KEAM 2022 ഓപ്ഷൻ രജിസ്ട്രേഷൻ: ചെറിയ അശ്രദ്ധ പോലും നിർണായകം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


ഡോ. എസ്. രാജൂകൃഷ്ണൻ



കോഴ്സ്/ബ്രാഞ്ച്, കോളേജ്, ഫീസ് ഘടന തുടങ്ങിയവ പരിഗണിച്ചാണ് ഓപ്ഷനുകൾ രജിസ്റ്റർചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം (Photo: Canva)

കേരളത്തിലെ 2022-ലെ പ്രഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ എൻജിനിയറിങ് സ്ട്രീമിലെ ഓപ്‌ഷൻ രജിസ്ട്രേഷൻ താമസിയാതെ ആരംഭിക്കും. അതിനുമുമ്പ് ഫാർമസി, ആർക്കിടെക്ചർ റാങ്ക്പട്ടികകൾകൂടി വന്നാൽ എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ റാങ്ക്പട്ടികകൾ അടിസ്ഥാനമാക്കിയുള്ള സംയുക്ത കൗൺസലിങ്ങിനും സാധ്യതയുണ്ട്.

നീറ്റ് യു.ജി. 2022 റാങ്ക് അടിസ്ഥാനമാക്കി പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന കേരള മെഡിക്കൽ/മെഡിക്കൽ അനുബന്ധ റാങ്ക്പട്ടികയാണ് പിന്നീട് വരാനുള്ളത്. അതിനുള്ള മാർക്ക് അപ്‌ലോഡിങ്/കൺഫർമേഷൻ നടപടികൾ താമസിയാതെ ആരംഭിക്കും. മെഡിക്കൽ/മെഡിക്കൽ അനുബന്ധ കൗൺസലിങ് നടപടികൾ എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ കൗൺസലിങ്ങിനൊപ്പം നടക്കാൻ സാധ്യത കുറവാണ്.

ഏതൊക്കെ സ്ട്രീം/സ്ട്രീമുകൾ ഒരുഘട്ടത്തിലെ അലോട്മെൻറ് പ്രക്രിയയിൽ ഉൾപ്പെട്ടാലും ഓപ്ഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൊതുവേ ഒന്നുതന്നെയാണ്. ഓപ്‌ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in വഴിയാകും നടക്കുക. കോഴ്സ്/ബ്രാഞ്ച്, കോളേജ്, ഫീസ് ഘടന തുടങ്ങിയവ പരിഗണിച്ചാണ് അപേക്ഷകർ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്.

മൂന്നുവിഭാഗം കോളേജുകൾ

മൂന്നുതരം കോളേജുകളാണ് പ്രക്രിയയിലുള്ളത്. സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകൾ, കാർഷിക/വെറ്ററിനറി/ഫിഷറീസ് സർവകലാശാല കോളേജുകൾ എന്നിവ ഗവൺമെൻറ് (ജി) വിഭാഗത്തിൽപ്പെടും. സർക്കാർ കോസ്റ്റ് ഷെയറിങ് (പഴയ സർക്കാർ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങൾ) കോളേജുകൾ (എൻ), സ്വകാര്യ സ്വാശ്രയ കോളേജുകൾ (എസ്) എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ.

എന്താണ് ഓപ്ഷൻ

എൻജിനിയറിങ്ങിന് കോളേജ് ടൈപ്പ് (ജി/എൻ/എസ്), ഒരുനിശ്ചിത കോളേജ്, അതിലെ ഒരു ബ്രാഞ്ച് എന്നിവ ചേരുന്നതാണ് പൊതുവേ ഒരു ഓപ്ഷൻ. എന്നാൽ, ചിലപ്പോൾ ഫീസും ഓപ്ഷനിൽ ഒരുഘടകമാകാം. സർക്കാർ കോസ്റ്റ് ഷെയറിങ് കോളേജ് വിഭാഗത്തിൽ (എൻ) ഒരു സ്ഥാപനത്തിൽതന്നെ, കുറഞ്ഞ ഫീസുള്ള സർക്കാർസീറ്റും ഉയർന്ന ഫീസുള്ള മാനേജ്മെന്റ് സീറ്റും ഉണ്ടാകും. ഇവ ഓരോന്നും ഓരോ ഓപ്ഷനാണ്.

ഫാർമസിയുടെയും ആർക്കിടെക്ചറിന്റെയും കാര്യത്തിൽ ബി.ഫാം./ബി.ആർക്ക് കോഴ്സ്, കോളേജ് വിഭാഗം (ജി/എസ്), നിശ്ചിത കോളേജ് എന്നിവ ചേരുന്നതാണ് ഓപ്ഷൻ.

മെഡിക്കൽ/അനുബന്ധ വിഭാഗത്തിൽ ഒരുകോഴ്സും കോളേജും ചേരുന്നതാകും ഒരു ഓപ്ഷൻ.

ഓപ്ഷൻ രജിസ്ട്രേഷൻ

കീം പ്രക്രിയയിൽ, എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ അലോട്മെൻറുകൾ സംയുക്തമായി നടത്തുന്നപക്ഷം, ഒരു അപേക്ഷാർഥിക്ക്, ഇവയിൽ ഏതെങ്കിലുമൊന്നിനോ, ഒന്നിൽക്കൂടുതൽ വിഭാഗങ്ങളിലോ ഓപ്ഷൻ നൽകാൻ അർഹതയുണ്ടാകാം. താൻ ഉൾപ്പെട്ടിട്ടുള്ള സ്ട്രീമിലെ/സ്ട്രീമുകളിലെ, ലഭ്യമായ എല്ലാ ഓപ്ഷനുകളും മൊത്തത്തിൽ പരിഗണിച്ച്, അവയ്ക്ക് ആപേക്ഷിക മുൻഗണന നിശ്ചയിച്ച്, ആ താത്‌പര്യങ്ങൾ ഓൺലൈനായി, പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ. എൻജിനിയറിങ് അലോട്മെൻറ്‌ മാത്രമാണ് നടക്കുന്നതെങ്കിൽ, അതിലെ ഓപ്ഷനുകൾ മാത്രമാകും പരിഗണിക്കപ്പെടുക.

എങ്ങനെ ഓപ്ഷൻ നൽകാം

www.cee.kerala.gov.in ലെ, കീം 2022 കാൻഡിഡേറ്റ് പോർട്ടലിൽ അപേക്ഷാർഥിയുടെ ഹോംപേജ് വഴിയാണ് ഓപ്ഷനുകൾ നൽകേണ്ടത്. ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, അക്സസ് കോഡ് എന്നിവ നൽകി, ഹോംപേജിൽ പ്രവേശിക്കാം. തുടർന്ന് ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ എത്താം. അവിടെ, ലഭ്യമായ ഓപ്ഷനുകൾ, അർഹതയ്ക്കു വിധേയമായി സ്ട്രീം അനുസരിച്ച് ഒന്നിനുതാഴെ മറ്റൊന്നായി കാണാൻകഴിയും. അതിലെ വിവരങ്ങൾ പരിശോധിച്ച്, അവയിൽനിന്ന്‌ മുൻഗണനാക്രമത്തിൽ സെലക്ട് ബട്ടൺ ക്ലിക്കുചെയ്ത് ഒന്നിനുപിറകെ മറ്റൊന്നായി ഓപ്ഷനുകൾ തിരഞ്ഞെടുക്കണം. ആദ്യ പരിഗണനവേണ്ടത് ആദ്യം സെലക്ട് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവ, തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ 1, 2, 3.. എന്ന ക്രമനമ്പർ കാണിച്ച്, ഒന്നിനുതാഴെ മറ്റൊന്നായി വരും. ഇതാണ് ഓപ്ഷൻ പട്ടിക. തന്നെ ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ട ഓപ്ഷനാണ് ഒന്നാം ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, അതു ലഭിക്കാതെപോയാൽ, പരിഗണിക്കേണ്ടത് ഏത് ഓപ്ഷനാണോ, അതായിരിക്കണം രണ്ടാം ഓപ്ഷൻ. ഈ തത്ത്വം​െവച്ച് താത്‌പര്യമുള്ളത്രയും ഓപ്ഷനുകൾ ഒരു വിദ്യാർഥിക്ക് രജിസ്റ്റർചെയ്യാം.

‘എൻ’ വിഭാഗത്തിൽ ഒരു ബ്രാഞ്ചിലെ ഗവ. സീറ്റ്, മാനേജ്മെന്റ്‌ സീറ്റ് എന്നിവയിലേക്കു രണ്ടിലേക്കും പരിഗണിക്കപ്പെടാൻ രണ്ട് ഓപ്ഷനുകളും നൽകണം. ഗവൺമെൻറ് സീറ്റിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ ആ ഓപ്ഷൻമാത്രം നൽകുക. രണ്ടിലും താത്‌പര്യമുണ്ടെങ്കിൽ, കുറഞ്ഞ ഫീസുള്ള ഗവ. സീറ്റ് ഓപ്ഷനായി തിരഞ്ഞെടുത്തശേഷം മാത്രമേ കൂടിയ ഫീസുള്ള മാനേജ്മെൻറ് സീറ്റ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ. കൂടിയ ഫീസുള്ള മാനേജ്മെൻറ്‌ സീറ്റിന് അബദ്ധത്തിൽ ഉയർന്ന മുൻഗണന നൽകുന്നത് ഒഴിവാക്കാനാണിത്.

സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ (എസ്), കോളേജിനനുസരിച്ച് ഫീസ് ഘടനയിൽ മാറ്റം ഉണ്ടെന്ന വസ്തുത മനസ്സിലാക്കി താത്‌പര്യം പരിഗണിച്ച് ഓപ്ഷൻ നൽകുക. ചില സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാവുന്ന പലിശരഹിത നിക്ഷേപം ഫീസിനു പുറമേ നൽകേണ്ടതുണ്ട്. അതും പരിഗണിക്കുക. ഫീസ് സംബന്ധിച്ച വിവരങ്ങൾ എല്ലാം ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ കാണാൻകഴിയും.

താത്‌പര്യം ബ്രാഞ്ചിനോടോ കോളേജിനോടോ

കോളേജിനോടാണോ താത്‌പര്യം ബ്രാഞ്ചിനോടാണോ താത്‌പര്യം എന്നതും ഓപ്ഷൻ ക്രമം നിശ്ചയിക്കുന്നതിൽ പരിഗണിക്കേണ്ടതുണ്ട്. ഉദാ: ഒരു വിദ്യാർഥിയുടെ ആഗ്രഹം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഏതെങ്കിലും ഒരു ബ്രാഞ്ച് കിട്ടണം എന്നാണെന്നു കരുതുന്നു. അവിടെ ഒരു ബ്രാഞ്ചും കിട്ടാതെ വന്നാൽമാത്രം മറ്റൊരു ഗവ./എയ്ഡഡ് കോളേജിലേക്ക് പരിഗണിച്ചാൽമതി എന്നാണെങ്കിൽ, ആ വിദ്യാർഥി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എല്ലാ ബ്രാഞ്ചുകളും പരിഗണിച്ച് മുൻഗണന നിശ്ചയിച്ച് അവ ആദ്യം രജിസ്റ്റർചെയ്യണം. തുടർന്ന് മറ്റു കോളേജുകളിലെ ഓപ്ഷനുകൾ നൽകണം. മറിച്ച് മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ച് ഏതെങ്കിലും ഒരു ഗവ./എയ്ഡഡ് കോളേജിൽ ലഭിച്ചില്ലെങ്കിൽമാത്രം മറ്റൊരു ബ്രാഞ്ചുമതി എന്നാണ് ഒരു വിദ്യാർഥിയുടെ താത്‌പര്യമെങ്കിൽ, വിവിധ ഗവ./എയ്ഡഡ് കോളേജുകളിലെ മെക്കാനിക്കൽ ബ്രാഞ്ചുകൾ മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം മറ്റു ബ്രാഞ്ചുകളുടെ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.

ഒന്നിൽക്കൂടുതൽ സ്ട്രീം അർഹതയുണ്ടെങ്കിൽ

എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ എന്നിവയിൽ രണ്ടോ മൂന്നോ സ്ട്രീമിൽ ഓപ്ഷൻ നൽകാൻ അർഹതയുള്ളവർക്ക് (ഇവ മൂന്നിലേക്കും ഒരുമിച്ചാണ് ഓപ്ഷൻ സ്വീകരിക്കുന്ന പക്ഷം) ഓരോ സ്ട്രീമിലേക്കും പ്രത്യേകം-പ്രത്യേകം ഓപ്ഷൻ നൽകാൻ കഴിയില്ല. ഇവർ, അർഹതയുള്ള സ്ട്രീമുകളിൽ ലഭ്യമായ ഓപ്ഷനുകൾ മൊത്തത്തിൽ ആദ്യം പരിഗണിക്കണം. അവയിൽ വിവിധ സ്ട്രീമുകളിൽനിന്നും രജിസ്ട്രർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഓപ്ഷനുകൾ നിശ്ചയിക്കണം. തുടർന്ന് വിവിധ സ്ട്രീമുകളിലെ ഓപ്ഷനുകൾ ഇടകലർത്തിയോ അല്ലാതെയോ താത്‌പര്യമനുസരിച്ച് ഇവിടെ സൂചിപ്പിച്ച രീതിയിൽ രജിസ്റ്റർ ചെയ്യണം. ഉദാഹരണത്തിന് എൻജിനിയറിങ്ങിനും ആർക്കിടെക്ചറിനും ഓപ്ഷൻ നൽകാൻ അർഹതയുള്ള ഒരാൾക്ക് എൻജിനിയറിങ്ങിന് ഒരു സീറ്റ് ലഭിച്ചില്ലെങ്കിൽമാത്രം ആർക്കിടെക്ച്ചർ മതി എന്നാണ് തീരുമാനമെങ്കിൽ താത്‌പര്യമുള്ള എല്ലാ എൻജിനിയറിങ് ഓപ്ഷനുകളും തിരഞ്ഞെടുത്തശേഷമേ ആർക്കിടെചർ ഓപ്ഷൻ തിരഞ്ഞെടുക്കാവൂ.

നൽകിയ ഓപ്ഷൻ മാറ്റാൻ കഴിയും

ഒരിക്കൽ തിരഞ്ഞെടുത്ത ഓപ്ഷനുകൾ സമയപരിധിക്കകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ഉൾപ്പെടുത്തിയ ഓപ്ഷനുകൾ ഒഴിവാക്കാം. ഉൾപ്പെടുത്താത്തവ ഉൾപ്പെടുത്താം. ഓപ്ഷനുകളുടെ മുൻഗണനാക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഹോംപേജിലുണ്ട്. ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി തീരുമ്പോൾ അപേക്ഷാർഥിയുടെ പേജിൽ സേവ് ചെയ്തിരിക്കുന്ന ഓപ്ഷൻ ക്രമമാകും അലോട്മെന്റിനായി പരിഗണിക്കുക.

എത്ര ഓപ്ഷൻ നൽകാം

ലഭ്യമായ ഓപ്ഷനുകളിൽ എല്ലാത്തിലേക്കും പരിഗണിക്കപ്പെടണമെങ്കിൽമാത്രം എല്ലാ ഓപ്ഷനുകളും നൽകാം. എന്നാൽ, ഉള്ളവയിൽ ചിലതിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ, അവ മാത്രം നൽകുക. എത്ര ഓപ്ഷനുകൾ നൽകണമെന്ന് അപേക്ഷാർഥിതന്നെ തീരുമാനിക്കണം. നൽകുന്നത് എത്ര ഓപ്ഷനുകളായാലും, അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രം നൽകുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്തപക്ഷം, അലോട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം ആ സ്ട്രീമിൽ നിന്നും പുറത്താവുകയും ചെയ്യും. പ്രവേശനസാധ്യതകൾ വിലയിരുത്താൻ മുൻവർഷത്തെ ലാസ്റ്റ് റാങ്ക്പട്ടിക പരിശോധിക്കാം.

രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ ഇടയ്ക്കിടെ, ‘സേവ്’ ചെയ്യാൻ ശ്രദ്ധിക്കണം. അതിനുള്ള സൗകര്യം ഹോംപേജിലുണ്ട്.

