Representational image | Photo: gettyimages.in
2021ലെ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായുള്ള എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ ഓപ്ഷന് രജിസ്ട്രേഷന് www.cee.kerala.gov.in വഴി ഒക്ടോബര്‍ ഒന്പതുവരെ നടത്താം. റാങ്ക് പട്ടികകള്‍ പ്രസിദ്ധപ്പെടുത്താതെയാണ് ഓപ്ഷന് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്ന പ്രത്യേകത ഇത്തവണയുണ്ട്.
എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകളില്‍ യോഗ്യത നേടിയവര്‍ക്കും യോഗ്യതാപരീക്ഷാമാര്ക്കും നാറ്റാ സ്കോറും പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് നല്കിയ ആര്‍ക്കിടെക്ചര്‍ പ്രോഗ്രാം അപേക്ഷകര്‍ക്കും ഓപ്ഷന് രജിസ്റ്റര്‍ചെയ്യാം. തന്റെ റാങ്ക് മനസ്സില്‍വെച്ച്, സാധ്യതകള്‍ വിലയിരുത്തി, ഓപ്ഷന് നല്കാന് നിലവില്‍ അവസരമില്ല. എങ്കിലും, ഓപ്ഷന് രജിസ്ട്രേഷന് സമയപരിധി പൂര്‍ത്തിയാകുംമുമ്പ് റാങ്ക്പട്ടികകള്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നല്കുന്ന ഓപ്ഷനുകള്‍, താത്പര്യമനുസരിച്ച് ഒക്ടോബര്‍ ഒന്‍പതിന് വൈകീട്ട് നാലിനകം പുനഃക്രമീകരിക്കാം. അതിലേക്ക് മുന്‍വര്‍ഷത്തെ കണ്‍സോളിഡേറ്റഡ് അവസാന റാങ്ക് നില www.cee.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും പരിശോധിക്കാം. കോഴ്സ്/ബ്രാഞ്ച്, കോളേജ്, ഫീസ് ഘടന തുടങ്ങിയവ പരിഗണിച്ചാണ് അപേക്ഷകര്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
മൂന്നുവിഭാഗം കോളേജുകള്‍
സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍, കാര്‍ഷിക/വെറ്ററിനറി/ഫിഷറീസ് സര്‍വകലാശാല കോളേജുകള്‍ എന്നിവ ഗവണ്മെന്റ് (ജി) വിഭാഗത്തില്‍പ്പെടും. സര്‍ക്കാര്‍ നിയന്ത്രിത/സര്‍വകലാശാലാ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ (എന്‍), സ്വയംഭരണ പദവിയുള്ളവ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്വാശ്രയകോളേജുകള്‍ (എസ്) എന്നിവയാണ് മറ്റുരണ്ട് വിഭാഗങ്ങള്‍.
ഓപ്ഷന് എന്നാലെന്ത്?
എന്‍ജിനിയറിങ്ങിന് കോളേജ് ടൈപ്പ് (ജി/എന്‍/എസ്), ഒരു നിശ്ചിത കോളേജ്, അതിലെ ഒരു ബ്രാഞ്ച് എന്നിവ ചേരുന്നതാണ് ഒരു ഓപ്ഷന്. ചിലപ്പോള്‍ ഫീസും ഒരു ഘടകമാകാം. സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ (എന്‍) ഒരു സ്ഥാപനത്തില്‍ത്തന്നെ കുറഞ്ഞ ഫീസുള്ള സര്‍ക്കാര്‍ സീറ്റും ഉയര്‍ന്ന ഫീസുള്ള മാനേജ്മെന്റ് സീറ്റും ഉണ്ടാകും. ഇവ ഓരോന്നും ഓരോ ഓപ്ഷനാണ്. ഫാര്‍മസിയുടെയും ആര്‍ക്കിടെക്ചറിന്റെയും കാര്യത്തില്‍ ബി.ഫാം./ബി.ആര്‍ക്. കോഴ്സ്, കോളേജ് വിഭാഗം (ജി/എസ്), നിശ്ചിത കോളേജ് എന്നിവ ചേരുന്നതാണ് ഓപ്ഷന്.
ഓപ്ഷന് രജിസ്ട്രേഷന്
അപേക്ഷാര്‍ഥിക്ക് എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനോ ഒന്നില്‍ക്കൂടുതല്‍ വിഭാഗങ്ങളിലോ ഓപ്ഷന് നല്കാന് അര്‍ഹതയുണ്ടാകാം. താന്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ട്രീമിലെ/സ്ട്രീമുകളിലെ, ലഭ്യമായ എല്ലാ ഓപ്ഷനുകളും മൊത്തത്തില്‍ പരിഗണിച്ച് അവയ്ക്ക് ആപേക്ഷിക മുന്‍ഗണന നിശ്ചയിച്ച്, ആ താത്പര്യങ്ങള്‍ ഓണ്‍ലൈനായി പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷന് രജിസ്ട്രേഷന്.
www.cee.kerala.gov.in ലെ കീം 2021 കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ അപേക്ഷാര്‍ഥിയുടെ ഹോം പേജ് വഴിയാണ് ഓപ്ഷന് നല്‍കേണ്ടത്. ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, അക്സസ് കോഡ് എന്നിവ നല്കി ഹോം പേജില്‍ പ്രവേശിക്കാം. തുടര്‍ന്ന് ഓപ്ഷന് രജിസ്ട്രേഷന് പേജിലെത്താം. അവിടെ, ലഭ്യമായ ഓപ്ഷനുകള്‍, അര്‍ഹതയ്ക്കുവിധേയമായി സ്ട്രീം അനുസരിച്ച് ഒന്നിനുതാഴെ മറ്റൊന്നായി കാണാന്‍ കഴിയും. അതിലെ വിവരങ്ങള്‍ പരിശോധിച്ച്, അവയില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ സെലക്ട് ബട്ടണ്‍ ക്ലിക്കുചെയ്ത് ഒന്നിനുപിറകെ മറ്റൊന്നായി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കണം.
ആദ്യപരിഗണനവേണ്ടത് ആദ്യം സെലക്ട് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവ 1, 2, 3.. എന്ന ക്രമനമ്പര്‍ കാണിച്ച്, ഒന്നിനുതാഴെ മറ്റൊന്നായി വരും. ഇതാണ് ഓപ്ഷന് പട്ടിക. ഏറ്റവും ആദ്യം പരിഗണിക്കേണ്ട ഓപ്ഷനാണ് ഒന്നാം ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍, അതുലഭിക്കാതെപോയാല്, പരിഗണിക്കേണ്ടത് ഏത് ഓപ്ഷനാണോ അതായിരിക്കണം രണ്ടാം ഓപ്ഷന്. ഈ തത്ത്വംവെച്ച് താത്പര്യമുള്ളത്രയും ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യാം.
'എന്‍' വിഭാഗത്തില്‍ ഒരു ബ്രാഞ്ചിലെ ഗവണ്മെന്റ് സീറ്റ്, മാനേജ്മെന്റ് സീറ്റ് എന്നിവയിലേക്ക് രണ്ടിലേക്കും പരിഗണിക്കപ്പെടാന്‍ രണ്ട് ഓപ്ഷനുകളും നല്‍കണം. കുറഞ്ഞ ഫീസുള്ള ഗവ. സീറ്റ് ഓപ്ഷനായി തിരഞ്ഞെടുത്തശേഷംമാത്രമേ കൂടിയ ഫീസുള്ള മാനേജ്മെന്റ് സീറ്റ് ഓപ്ഷന് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. കൂടിയ ഫീസുള്ള മാനേജ്മെന്റ് സീറ്റിന് അബദ്ധത്തില്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് ഒഴിവാക്കാനാണിത്.
സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ (എസ്) കോളേജിനനുസരിച്ച് ഫീസ് ഘടനയില്‍ മാറ്റമുണ്ടെന്ന വസ്തുത മനസ്സിലാക്കി താത്പര്യം പരിഗണിച്ച് ഓപ്ഷന് നല്‍കുക. ചില സ്ഥാപനങ്ങളില്‍ തിരികെ ലഭിക്കാവുന്ന പലിശരഹിത നിക്ഷേപം ഫീസിനുപുറമേ നല്‍കേണ്ടതുണ്ട്. അതും പരിഗണിക്കുക.
താത്പര്യം ബ്രാഞ്ചിനോടോ കോളേജിനോടോ
കോളേജിനോടാണോ അതോ ബ്രാഞ്ചിനോടാണോ താത്പര്യം എന്നതും ഓപ്ഷന്‍ക്രമം നിശ്ചയിക്കുന്നതില്‍ പരിഗണിക്കേണ്ടതുണ്ട്. ഉദാ: വിദ്യാര്‍ഥിയുടെ ആഗ്രഹം തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ഏതെങ്കിലും ഒരു ബ്രാഞ്ച് കിട്ടണം എന്നാണെന്ന് കരുതുന്നു. അവിടെ ഒരു ബ്രാഞ്ചും കിട്ടാതെവന്നാല്‍മാത്രം മറ്റൊരു ഗവ/എയ്ഡഡ് കോളേജിലേക്ക് പരിഗണിച്ചാല്‍ മതി എന്നാണെങ്കില്‍ ആ വിദ്യാര്‍ഥി തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ എല്ലാ ബ്രാഞ്ചും പരിഗണിച്ച് മുന്‍ഗണന നിശ്ചയിച്ച് അവ ആദ്യം രജിസ്റ്റര്‍ചെയ്യണം. തുടര്‍ന്ന് മറ്റുകോളേജുകളിലെ ഓപ്ഷനുകള്‍ നല്‍കണം.
മറിച്ച് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ച് ഏതെങ്കിലും ഒരു ഗവ./എയ്ഡഡ് കോളേജില്‍ ലഭിച്ചില്ലെങ്കില്‍മാത്രം മറ്റൊരു ബ്രാഞ്ച്മതി എന്നാണ് വിദ്യാര്‍ഥിയുടെ താത്പര്യമെങ്കില്‍ വിവിധ ഗവ./എയ്ഡഡ് കോളേജുകളിലെ മെക്കാനിക്കല്‍ ബ്രാഞ്ചുകള്‍ മുന്‍ഗണന നിശ്ചയിച്ച് ഓപ്ഷന് പട്ടികയില്‍ ഉള്‍പ്പെടുത്തിയശേഷം മറ്റുബ്രാഞ്ചുകളുടെ ഓപ്ഷന് നല്കാന് ശ്രദ്ധിക്കണം.
ഒന്നില്‍ക്കൂടുതല്‍ സ്ട്രീം അര്‍ഹതയുണ്ടെങ്കില്‍
എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ രണ്ടോ മൂന്നോ സ്ട്രീമില്‍ ഓപ്ഷന് നല്കാന് അര്‍ഹതയുളളവര്‍ക്ക് ഓരോ സ്ട്രീമിലേക്കും പ്രത്യേകം ഓപ്ഷന് നല്കാന് കഴിയില്ല. ഇവര്‍ അര്‍ഹതയുള്ള സ്ട്രീമുകളില്‍ ലഭ്യമായ ഓപ്ഷനുകള്‍ മൊത്തത്തില്‍ ആദ്യം പരിഗണിക്കണം. അവയില്‍ വിവിധ സ്ട്രീമുകളില്‍നിന്ന് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഓപ്ഷനുകള്‍ നിശ്ചയിക്കണം.
തുടര്‍ന്ന് വിവിധ സ്ട്രീമുകളിലെ ഓപ്ഷനുകള്‍ ഇടകലര്‍ത്തിയോ അല്ലാതെയോ താത്പര്യമനുസരിച്ച് ഇവിടെ സൂചിപ്പിച്ച രീതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദാ: എന്ജിനിയറിങ്ങിനും ആര്‍ക്കിടെക്ചറിനും ഓപ്ഷന് നല്കാന് അര്‍ഹതയുള്ള ഒരാള്‍ക്ക് എന്‍ജിനിയറിങ്ങിന് ഒരു സീറ്റ് ലഭിച്ചിലെങ്കില്മാത്രം ആര്‍ക്കിടെക്ചര്‍ മതി എന്നാണ് തീരുമാനമെങ്കില്‍ താത്പര്യമുള്ള എല്ലാ എന്‍ജിനിയറിങ് ഓപ്ഷനുകളും തിരഞ്ഞെടുത്തശേഷമേ ആര്‍ക്കിടെക്ചര്‍ ഓപ്ഷന് തിരഞ്ഞെടുക്കാവൂ.
നല്കിയ ഓപ്ഷന് മാറ്റാന്‍ കഴിയും
ഒരിക്കല്‍ തിരഞ്ഞെടുത്ത ഓപ്ഷനുകള്‍ സമയപരിധിക്കകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ഉള്‍പ്പെടുത്തിയ ഓപ്ഷനുകള്‍ ഒഴിവാക്കാം. ഉള്‍പ്പെടുത്താത്തവ ഉള്‍പ്പെടുത്താം. ഓപ്ഷനുകളുടെ മുന്‍ഗണനക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. അതിനുള്ള ക്രമീകരണങ്ങള്‍ ഹോം പേജിലുണ്ട്. ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് നാലിന് അപേക്ഷാര്‍ഥിയുടെ പേജില്‍ സേവ് ചെയ്തിരിക്കുന്ന ഓപ്ഷന് ക്രമമാകും അലോട്ട്മെന്റിനായി പരിഗണിക്കുക.
എത്ര ഓപ്ഷന് നല്‍കാം
ലഭ്യമായ ഓപ്ഷനുകളില്‍ എല്ലാത്തിലേക്കും പരിഗണിക്കപ്പെടണമെങ്കില്മാത്രം എല്ലാ ഓപ്ഷനുകളും നല്‍കാം. എന്നാല്‍, ഉള്ളവയില്‍ ചിലതിലേക്കുമാത്രം പരിഗണിച്ചാല്മതിയെങ്കില് അവമാത്രം നല്‍കുക. എത്ര ഓപ്ഷനുകള്‍ നല്‍കണമെന്ന് വിദ്യാര്‍ഥിതന്നെ തീരുമാനിക്കണം. നല്‍കുന്നത് എത്ര ഓപ്ഷനുകളായാലും അനുവദിച്ചാല്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രം നല്‍കുക. കാരണം, അനുവദിക്കുന്ന ഓപ്ഷന് സ്വീകരിക്കാത്ത പക്ഷം, അലോട്ട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം ആ സ്ട്രീമില്‍നിന്ന് പുറത്താവുകയും ചെയ്യും.
രജിസ്റ്റര്‍ചെയ്യുന്ന ഓപ്ഷനുകള്‍ ഇടയ്ക്കിടെ 'സേവ്' ചെയ്യാന്‍ ശ്രദ്ധിക്കണം. അതിനുള്ള സൗകര്യം ഹോം പേജിലുണ്ട്.
ഓപ്ഷന് നല്‍കിക്കഴിഞ്ഞ്, പ്രിന്റ്ഔട്ട് എടുത്തുെവക്കണം. അതായിരിക്കും ഓപ്ഷന് പട്ടിക. അതില്‍ കോളേജ് ടൈപ്പ്, കോഴ്സ്/ബ്രാഞ്ച്, കോളേജിന്റെ പേര് മുതലായവ ഓപ്ഷന്റെ മുന്‍ഗണനയനുസരിച്ച് കാണാന്‍ കഴിയും.
ഓരോ തവണയും പേജില്‍ കയറിയശേഷം പേജില്‍നിന്ന് പുറത്തുവരാന്‍ 'ലോഗ് ഔട്ട്' ക്ലിക്ക് ചെയ്യണം. ഇത് മറന്നുപോകരുത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
• ഓപ്ഷനുകള്‍ 1, 2, 3... എന്ന ക്രമത്തിലാണ് പരിഗണിക്കുക. അലോട്ട്മെന്റില്‍ ഏതെങ്കിലും ഒരു ഓപ്ഷന് അനുവദിച്ചാല്‍, അതിനുതാഴെയുള്ളവ (ലോവര്‍ ഓപ്ഷനുകള്‍) പരിഗണിക്കുകയേയില്ല. അതിനാല്‍ കൂടുതല്‍ താത്പര്യമുള്ളവയ്ക്ക് ഉയര്‍ന്ന പരിഗണന നല്കാന് പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്നുള്ള റൗണ്ടുകളില്‍ ലഭിച്ച ഓപ്ഷനെക്കാള്‍ ഉയര്‍ന്ന മുന്ഗണനയുള്ളവയേ (ഹയര്‍ ഓപ്ഷനുകള്‍) പരിഗണിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്തത് 50 ഓപ്ഷന്. ലഭിച്ചത് 27ാം ഓപ്ഷന്. 28 മുതല്‍ 50 വരെയുള്ളത് പരിഗണിക്കില്ല. ഒന്നുമുതല്‍ 26 വരെയുള്ളത് ഹയര്‍ ഓപ്ഷനുകള്‍.
• ഇപ്പോള്‍ നല്കുന്ന ഓപ്ഷനുകളായിരിക്കും തുടര്‍ന്നുള്ള റൗണ്ടുകളില്‍ പരിഗണിക്കുക. ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകളില്‍, രജിസ്റ്റര്‍ ചെയ്യാത്തവ ഒന്നുംതന്നെ, തുടര്‍ന്നുള്ള റൗണ്ടില്‍ ഓപ്ഷന് പട്ടികയില്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ല. എന്നാല്‍, ആദ്യറൗണ്ടില്‍ ഇല്ലാതിരുന്ന ഓപ്ഷനുകള്‍ പിന്നീടുവരുന്ന പക്ഷം, ഓപ്ഷന് പട്ടികയില്‍, ഇഷ്ടമുള്ള സ്ഥാനത്ത് ഉള്‍പ്പെടുത്താന്‍ കഴിയും.
• വിജ്ഞാപനത്തില്‍ ട്രയല്‍ അലോട്ട്മെന്റ് സംബന്ധിച്ച അറിയിപ്പൊന്നുമില്ല. അതിനാല്‍ ട്രയല്‍ അലോട്ട്മെന്റ് ഉണ്ടാകില്ല. നല്കിയ ഓപ്ഷനുകള്‍ ഒരു അലോട്ട്മെന്റ് ലഭിക്കാന്‍ പര്യാപ്തമാണോ എന്ന് അറിയാനും കഴിയില്ല. അതുകൊണ്ട് കിട്ടിയാല്‍ പോകുമെന്നുറപ്പുള്ള പരമാവധി ഓപ്ഷനുകള്‍ ഇപ്പോള്‍ നല്‍കുക.
• വിദ്യാര്‍ഥിയുടെ ഓപ്ഷന് പ്രോസസ്ചെയ്യുമ്പോള് സംവരണാനുകൂല്യങ്ങള്കൂടി പരിഗണിക്കുന്നതാണ്. അതിനാല്‍ സംവരണസീറ്റിലേക്ക് പരിഗണിക്കപ്പെടാന്‍ ഓപ്ഷന് രജിസ്ട്രേഷന് വേളയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ടതില്ല.
• സ്പെഷ്യല്‍ റിസര്‍വേഷന്‍ അര്‍ഹതയുള്ളവര്‍ ആ റിസര്‍വേഷന്‍ സീറ്റുള്ള ഓപ്ഷനുകള്‍ താത്പര്യമുള്ള പക്ഷം, പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥി നല്കുന്ന എല്ലാ ഓപ്ഷനുകളും പരിഗണിച്ച ശേഷമേ താഴ്ന്ന റാങ്കുള്ള വിദ്യാര്‍ഥിയുടെ ആദ്യ ഓപ്ഷന് പരിഗണിക്കൂ.
അറിയേണ്ടതെല്ലാം: വെബിനാര്‍
ആസ്ക് എക്സ്പേര്‍ട്ട് 2021 മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് വെബിനാര്‍
:എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലെ ഓപ്ഷന് രജിസ്ട്രേഷന് നടപടികളിലാണ് വിദ്യാര്‍ഥികള്‍. ഓപ്ഷനുകള്‍ എങ്ങനെ നല്‍കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ വീഡിയോ ക്ലാസ് വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. പ്രൊഫഷണല്‍ കോഴ്സ് പ്രവേശന നടപടികളില്‍ എങ്ങനെ പങ്കെടുക്കണം എന്നതാണ് ആസ്ക് എക്സ്പേര്‍ട്ട് 2021 മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് വെബിനാറില്‍ വിശദീകരിക്കുന്നത്.
ഓപ്ഷന് രജിസ്ട്രേഷന്‍മുതല്‍ കോളേജും കോഴ്സും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വെബിനാറില്‍ വിശദീകരിക്കും. ബി.ടെക്. കഴിഞ്ഞാലുള്ള സാധ്യതകളെക്കുറിച്ച് പ്രത്യേക സെഷന് ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഫെയ്സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
വെള്ളിയാഴ്ച രാവിലെ 11ന്
എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി അലോട്ട്മെന്റ്: ഓപ്ഷന് രജിസ്ട്രേഷന് നടപടികള്‍
ഡോ. എസ്. സന്തോഷ് (പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍)
ഉച്ചയ്ക്ക് രണ്ടിന്
എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍, എന്തെല്ലാം പഠിക്കണം, ജോലി സാധ്യതകള്‍
ഡോ. കെ.എ. നവാസ് (മുന്‍ പ്രൊഫസര്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം, കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ്
Content Highlights: KEAM 2021 Option registration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..