ഡോ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ് | Photo: ANI
ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറാണ് ഡോ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്. ജെ.എന്‍.യു.വിലെ പൂര്വവിദ്യാര്ഥിനിയുമാണവര്. സോവിയറ്റ് റഷ്യയില്‍ ജനിച്ച് തമിഴ്നാട്ടില്‍ സ്കൂള്‍-കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം.ഫിലും പിഎച്ച്.ഡി.യും ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍. സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയില്‍നിന്ന് പോസ്റ്റ് ഡോക്ടറേറ്റ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി കൊച്ചിയില്‍നടന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാതൃഭൂമി പ്രതിനിധി വി.എസ്. സിജുവുമായി സംസാരിക്കുന്നു
ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍ എന്നനിലയില്‍ ണ്ടസര്വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കുമോ?
കേന്ദ്രസര്‍വകലാശാലകള്‍ ഇംഗ്ലീഷിനൊപ്പം പ്രാദേശികഭാഷകള്‍ക്കും പ്രാധാന്യംനല്കാന് ആരംഭിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ജെ.എന്‍.യു. മുന്‍കൈയെടുക്കുന്നുണ്ട്. മികച്ച സര്‍വകലാശാലയായി ജെ.എന്‍.യു.വിനെ നിലനിര്‍ത്തുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ വലിയ പങ്കുണ്ട്. ലോകറാങ്കിങ്ങിലും ആദ്യ പത്തുസ്ഥാനങ്ങളില്‍ ജെ.എന്‍.യു. ഉണ്ട്. ഇത്തവണത്തെ ബുക്കര്‍ പ്രൈസ് നേടിയ ഗീതാഞ്ജലിയും ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനിയായിരുന്നു. സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറും പൂര്വവിദ്യാര്ഥിയുമാണെന്നതില് ഏറെ അഭിമാനമുണ്ട്.
1985 മുതല്‍ 1990 വരെയാണ് ജെ.എന്‍.യു.വില്‍ പഠിച്ചത്. അന്ന് അവിടത്തെ വിദ്യാര്‍ഥിയൂണിയന്റെ പ്രസിഡന്റ് കേരളത്തില്‍നിന്നുള്ള ടി.കെ. അരുണ്‍ ആയിരുന്നു. ബൗദ്ധികമായ അഭിപ്രായഭിന്നതമാത്രമാണ് ഉണ്ടായിരുന്നത്. അതൊക്കെ പ്രകടമായിരുന്നത് സംവാദങ്ങളിലും എഴുത്തുകളിലുംമാത്രം. ഈ മാതൃക എല്ലാ സര്വകലാശാലകളിലുമുണ്ടാകണം. സര്‍വകലാശാലകള്‍ ആശയങ്ങളുടെ യുദ്ധഭൂമിയാണ്; ശാരീരിക ഏറ്റുമുട്ടലിനുള്ള ഇടമല്ല.
എന്നാല്‍, ജെ.എന്‍.യു.വില്‍നിന്ന് കേള്‍ക്കുന്നത് ഭിന്നമായ വാര്‍ത്തകളാണല്ലോ?
ശരിയാണ് അടുത്തിടെ സംഘര്‍ഷങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. ജെ.എന്‍.യു. രാഷ്ട്രീയമായി ഏറെ സജീവമായ കാമ്പസാണ്. അമര്‍ത്യ സെന്‍ പറയുന്നത്, 'ഞങ്ങള്‍ വാദപ്രതിവാദം നടത്തുന്ന ഇന്ത്യക്കാരാണ്' എന്നാണ്. ജെ.എന്‍.യു.വില്‍ ഞാന്‍ നടപ്പാക്കുന്നത് അഞ്ച് ഡി കളാണ്. വികസനം (Development), വ്യത്യസ്തത (Difference), നാനാത്വം (Diverstiy), ഭിന്നാഭിപ്രായം (Dissent), ജനാധിപത്യം (Democracy) എന്നിവ. തമിഴ്നാട്ടില്‍നിന്ന് വരുന്നതിനാല്‍, വടക്കേ ഇന്ത്യയില്‍നിന്നും അവിടത്തെ വിദ്യാര്‍ഥികളില്‍നിന്നും ഏറെ വ്യത്യസ്തരാണ് മറ്റുസ്ഥലങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളെന്ന് എനിക്കറിയാം. ഇവരുടെ ഇടയില്‍ ഐക്യമുണ്ടാക്കാനാണ്, ഏകരൂപമുണ്ടാക്കാനല്ല സര്‍വകലാശാല ശ്രമിക്കുന്നത്.
വിവാദങ്ങള്‍ സൃഷ്ടിച്ച മുദ്രാവാക്യങ്ങള്‍ ജെ.എന്‍.യു.വില്‍നിന്നാണ് കേട്ടത്
മുന്‍ ഭരണകാലത്തായിരുന്നു അത്. ഞാന്‍ ചുമതലയേറ്റശേഷം ഒരു വിദ്യാര്‍ഥിയും ഇത്തരമൊരു മുദ്രാവാക്യം വിളിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ ചിന്തകളിലും മാറ്റമുണ്ടായിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സമര്‍പ്പിക്കപ്പെട്ട ഏക സര്‍വകലാശാലയാണ് ജെ.എന്‍.യു. വിദ്യാര്‍ഥികളും അത് തിരിച്ചറിയുന്നുണ്ട്. മുംബൈയില്‍ വഴിയോരത്ത് പൂക്കള്‍ വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി 2015-ലാണ് ജെ.എന്‍.യു.വില്‍ എത്തുന്നത്. ഇന്നവര്‍ പൂര്‍ണ സ്കോളര്‍ഷിപ്പോടെ ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോകുകയാണ്. രാജ്യത്തിനുതന്നെ അഭിമാനമായ നേട്ടമാണിത്. വളരെ കുറഞ്ഞ ഫീസ് ഘടനയാണ് ജെ.എന്‍.യു.വിലുള്ളത്. ഏതാണ്ട് എല്ലാ വിദ്യാര്‍ഥികള്‍ക്കും മെറിറ്റ് സ്കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഓരോ പാവപ്പെട്ട വിദ്യാര്‍ഥിയുടെയും സ്വപ്നമാണ് ജെ.എന്‍.യു.വില്‍ പഠിക്കുകയെന്നത്. അതിനാല്‍, ചെറിയ കാര്യങ്ങളിലുള്ള പോരാട്ടങ്ങളല്ല വേണ്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്നതിന് വളരെ പ്രാധാന്യമുണ്ട്.
ഇക്കാര്യത്തില്‍ ഏറെ ചെയ്യാന്‍ ജെ.എന്‍.യു.വിന് കഴിയും.
ജെ.എന്‍.യു.വിന്റെ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുമ്പോള്‍ ചില ട്വിറ്റര്‍ പോസ്റ്റുകളുടെ പേരില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ആ ട്വിറ്റര്‍ പോസ്റ്റുകള്‍ തന്റെ അക്കൗണ്ടില്നിന്നല്ലെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ, പോലീസില്‍ പരാതിയൊന്നും നല്‍കിയില്ല. അത് എന്തുകൊണ്ടായിരുന്നു
ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ വിമര്‍ശനങ്ങള്‍ അവസാനിച്ചിരുന്നു. അതിനാല്‍ പരാതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിമര്‍ശനങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമായിരുന്നു. വൈസ് ചാന്‍സലര്‍ എന്നനിലയിലുള്ള എന്റെ പ്രവര്‍ത്തനം മാറ്റംകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. എങ്ങനെയാണ് ഞാന്‍ പെരുമാറുന്നതെന്ന് എല്ലാവര്ക്കും കണ്ടറിയാം. എന്റെ പേരൊക്കെക്കണ്ട് തെറ്റിദ്ധരിച്ചാണ് ആ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതെന്ന് കരുതുന്നു. മിശ്രവിവാഹിതരായ മാതാപിതാക്കളുടെ മകളാണ് ഞാന്‍. അതൊന്നും അറിയാതെ ചിലര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.
അറിവ് ഉത്പാദിപ്പിക്കുന്ന സമൂഹമായി മാറുക എന്നതാണ് പ്രധാനം. അഭിപ്രായപരമായ ഭിന്നതയ്ക്കപ്പുറം ഒരു ശത്രുതയും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ആദിശങ്കരനും അതേ ആശയമാണ് മുന്നോട്ടുവെച്ചത്. സത്യത്തിലേക്ക് എല്ലാവര്ക്കും വ്യത്യസ്ത വഴികളാണുള്ളത്. എല്ലാവഴികളും തന്റെ വഴികള്‍പോലെ മികച്ചതാണെന്ന് കരുതിയാല്‍ പ്രശ്നം തീര്‍ന്നു.
ഇടത് ആശയങ്ങളുടെ സ്വാധീനം ജെ.എന്‍.യു.വില്‍ വളരെ പ്രകടമാണ്, അതിന്റെപേരിലുള്ള സംഘര്‍ഷങ്ങളും
ഇടതോ വലതോ എന്നതൊന്നുമല്ല വിഷയം. മികച്ച അധ്യാപകനാണോ അല്ലയോ എന്നതാണ് വിഷയം. ഇടതോ വലതോ എന്നത് എന്റെ പരിഗണനാവിഷയമല്ല, മറിച്ച് യോഗ്യതമാത്രമാണ് കണക്കിലെടുക്കുന്നത്. ഇടത് പണ്ഡിതരൊക്കെ വളരെ യോഗ്യതയുള്ളവരാണ്. അവരുടെ ആശയങ്ങള്‍ എന്തായാലും അവരോട് എനിക്ക് ബഹുമാനമാണുള്ളത്. നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ആ സംസ്കാരമാണ് ജെ.എന്‍.യു.വിനുള്ളത്.
ജെ.എന്‍.യു.വിനെ ഗ്ലോബലാക്കുകയാണ് ലക്ഷ്യമെന്ന് ചുമതലയേറ്റപ്പോള്‍ പറഞ്ഞിരുന്നു. വിശദീകരിക്കാമോ
ജെ.എന്‍.യു. ഇന്ത്യയില്‍ ഒന്നാമതാണ്. ഇനി വിശ്വഗുരുവാകുക എന്നതാണ് മനസ്സില്‍. അതുപോലെത്തന്നെ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും എത്തുകയെന്നതും പ്രധാനമാണ്. അതിനായി ഡിജിറ്റൈസേഷന് നടപ്പാക്കും. ജെ.എന്‍.യു.വിലെ അധ്യാപകരുടെ ക്ലാസുകള്‍ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡാഷ് ബോര്‍ഡും തയ്യാറാക്കും. ഇതിലൂടെ ജെ.എന്‍.യു.വിലെ എല്ലാ പ്രൊഫസര്‍മാരുടെയും ക്ലാസുകള്‍ രാജ്യത്ത് ലഭ്യമാക്കും.
Content Highlights: Interview with Santishree Dhulipudi Pandit vice-chancellor of the Jawaharlal Nehru University
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..