ഓപ്ഷൻ നൽകിക്കഴിഞ്ഞ്, പ്രിൻ്റ്ഔട്ട് എടുത്തുവെക്കണം. അതായിരിക്കും ഓപ്ഷൻ പട്ടിക. അതിൽ കോളേജ് ടൈപ്പ്, കോഴ്‌സ്/ബ്രാഞ്ച്, കോളേജിന്റെ പേര് മുതലായവ, ഓപ്ഷന്റെ മുൻഗണനയനുസരിച്ച് കാണാൻകഴിയും. ഓരോ തവണയും പേജിൽ കയറിയശേഷം പുറത്തുവരാൻ ‘ലോഗ് ഔട്ട്’ ക്ലിക്ക് ചെയ്യണം. ഇത് ചെയ്യാൻ മറന്നുപോകരുത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

• ഓപ്ഷനുകൾ 1, 2, 3... എന്ന ക്രമത്തിലാണ് പരിഗണിക്കുക. അലോട്‌മെൻറിൽ ഏതെങ്കിലും ഒരു ഓപ്ഷൻ അനുവദിച്ചാൽ, അതിനു താഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) പരിഗണിക്കുകയേ ഇല്ല. അതിനാൽ കൂടുതൽ താത്‌പര്യമുള്ളവയ്ക്ക് ഉയർന്ന പരിഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു റൗണ്ടിൽ ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണനയുള്ളവ (ഹയർ ഓപ്ഷനുകൾ) മാത്രമേ തുടർന്നുള്ള റൗണ്ടിൽ/റൗണ്ടുകളിൽ പരിഗണിക്കൂ. ഉദാ: രജിസ്റ്റർ ചെയ്തത് 50 ഓപ്ഷൻ. ലഭിച്ചത് 27-ാം ഓപ്ഷൻ. 28 മുതൽ 50 വരെയുള്ളത് പരിഗണിക്കില്ല. 1 മുതൽ 26 വരെയുള്ളത് ഹയർ ഓപ്ഷനുകൾ ആയിരിക്കും.

• ആദ്യ റൗണ്ടിൽ നൽകുന്ന ഓപ്ഷനുകളായിരിക്കും തുടർന്നുള്ള റൗണ്ടുകളിലും പരിഗണിക്കുക. ആദ്യറൗണ്ടിൽ ലഭ്യമാക്കുന്ന ഓപ്ഷനുകളിൽ, രജിസ്റ്റർ ചെയ്യാത്തവ ഒന്നുംതന്നെ, തുടർന്നുള്ള റൗണ്ടിൽ ഓപ്ഷൻ പട്ടികയിൽ കൂട്ടിച്ചേർക്കാൻ പറ്റില്ല. എന്നാൽ, ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ പിന്നീട് വരുന്നപക്ഷം, ഓപ്ഷൻ പട്ടികയിൽ ഇഷ്ടമുള്ള സ്ഥാനത്ത് അവ ഉൾപ്പെടുത്താൻ കഴിയും.

• വിദ്യാർഥികൾക്ക്, അവരുടെ അലോട്‌മെൻറ്‌ സാധ്യതകൾ വിലയിരുത്താൻ, ട്രയൽ അലോട്മെന്റ് നടത്തിയേക്കാം. അതുണ്ടെങ്കിൽ, ഒരു സമയപരിധിവരെ നൽകിയ ഓപ്ഷനുകൾ ഒരു അലോട്‌മെൻറ്‌ ലഭിക്കാൻ പര്യാപ്തമാണോ എന്നറിയാം. അതിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ പട്ടികയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻകഴിയും.

• വിദ്യാർഥിയുടെ ഓപ്ഷൻ പ്രോസസ് ചെയ്യുമ്പോൾ സംവരണ ആനുകൂല്യങ്ങൾകൂടി പരിഗണിക്കുന്നതാണ്. അതിനാൽ സംവരണസീറ്റിലേക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ രജിസ്ട്രേഷൻ വേളയിൽ പ്രത്യേകിച്ച് ഒന്നുംചെയ്യണ്ടതില്ല.

• സ്പെഷ്യൽ റിസർവേഷന് അർഹതയുള്ളവർ ആ റിസർവേഷൻ സീറ്റുള്ള ഓപ്ഷനുകൾ താത്‌പര്യമുള്ള പക്ഷം, പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

Content Highlights: KEAM 2022 option registration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented