പ്രതീകാത്മക ചിത്രം | Photo: gettyimages.in
2023-’24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) രണ്ടു സെഷനുകളിലായി ജനുവരിയിലും ഏപ്രിലിലും നടത്തും.
പ്രവേശനസ്ഥാപനങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ് ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്. എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നീ സ്ഥാപനങ്ങളിലെ ബി.ഇ./ബി.ടെക്. പ്രവേശനത്തിന് (ഇവിടെയുള്ള സയൻസ് പ്രോഗ്രാമുകളിലെയും ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും) ജെ.ഇ.ഇ. മെയിൻ പേപ്പർ 1 റാങ്കും, ആർക്കിടെക്ചർ/പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, പേപ്പർ 2 എ/2 ബി റാങ്കും പരിഗണിക്കും. കോഴിക്കോട് എൻ.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി. എന്നിവയാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങൾ.
പേപ്പറുകൾ
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പേപ്പറുകൾ ഉണ്ടാകും. പേപ്പർ -1 (ബി.ഇ./ബി.ടെക്.) ൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്നും 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഷയത്തിൽ നിന്നും നിർബന്ധമായും ഉത്തരം നൽകേണ്ട 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (സെക്‌ഷൻ എ), ഏതെങ്കിലും അഞ്ച് എണ്ണത്തിന് ഉത്തരം നൽകേണ്ടതിലേക്ക് 10 ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും (സെക്‌ഷൻ ബി).
ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.) പ്രവേശനപരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക്, ഓരോന്നിനും മൂന്ന് ഭാഗങ്ങൾ ഉണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട് I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട് II) എന്നിവ രണ്ടിനും ഉണ്ടാകും.
മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുo, 10 ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ന്യൂമറിക്കൽ ടൈപ്പിൽ അഞ്ചെണ്ണത്തിന് ഉത്തരം നൽകണം. പാർട്ട് ll ൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. മൂന്നാം ഭാഗം, 2 എ യിൽ ഡ്രോയിങ് ടെസ്റ്റും 2 ബി യിൽ പ്ലാനിങ് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2 എ യിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും.
മൾട്ടിപ്പിൾ ചോയ്സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് ശരിയുത്തരത്തിന് 4 മാർക്ക് കിട്ടും. മൾട്ടിപ്പിൾ ചോയ്സിലും ന്യൂമറിക്കൽ ആൻസർ ടൈപ്പിലും ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും. പേപ്പർ 2 എ യിലെ ഡ്രോയിങ് ടെസ്റ്റിൽ 50 മാർക്കുവീതമുള്ള രണ്ട് ചോദ്യങ്ങളുണ്ടാകും.
പരീക്ഷ
പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടു സെഷനുകളിൽ നടത്തും. സെഷൻ 1: ജനവരി 24, 25, 27, 28, 29, 30, 31. പേപ്പർ 1, 2 എ എന്നിവ ദിവസവും രണ്ടു ഷിഫ്റ്റിൽ നടത്തും. രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മുതൽ ആറുവരെയും പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്ന് മുതൽ ആറ് വരെയുമാകും. പേപ്പർ 2 എ യും 2 ബി യും അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാ ദൈർഘ്യം മൂന്നര മണിക്കൂർ ആയിരിക്കും. ആദ്യ ഷിഫ്റ്റ് എങ്കിൽ രാവിലെ ഒൻപത് മുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ് എങ്കിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ 6.30 വരെയും.
പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിൽ എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ടു വീതവും മറ്റു ജില്ലകളിൽ ഒന്നു വീതവും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
ചോദ്യപ്പേപ്പർ, എൻ.ടി.എ. സ്കോർ
ഒരു അപേക്ഷാർഥിക്ക് രണ്ട് സെഷനുകളിൽ ഏതെങ്കിലും ഒന്നു മാത്രമോ, രണ്ടുമോ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ, ഭേദപ്പെട്ട എൻ.ടി.എ. സ്കോർ അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും. ചോദ്യപ്പേപ്പറുകൾ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ചോദ്യങ്ങൾ, കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. ഏതു ഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുന്ന വേളയിൽ രേഖപ്പെടുത്തണം.
പ്രവേശനയോഗ്യത
അപേക്ഷിക്കാൻ പ്രായപരിധി ഇല്ല. എന്നാൽ, പ്രവേശനം തേടുന്ന സ്ഥാപനത്തിനു ബാധകമായ പ്രായപരിധി വിദ്യാർഥി തൃപ്തിപ്പെടുത്തേണ്ടി വരാം. പ്ലസ് ടു/തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2021, 2022 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർ, 2023-ൽ ഇത് അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന ബോർഡുകളുടെ പ്ലസ് ടു തല പരീക്ഷകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ, ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരമുള്ള മൂന്ന് വർഷ ഡിപ്ലോമ, ചില വിദേശ തത്തുല്യ പരീക്ഷകൾ മുതലായവയും ഇതിൽ ഉൾപ്പെടുന്നു. അംഗീകൃത യോഗ്യതാപരീക്ഷകളുടെ പൂർണ പട്ടിക ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
യോഗ്യതാ പരീക്ഷാ കോഴ്സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ നിർബന്ധമായും പഠിച്ചിരിക്കേണ്ട വിഷയങ്ങൾ: എൻജിനിയറിങ്: ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം.
മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയം ആകാം. ബി.ആർക്ക്: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി നിർബന്ധം. ബി.പ്ലാനിങ്: മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പ്രവേശന സമയത്ത് യോഗ്യതാ പരീക്ഷയിലെ മാർക്ക് സംബന്ധിച്ച പ്രോസ്പെക്ടസ് വ്യവസ്ഥ അപേക്ഷാർഥി തൃപ്തിപ്പെടുത്തണം.
അപേക്ഷ
ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ആദ്യ സെഷനിലേക്കാണ്. അപേക്ഷ jeemain.nta.nic.in വഴി ജനുവരി 12-ന് രാത്രി ഒൻപത് വരെ നൽകാം. അപേക്ഷാഫീസ് രാത്രി 11.50 വരെ നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. വഴി അടയ്ക്കാം. രണ്ടാംസെഷനിലേക്കുള്ള അപേക്ഷ ഫെബ്രവരി ഏഴ് മുതൽ മാർച്ച് ഏഴിന് രാത്രി ഒൻപതുവരെ നൽകാം. അപേക്ഷാ ഫീസ് രാത്രി 11.50 വരെ. പരീക്ഷ ഏപ്രിൽ ആറ് മുതൽ 12 വരെ. വിവരങ്ങൾക്ക്: jeemain.nta.nic.in
Content Highlights: JEE Main 2023 to be conducted in two sessions in Jan and April 2023 says NTA
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..