കെ.സി. ജോസഫ് | ഫോട്ടോ: മാതൃഭൂമി
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാംസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏഴു ദിവസമായി നാല്പത്തിനാലര മണിക്കൂറാണ് സഭ സമ്മേളിച്ചത്. ഇതിൽ നിയമനിർമാണത്തിന് ചെലവഴിച്ചത് ഇരുപതര മണിക്കൂർ. 17 ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷം പാസാക്കി. ഒരു ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കും അയച്ചു. സ്പീക്കർതന്നെ പറഞ്ഞത് ഒരു ബിൽ പാസാക്കാൻ ഒന്നേകാൽ മണിക്കൂർ എടുത്തെന്നാണ്. വേണ്ടത്ര സമയം കണ്ടെത്താതെയും സൂക്ഷ്മതയും ജാഗ്രതയും ഇല്ലാതെയുമാണ് ബിൽ പാസാക്കിയതെന്ന് ഇതിൽനിന്ന് വ്യക്തം.
ഈ സഭാ സമ്മേളനം വിളിച്ചുകൂട്ടിയതുതന്നെ യൂണിവേഴ്‌സിറ്റികളുടെ ചാൻസലർസ്ഥാനത്തുനിന്ന് ‘സർക്കാരിന്റെ കണ്ണിലെ കരടായ’ ഗവർണറെ നീക്കാൻ വേണ്ടിയായിരുന്നെന്ന് പകൽപോലെ വ്യക്തം. പുതിയ ബിൽ നിയമമാകുന്നതോടെ ചാൻസലർമാരായി ‘വിദ്യാഭ്യാസ വിചക്ഷണനോ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെയുള്ള ശാസ്ത്രം, സാങ്കേതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം, പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗല്‌ഭ്യമുള്ളവരോ നിയമിക്കപ്പെടും. ഫലത്തിൽ 14 സർവകലാശാലകൾക്കും പുതിയ ചാൻസലർമാർ വരും. പിന്നെ എന്തു സാഹചര്യത്തിലാണ് സഭയിൽ മറുപടി പറഞ്ഞപ്പോൾ ‘ഓരോ സർവകലാശാലയ്ക്കും ഓരോ ചാൻസലർ എന്ന് ഗവൺമെന്റ് ഉദ്ദേശിക്കുന്നില്ല’ എന്ന് നിയമമന്ത്രി പറഞ്ഞത്? ബില്ലിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് നിയമമന്ത്രിക്കുപോലും വ്യക്തയില്ലെന്നല്ലേ ഇതിൽനിന്ന് അർഥമാക്കുന്നത്?
സർവകലാശാലാ നിയമങ്ങൾപ്രകാരം വിപുലമായ അധികാരങ്ങൾ ചാൻസലർക്ക് ഉണ്ടെങ്കിലും ഫലത്തിൽ ചാൻസലർസ്ഥാനം ഒരു ‘ആലങ്കാരിക’ പദവിയാണ്. സർവകലാശാലകളുടെ ദിശയും നയപരവും വൈജ്ഞാനിക കാര്യങ്ങളും തീരുമാനിക്കുന്നത് വൈസ്ചാൻസലറും അദ്ദേഹം നിയമിക്കുന്ന സിൻഡിക്കേറ്റും മറ്റ് ഭരണ-അക്കാദമിക് സമിതികളുമാണ്. മാത്രമല്ല ഭാവിയിൽ ചാൻസലറും മറ്റ് അധികാരസ്ഥാനങ്ങളുമായുള്ള തർക്കത്തിനും ഇത് വഴിതെളിക്കും.
പുതിയ ചാൻസലർമാർക്ക് വേണ്ടി വസതി, ഓഫീസ്, കാർ, സ്റ്റാഫ്, ശമ്പളം, യാത്രാപ്പടി എന്നിവയടക്കം സർക്കാരിന് ഭാരിച്ച സാമ്പത്തികബാധ്യതയുണ്ടാകും. വേണ്ടത്ര ആലോചനയോടെയും ധനവകുപ്പിന്റെ സൂക്ഷ്മമായ പരിശോധനയ്ക്കുശേഷവുമാണോ ഈ ബിൽ തയ്യാറാക്കിയത്?
ഇതിലും ശ്രദ്ധേയമായ കാര്യം സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടമാണ്. ‘ഈ ബിൽ പാസാക്കുകയും നിയമമാക്കുകയും പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്താൽ സംസ്ഥാനസഞ്ചിതനിധിയിൽ നിന്ന് ഒരു അധികച്ചെലവും ഉണ്ടാകുന്നതല്ല.’ എന്ന ധനകാര്യ മെമ്മോറാണ്ടത്തിലെ പരാമർശം എത്രമാത്രം സത്യസന്ധമാണ്?
സത്യത്തിൽ കാരണം അതൊന്നുമല്ല. ഭരണഘടന 207(3) ൽ പറയുന്നത് ‘ഒരു ബിൽ നിയമമാക്കി പ്രവർത്തനത്തിൽ കൊണ്ടുവരുമ്പോൾ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്നും ചെലവ് നടത്തേണ്ടതായി വരുന്നിടത്ത്, സംസ്ഥാനത്തിന്റെ നിയമനിർമാണ മണ്ഡലത്തിന്റെ ഒരു സഭയും ഗവർണർ ബില്ലിന്റെ പരിഗണന ആ സഭയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലല്ലാതെ പാസാക്കാൻ പാടില്ല എന്നാണ്. സഞ്ചിതനിധിയിൽനിന്നും ചാൻസലറെ നിയമിക്കുമ്പോൾ അധികച്ചെലവ് ഉണ്ടാകുന്ന ബില്ലാണെങ്കിൽ അത് പാസാകുന്നതിനുമുമ്പ് ഗവർണറുടെ ശുപാർശ ആവശ്യമാണ്. ഈ വ്യവസ്ഥ മറികടക്കാനാണ് ഈ കുറുക്കു വഴി സർക്കാർ കണ്ടെത്തിയത്. ഇത് നിയമപരമോ സത്യസന്ധമോ ആയ നിലപാടല്ല. ബിൽ പാസായാൽപോലും അംഗീകരിക്കണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്ന് പറഞ്ഞ ഗവർണർക്ക് ബിൽ പാസാക്കുന്നതിന് മുൻപ് അനുമതിക്കായി അയച്ചാൽ എന്താവുമെന്ന് അറിയാവുന്നതുകൊണ്ടുള്ള ഒരു മറുമരുന്നാണിതെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
ഭേദഗതിയോടെ ഗവൺമെന്റ് അംഗീകരിച്ചതുപോലെ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഒരു സമിതി പൊതുധാരണപ്രകാരം ചാൻസലറെ നിയോഗിക്കുക, യൂണിവേഴ്സിറ്റികൾക്ക് ഒരു ചാൻസലർ മാത്രം, റിട്ട. സുപ്രീം കോടതി ജഡ്ജി, അല്ലെങ്കിൽ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരിൽ ഒരാളെ ചാൻസലറായി നിയോഗിക്കുക. എന്നിങ്ങനെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് മുന്നോട്ടുെവച്ച ഭേദഗതി നിർദേശങ്ങളായിരുന്നു ഗവൺമെന്റിന് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും സ്വീകാര്യമായ മാർഗം. ഉന്നതവിദ്യാഭ്യാസമേഖലയുടെ ഔന്നത്യം ഉയർത്തിക്കാണിക്കാൻ സഹായകമാകേണ്ട സർവകലാശാലാ നിയമങ്ങൾ തയ്യാറാക്കുമ്പോൾ വേണ്ട ജാഗ്രതയും ദീർഘവീക്ഷണവും പാലിക്കുന്നതിൽ സർക്കാരിന് കുറ്റകരമായ അനാസ്ഥയുണ്ടായി എന്നത് അവിതർക്കിതമായ കാര്യമാണ്.
Content Highlights: Kerala university new law amendment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..