പ്രതീകാത്മക ചിത്രം
മൂന്നാം തരംഗം ഉണ്ടാകുമോ, അതിന്റെ പരിണതികളെന്തൊക്കെയാകും എന്നെല്ലാമുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ത്തന്നെ നാം സ്‌കൂളുകള്‍ തുറക്കാനുള്ള ആലോചനയിലാണ്. പലയിടത്തുനിന്നും എതിര്‍പ്പുകൾ ഉയരുന്നുമുണ്ട്.
എന്തു കൊണ്ടാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത് എന്നയിടത്തു നിന്നുവേണം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാന്‍. എല്ലാ വീട്ടില്‍നിന്നും കുട്ടികള്‍ സ്‌കൂളിലെത്തുന്നു. വീട്ടിലൊരാള്‍ക്ക് രോഗം വന്നാല്‍ അതു കുട്ടികളിലേക്ക് പകരാം. സ്‌കൂളിലെത്തുന്ന ആ കുട്ടികളില്‍നിന്ന് മറ്റു കുട്ടികളിലേക്കും അതു വഴി വീടുകളിലേക്കും രോഗം വ്യാപിക്കാനും ഇടയുണ്ട്. സ്‌കൂളുകള്‍ സൂപ്പര്‍ സ്പ്രെഡിങ് കേന്ദ്രങ്ങളാകാനുമുള്ള സാധ്യത തടയുകയെന്ന ലക്ഷ്യമാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിനു പിന്നില്‍ അന്നുണ്ടായിരുന്നത്.
ഇപ്പോഴത്തെ സാഹചര്യം അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാകുമ്പോഴേക്കും കേരളത്തില്‍ 18 വയസ്സിനു മുകളിലുള്ള ഏതാണ്ട് എല്ലാവര്‍ക്കുംതന്നെ വാക്‌സിന്‍ ലഭ്യമാകും. അതുകൊണ്ടുതന്നെ 2020-ന്റെ തുടക്കത്തിലുള്ള സാഹചര്യമല്ല ഇപ്പോഴെന്നര്‍ഥം. രോഗം വരുന്ന കുറെപ്പേര്‍ക്ക് പനിവരും, ചിലര്‍ക്കൊക്കെ ആശുപത്രിയിലെത്തേണ്ടിയും വരും. വളരെ കുറച്ചു പേര്‍ക്ക് വിദഗ്ധചികിത്സയും ആവശ്യമായിവരും. ഇത് ഇനിയും കുറച്ചു കാലത്തേക്കുകൂടി തുടരും. അതുവരെ സ്‌കൂളുകള്‍ അടച്ചിടണോ എന്നതാണ് ചോദ്യം.
കരുതലോടെ തുറക്കാം
കരുതലില്ലാതെ സ്‌കൂളുകള്‍ തുറക്കാനുമാകില്ല. മാസ്‌കും സാമൂഹിക അകലവും കൈ കഴുകലുമൊക്കെ സ്‌കൂളുകളില്‍ വേണം. അതൊക്കെ കുട്ടികള്‍ ചെയ്യുമോ എന്ന ആകുലതയുണ്ട്. കുട്ടികളാണ് ഇതൊക്കെ വളരെ നന്നായി ചെയ്യുകയെന്നതാണ് വാസ്തവം. സ്‌കൂളുകളിലെ അച്ചടക്കത്തിന്റെയും ക്രമീകരണങ്ങളുടെയും ഭാഗമായി ഇതൊക്കെ മാറിയാല്‍ അവയുമായി ഇഴുകിച്ചേരുന്നതില്‍ കുട്ടികള്‍ക്ക് വിമുഖതയുണ്ടാകില്ല. കുട്ടികള്‍ പഠിക്കുന്ന ശീലങ്ങള്‍ അവര്‍ വീട്ടിലെത്തി മുതിര്‍ന്നവരിലേക്കുകൂടി പകരുന്ന പതിവ് ഇവിടെയുമുണ്ടായാല്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.
പാഠ്യരീതികളില്‍ ഇതുവരെ അനുവര്‍ത്തിച്ചുവന്നിരുന്ന ഭൗതികമായ പല കാര്യങ്ങളിലും കാതലായ മാറ്റം വരുത്തിയ കാലമാണ് കോവിഡിന്റേത്. അതില്‍ ഉപയോഗിക്കാവുന്നവ തുടരുകയെന്ന സാധ്യത പരിശോധിക്കപ്പെടണം.
ക്ലാസുകളുടെ ക്രമീകരണത്തിലും പൊളിച്ചെഴുത്ത് സാധ്യമാണ്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഒരു കുട്ടി സ്‌കൂളില്‍ പോയാല്‍ മതി. മറ്റു ദിവസങ്ങളില്‍ സ്‌കൂളില്‍ നടക്കുന്ന ക്ലാസുകള്‍ അവര്‍ക്ക് ഓണ്‍ലൈനിലൂടെ കാണാനുള്ള സൗകര്യമുണ്ടായാല്‍ ഓഫ്ലൈന്‍-ഓണ്‍ലൈന്‍ സംയോജിത ക്ലാസുകളിലേക്കു നമുക്ക് മുന്നേറാനാകും. അതുപോലെത്തന്നെ ഷിഫ്റ്റ് സമ്പ്രദായവും അവലംബിക്കാം. അതിനൊക്കെയുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഇന്നു നമ്മുടെ നാട്ടിലുണ്ട്. സ്‌കൂളിലെ മരത്തണല്‍ മുതല്‍ നാട്ടിലെ തുറന്ന ഇടമോ പാര്‍ക്കോവരെ പഠനത്തിനായി ഉപയോഗിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം.
എന്തൊക്കെയാവണം തയ്യാറെടുപ്പുകള്‍
എല്ലാ കുട്ടികള്‍ക്കും ഒരേസമയം ഇടവേള നല്‍കി സ്‌കൂള്‍ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനു പകരം ഓരോ ക്ലാസുകാര്‍ക്കായി പ്രത്യേകം ഇടവേളകള്‍ നല്‍കി ടോയ്‌ലെറ്റുകളിലെ തിരക്ക് ഒഴിവാക്കാം. യഥാസമയം അവ വൃത്തിയാക്കാന്‍ ആളെ നിയോഗിക്കണം. അല്ലെങ്കില്‍ ഓരോരുത്തരും ഉപയോഗിച്ചശേഷം ടോയ്‌ലെറ്റ് അവരവര്‍തന്നെ വൃത്തിയാക്കുന്നതിനുള്ള പരിശീലനം നല്‍കാനുള്ള അവസരമായും ഇതിനെ മാറ്റാം.
ഭക്ഷണകാര്യത്തിലാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌ക് ധരിക്കാനാകില്ലെന്നതാണ് പ്രധാന പ്രശ്‌നം. കഴിക്കുന്നതിനിടയില്‍ കുട്ടികള്‍ സംസാരിക്കുമ്പോള്‍ രോഗമുള്ളവരില്‍നിന്ന് രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്താനും അത് മറ്റുള്ളവരിലേക്കു പകരാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ സ്‌കൂളില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍ ഒഴിവാക്കാനാകും. ഭക്ഷണം കഴിക്കാനുള്ള ഇടങ്ങള്‍ കൂടുതല്‍ തുറന്നയിടങ്ങളാക്കുകയും തിരക്കു കുറയ്ക്കുകയും ചെയ്താല്‍ മതി. കളിയിടങ്ങളിലും ചില പുനഃക്രമീകരണങ്ങള്‍ വേണ്ടിവരും. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ കുട്ടികളെ ഒരുമിച്ച് പുറത്തു വിടാതിരിക്കാനും ശ്രദ്ധിക്കണം.
ക്‌ളാസില്‍ കോവിഡ് വന്നാല്‍
ക്ലാസില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റിയും ധാരണ ഉണ്ടാകണം. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം ആദ്യംതന്നെ നല്‍കണം. ഏതെങ്കിലും കുട്ടിക്കോ വീട്ടിലെ അംഗത്തിനോ ചുമയോ പനിയോ ജലദോഷമോ പോലുള്ള രോഗലക്ഷണങ്ങളെന്തെങ്കിലും കണ്ടാല്‍ സ്‌കൂളില്‍ വിടാതിരിക്കാനുള്ള ജാഗ്രത രക്ഷിതാക്കള്‍ പുലര്‍ത്തണം. സ്‌കൂളില്‍വെച്ചാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നതെങ്കില്‍ ഉടനെതന്നെ ചികിത്സ തേടാന്‍ പ്രേരിപ്പിക്കുകയും വീട്ടിലേക്ക് അയക്കുകയും വേണം.
ഒരാള്‍ക്ക് രോഗം വന്നെന്നുകരുതി ക്ലാസോ സ്‌കൂളോ അടച്ചിടേണ്ട ഒരു കാര്യവുമില്ല. പകരം, മറ്റാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്നു പരിശോധിച്ച് അവരെ മാത്രം വീടുകളിലേക്ക് അയച്ചാല്‍ മാത്രം മതി. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും എല്ലാവരും കൂടിച്ചേര്‍ന്ന് ഏറ്റെടുക്കുന്ന ഉത്തരവാദിത്വമായി ഇതു മാറണം. അല്ലാതെയുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ പാടില്ല.
ഈ സാഹചര്യത്തില്‍ ഭാവിയിലേക്ക് ഗൗരവകരമായി ആലോചിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പല പുറംരാജ്യങ്ങളിലും വീടുകള്‍ക്കടുത്തുള്ള വിദ്യാലയങ്ങളിലാണ് കുട്ടികള്‍ക്ക് പഠനാവസരം ലഭ്യമാകുന്നത്. ഏതു സമയത്തും നടന്നെത്താവുന്ന സ്ഥലമായി സ്‌കൂള്‍ മാറുകയാണ് ഇനിവേണ്ടത്. പതുക്കെയാണെങ്കില്‍പ്പോലും കുട്ടികള്‍ സമീപത്തെ സ്‌കൂളുകളിലേക്കു മാറിയാല്‍ ചില സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണപ്പെരുപ്പം കുറയ്ക്കാനും കുട്ടികള്‍ കുറവുള്ളിടങ്ങളിലേക്ക് അവരെ വിന്യസിക്കാനും സാധിക്കും.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഒരുപോലെ ഗുണംചെയ്യും. അധ്യാപകരോ സ്‌കൂളുകളിലെ സാഹചര്യങ്ങളോ അല്ല വിദ്യാര്‍ഥിയുടെ ബോധനനിലവാരം ക്രമപ്പെടുത്തുന്നതെന്ന് കോവിഡ് കാലത്ത് വ്യക്തമായതുകൊണ്ടുതന്നെ ഇന്ന സ്‌കൂള്‍ വേണമെന്ന രക്ഷിതാക്കളുടെ ശാഠ്യം അവസാനിപ്പിക്കാമെന്നര്‍ഥം. സ്‌കൂളുകളിലെ തിരക്ക് ക്രമീകരിക്കുന്നതിനൊപ്പം സ്‌കൂളിലേക്കുള്ള യാത്ര സൃഷ്ടിക്കുന്ന പ്രശ്‌നവും ബസുകളിലെ തിരക്കുമൊക്കെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും.
സ്‌കൂളുകള്‍ ഇനിയും അടച്ചാല്‍
സ്‌കൂളുകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതു മൂലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക. കടകള്‍ അടച്ചിട്ടപ്പോഴുണ്ടായതു പോലുള്ള പ്രതിഷേധങ്ങള്‍ സ്‌കൂളുകളുടെ കാര്യത്തിലുണ്ടായില്ല. ഒരു സമ്മര്‍ദവും ഒരിടത്തുനിന്നുമുണ്ടാകാതെ പോയത് അതേപ്പറ്റി വലിയ ധാരണയില്ലാതിരുന്നതിനാലും രക്ഷിതാക്കളെന്ന നിലയില്‍ കുട്ടികളെ സംരക്ഷിക്കേണ്ടത് കടമയായി കരുതിയിരുന്നതിനാലുമാണ്. അധ്യാപക, വിദ്യാര്‍ഥി സംഘടനകളും ഇക്കാര്യത്തില്‍ മൗനം പാലിച്ചു. കുട്ടികളെ വീട്ടിലിരുത്തിയത് മുതിര്‍ന്നവരെ രക്ഷപ്പെടുത്താനാണെന്ന കാര്യം എല്ലാവരും ബോധപൂര്‍വം മറന്നു.
സ്‌കൂളുകളില്‍ പോകാനാകാത്തത് വിദ്യാര്‍ഥികളിലുണ്ടാക്കുന്ന അതിഭീകരമായ മാനസിക പ്രശ്‌നങ്ങളെപ്പറ്റി നമുക്ക് ആവശ്യമായ അവബോധം ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. സ്‌കൂളുകള്‍ പാഠശാലകളെന്നതിലുപരി ജീവിതം കരുപ്പിടിപ്പിക്കുന്ന കേന്ദ്രങ്ങള്‍കൂടിയാണ്. ചുറ്റുപാടുകളുമായി സംവേദിച്ചുകൊണ്ടാണ് അവരുടെ സ്വഭാവരൂപവത്കരണവും പെരുമാറ്റരീതികളും വികസിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ പഠനത്തിന്റെയും പുറത്തിറങ്ങാനോ കളിക്കാനോ സാധിക്കാത്തതിന്റെയും പ്രശ്‌നങ്ങള്‍, ഒരു സാമൂഹിക ജീവിയെന്ന രീതിയില്‍ അവരെ പരുവപ്പെടുത്തേണ്ട കൂട്ടായ്മകളുടെ അഭാവം, മുതിര്‍ന്നവരെയും ഇളയവരെയും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെയും ദൈനംദിനം കാണുകയും ഇടപഴകുകയും ചെയ്യുന്നതിലൂടെ ഉണ്ടാകേണ്ട മാനസികവും സാമൂഹികവുമായ വികാസത്തിന്റെ കുറവ് ഒക്കെ കുട്ടികളെ ബാധിച്ചു.
ഈ സാഹചര്യത്തില്‍ വേണം സ്‌കൂളുകള്‍ തുറക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍. അഞ്ചു വയസ്സിനുമുകളിലുള്ള കുട്ടികളിലാണ് കോവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവുമധികമുള്ളത്. അവരുടെ ശ്വാസകോശങ്ങളില്‍ കൊറോണ വൈറസുകള്‍ പറ്റിപ്പിടിക്കുന്ന 'എ.സി.ഇ. റിസപ്റ്ററു'കളുടെ എണ്ണം വളരെ കുറവായതാണ് അതിന്റെ പ്രധാനകാരണം. രോഗം വന്നാല്‍പ്പോലും വളരെ ലളിതമായ പ്രശ്‌നങ്ങളേ ഉണ്ടാകൂ.
മാത്രമല്ല, ഒന്നരവര്‍ഷത്തോളംനീണ്ട കാലത്തിനുള്ളില്‍ നല്ലൊരുപങ്ക് കുട്ടികളും പ്രതിരോധശേഷി ആര്‍ജിച്ചതായാണ് സിറോ സര്‍വയലന്‍സ് പഠനങ്ങളില്‍നിന്ന് വൃക്തമാകുന്നത്. സിറോ സര്‍വയലന്‍സില്‍ 60 ശതമാനം പ്രതിരോധശേഷി നേടിയെന്നു വ്യക്തമായ സമൂഹത്തിലെ കുട്ടികളില്‍ 50 ശതമാനവും പ്രതിരോധശേഷി നേടിയതായാണ് സിറോ സര്‍വയലന്‍സ് പഠനങ്ങള്‍ പറയുന്നത്. വാക്‌സിനേഷന്‍ കുട്ടികളിലേക്ക് എത്താത്തതിനാല്‍ത്തന്നെ ഇതില്‍ നല്ലൊരു പങ്കും ആര്‍ജിത പ്രതിരോധ ശേഷിയാണെന്ന് ഉറപ്പാണ്.
(തിരുവനന്തപുരം മെഡി. കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ് ലേഖകന്‍)
Content Highlights:Kerala To reopen schools from November 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..