സി.എച്ച്. അമൻ റിഷാൽ| ഫോട്ടോ: അജിത് ശങ്കരൻ
കോട്ടയ്ക്കൽ: പറമ്പിലങ്ങാടി ചെമ്മല വീട്ടിൽ അമൻ റിഷാൽ സന്തോഷത്തിലാണ്. ഉയരം കീഴടക്കിയ സന്തോഷത്തിൽ. ഇക്കഴിഞ്ഞ ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ കേരളത്തിൽനിന്ന് മൂന്നാം റാങ്കാണ് ഈ മിടുക്കൻ കരസ്ഥമാക്കിയത്. ചിട്ടയായ പഠനം, മതിയായ വിശ്രമം ഈ രണ്ടു കാര്യങ്ങളായിരുന്നു റിഷാലിന്റെ നേട്ടത്തിനുപിന്നിൽ.
കണക്കിനോടും ഫിസിക്സിനോടുമുള്ള താത്പര്യവും ഇന്ധനമായി. പത്താംക്ലാസുവരെ കോട്ടയ്ക്കൽ പുതുപ്പറമ്പിലെ സേക്രഡ് ഹാർട്ട് സ്കൂളിലായിരുന്നു പഠനം. പത്തിൽ പഠിക്കുമ്പോൾ ജെ.ഇ.ഇ.യ്ക്കായി ഒരു ഫൗണ്ടേഷൻ കോഴ്സ് ചെയ്തു. പ്ലസ് വൺ, പ്ലസ് ടു പഠിച്ചത് കോട്ടയം മാന്നാനത്തുള്ള കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ. എൻട്രൻസ് കോച്ചിങ്ങിനുള്ള സൗകര്യം നോക്കിയാണ് പഠനം മാന്നാനത്താക്കിയത്.
രാജ്യത്ത് 7.69 ലക്ഷം പേരാണ് ജെ.ഇ.ഇ. മെയിൻ എഴുതിയത്. ഇപ്പോഴത്തെ റാങ്കുവെച്ച് രാജ്യത്തെ മികച്ച എൻ.ഐ.ടി.കളിലോ എൻജിനിയറിങ് കോളേജുകളിലോ പ്രവേശനംലഭിക്കും. പക്ഷേ, വിശ്രമിക്കാൻ റിഷാൽ തയ്യാറല്ല. അടുത്തതായി നടക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് എക്സാമിന് തയ്യാറെടുക്കുകയാണ്. നേട്ടം ആവർത്തിക്കാനായാൽ രാജ്യത്തെ മികച്ച െഎ.െഎ.ടികളിൽ പ്രവേശനം ലഭിക്കും. ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള ആഗോള ഐ.ടി. ഭീമൻ കമ്പനികളിൽ ജോലിക്കുകയറുകയാണ് ലക്ഷ്യമെന്ന് റിഷാൽ പറയുന്നു.
കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളായിരുന്നു റിഷാലിന് ആശ്രയം. ദിവസം 14 മണിക്കൂർ പഠനത്തിനായി നീക്കിവെച്ചു. അപ്പോഴും ഉറക്കംകളയാൻ തയ്യാറായില്ല. ദിവസം ഏഴുമണിക്കൂറെങ്കിലും ഉറങ്ങി. ബുദ്ധിശരിക്കു പ്രവർത്തിക്കാൻ ഏഴു മണിക്കുറെങ്കിലും ഉറങ്ങണമെന്ന പക്ഷക്കാരനാണ് റിഷാൽ.
പിന്തുണയോടെ കുടുംബം
അച്ഛൻ സെയ്താലിക്കുട്ടി ചെമ്മല പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലും ചങ്കുവെട്ടി അൽമാസ് ആശുപത്രിയിലും പ്രാക്ടീസ് ചെയ്യുന്ന ഓർത്തോപീഡിഷ്യൻ ആണ്.
അമ്മ സജ്ന തയ്യിൽ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും. എം.ബി.ബി.എസ്. കഴിഞ്ഞ റിയ സെയ്ദ് അലി ചേച്ചിയും അഞ്ചു വയസ്സുകാരിയായ ഐറ അനിയത്തിയുമാണ്. ചെറുപ്പം മുതൽ തന്നെ പഠിപ്പിക്കുന്നത് മുത്തച്ഛൻ ടി. മുഹമ്മദാണ്. ഫാറൂഖ് കോളേജിൽനിന്ന് വിരമിച്ച ഫിസിക്സ് പ്രൊഫസറാണ് അദ്ദേഹം.
പ്രധാനം ടൈം മാനേജ്മെന്റ്
ജെ.ഇ.ഇ. പോലുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ടൈം മാനേജ്മെന്റാണ് പ്രധാനം. നല്ല എൻട്രൻസ് കോച്ചിങ് സെന്ററുകളിലെ പരിശീലനവും വേണം. പത്താംക്ലാസ് മുതൽ ജെ.ഇ.ഇ. ലക്ഷ്യമിട്ടു. കോച്ചിങ് സെന്ററിൽ ആഴ്ചതോറും നടത്തുന്ന മോഡൽ എക്സാമുകളും മോഡൽ ചോദ്യപേപ്പറുകൾ സോൾവ് ചെയ്തതും നേട്ടത്തിന് ആക്കംകൂട്ടി.
-അമൻ റിഷാൽ സി.എച്ച്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..