കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ഗോകുലിന് മുത്തം നൽകുന്ന അമ്മ സുപ്രിയ. അച്ഛൻ ഗോവിന്ദനും സഹോദരി ഗോപികയും സമീപം | മാതൃഭൂമി
മാതമംഗലം/ കണ്ണൂർ: കേരള എൻജിനീയറിങ് പ്രവേശനപട്ടികയിൽ രണ്ടാം റാങ്ക് നേടിയ കണ്ടോന്താർ ഗോകുലം വീട്ടിൽ ഗോകുലിന് പിതാവ് ഗോവിന്ദന്റെ പാത പിന്തുടർന്ന് ഇലക്ട്രിക്കൽ മേഖലയിലേക്കും അവിടുന്ന് സിവിൽ സർവീസിലേക്കും കടക്കണമെന്നാണ് മോഹം. ഗോവിന്ദൻ കോഴിക്കോട്ടുനിന്ന് ഇലക്ട്രിക്കൽ ഡിപ്ലോമ നേടി റെയ്‌ഡ്കോയിൽ ഫോർമാനായിരുന്നു.
ഏഴാം ക്ലാസുവരെ എടമന സ്കൂൾ വിദ്യാർഥിയായിരുന്ന ഗോകുലിന്റെ ഹൈസ്കൂൾപഠനം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലായിരുന്നു. അമ്മ സുപ്രിയ പഠിപ്പിക്കുന്ന മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ് ടുവിന് ചേർന്നത്. നാലാം ക്ലാസ് മുതലേ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഗണിതശാസ്ത്ര ക്വിസിലും കമ്പക്കാരനാണ്. മാതൃഭൂമി നൻമ ക്ലബ്ബിന്റെ സംസ്ഥാനതല ക്വിസ് മത്സരത്തിൽ രണ്ടുതവണ പങ്കെടുത്തിരുന്നു.
ഈ വർഷത്തെ ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 6291-ാം റാങ്ക് കിട്ടിയ ഗോകുൽ 27-ന് നടക്കുന്ന അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പ്ലസ് ടുവിന് 1200-ൽ 1192 മാർക്ക് നേടിയിരുന്നു. ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങളിൽ മുഴുവൻ മാർക്കായിരുന്നു. ഏക സഹോദരി ഗോപിക കണ്ണൂർ ഗവ.എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടി മത്സര പരീക്ഷകളിൽ പങ്കെടുത്തുവരികയാണ്.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് പട്ടികവർഗ വിഭാഗത്തിൽ രണ്ടാം റാങ്കും ജനറൽ വിഭാഗത്തിൽ 443-ാം റാങ്കും നേടിയ നീമ പി. മണികണ്ഠനും. എയ്റോസ്പേസ് എൻജിനീയറിങ്, മെക്കാനിക്കൽ, സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നിൽ ബി.ടെക്. ചെയ്യുകയാണ് ലക്ഷ്യം. പിതാവ് മണികണ്ഠൻ അടുത്തകാലംവരെ കണ്ണൂർ പ്രതിരോധവകുപ്പിലായിരുന്നു. ബെംഗളൂരുവിലേക്ക് സ്ഥലംമാറ്റമായതോടെ നീമ അമ്മയ്ക്കൊപ്പം പാലക്കാട്ടെ സ്വദേശത്തേക്ക് പോകുകയായിരുന്നു. സിവിൽ സർവീസ് ലക്ഷ്യമിട്ടാണ് നീമയും മുന്നേറുന്നത്.
Content Highlights: KEAM second rank holder gokul aims civil services, KEAM 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..