-
പരീക്ഷ പാസാകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. റാങ്ക് ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിരുന്നില്ല- ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (ഓള്‍ഡ് സ്‌കീം) പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വരദ കെ.പി പറയുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നുള്ള വരദ ആദ്യശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് മുതല്‍ കൂട്ടാണ്.
എട്ട് വിഷയങ്ങളിലായി 800 മാര്‍ക്കില്‍ 548 മാര്‍ക്കുനേടിയാണ് വരദ പരീക്ഷ പാസായത്. സ്‌കൂള്‍ പഠനകാലത്തുതന്നെ സി.എ ആയിരുന്നു വരദയുടെ ലക്ഷ്യം. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താംക്ലാസും പുലാപ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടുവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. ബിരുദത്തിന് പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രവേശനം ലഭിച്ചുവെങ്കിലും ഇന്റര്‍ പാസായതോടെ വരദ സി.എ പഠനത്തിലേക്ക് തിരിഞ്ഞു. 2015 ലാണ് വരദ പ്ലസ് ടു പൂര്‍ത്തിയാക്കിയത്. വെറും നാല് വര്‍ഷം കൊണ്ട് ഈ പെണ്‍കുട്ടി തന്റെ സ്വപ്‌നം നേടിയെടുത്തു.
റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല
സി.എ എഴുതിയെടുക്കണമെന്ന സ്വപ്‌നം സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ ഉണ്ടായിരുന്നു. പ്ലസ് ടു പൂര്‍ത്തിയാക്കിയതിന് ശേഷം ഡിഗ്രിയ്ക്ക് പ്രവേശനം ലഭിച്ചുവെങ്കിലും ഞാന്‍ പോയില്ല. അതിനിടെ ഇന്റര്‍ പാസായപ്പോള്‍ സി.എ ചെയ്യാനുള്ള ആത്മവിശ്വാസം വര്‍ധിച്ചു. കുറച്ചുകാലം ഞാന്‍ ചെന്നൈയില്‍ പരിശീലനത്തിന് പോയി. അതിന് ശേഷം നാട്ടില്‍ തിരികെയെത്തി സി.കെ നായര്‍ ആന്റ് കമ്പനിയില്‍ ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തു. പരീക്ഷാ സമയത്ത് വീട്ടില്‍ തന്നെ ഇരുന്നായിരുന്നു പഠിച്ചത്.
പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ പാസ് മാര്‍ക്ക് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഐ.സി.എ.ഐയുടെ പ്രസിഡന്റ് നേരിട്ട് വിളിച്ചാണ് റാങ്കിന്റെ കാര്യം പറഞ്ഞത്. പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ തോന്നിയില്ല.
പഠിക്കുക, പിന്നെയും പഠിക്കുക....
പഠിക്കുക എന്നത് മാത്രമാണ് സി.എ നേടാനുള്ള വഴി. സമയം പാഴാക്കി കളയരുത്. സിലബസ് പരമാവധി വായിച്ച് തീര്‍ക്കുക, നേരത്തേ നടന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് പഠിക്കുക, മോക്ക് ടെസ്റ്റ് എഴുതുക ഇതെല്ലാമായിരുന്നു എന്റെ പഠനരീതി. ബേസിക്‌സ് വീട്ടു കളയരുത്, മൂന്ന് തവണയെങ്കിലും എല്ലാം വായിച്ചിരിക്കണം. റിവിഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് പരീക്ഷ എഴുതുമ്പോള്‍ അത് നമ്മളെ നന്നായി സഹായിക്കും. പഠിച്ച കാര്യങ്ങള്‍ മറന്നുപോകുമോ എന്നതായിരുന്നു എന്റെ പ്രധാന പേടി. എന്നാല്‍ ആ തോന്നല്‍ വെറുതെയായിരുന്നു. പരീക്ഷയെ ഭയത്തോടെ സമീപിക്കുന്ന രീതിയാണ് നമ്മള്‍ മാറ്റേണ്ടത്. പരമാവധി പ്രയത്‌നിക്കണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.
കുടുംബം
അച്ഛന്‍ പി.കെ പരമേശ്വരന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഏജന്‍സി ഏറ്റെടുത്ത് നടത്തുന്നു. അമ്മ സാവിത്രി പി.എം കോപ്പറേറ്റീവ് ബാങ്കില്‍ ജോലി ചെയ്യുന്നു. സഹോദരി ഡോക്ടറാണ്, സഹോദരന്‍ മൈക്രോബയോളജിസ്റ്റാണ്.
Content Highlights: kp varada Girl who scored second rank in CA examination, ICAI, Varada from kerala mannarkkad Palakkad, success tips
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..