എല്ലാ പ്രോബ്ലവും സോള്‍വ് ചെയ്തു; സി.പി. ജനാര്‍ദനന്‍പിള്ള വിടവാങ്ങി


സി.പി.ബിജു

4 min read
Read later
Print
Share

മാത്തമാറ്റിക്സ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും കണ്‍കണ്ട ദൈവമായിരുന്നു സിപിജെപി.

സി.പി.ജനാർദനൻപിള്ള

കേരളത്തിലെ ഗണിതശാസ്ത്ര വിദ്യാർഥികൾക്ക് സുപരിചിതമായ പേര് : ABC Series in Mathematics. അര നൂറ്റാണ്ടോളം കേരളത്തെ കണക്കു പഠിപ്പിച്ച എബിസി സീരീസ് പുസ്തകങ്ങളുടെ രചയിതാവ് പ്രൊഫ സി.പി.ജനാർദനൻ പിള്ള വ്യാഴാഴ്ച എല്ലാ പ്രോബ്ലങ്ങളും സോൾവ് ചെയ്ത് അനന്തത്തിൽ ലയിച്ചു.

പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് പഠിച്ചവർക്കും ബി.എസ് സി മാത്തമാറ്റിക്സ് പഠിച്ചവർക്കും ഗണിതശാസ്ത്ര പാഠ പുസ്തകമെന്നാൽ എബിസി സീരീസ് തന്നെയായിരുന്നു. ബിഎസ് സി ഫിസ്ക്സുകാർക്കും കെമിസ്ട്രിക്കാർക്കും രണ്ടു വർഷം സബ്സിഡിയറി മാത്സ് പഠിക്കാനും എബിസി സീരീസ് തന്നെ മുഖ്യാശ്രയം. ബി. എസ് സി. മാത്തമാറ്റിക്സ് വിദ്യാർഥികളിൽ പലർക്കും കൺകണ്ട ദൈവമായിരുന്നു സിപിജെപി.

ABC books
ഫോട്ടോ കടപ്പാട്: ഷിജു അലക്സ്

1970കളുടെ അവസാനത്തോടെ സി.പി.ജനാർദനൻപിള്ളയുടെ ഗണിതശാസ്ത്ര പാഠ പുസ്തകങ്ങൾ കോളേജ് വിദ്യാർഥികൾക്കിടയിൽ സുപരിചിതമായി. ലളിതമായ വിവരണങ്ങളും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പ്രോബ്ലങ്ങളുമായിരുന്നു എബിസി സീരീസ് പുസ്തകങ്ങളുടെ ഉസാഘ. ജനാർദനൻ പിള്ള സാറിന്റെ പുസ്തകങ്ങൾ തന്നെ പഠിച്ച് കോളേജ് അധ്യാപകരായി ചേർന്ന് അതേ പുസ്തകങ്ങൾ തന്നെ പഠിപ്പിക്കുന്ന നിരവധി അധ്യാപകരുണ്ട്.
ജനാർദനൻ പിള്ള സാറിന്റെ മിക്ക പുസ്തകങ്ങളും അദ്ദേഹം തന്നെയാണ് അച്ചടിച്ച് വിപണിയിലെത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ അജിത്തിന്റെ പേരിൽ തുടങ്ങിയ അജിത്ത് ബുക്ക് സെന്ററിലൂടെ. അജിത്ത് ബുക്ക് സെന്റർ എന്നതിന്റെ ചുരുക്കമാണ് എബിസി.
കണക്കു പുസ്തകങ്ങളുടെ ലോകത്ത് ഏകഛത്രാധിപതിയായിരുന്ന ജനാർദനൻ പിള്ള സാർ തന്റെ പ്രസാധന വഴിയിൽ ഒരു പുണ്യകർമത്തിനും ഒരുങ്ങി. 1990 കളോടെ അജിത്ത് ബുക്ക് സെന്ററിൽ നിന്ന് അധ്യാത്മ രാമായണം പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതിന്റെ പ്രസാധകക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ-

കവികുലഗുരുവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കേരളീയരായ ഹിന്ദുക്കൾക്കെല്ലാം ഒരു പുണ്യഗ്രന്ഥമാണ്. നിത്യപാരായണത്തിന് (പ്രത്യേകിച്ചും കർക്കടക മാസത്തിൽ) ഈ ഗ്രന്ഥം മിക്ക ഹൈന്ദവ ഗൃഹങ്ങളിലും ഉപയോഗിച്ചു വരുന്നു.
ക്രിസ്തു മതാനുയായികൾക്ക് ബൈബിൾ പോലെയും മുഹമ്മദീയർക്ക് കൊറാൻ പോലെയും കേരളീയരായ ഹിന്ദുക്കൾക്കെല്ലാം അധ്യാത്മ രാമായണം ഒരു മഹദ് പുണ്യഗ്രന്ഥവും നിത്യപാരായണ ഗ്രന്ഥവുമായിത്തീരണമെന്നതാണ് ഈ പുസ്തകത്തിന്റെ പ്രസാധകരുടെ ആഗ്രഹം. അതിലേക്കായി ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ പുസ്തകം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

mathematics book
ഫോട്ടോ കടപ്പാട്: ഷിജു അലക്സ്

കടലാസു വിലയും അച്ചടിക്കൂലിയും കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ അതെത്ര കണ്ട് വിജയിച്ചുവെന്ന് സജ്ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ. ലാഭേച്ഛയില്ലാതെ കേവലം അച്ചടിക്കൂലിയും കടലാസു വിലയും ബയണ്ടിങ് ചാർജും മാത്രം ചേർത്തുള്ള തുകയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന വിലയായി (Rs25) നിശ്ചയിച്ചിരിക്കുന്നത്. ഞങ്ങളിൽ നിന്നും നേരിട്ടു വാങ്ങുന്നവർക്ക് ഈ വിലയ്ക്കും പുസ്തക ശാലകളിൽ നിന്ന് വാങ്ങുന്നവർക്ക് ഇത് ഞട 37.50 നും ലഭിക്കുന്നതാണ്. മറ്റു പ്രസാധകർ ഈ പുസ്തകത്തിനു നിശ്ചയിച്ചിട്ടുള്ള വിലയെക്കാൾ ഞങ്ങളുടെ വില വളരെക്കുറവാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്നാൽ, അച്ചടിയുടെ മികവിലും മറ്റു ഗുണമേന്മകളിലും ഈ പ്രസിദ്ധീകരണം ഒട്ടും പിന്നിലല്ല താനും.
ഈ പുസ്തകം എല്ലാ കേരളീയ ഗൃഹങ്ങളിലും നിത്യപാരായണത്തിനുള്ള പുണ്യഗ്രന്ഥമായിത്തീരട്ടെയെന്ന് പ്രാർഥിച്ചു കൊണ്ട് ഇതിനെ എല്ലാ ശ്രീരാമഭക്തർക്കുമുള്ള ഞങ്ങളുടെ എളിയ കാണിക്കയായി അർപ്പിച്ചു കൊള്ളുന്നു.

1992ൽ പ്രസിദ്ധീകരിച്ച അധ്യാത്മ രാമായണം 508 പേജുകളുള്ള വലിയ പുസ്തകമാണ്. പോരെങ്കിൽ ഹാർഡ് കവറും. വൃത്തിയുള്ള ഫോണ്ടിൽ ഓരോ കാണ്ഡത്തെയും ഉപശീർഷകങ്ങളോടെ തിരിച്ച് നിത്യപാരായണത്തിനു സഹായകമായ വിധത്തിൽ തയ്യാറാക്കിയ മികച്ച പുസ്തകം. കണക്ക് പുസ്തകം അടിച്ച് വിറ്റ് കിട്ടിയ വലിയ ലാഭത്തിൽ നിന്ന് ഒരു വിഹിതം കൊണ്ട് ഒരു പുണ്യപ്രവൃത്തി എന്നാണ് മറ്റു ചില പ്രസാധകന്മാർ പറഞ്ഞിരുന്നത്.

പിൽക്കാലത്ത് പ്രീഡിഗ്രി ഇല്ലാതാവുകയും പ്ലസ് ടു വരികയും ചെയ്തതോടെ എബിസി സീരീസിന്റെ ഉപഭോക്താക്കളിൽ വലിയൊരു നിര ഇല്ലാതായി. പ്ലസ് ടു മാത്തമാറ്റിക്സിന് സിബിഎസ്ഇ സിലബസാണല്ലോ. പാഠപുസ്തകങ്ങൾ എസ് സി ഇ ആർ ടി തയ്യാറാക്കുന്നു. ഇപ്പോഴും കോളേജ് ക്ലാസ്സുകളിലേക്കുള്ള ഗണിതശാസ്ത്ര പാഠപുസ്തകങ്ങളുടെ കാര്യത്തിൽ കേരളത്തിൽ മുമ്പൻ എബിസി സീരീസ് തന്നെ.

ജനാർദനൻ പിള്ളയുടെ പുസ്തകങ്ങൾ വരുന്നതിനു മുമ്പ് കുഞ്ഞിപൗലോ, ശാന്തി നാരായണൻ തുടങ്ങി ചില അധ്യാപകർ തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് ഏറെ പ്രചാരത്തിലുണ്ടായിരുന്നു. പരമാവധി ലളിതമായി, പരീക്ഷയിൽ മാർക്ക് കിട്ടുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കിയ ജനാർദനൻ പിള്ളയുടെ പുസ്തകങ്ങൾ അധ്യാപകർക്ക് എളുപ്പവഴിയായിരുന്നു. പാഠപുസ്തകം എന്നതിനെക്കാൾ പാഠപുസ്തകവും ഗൈഡും ചേർന്ന പതിപ്പുകളും മുൻകാലങ്ങളിൽ പരീക്ഷയ്ക്കു വന്ന ചോദ്യക്കടലാസുകൾ സോൾവ് ചെയ്ത ചോദ്യോത്തര പതിപ്പുകളുമൊക്കെയാണ് വിദ്യാർഥികൾക്കിടയിൽ ഏറെ പ്രീതിനേടിയത്.

book
ഫോട്ടോ കടപ്പാട്: ഷിജു അലക്സ്

വിദ്യാർഥികളിൽ ഗണിതശാസ്ത്ര താത്‌പര്യവും ശാസ്ത്രബോധവും വളർത്തുക എന്നതിനെക്കാൾ പരീക്ഷ പാസാകുക എന്ന ലക്ഷ്യമേ ആ പുസ്തകങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. മികച്ച ഗണിതശാസ്ത്ര പാഠപുസ്തകങ്ങളെന്ന് അവയെ വിളിക്കാനേ ആവില്ല എന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്. എം.എസ്.സിയ്ക്ക് അപ്പുറം കണക്ക് പഠനത്തിൽ മികവു തേടിപ്പോയ പലരും ഇതേ അഭിപ്രായക്കാരായി ഉണ്ട്. തോമസ്/ ഫിന്നി പുസ്തകങ്ങളൊക്കെ അന്നും കിട്ടാനുണ്ടായിരുന്നെങ്കിലും അധ്യാപകർക്കും വിദ്യാർഥികൾക്കും ഗണിതശാസ്ത്ര വിശാരദരാകുക എന്നതിനെക്കാൾ പരീക്ഷ ജയിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. അതിനാൽ എബിസി സീരീസിനു കിട്ടിയ ജനപ്രീതിയെ ആർക്കും മറികടക്കാനായിട്ടില്ല.

കോട്ടയം അയ്മനം സ്വദേശിയായ സി.പി.ജനാർദനൻപിള്ള വിദ്യാർഥി ജീവിത കാലത്ത് കെ.എസ്.പി.ക്കാരനായിരുന്നു. എൻ.എസ്.എസ്. കോളേജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം മഞ്ചേരി, നന്മൊറ, വടക്കാഞ്ചേരി, ചങ്ങനാശ്ശേരി കോളേജുകളിലൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നെന്മാറയിൽ പ്രിൻസിപ്പലായിട്ടാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ മൂത്ത മകൾ വിജയലക്ഷ്മിയും ഒറ്റപ്പാലം കോളേജിൽ അധ്യാപികയായിരുന്നു. അവിടെ പ്രിൻസിപ്പലായി വിരമിച്ചു. എബിസി എന്ന പേരിനു പിന്നിലെ അജിത്ത് ജെ.പിള്ള സകുടുംബം അമേരിക്കയിലാണ്. രാജലക്ഷ്മി (അക്ഷര ഓഫ്സെറ്റ് തിരുവനന്തപുരം) ഡോ.ജയലക്ഷ്മി (കേരള കാർഷിക സർവകലാശാല) എന്നിവരാണ് മറ്റു മക്കൾ. ഭാര്യ പി.ജെ.ഗംഗമ്മ ഒറ്റപ്പാലത്ത് കെ.പി.ടി.എച്ച്.എസിൽ അധ്യാപികയായിരുന്നു.

Content highlights :mathematics teacher c p janardhanan pillay died known as abc series maths books

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
india-canda
Premium

8 min

ഇന്ത്യൻ വിദ്യാർഥികളുടെ പറുദീസയിൽ 'നയതന്ത്രം' വിലങ്ങുതടിയല്ല; യു.കെയുടെ വഴി നീങ്ങുമോ കാനഡ?

Sep 26, 2023


study abroad

2 min

മുന്നൊരുക്കമില്ലെങ്കിൽ മുള്ളുവഴിയാകും വിദേശപഠനം | ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Sep 26, 2023


satyam kumar

1 min

13-ാം വയസില്‍ ഐഐടിയില്‍ പ്രവേശനം; Ph.Dയും കഴിഞ്ഞ് സത്യംകുമാര്‍ ഇന്ന് ആപ്പിളില്‍ 

Sep 16, 2023


Most Commented