കീം പ്രവേശന പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ കെ.എസ് വരുൺ, ടി.കെ ഗോകുൽ ഗോവിന്ദ്, പി. നിയാസ്‌മോൻ എന്നിവർ
2020-ലെ കേരള എൻജിനിയറിങ്, ഫാർമസി റാങ്ക് പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ പരീക്ഷയ്ക്കായി തയ്യാറെടുത്തതിനെക്കുറിച്ച് പങ്കുവെക്കുന്നു.
ലോക്ഡൗണിൽ ഓൺലൈൻ പരീക്ഷകൾ
പ്ലസ് വൺ മുതൽ ജെ.ഇ.ഇ.(ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ)ക്കുവേണ്ടി തയ്യാറെടുക്കുന്നുണ്ട്. എല്ലാ എൻജിനിയറിങ് എൻട്രൻസും മനസ്സിൽ കണ്ടിരുന്നു. പ്ലസ്ടുവിനുശേഷം കോച്ചിങ്ങിന് പോയിരുന്നു. എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. പ്രത്യേകിച്ച് കെമിസ്ട്രിയിൽ. ലോക്ഡൗണായതോടെ വീട്ടിലിരുന്ന് ഓൺലൈൻ പരീക്ഷകൾ എഴുതിശീലിച്ചു. കീമിന്റെ അവസാന ആഴ്ചകളിൽ കഴിഞ്ഞ ഏഴെട്ടു കൊല്ലത്തെ ചോദ്യപ്പേപ്പറുകൾ പരിശീലിച്ചു. പരീക്ഷാസമയം അനുസരിച്ചുതന്നെ പൂർത്തിയാക്കാൻ ശ്രമിച്ചു. ദിവസവും അഞ്ചാറു മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. ഏറ്റവുമധികം ശ്രദ്ധ നൽകിയത് കെമിസ്ട്രിക്കാണ്. തിയറി കൂടുതലുള്ളതുകൊണ്ട് സമയമെടുക്കുന്നതും പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാൻ കഴിയുന്നതും കെമിസ്ട്രിക്കാണ്. ഫിസിക്സും കണക്കും പ്രോബ്ലംസ് ചെയ്ത് പരിശീലിക്കുകയായിരുന്നു.
-കെ.എസ് വരുൺ (ഒന്നാം റാങ്ക്)
എഴുതി പരിശീലിക്കാം
പ്ലസ് ടു പഠനകാലം തൊട്ട് ഐ.ഐ.ടി. ലക്ഷ്യമാക്കി പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷം കീമിൽ 239-ാം റാങ്ക് നേടിയിരുന്നു. എൻ.ഐ.ടി. ഫസ്റ്റ് അലോട്ട്മെന്റിൽ കിട്ടിയെങ്കിലും റിപ്പീറ്റ് ചെയ്യാൻ തീരുമാനിച്ചു. ഐ.ഐ.ടി.ക്കുവേണ്ടി തയ്യാറെടുക്കുന്നതിനിടെ കീമിലും ശ്രദ്ധകേന്ദ്രീകരിച്ചു. കീം പരീക്ഷയുടെ ഒന്നരമാസം മുമ്പ് എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ വായിക്കുകയും മോക് ടെസ്റ്റുകൾ ധാരാളം ചെയ്യുകയും ചെയ്തു. കീമിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് വേഗമാണ്. സമയം കണക്കാക്കി വേഗത്തിൽ എഴുതി പരിശീലിച്ചു.
മുൻകാല ചോദ്യപ്പേപ്പറുകൾ പരമാവധി നോക്കിവെച്ചു. ഒരുദിവസം രണ്ടുമണിക്കൂർവീതം വെച്ച് മൂന്ന് വിഷയവും പഠിക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ തിയറിക്ക് പ്രാധാന്യം നൽകി. നവംബർ, ഡിസംബർ ആയപ്പോൾ ചോദ്യപ്പേപ്പറുകളെ ആസ്പദമാക്കി പഠിച്ചുതുടങ്ങി. ഫിസിക്സും കണക്കുമായിരുന്നു ഇഷ്ടമുള്ള വിഷയങ്ങൾ. ഏറ്റവുമധികം സമയം കൊടുത്തതും കണക്കിനായിരുന്നു.
-ടി.കെ. ഗോകുൽ ഗോവിന്ദ്(രണ്ടാം റാങ്ക്)
വ്യായാമം ചെയ്യാം
പ്ലസ്ടുകാലംമുതൽ ഐ.്െഎ.ടി.ക്കായി തയ്യാറെടുക്കുന്നുണ്ടായിരുന്നു. പ്ലസ്ടുവിന് ശേഷം ഒരുവർഷത്തെ കോച്ചിങ്ങിന് ചേർന്നു. മോക് ടെസ്റ്റുകൾക്ക് പ്രാധാന്യം നൽകിയാണ് പഠിച്ചത്. തെറ്റുകൾ അപ്പോൾതന്നെ തിരുത്തി മുന്നേറുന്ന രീതിയായിരുന്നു. കീമിന് രണ്ടാഴ്ചമുമ്പാണ് എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പഠനം ആരംഭിച്ചത്. രാവിലെ ആറുമണിക്ക് എഴുന്നേൽക്കും. പഠനത്തിനുതന്നെയാണ് ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത്.
മടുപ്പു തോന്നുമ്പോൾ വ്യായാമം ചെയ്യുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യും. ടി.വി.യൊന്നും അധികം കാണില്ല. കണക്കായിരുന്നു അല്പം ബുദ്ധിമുട്ടുള്ള വിഷയം. അതിനുവേണ്ടി കൂടുതൽ സമയം നൽകി. എളുപ്പമുള്ള വിഷയം കെമിസ്ട്രിയായിരുന്നു. പരീക്ഷ അടുത്തപ്പോൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചതും കെമിസ്ട്രിയിലായിരുന്നു. കാരണം പരീക്ഷയടുക്കുമ്പോൾ ബുദ്ധിമുട്ടുള്ള വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ച് സമയം പാഴാക്കരുതല്ലോ. ഏറ്റവും പ്രിയപ്പെട്ട വിഷയം ഫിസിക്സ് ആണ്. അതും ആസ്വദിച്ചു പഠിച്ചു.
-പി. നിയാസ് മോൻ (മൂന്നാം റാങ്ക്)
Content Highlights: KEAM 2020 toppers shares their preparation strategy
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..