സ്കൂൾ സമയമാറ്റം പ്രായോഗികമോ? ഖാദർകമ്മിറ്റി റിപ്പോർട്ട് ആദ്യവായനയിൽ


പി.കെ. മണികണ്ഠൻ

പ്രതീകാത്മകചിത്രം | Photo: Mathrubhumi

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗവും സർക്കാരിനു സമർപ്പിക്കപ്പെട്ടതോടെ സജീവമായ പൊതുചർച്ചയ്ക്കു വിധേയമാവുകയാണ് സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം. മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം എന്ന ഉദ്ദേശ്യത്തോടെ സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ് റിപ്പോർട്ട്. 2009-ലെ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാവിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിലൂന്നി ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കാനുള്ള ശുപാർശകൾക്കായി നിയോഗിക്കപ്പെട്ടതാണ് ഖാദർ കമ്മിറ്റിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.

രണ്ടാംഭാഗത്തിലെ നിർദേശങ്ങൾവിദ്യാർഥി കേന്ദ്രികൃതമാവണം സ്കൂൾ എന്ന കാഴ്ചപ്പാടിലും സമീപനത്തിലും ഊന്നിക്കൊണ്ടുള്ളതാണ് പരിഷ്കാരങ്ങൾ. സ്കൂൾപ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിലെത്തുകയും ദേശീയസാഹചര്യത്തിൽനിന്നു വ്യത്യസ്തമായി എൻറോൾ ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും 12-ാം ക്ലാസുവരെ തുടരുകയും ചെയ്യുന്നതാണ് കേരളത്തിലെ അവസ്ഥയെന്നാണ് നിരീക്ഷണം. അതിനാൽ, വിദ്യാഭ്യാസാവകാശനിയമം ഫലപ്രദമായി കേരളത്തിൽ നടപ്പാക്കണമെങ്കിൽ 12 വർഷംവരെയുള്ള സ്കൂൾവിദ്യാഭ്യാസത്തെ ഒറ്റഘടകമായി പരിഗണിക്കണമെന്നും സമിതി നിലപാടെടുത്തു. സ്കൂളിനെ ഒറ്റഘടകമായി പരിഗണിക്കുന്നതു സംബന്ധിച്ച ചർച്ചകളും വിമർശനങ്ങളും റിപ്പോർട്ടിന്റെ ആദ്യഭാഗം പുറത്തുവന്നപ്പോഴേ ആരംഭിച്ചെങ്കിലും ഇപ്പോഴും തർക്കമൊടുങ്ങിയിട്ടില്ല. അതു തുടരുമ്പോൾത്തന്നെ, രണ്ടാംഭാഗത്തിലെ ഉള്ളടക്കമായ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അഭിപ്രായങ്ങൾക്കൊപ്പം ഏറെ ആശങ്കകളുമുണ്ട്. എന്നാൽ, രണ്ടാംഭാഗം സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ വിഷയാധിഷ്ഠിത പരിശോധനയോ സംവാദമോ ഈയൊരു ഘട്ടത്തിൽ പ്രായോഗികമല്ല. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനം, അധ്യയനം, വിദ്യാർഥികളുടെ അനുബന്ധപ്രവർത്തനം എന്നിവയിൽ ഊന്നിക്കൊണ്ടുള്ളതാണ് രണ്ടാംഭാഗത്തിലെ ശുപാർശകൾ.

സ്കൂൾവിദ്യാഭ്യാസ രംഗത്തെ ഒന്നാംതലമുറ പ്രശ്നങ്ങളായ സ്കൂൾ പ്രാപ്യത, പഠനത്തുടർച്ച എന്നിവ ഏതാണ്ട് അഭിമുഖീകരിക്കാൻ കേരളത്തിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇനി നീതിയും തുല്യതയും ഗുണവുമുള്ള വിദ്യാഭ്യാസമാണ് എല്ലാ കുട്ടികൾക്കും ഉറപ്പാക്കേണ്ടതെന്നും അതിനായുള്ള അന്വേഷണങ്ങളാണ് പ്രധാനമായും നടത്തിയതെന്നും അഭിപ്രായപ്പെട്ടു. പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്. അതു തുടരണം. എന്നാൽ, കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് നാം മുന്നേറണം. അതു നടപ്പാക്കണമെങ്കിൽ വിപുലമായ തയ്യാറെടുപ്പുകൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.

സമയമാറ്റം പ്രായോഗികമോ?

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയതിന്റെ സാഹചര്യത്തിൽക്കൂടിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. സ്വാഭാവികമായും അതിലെ നിർദേശങ്ങൾ ഈ റിപ്പോർട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാതെവയ്യ. സ്കൂളിലെ പഠനസമയം ഉച്ചവരെ മതിയെന്ന് സമിതി ശുപാർശചെയ്തിട്ടുള്ളത് ഈ അനുഭവങ്ങൾ ഉൾക്കൊണ്ടാണ്. ‘കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപാഠ്യപദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്കൂൾ സമയം 7.30-നും 8.30-നും ഇടയിലാണ് ആരംഭിക്കുന്നത്. അക്കാദമിക കാരണങ്ങളിലാണ് ഈ സമയം പാലിക്കുന്നത്. ഒന്നുമുതൽ നാലുവരെ ലോവർ പ്രൈമറി തലത്തിൽ പഠനസമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആക്കാവുന്നതാണ്. അഞ്ചുമുതൽ 12-ാം ക്ലാസ്‌വരെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി നിഷ്‌കർഷിക്കുന്ന ലക്ഷ്യങ്ങൾ നേടാനുതകുന്ന, പ്രധാനമായും പാഠപുസ്തകത്തിൽ നിർദേശിച്ചിരിക്കുന്ന പഠനവസ്തുതകൾ സ്വാംശീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾകാലത്ത് എട്ടുമണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള സമയം വിനിയോഗിക്കാം.’ -റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഭൂമിശാസ്ത്രപരമായി സങ്കീർണമായ പ്രദേശങ്ങളും മതപഠനവുമൊക്കെ ഇതു പ്രായോഗികമായി നിറവേറ്റാനുള്ള തടസ്സങ്ങളായി ഇതിനകംതന്നെ ഉയർന്നുവന്നിട്ടുണ്ട്. അതിരാവിലെ പഠനം തുടങ്ങുന്നത് മലയോര മേഖലയിലും ഗതാഗതപ്രശ്നങ്ങളും മറ്റും അലട്ടുന്ന ഉൾനാടൻ പ്രദേശങ്ങളിലുമൊന്നും പ്രായോഗികമല്ല. എങ്കിൽ കുട്ടികളെത്തന്നെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് ഈ പരിഷ്കാരം മാറും. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന അധ്യാപകരെയും അതു ബാധിക്കും. എന്നാൽ, പ്രാദേശികവും സാമൂഹികമായി ഉയർന്നുവരാനിടയുള്ള പ്രശ്നങ്ങളിൽ ചർച്ചകൾ നടത്തി പരിഹാരമുണ്ടാക്കി മാത്രമേ ഇങ്ങനെയൊരു സമയമാറ്റം നടപ്പാക്കേണ്ടതുള്ളൂവെന്നാണ് ഇതിനൊക്കെ വിദഗ്ധസമിതിയുടെ ഉത്തരം.

മറ്റൊന്ന്, കേരളം കൂടുതൽ നഗരകേന്ദ്രിത സ്വഭാവത്തിലേക്കു മാറുന്നതിനാൽ ഉച്ചയ്ക്കു പഠനം കഴിഞ്ഞുവരുന്ന കുട്ടികൾ വീട്ടിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്ന ആശങ്കയാണ്. അതെങ്ങനെ മാറ്റിയെടുക്കാനാവുമെന്നതിന് ഭാഗികമായ ഉത്തരമേ റിപ്പോർട്ടിലുള്ളൂ. സമയമാറ്റം നടപ്പാക്കുമ്പോൾ തൊഴിൽചെയ്യുന്ന അച്ഛനമ്മമാരുടെ പ്രശ്നംകൂടി പരിഗണിക്കണമെന്നാണ് നിർദേശം. ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾക്ക് അവർ തൊഴിലിനുപോകുന്നതുമുതൽ തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനംകൂടി സാമൂഹികമായി വികസിപ്പിക്കണം. ഇത്‌ സ്കൂളിൽ തൊഴിൽ ചെയ്യുന്നവരുടെമാത്രം ഉത്തരവാദിത്വമാക്കരുതെന്നും നിർദേശിച്ചു. എന്നാൽ, അങ്കണവാടികൾ അടക്കമുള്ള പ്രീസ്കൂളുകൾക്കു മാത്രമായി നിർദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ശുപാർശ. മറ്റു ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ, മറ്റു ക്ലാസുകളിൽ പഠനസമയം മാത്രമേ ഉച്ചവരെ ആക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് സമിതി. തൊഴിൽ വിദ്യാഭ്യാസം (വർക്ക് എജ്യുക്കേഷൻ), അന്വേഷണ പ്രവർത്തനങ്ങൾ, ലൈബ്രറിവിനിയോഗം, ലാബ് വിനിയോഗം, ചില വിഷയമേഖലകളിൽ കൂടുതൽ ആഴത്തിൽ അറിയാനും കുട്ടികൾക്ക് താത്പര്യത്തിനനുസൃതമായി അനുഭവങ്ങളിൽ ഏർപ്പെടാനുള്ള സമയമായി ഉച്ചയ്ക്ക് രണ്ടുമുതൽ നാലുമണി വരെയുള്ള സമയത്തെ പ്രയോജനപ്പെടുത്താം. കലാകായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാകണമെന്നും പറയുന്നു.

അതേസമയം, നിർദേശിക്കപ്പെട്ട സമയമാറ്റം കേരളത്തിലെ ന്യൂനപക്ഷവിദ്യാർഥികൾ അഭിമുഖീകരിക്കുന്ന മദ്രസ പഠനത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് വ്യക്തമായ മറുപടിയില്ല. കുട്ടികളുടെ സകലമാന കഴിവുകളെയും അഭിമുഖീകരിക്കേണ്ടി വരുന്ന രണ്ടാംതലമുറ വിദ്യാഭ്യാസപ്രശ്നങ്ങൾ പരിഗണിക്കുകയാണെങ്കിൽ പഠനസമയത്തെക്കുറിച്ച് പുതിയ ആലോചനകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇങ്ങനെ, വലിയൊരു സാമൂഹികചർച്ചയ്ക്കു തുറന്നിട്ടിരിക്കുകയാണ് സ്കൂളിലെ സമയമാറ്റം.

അധ്യാപകർ മാറുമ്പോൾ...

വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെ സജ്ജമാക്കുക എന്നതു പ്രധാനമാണെന്ന് സമിതി നിരീക്ഷിച്ചു. ആധുനിക സാങ്കേതികവിദ്യ വിവേകത്തോടെ ഫലപ്രദമായി പഠനബോധനപ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിൽ അധ്യാപകർ പ്രാപ്തരാവണം. ഇതിനായി അധ്യാപകയോഗ്യതയിലും പരിശീലനത്തിലുമൊക്കെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്നു.

ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ളതും അതിനുശേഷമുള്ളതുമായ അധ്യാപകപരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഒരു ഡോക്ടറോ എൻജിനിയറോ അതതു മേഖലയിൽ അഭിരുചിയോടെയും സവിശേഷ വിദ്യാഭ്യാസത്തിലൂടെയും വാർത്തെടുക്കപ്പെടുന്ന രീതി അധ്യാപകർക്കും നിർബന്ധമാക്കണമെന്നാണ് സമിതിയുടെ നിർദേശം. ഇതിനായി ബിരുദവും ബിരുദാനന്തര ബിരുദവുമടക്കമുള്ള യോഗ്യതകൾ അടിസ്ഥാനമാക്കിയും അധ്യാപകവിദ്യാഭ്യാസം ഉൾപ്പെടുത്തിയുമുള്ള പഞ്ചവത്സര സംയോജിത കോഴ്‌സുകൾ വേണമെന്നാണ് ശുപാർശ.

ലോവർ പ്രൈമറിക്ക് ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കണമെന്ന് ഒന്നാം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആറ്, ഏഴ് ക്ലാസുകൾക്ക് എൻ.സി.ടി.ഇ. നിബന്ധനയനുസരിച്ചുള്ള അധ്യാപകയോഗ്യതയും എട്ടുമുതൽ 12വരെ ബിരുദാനന്തരബിരുദവും അതതു വിഷയങ്ങളിൽ വിദ്യാഭ്യാസബിരുദവും വേണമെന്നാണ് ശുപാർശ. ഇപ്പോഴത്തെ കോഴ്‌സുകൾക്കുപകരം, അധ്യയനത്തിനുള്ള അഭിരുചിക്ക് ഊന്നൽ നൽകി അധ്യാപക കോഴ്‌സുകൾ സംയോജിപ്പിച്ചുള്ള സവിശേഷബിരുദം അധ്യാപകർ നിർബന്ധമായും നേടിയിരിക്കണം. എന്നാൽ, പ്രൈമറിതലത്തിലും മറ്റും ഇപ്പോഴുള്ള രണ്ടു കോഴ്‌സുകളിലും സമൂലമായ മാറ്റം നിർദേശിക്കുന്ന ഈ പരിഷ്കാരം നടപ്പാക്കുന്നത് എളുപ്പമല്ല. എന്നാൽ, ഇതിന് വ്യക്തമായ അക്കാദമിക ആസൂത്രണം വേണമെന്നാണ് സമിതിയുടെ അഭിപ്രായം.

Content Highlights: khader committee report, analysis,school education, Edu reforms kerala, report recommendations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented