കാത്ത ഒരു ചെറിയ കെട്ടിടം ഈ കുട്ടികള്‍ക്കും നിര്‍മിച്ച് നല്‍കാമെന്ന് അരുണ്‍ ചിന്തിച്ചു. രണ്ട് സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ അരുണ്‍ അവര്‍ക്കായി ഒരു സ്‌കൂള്‍ കെട്ടിടം പണിതു. ആ കെട്ടിടത്തിന് ഗ്രാമീണര്‍ പേരും ഇട്ടു. കേരള ബ്ലോക്ക്. മലപ്പുറം സ്വദേശികളായ അരുണ്‍ സി. അശോകനും ഭാര്യ സുമി സുബ്രഹ്‌മണ്യനുമാണ് മലാവിയില്‍ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനായി ഇറങ്ങിത്തിരിച്ചത്. അരുണിന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായവും യൂ ടൂബ് ചാനലില്‍നിന്നു ലഭിച്ച വരുമാനവുമെല്ലാം അതിനായി ഇരുവരും ഉപയോഗിച്ചു. ആ കഥ മാതൃഭൂമി ഡോട്ട് കോമുമായി മലാവിയില്‍നിന്ന് പങ്കുവെയ്ക്കുകയാണ് അരുണ്‍.

മലപ്പുറം ടു മലാവി
നിലമ്പൂര്‍ സ്വദേശിയായ ആരുണ്‍ സി. ആശോകന്‍ നാല് വര്‍ഷം മുമ്പാണ് മലാവിയില്‍ എത്തുന്നത്. എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഏതാനും നാള്‍ ജോലി ചെയ്തശേഷമായിരുന്നു അരുണ്‍ മലാവിയിലേക്ക് വിമാനം കയറിയത്. മലാവിയിലെ ബ്ലാന്റൈര്‍ നഗരത്തില്‍ ഒരു സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് മാനേജരായിട്ടായിരുന്നു നിയമനം. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്‌സൽ ട്രേഡിങ് എന്ന കമ്പനിയിലായിരുന്നു ജോലി. അരുണ്‍ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപാണ് മലാവിയില്‍ എത്തിയത്. 15 വര്‍ഷമായി മലാവിയില്‍ കുടുംബസമേതം കഴിയുന്ന അമ്മാവന്റെ സഹായത്താല്‍ ആദ്യം ജോലി ലഭിച്ചതും അനൂപിനായിരുന്നു. പിന്നീട് മറ്റൊരു മറ്റൊരു ഒഴിവ് വന്നപ്പോഴാണ് അരുണ്‍ ഈ കമ്പനിയിലേക്ക് എത്തുന്നത്.

തെക്കന്‍ മലാവിയിലെ ബ്ലാന്റൈര്‍ നഗരത്തില്‍ തന്നെയായിരുന്നു ഏതാണ്ട് രണ്ട് വര്‍ഷക്കാലം അരുണ്‍ ജോലി ചെയ്തത്. പിന്നീടാണ് പ്ലം കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയിലേയ്ക്ക് അരുണ്‍ മാറുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായിരുന്നു പ്ലം. മലാവിയിലിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്ന്. സര്‍ക്കാര്‍ പ്രോജക്ടറ്റുകളും ഡാമുകളും റോഡുകളുമെല്ലാം ഏറ്റെടുത്ത് നടത്തുന്ന കമ്പനി. നഗരത്തില്‍നിന്ന് മാറി ഒരു ഡാമിന്റെ നിര്‍മാണ സൈറ്റിലായിരുന്നു ജോലി. നഗരത്തില്‍നിന്ന് ഏകദേശം 600 കിലോ മീറ്റര്‍ ദൂരെയാണ് ഡാമിന്റെ നിര്‍മാണം നടക്കുന്നത്. അവിടെ സൈറ്റ് ഇന്‍ ചാര്‍ജായാണ് അരുണിന് ജോലി ലഭിച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു അത്. ബ്ലാന്റേറില്‍നിന്ന് ആദ്യമായി മലാവിയിടെ ഗ്രാമപ്രദേശത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അരുണ്‍.

നിര്‍മാണം നടക്കുന്നതിന് മുമ്പുള്ള സ്‌കൂള്‍ കെട്ടിടം

ഇടിഞ്ഞു വീഴാറായ ഒരു സ്‌കൂള്‍

ഡാം പ്രൊജക്ട്രിറ്റിന്റെ വര്‍ക്ക് സൈറ്റിലേക്കുള്ള യാത്രക്കിടയിലാണ് ആദ്യമായി സ്‌കൂള്‍ കെട്ടിടം അരുണ്‍ കാണുന്നത്. ഡാമിന്റെ നിര്‍മാണം നടക്കുന്നതിന് തൊട്ടടുത്താണ് ഈ സ്‌കൂളുള്ളത്. 'ഫെബ്രുവരി മാസത്തില്‍ മലാവിയില്‍ നല്ല മഴയുള്ള സമയമാണ്. വരുന്ന വഴിയില്‍ കുറേ കുട്ടികള്‍ മഴ നനഞ്ഞ് ഓടുന്ന കാഴ്ചയാണ് ആദ്യമായി കാണുന്നത്. കുറച്ചുകൂടെ മുന്നോട്ട് വരുമ്പോള്‍ ഒരുപാട് കുട്ടികള്‍ മഴയത്ത് ഒരു ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ പുല്ല് മേഞ്ഞ കെട്ടിടത്തിന് താഴെ നില്‍ക്കുകയാണ്. ഡ്രൈവറോട് തിരക്കിയപ്പോള്‍, ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണെന്ന് പറഞ്ഞു. അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേയ്ക്ക് എത്തണമെങ്കില്‍ ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. അതിനാല്‍ ഗ്രാമീണര്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് സ്‌കൂള്‍. കുറേ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. അവരുടെ അധ്യാപകരുണ്ട്. പക്ഷേ, കെട്ടിട സൗകര്യമൊന്നുമില്ലാത്തതിനാല്‍ ഇവിടെ പരീക്ഷ എഴുതാന്‍ സാധിക്കില്ല. മറ്റ് സ്‌കൂളില്‍ പോയി വേണം പരീക്ഷ എഴുതാന്‍.' സ്‌കൂള്‍ ആദ്യമായി കണ്ട കാഴ്ച അരുണ്‍ വിവരിച്ചു.

മഴക്കാലം കഴിയുന്നതോടെ കടുത്ത വെയിലാണ് മലാവിയില്‍. ആ സമയത്ത് കുട്ടികള്‍ മരത്തിന്റെ ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിലെ യാത്രക്കിടയില്‍ ഈ ദൃശ്യം അരുണ്‍ കണ്ടുകൊണ്ടിരുന്നു. ആ കാഴ്ച വല്ലാതെ വിഷമിപ്പിച്ചു. 'ആ സമയത്ത് നാട്ടിലെ സ്‌കൂളുകളെക്കുറിച്ചാണ് ആലോചിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും ഹൈ ടെക്കാകുന്ന സമയമാണ്. അതേസമയത്ത് ഇവിടെ കുട്ടികള്‍ മഴയും വെയിലും കൊണ്ട് പഠിക്കുന്നത് കണ്ടപ്പോള്‍ വലിയ സങ്കടമായി. ഈ കുട്ടികള്‍ക്ക് മഴ നനയാതെയും വെയില് കൊള്ളാതെയും ഇരുന്ന് പഠിക്കാന്‍ പറ്റുന്ന ഒരു സൗകര്യം ഉണ്ടാക്കി നല്‍കണമെന്ന് ആഗ്രഹിച്ചു. ഒരു ചെറിയ ബില്‍ഡിങ് നിര്‍മിച്ച് പ്ലാസ്റ്റിക് കൊണ്ടെങ്കിലും അത് മറച്ച് മഴയും വെയിലും കൊള്ളാത്ത നിലയിലാക്കി നല്‍കണം എന്നാണ് ആദ്യം ചിന്തിച്ചത്.' അരുണ്‍ പറഞ്ഞു.

അരുണ്‍ സി. അശോകനും സുമി സുബ്രഹ്‌മണ്യനും

കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ കെട്ടിടം

ഗ്രാമത്തിലെ ആളുകളെ വിളിച്ച് അവരോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ ആദ്യം ചെയ്തത്. 'നമുക്കൊരു സ്‌കൂള്‍ നിര്‍മിക്കാനായി ശ്രമിക്കാം. ഞാനും നിങ്ങളും ഒന്നിച്ച് നിന്നാല്‍ നമുക്ക് കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ നിര്‍മിക്കാം. സാമ്പത്തികമായ ചെറിയ സഹായം ഞാന്‍ തരാം. ഞാന്‍ വലിയ സമ്പന്നനൊന്നുമല്ല, സാധാരണക്കാരനായ ഒരു മനുഷ്യനാണ്. പക്ഷേ, നിങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.' അരുണ്‍ ആ ഗ്രാമീണരോട് പറഞ്ഞു. സ്‌കൂള്‍ കെട്ടിടത്തിനായി ഒരു എസ്റ്റിമേറ്റ് എടുക്കുകയാണ് ആദ്യം ചെയ്തത്. അത് പ്രകാരം നിര്‍മാണത്തിനായി ഏകദേശം 40,000 ഇഷ്ടികകള്‍ ആവശ്യമായിരുന്നു. ഇക്കര്യം അരുണ്‍ ഗ്രാമീണരോട് പറഞ്ഞു. ഇഷ്ടികകള്‍ തയ്യാറാക്കിയാല്‍ മറ്റ് പിന്തുണ തരാം എന്ന് അവരെ അറിയിച്ചു.

ഒരാഴ്ചകൊണ്ട് അവര്‍ സ്‌കൂള്‍ നിര്‍മാണത്തിനാവശ്യമായ 40,000 ഇഷ്ടികകള്‍ നിര്‍മിച്ചു. അത് വലിയ ആത്മവിശ്വാസമാണ് അരുണിന് നല്‍കിയത്. ഒരു സ്‌കൂളിന് വേണ്ടിയുള്ള ആ ഗ്രാമീണരുടെ ആത്മാര്‍ത്ഥമായ ആവശ്യം തിരിച്ചറിഞ്ഞ അരുണിന് മുന്നോട്ട് പോകാതിരിക്കാനായില്ല. ചെറിയ കുട്ടികള്‍ വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്നത് കണ്ടപ്പോള്‍ എങ്ങനെയും സ്‌കൂള്‍ നിര്‍മിക്കണം പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിലായി അരുണ്‍.

സുഹൃത്തും സഹപാഠിയുമായ ആഷിഫ് അലിയെ അരുണ്‍ തുടര്‍ന്ന് ബന്ധപ്പെട്ടു. മലപ്പുറം സ്വദേശിയായ ആഷിഫ് ദുബായിലാണ് ജോലി ചെയ്തിരുന്നത്. സ്‌കൂള്‍ നിര്‍മിക്കുന്ന കാര്യം ആഷിഫിനെ അറിയിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ സഹായം ആവശ്യമായി വന്നാല്‍ നല്‍കണമെന്ന് ആഷിഫിനോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ നിര്‍മാണം തുടങ്ങുന്ന ഘട്ടം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ആഷിഫ് നല്‍കിയത്. ആ ഘട്ടത്തില്‍ പോലും കുട്ടികള്‍ക്കായി ചെറിയൊരു കെട്ടിടം ഉണ്ടാക്കുന്നതിനേക്കുറിച്ച് മാത്രമാണ് അരുണ്‍ ആലോചിച്ചിരുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ പ്ലാന്‍ വരച്ചത് അരുണിനൊപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയ സിവില്‍ എന്‍ജിനീയര്‍ കെന്നത്ത് ഫ്രാന്‍സിസാണ്. സ്‌കൂള്‍ നിര്‍മാണത്തേക്കുറിച്ച് അറിഞ്ഞതോടെ പിന്തുണയുമായി അദ്ദേഹവും ഒപ്പം കൂടി. തുടര്‍ന്ന് മൂന്ന് പേരും കൂടിയാണ് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അതോടെയാണ് ചെറിയ ഒരു കെട്ടിടം പോര, കുട്ടികള്‍ക്കായി അത്യാവശ്യം സൗകര്യങ്ങളുള്ള നല്ലൊരു സ്‌കൂള്‍ കെട്ടിടം തന്നെ നിര്‍മിച്ച് നല്‍കാനുള്ള തീരുമാനത്തിലേയ്ക്ക് അവരെത്തുന്നത്.

സ്‌കൂള്‍ നിര്‍മാണം തുടങ്ങുന്നു

വരുമാനത്തിന്റെ ഒരു ഭാഗമെടുത്ത് കുട്ടികള്‍ക്കായി കെട്ടിടം പണിയാന്‍ ഉപയോഗിക്കുക എന്നതായിരുന്നു അരുണിന്റെ തീരുമാനം. ആരുടേയും കയ്യില്‍നിന്ന് ഇതിനായി പണം വാങ്ങേണ്ടതില്ലെന്നും ആദ്യമേ തീരുമാനിച്ചിരുന്നുവെന്നാണ് അരുണ്‍ പറയുന്നത്. 'ഞങ്ങള്‍ക്ക് മലാവി ഡയറി എന്ന പേരില്‍ ഒരു യുട്യൂബ് ചാനലുണ്ട്. സ്‌കൂള്‍ നിര്‍മാണം തുടങ്ങുന്ന കാര്യം ചാനലിലൂടെ പറഞ്ഞിരുന്നു. പലരും സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു. പക്ഷേ, ഒരാളില്‍നിന്നും സഹായം സ്വീകരിക്കുന്നില്ലെന്ന് എല്ലാവരേയും അറിയിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ മൂന്ന് പേരുടെ ശമ്പളത്തിന്റെ ഒരു ഭാഗവും യൂട്യൂബിൽനിന്ന് ലഭിച്ച വരുമാനവും ചേര്‍ത്താണ് സ്‌കൂള്‍ നിര്‍മിച്ചത്. ഞാന്‍ മുന്‍കൈ എടുത്താണ് ഇതിനായി ഇറങ്ങിത്തിരിച്ചത്. അതിനാല്‍ തന്നെ സുഹൃത്തുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ചിന്തയുണ്ടായിരുന്നു. ലേബര്‍ കോസ്റ്റ് പരമാവധി കുറച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഞാനടക്കം പണിക്കായി ഇറങ്ങിയതോടെ 50 ശതമാനം ലേബര്‍ കോസ്റ്റ് കുറയ്ക്കാന്‍ സാധിച്ചു.' നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തിയതിനേക്കുറിച്ച് അരുണ്‍ പറഞ്ഞു.

ഇതിനിടയില്‍ അരുണിന്റെ വിവാഹം കഴിഞ്ഞിരുന്നു. 2022 ഏപ്രില്‍ മാസത്തിലാണ് ഭാര്യ സുമി സുബ്രഹ്‌മണ്യന്‍ മലാവിയില്‍ എത്തുന്നത്. മലാവിയില്‍ എത്തിയ സുമിയും സ്‌കൂള്‍ നിര്‍മാണത്തില്‍ വലിയ പിന്തുണ നല്‍കി. ചെയ്യാന്‍ പറ്റുന്ന ജോലികളെല്ലാം അരുണും സുമിയും ചേര്‍ന്ന് ചെയ്തു. ഗ്രാമത്തിലെ ആളുകളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് അവരെക്കൊണ്ടും ചെയ്യിച്ചു. അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ജോലികള്‍ക്ക് വേണ്ടി മാത്രമാണ് പുറത്തുനിന്ന് ജോലിക്കാരെ കൊണ്ടുവന്നത്. ഇഷ്ടിക നിര്‍മിക്കുന്നവര്‍, തേപ്പ് ജോലി ചെയ്യുന്നവര്‍, മരപ്പണി ചെയ്തവര്‍, മരം മുറിക്കാന്‍ വന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് മാത്രമാണ് കൂലി നല്‍കിയത്. ശമ്പളത്തിന്റെ ഒരു ഭാഗത്തിന് പുറമേ കമ്പനിയില്‍നിന്ന് ലഭിച്ച ബോണസ് തുകയും ക്രിസ്മസിന്റെ സമയത്തും മറ്റും ലഭിച്ച അലവന്‍സുകളും പൂര്‍ണമായും കെട്ടിടത്തിന്റെ നിര്‍മാണത്തിനായി അരുണ്‍ ഉപയോഗിച്ചു. മേല്‍ക്കൂര നിര്‍മിക്കുന്ന സമയത്ത് ആഷിഫ് സഹായം നല്‍കി. അതുപോലെ തന്നെ സഹായവുമായി കെന്നത്തും ഒപ്പമുണ്ടായിരുന്നു. അരുണിന്റെ കൈയിലെ പണം തീര്‍ന്ന് നിര്‍മാണം നിലയ്ക്കുന്ന ഘട്ടത്തില്‍ അവരിരുവരും സഹായമായി എത്തിക്കൊണ്ടിരുന്നു.

കേരളാ ബ്ലോക്ക്

ചെലവ് കുറച്ച് ഒരു സ്‌കൂള്‍ കെട്ടിടം

പരമാവധി ചെലവ് കുറച്ച് ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുകയായിരുന്നു അരുണിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ അഞ്ചോ ആറോ മാസംകൊണ്ട് തീര്‍ക്കാമായിരുന്ന നിര്‍മാണം ഒന്നൊര വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചതെന്ന് അരുണ്‍ പറയുന്നു. 'ചെറിയ തുക കൊണ്ട്, ഒന്നോ രണ്ടോ ക്ലാസ് മുറികള്‍ നിര്‍മിക്കാവുന്ന പൈസയ്ക്ക് ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാമെന്ന മാതൃക കൂടി ഈ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു. വലിയ പണിക്കൂലി കൊടുത്ത് നിര്‍മിക്കുകയാണെങ്കില്‍ ആ പൈസകൊണ്ട് ഒരു ക്ലാസ് മുറി മാത്രമേ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ, ഗ്രാമത്തിലെ മനുഷ്യരെ ഒപ്പം കൂട്ടുക വഴി അവരും ഞങ്ങളും കുട്ടികളും അവരുംകൂടി പണിയെടുത്തതോടെ ലേബര്‍ കോസ്റ്റിന്റെ പകുതി കുറയ്ക്കാന്‍ സാധിച്ചു. തൂമ്പ എടുത്ത് കിളക്കാന്‍ ഞാനിറങ്ങി. ഭാര്യ സുമി പെയിന്റിങ് അടക്കമുള്ളവ ചെയ്തു. കിലോ മീറ്ററുകള്‍ നടന്നുപോയാണ് പണിക്കാവശ്യമുള്ള വെള്ളം കൊണ്ടുവന്നത്.' സ്‌കൂള്‍ നിര്‍മാണത്തിന്റെ ഘട്ടങ്ങള്‍ അരുണ്‍ വിവരിച്ചു.

'ഞായറാഴ്ച ദിവസങ്ങളില്‍ പണിക്കാര്‍ മാത്രമേയുണ്ടാകൂ. ഗ്രാമത്തിലുള്ളവര്‍ പള്ളിയില്‍ പോകും. ആ സമയത്ത് ഞാനും സുമിയുംകൂടി ഏറെ ദൂരം നടന്നുപോയാണ് പണിക്കാവശ്യമായ വെള്ളം കൊണ്ടുവന്നിരുന്നത്. ഒരു കോച്ച (മലാവിയിലെ കറന്‍സി) എങ്കില്‍ ഒരു കോച്ച എങ്ങനെ കുറയ്ക്കാം എന്നാണ് ചിന്തിച്ചത്. ആ തുക കൊണ്ട് കുട്ടികള്‍ക്ക് യൂണിഫോമോ ബെഞ്ചോ ഡെസ്‌കോ വാങ്ങാമല്ലോ എന്നാണ് ചിന്തിച്ചത്. പക്ഷേ, നിര്‍മാണം പുരോഗമിച്ചപ്പോള്‍ ഗ്രാമത്തിലെ ചില ആളുകള്‍ക്ക് സ്‌കൂള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്ന തോന്നല്‍ നഷ്ടപ്പെട്ടു. തുടക്കത്തിലെ ആവേശം പതിയെ പതിയെ കുറഞ്ഞു. ഒരുപാട് പേരുണ്ടായിരുന്നിട്ടത്ത് നിന്ന് അവസാനം എത്തുമ്പോള്‍ മൂന്നോ നാലോ പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രധാന പണിക്കാര്‍ക്ക് മാത്രമാണ് കൂലി ലഭിച്ചിരുന്നത് എന്നത് ഗ്രാമീണരെ പിന്നോട്ട് വലിച്ചു. ഗ്രാമത്തില്‍ വന്ന് പണിയെടുത്തിരുന്നവര്‍ക്ക് പണം നല്‍കാന്‍ തുടങ്ങി. പണികളില്‍ ഞങ്ങള്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങി. ഇതൊരു വലിയ കൂട്ടായ്മയുടെ വിജയമാണ്. പണം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ. അതില്‍ വിലിയ സന്തോഷമുണ്ട്.' അരുണിന്റെ വാക്കുകളില്‍ അഭിമാനം.

മലാവിയിലെ 'കേരള ബ്ലോക്ക്'

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സ്‌കൂളിന്റെ ഏറ്റവുമധികം പണി നടന്നത്. കെട്ടടത്തിന്റെ തറ ഇട്ടതും പ്ലാസ്റ്ററിങ് ജോലികള്‍ ചെയ്തതും പെയിന്റിങ് നടത്തിയതുമെല്ലാം ഡിസംബര്‍ മാസത്തിലായിരുന്നു. ഡിസംബര്‍ മാസത്തില്‍ അരുണിന്റെ കമ്പനിയില്‍ 15 ദിവസം അവധിയാണ്. മലയാളികള്‍ എല്ലാവരും വിനോദയാത്രയ്ക്ക് പോകാനായി തിരഞ്ഞെടുക്കുന്ന സമയാണ് അത്. ഈ 15 ദിവസവും അരുണും സുമിയും എവിടെയും പോയില്ല. ആ സമയം മുഴുവനായി സ്‌കൂളിനായി നീക്കിവെച്ചു. അതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. ഏതാണ്ട് 18 മാസക്കാലം എടുത്തു സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍. 2021 ഒക്ടോബറില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023 ഫെബ്രുവരിയിലാണ് പൂര്‍ത്തിയായത്. ഫെബ്രുവരി 17-ന് സ്‌കൂള്‍ ഉദ്ഘാടനം നടത്തി ക്ലാസുകള്‍ ആരംഭിച്ചു. പണി തീര്‍ന്നതോടെ വലിയ മാറ്റം ആ സ്‌കൂളിന് ഉണ്ടായി. ആ ഗ്രാമീണര്‍ പ്രതീക്ഷിക്കാത്ത മാറ്റം. അരുണും സുമിയും ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ ചിത്രങ്ങള്‍ വരച്ചു. കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ക്ലാസ് മുറികളിലൊരുക്കി. ഇരിക്കാന്‍ കസേരകള്‍ കൊണ്ടുവന്നു. നല്ല ബാക്ക് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആ സമയത്ത് ഗ്രാമീണര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതായിരുന്നുവെന്ന് അരുണ്‍ പറയുന്നു.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം അരുണ്‍ സി. അശോകനും സുമി സുബ്രഹ്‌മണ്യനും ചേര്‍ന്ന് നടത്തുന്നു.

നിര്‍മാണത്തിനായി ആഷിഫും കെന്നത്തും പണം നല്‍കിയെങ്കിലും ഗ്രാമീണര്‍ക്ക് നേരിട്ട് അറിയുന്നത് അരുണിനേയും സുമിയേയും ആയിരുന്നു. സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയായതോടെ അരുണിന്റെയും സുമിയുടേയും പേര് കെട്ടിടത്തില്‍ എഴുതി വെയ്ക്കണം എന്നാണ് ഗ്രാമീണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവരത് നിരസിച്ചു. പകരം തങ്ങളുടെ നാടിന്റെ പേര് സ്‌കൂള്‍ കെട്ടിടത്തിന് നല്‍കാം എന്ന നിര്‍ദേശമാണ് അരുണ്‍ അവര്‍ക്ക് മുന്നില്‍ വെച്ചത്. 'കേരളം എന്നാണ് എന്റെ നാടിന്റെ പേര്. നിങ്ങള്‍ക്ക് സ്‌കൂള്‍ കെട്ടിടത്തിന് കേരള ബ്ലോക്ക് എന്ന് പേര് നല്‍കാമെന്ന് അവരെ അറിയിച്ചു. എല്ലാവരും ചോദിക്കുന്നു എന്ത് കൊണ്ട് ഇന്ത്യ ബ്ലോക്ക് എന്ന് എഴുതിയില്ല എന്ന്. ഞങ്ങള്‍ അറിയപ്പെടുന്നത് ഇന്ത്യക്കാര്‍ എന്ന നിലയിലാണ്. ഇന്ത്യക്കാരാണ് ഈ കെട്ടിടം നിര്‍മിച്ചതെന്ന് അവിടെ എഴുതിവെക്കേണ്ട കാര്യമില്ല. ഇന്ത്യയില്‍ എവിടെനിന്ന് വരുന്നു എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു കേരള ബ്ലോക്ക്. എന്റെ പേരിനേക്കള്‍ മലയാളികളെ മൊത്തം അറിയപ്പെടണം, സ്‌നേഹം വേണം എന്ന് ആഗ്രഹിച്ചു.' കേരള ബ്ലോക്ക് എന്ന് പേരിട്ടതിനേക്കുറിച്ച് അരുണ്‍ പറഞ്ഞു.

സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയായതോടെ ഗ്രാമീണരും സര്‍ക്കാര്‍ സംവിധാനവും അഭിനന്ദനവുമായെത്തി. ഒപ്പം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട വേള്‍ഡ് വിഷനും യു.എന്‍. സംഘടനകളുടെ കോവിഡ് ടീം പ്രദേശത്ത് എത്തി. അവര്‍ പണം ചെലവാക്കി മറ്റൊരു ക്ലാസ് റൂമും നിര്‍മിച്ച് നല്‍കി. പ്ലം കണ്‍സ്ട്രക്ഷന്‍ എന്ന അരുണിന്റെ കമ്പനിയും ഒരു ക്ലാസ് റുമും ഓഫീസ് കെട്ടിടവും നിര്‍മിച്ചു നല്‍കി. മറ്റ് രണ്ട് കെട്ടിടവും വന്നതോടെ സ്‌കൂളിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചു. മുമ്പ് ഈ സ്‌കൂളിന് അംഗീകാരം ഉണ്ടായിരുന്നില്ല. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ വേള്‍ഡ് വിഷന്റെ പരിശ്രമഫലമായി സ്‌കൂളിന് സര്‍ക്കാരിന് അംഗീകാരം ലഭിച്ചു. സ്‌കൂളിനെ ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്ന് മുതല്‍ എട്ട് വരെയാക്കി ഉയര്‍ത്താനാണ് തീരുമാനം. ഇതൊരു വലിയ മാറ്റമാണെന്നും അതിയായ സന്തോഷമുണ്ടെന്നും അരുണ്‍ പറഞ്ഞു നിര്‍ത്തി.

Content Highlights: Meet the Malayali couple Arun and Sumi who built a school in Malawi and named it Kerala Block

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented