സർവകലാശാലാ തലപ്പാവ് മാറ്റിക്കെട്ടുമ്പോൾ


By ഡോ.ബി.അശോക്

3 min read
Read later
Print
Share

പ്രഗല്‌ഭനായ ഒരു അക്കാദമിക് ഗവേഷകൻ വിഖ്യാതഗ്രന്ഥകാരൻ, കലാകാരൻ എന്നിവർചാൻസലറായുള്ള സർവകലാശാലാ സാന്നിധ്യം ഗവേഷകരുടെയും വിദ്യാർഥികളുടെയും ആത്മവിശ്വാസത്തിന് കരുത്തുപകരും

ഡോ.ബി. അശോക്

2011-2016 കാലയളവിൽ ആറ് ഗവർണർ ചാൻസലർമാരൊടൊപ്പം വൈസ് ചാൻസലറായി പ്രവർത്തിച്ച അനുഭവമാണ് മാറുന്ന ചാൻസലർ സ്ഥാനത്തെക്കുറിച്ച് പറയാനുള്ള എന്റെ അവകാശം. ഗവർണർ എന്നതിനപ്പുറം അവരെല്ലാം മുൻസംസ്ഥാന പ്രവർത്തന മണ്ഡലങ്ങളിൽ പ്രഗല്‌ഭരുമായിരുന്നു. മുൻ ജില്ലാ ജഡ്ജി, മുൻ എം.പി., മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, മുൻ പോലീസ് ഡി.ജി.പി., മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നീ പദവികളിൽനിന്നാണവർ ഗവർണറും സർവകലാശാലാ അധിപന്മാരുമായത്. നിയമ സർവകലാശാലയിൽ എക്സ് ഒഫീഷ്യോ ചാൻസലർ ചീഫ് ജസ്റ്റിസാണ്. വൈശിഷ്ട്യമുണ്ടായിരുന്ന എന്റെ ചാൻസലർമാരെല്ലാം എഴുതിത്തന്ന പ്രവർത്തന റിപ്പോർട്ടുകൾ വായിച്ചുനോക്കുന്നതുതന്നെ ആഹ്ളാദകരമാണ്. അവർക്കൊപ്പം പ്രവർത്തിക്കുമ്പോൾ ചാൻസലർ സംസ്ഥാന ഭരണത്തലവനും കൂടിയാവുന്നതിന്റെ സ്വാഭാവിക പ്രയോജനം ദൃശ്യമായിരുന്നു. വൈസ് ചാൻസലറുടെ നിയമനത്തിനുവരുന്ന സ്വാഭാവിക ഔന്നത്യമാണ് ഒന്നാമത്തേത്.

ഗവർണർ/ചാൻസലർ നിയമനം നടത്തുന്നത്, മന്ത്രിമാർ, പി.എസ്.സി. ചെയർമാൻ, അംഗങ്ങൾ, വൈസ് ചാൻസലർമാർ മറ്റു ചില സ്റ്റാറ്റ്യൂട്ടറി കമ്മിഷണർമാർ എന്നിവരുടേത് മാത്രമാണ്. ബാക്കിയുള്ള സർക്കാർ നിയമനങ്ങളാകെ ഗവർണർ അധികാരപ്പെടുത്തിയ മന്ത്രിസഭയോ മന്ത്രിമാരോ ഉത്തരവാകുന്ന മുറയ്ക്കുള്ള ‘റോട്ടീൻ’ സർക്കാർ ഉത്തരവുകൾ മാത്രമാണ്. ചീഫ് സെക്രട്ടറി, സെക്രട്ടറിമാർ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാധാരണ നിയമനരീതി മാത്രമാണ് അവിടെ അവലംബിക്കേണ്ടത്. ഈ നിയമനങ്ങളൊക്കെത്തന്നെ തുടക്കത്തിൽ ബന്ധപ്പെട്ട പബ്ലിക് സർവീസ് കമ്മിഷന്റെ ഉപദേശത്തിലുമാണ്. മാറ്റി നിയമനം മാത്രമാണ് സർക്കാരിൽ കൂടുതലും നടക്കുന്നത്. ഫലത്തിൽ വിവേചനാധികാരം നിയമനാധികാരിക്ക് പരിമിതമാണ് എന്നർഥം.

ചാൻസലർ ഗവർണർകൂടിയാണ് എന്നതിനാൽ സർക്കാരിന്റെ ഏത് ഇതരവിഭാഗവും വകുപ്പും അധികാരിയുമായും വൈസ് ചാൻസലർ ഇടപെടുമ്പോൾ പ്രാമുഖ്യം ലഭിക്കുന്നതായും കണ്ടു. കേന്ദ്രമന്ത്രാലയങ്ങളിലും സംസ്ഥാനസർക്കാർ ഏജൻസികളിലും ഗവർണറുടെ ശുപാർശകൾ അടഞ്ഞ വാതിലുകൾ എളുപ്പം തുറക്കുന്നു. ഏത് നിലയ്ക്കുള്ള ഏകോപനത്തിനും അദ്ദേഹത്തിന്റെ വിപുലമായ സെക്രട്ടേറിയറ്റിനാകും. മുതിർന്ന ഉദ്യോഗസ്ഥരുള്ള ഭരണവകുപ്പുമായി വി.സി. നല്ലബന്ധം പുലർത്തിയാൽ സർവകലാശാലാ താത്‌പര്യം സംരക്ഷിക്കാനുള്ള നല്ല മാതൃകയാകും അത്. സർവകലാശാലാ ചടങ്ങുകളിലെ ഗവർണറുടെ സാന്നിധ്യം സ്റ്റേറ്റിനെ മുഴുവൻ അക്ഷരാർഥത്തിൽ അവിടെയെത്തിക്കുന്നു. ഉദ്യോഗസ്ഥരെല്ലാം സ്വാഭാവികമായും സന്നിഹിതരാകും. അങ്ങനെ കൺവൊക്കേഷനുകളും അതിവിശിഷ്ടാതിഥി സ്വീകരണങ്ങളും ഏറെ ഫലവത്താകും.

വേണം വിശിഷ്ട വ്യക്തിത്വങ്ങൾ

വിജയിക്കുന്ന മാതൃക, ഭരണഘടനാപദവിയുള്ള ചാൻസലറെ നിയമിക്കുക എന്നതു മാത്രമാണ് ഏന്നൊരു മുൻവിധി നമുക്കു വേണ്ടതില്ല. ലോക സർവകലാശാലാ റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന യു.എസ്. സർവകലാശാലാ പ്രസിഡന്റുമാർ സർവകലാശാലാ ഭരണ പൊതുസമിതിതന്നെ കണ്ടെത്തി നിയമിക്കുന്ന വിശിഷ്ട അക്കാദമിക്കുകളോ ജൂറിസ്റ്റുകളോ പ്രഗല്‌ഭരായ മുൻ പാർലമെന്റേറിയന്മാരോ ഒക്കെയാണ്. യു.എസ്. പ്രസിഡൻഷ്യൽ കാബിനറ്റിലെ പല അംഗങ്ങളും ട്രഷറി സെക്രട്ടറിമാരുമൊക്കെ സർവകലാശാലാ മേധാവിമാരായിട്ടുണ്ട്. ഒന്നാംറാങ്കിൽ ഒട്ടേറെ വർഷമായുള്ള ഹാർവാഡ് സർവകലാശാലതന്നെ മാസച്യുസെറ്റ്‌സ് സംസ്ഥാനനിയമസഭയിൽ പാസാക്കിയ ബില്ലിലൂടെ സ്വയംഭരണ സ്വാതന്ത്ര്യം നേടി സ്വന്തം ഉന്നത ബിരുദധാരികളെ പ്രസിഡന്റടക്കമുള്ള സ്ഥാനത്തുകൊണ്ടുവന്ന ശേഷമാണ് ദ്രുതവളർച്ച കൈവരിച്ചത്.

നിയമനിർമാണ സഭകളിലെ അംഗങ്ങൾക്ക് സർവകലാശാലയെന്നല്ല മറ്റൊരു എക്സിക്യുട്ടീവ് ചുമതലയും അമേരിക്കയിൽ തീർത്തും നിഷിദ്ധമാണ്. ഒരുതരം ഭിന്ന താത്‌പര്യവും നിയമസഭ ഉപരിസഭ പല അംഗങ്ങൾക്കവിടെ പാടില്ല. ബ്രിട്ടനിലും ചാൻസലർ പദവി ഇന്ന് രാജകുടുംബാംഗങ്ങളിൽ പരിമിതപ്പെടുന്നില്ല. രാജകുടുംബാംഗങ്ങളല്ലാത്ത വിശിഷ്ടവ്യക്തികളും ചാൻസലർ പദവി വഹിക്കുന്നുണ്ട്. ചാൻസലർ എന്ന ജർമൻ പദത്തിന്റെ അർഥം സ്ഥാപനത്തിന്റെ സെക്രട്ടറി എന്നു മാത്രമാണ്. മുൻനിര ബ്രിട്ടീഷ് സർവകലാശാലകളിൽ ചാൻസലർമാരും വി.സി.മാരും തദ്ദേശീയർപോലും ആകണമെന്നില്ല.

ഇന്ത്യയിൽത്തന്നെ അൻപതോളം വരുന്ന കേന്ദ്ര സർവകലാശാലകളിൽ പ്രസിഡന്റ് വിസിറ്ററും ചാൻസലർമാർ അക്കാദമിക്കുകളുമാണ്. എന്നാൽ, അവിടെ ചാൻസലർ വി.സി.യെ നിയമിക്കുകയോ എക്സി. കൗൺസിൽ സെനറ്റ് (കോർട്ട്) എന്നിവയിലേക്ക് നാമനിർദേശങ്ങൾ നടത്തുകയോ ചെയ്യുന്നില്ല.

കൺവൊക്കേഷനിൽ അധ്യക്ഷത വഹിക്കുക, വാർഷിക സെനറ്റ് യോഗത്തിൽ അധ്യക്ഷനാകുക എന്നതേ ചാൻസലർക്കു ചുമതലയുള്ളൂ. ഫലത്തിൽ വൈസ് ചാൻസലർ തന്നെയാണ് സർവകലാശാലാ കപ്പലിന്റെ കപ്പിത്താൻ.

എന്നാൽ, ഇന്ന് 450-ഓളം വരുന്ന സംസ്ഥാന സർവകലാശാലകളിലെ വി.സി. നിയമനം, സ്റ്റാറ്റ്യൂട്ടുകൾ, ഗവർണർ/ചാൻസലർ പൊതുവിൽ ഓർഡിനൻസുകൾ, ​െറഗുലേഷൻസ് എന്നിവയുടെ അന്തിമാംഗീകാരം, (അസംബ്ലി ബില്ലുകൾക്ക് ഗവർണർ അസെന്റ് നൽകുന്ന മാതൃകയിൽ) എല്ലാ സഭകളിലേക്കും യോഗ്യരായ വ്യക്തികളെ നാമനിർദേശങ്ങൾ ചെയ്യൽ, വി.സി.യടക്കമുള്ള അധികൃതരുടെയും സഭകളുടെയും തീരുമാനങ്ങൾക്കുമേൽ അപ്പീൽ അധികാരങ്ങൾ എന്നിങ്ങനെ ഒട്ടേറെ അധികാരങ്ങളാൽ സമൃദ്ധമാണ്. അധികാരങ്ങളൊക്കെത്തന്നെ സർവകലാശാലയുടെ ദൈനംദിന പ്രവർത്തനത്തിൽ വി.സി.യുടെ ഉപദേശാനുസരണമാകിലും ഏറെ പ്രസക്തമാണ്. അധികാരങ്ങൾ പ്രയോഗിക്കുന്നതായ കേന്ദ്രസർവകലാശാല ചാൻസലർ, യു.എസ്., ബ്രിട്ടീഷ് മാതൃക പ്രസിഡന്റ്/ചാൻസലർ എന്നതിൽനിന്നും വ്യത്യസ്തമായി സർവകലാശാലയിൽ സ്ഥിരം ഓഫീസുള്ള പദവി സൃഷ്ടി ഇന്ത്യയിൽ ഇതാദ്യമാണ്. നമ്മുടെ സർവകലാശാലകളുടെ ആന്തരിക പ്രവർത്തനത്തിന്റെ ചലനാത്മകതകൾ പൂർണമായും ഉൾക്കൊണ്ട് വി.സി.യുടെ നേതൃത്വത്തിലുള്ള ഭരണസമിതി ദുർബലപ്പെടാതെ ചാൻസലറായി ഫലപ്രദമായി പ്രവർത്തിക്കാൻ അഥവാ കൈനനയാതെ വഞ്ചിതുഴയുന്ന സിദ്ധികൾ കൈവരിക്കേണ്ടതുണ്ട്. അത് തീർത്തും അസാധ്യമാണ് എന്നല്ല; ചാൻസലറായി വരുന്നത് പരിചയസമ്പന്നനായ ഒരു വിശിഷ്ട വ്യക്തി കൂടിയാണെങ്കിൽ നല്ല ആശയവിനിമയത്തിലൂടെ പദവിയുടെ പരിമിതിയും ശക്തിയും സ്വയവും മറ്റുള്ളവർക്കും ബോധ്യപ്പെട്ടു വരേണ്ടതായി വരും. അതതു സർവകലാശാലാ സ്റ്റാഫും നിയമോപദേഷ്ടാക്കളും തന്നെയാകും വി.സി.യെയും ചാൻസലറെയും ഉപദേശിക്കുക എന്നതും ഓർക്കേണ്ടതുണ്ട്. ഇത് അസാധ്യമല്ലാത്ത; എന്നാൽ, രസകരമായ ഒരു പരിചയപ്പെടാത്ത പൊരുത്തപ്പെടൽ ഘട്ടമായിരിക്കും എന്ന്‌ ഊഹിക്കാൻ പരിചയമുള്ളവർക്കു പ്രയാസമില്ല. പ്രഗല്‌ഭനായ ഒരു അക്കാദമിക് ഗവേഷകൻ വിഖ്യാതഗ്രന്ഥകാരൻ, കലാകാരൻ എന്നിവരുടെയൊക്കെ ചാൻസലറായുള്ള സർവകലാശാലാ സാന്നിധ്യം ഗവേഷകരുടെയും വിദ്യാർഥികളുടെയും ആത്മവിശ്വാസത്തിന് കരുത്തുപകരും.

ഫലപ്രദമായി, ഈ മാറ്റം സുതാര്യതയോടെ സർവകലാശാലാ സമൂഹം കൈകാര്യംചെയ്യണം. സർവകലാശാലയെ ശക്തിപ്പെടുത്തുന്ന, സ്വയം ഭരണത്തെ ശക്തമാക്കുന്ന സമീപനം വിജയിക്കുന്ന ലോകമാതൃകകൾ പല ഭൂഖണ്ഡങ്ങളിലും കാണാനുണ്ട്. ഒരു വാർപ്പു മാതൃകയേ വിജയിക്കൂ എന്നില്ല. ഓരോന്നിനും ഗുണദോഷവശങ്ങളുണ്ട് എന്നതും ശ്രദ്ധിക്കാം. കോട്ടംതീർത്ത് നേട്ടം സ്വീകരിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്.

രാജ്യത്ത് 450-ലധികം സർവകലാശാലകളുള്ളതിനാൽ യോഗ്യതയിലും പരിചയത്തിലും പരസ്പര വ്യത്യാസമുള്ള ചാൻസലർമാർ ചുമതലയേൽക്കുന്നതും അഭിലഷണീയമാകില്ല.

സംസ്ഥാനങ്ങളുമായി പരസ്പരധാരണയോടെ കേന്ദ്രം മുന്നോട്ടുനീങ്ങിയാൽ ഭരണഘടനാ സ്ഥാനീയർക്കും അല്ലാതെയുള്ള മികവുള്ള വ്യക്തികൾക്കും ചാൻസലറായി വിജയിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. മികവിന് ഭരണഘടനാസ്ഥാനം എന്ന ലക്ഷ്മണരേഖ ഏതായാലും വേണ്ടതില്ല. തലപ്പാവ് മാറുമ്പോൾ ശ്രദ്ധിക്കേണ്ടത് തല ഭദ്രമായിരിക്കണം എന്നു മാത്രമാണ്.

(വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസലറാണ് ലേഖകൻ)

Content Highlights: university, vice chancellor vs governor issue, Kerala Governor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented