ഡോ. എൻ.ജെ. ജീന
മികച്ച ആയുർവേദ അധ്യാപികയ്ക്കുള്ള ആരോഗ്യസർവകലാശാലയുടെ പുരസ്കാരം ഇത്തവണ ആയുർവേദത്തിന്റെ നാട്ടിലേക്കുതന്നെ. പുരസ്കാരത്തിനർഹയായ കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്രവിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. എൻ.ജെ. ജീന മാതൃഭൂമി പ്രതിനിധി സി. സാന്ദീപനിയുമായി സംസാരിക്കുന്നു...
പുരസ്കാരം കൈപ്പറ്റിയപ്പോൾ എന്തുതോന്നി?
പുരസ്കാരങ്ങൾ ആഹ്ലാദകരംതന്നെ. പക്ഷേ, അതുണ്ടാക്കുന്ന ഉത്തരവാദിത്വം വലുതാണ്. അധ്യാപിക എന്ന നിലയിൽ നേട്ടങ്ങൾ ഉണ്ടാക്കാ ൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കാരണം മിടുക്കരായ വിദ്യാർഥികളെ കിട്ടി എന്നതാണ്. നല്ല കുട്ടികളാണ് നല്ല അധ്യാപകരെ സൃഷ്ടിക്കുന്നത്. പ്രവേശനപ്പരീക്ഷയിൽ മികച്ച റാങ്ക് നേടുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന കോളേജ് കോട്ടയ്ക്കൽ വി.പി.എസ്.വി. ആണ്. 2004-ൽ ഇവിടെ അധ്യാപികയായി ചേർന്നതുമുതൽ വളരെ മികച്ച വിദ്യാർഥികളെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ ഊർജമാണ്. അതനുസരിച്ച് നമ്മുടെ മികവുവർധിപ്പിക്കാനും ശ്രമമുണ്ടാകും. ആയുർവേദകോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ, സഹപ്രവർത്തകർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവരിൽനിന്നുള്ള സഹകരണം, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ തന്ന ശക്തിയും വലുതാണ്. ഇതേകോളേജിൽ ബി.എ.എം.എസ്സിന് പഠിക്കുമ്പോൾ പ്രഗല്ഭരായ ഗുരുനാഥന്മാരിൽനിന്ന് പഠിക്കാൻകഴിഞ്ഞത് എന്റെ ഭാഗ്യം - ഡോ. ഭരതരാജൻ, ഡോ. അഗ്നിവേശ്, ഡോ. ഹരിദാസൻ, ഡോ. സുരേന്ദ്രൻ, ഡോ. ഈശ്വരശർമ തുടങ്ങിയ ഗുരുക്കന്മാർ. നല്ല അന്തരീക്ഷവും ഗുരുക്കന്മാരും ഭൗതികസൗകര്യങ്ങളുമെല്ലാം മികവിന് ആവശ്യമാണ്.
വൈദ്യാധ്യാപനത്തിൽ പ്രായോഗികപഠനവും പ്രധാനമാണ്. ഇക്കാര്യത്തിലുള്ള സാധ്യതകൾ
ദിവസവും ആയിരത്തോളം രോഗികൾവരുന്ന ഒ.പി. വിഭാഗം, ഇരുനൂറോളംപേരെ കിടത്തിച്ചികിത്സിക്കുന്ന ഐ.പി. വിഭാഗം, എല്ലാവിഭാഗത്തിലും വിദഗ്ധഡോക്ടർമാർ എന്നിവയെല്ലാമുള്ള കോളേജിലെ ആശുപത്രിതന്നെ പ്രായോഗികപഠനത്തിനുള്ള പ്രധാനകേന്ദ്രം. കൂടാതെ ആര്യവൈദ്യശാലയെന്ന മഹാപ്രസ്ഥാനത്തിന്റെ സൗകര്യങ്ങൾ. ഇന്ത്യയിലെതന്നെമികച്ച ഫാക്ടറികളിലൊന്നാണ് ആര്യവൈദ്യശാലയുടേത്. ഇവിടെ മരുന്നുണ്ടാക്കുന്നത് കണ്ടുപഠിക്കാം. പന്ത്രണ്ടേക്കറിലേറെവരുന്ന കോട്ടയ്ക്കലിലെ ഔഷധസസ്യോദ്യാനങ്ങളും അപൂർവ പാഠ്യവസ്തുവാണ്. ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണകേന്ദ്രവും സഹായകരമാണ്.
2019-ൽ വേൾഡ് റിസർച്ച് കൗൺസിലിന്റെ ഇന്നൊവേറ്റീവ് റിസർച്ചർ അവാർഡ് ഡോക്ടർക്കായിരുന്നല്ലോ. അതിനാസ്പദമായ പ്രബന്ധത്തിലെ ‘എള്ളും തേനും’ ചികിത്സ എന്താണ്?
തലയിലോ മുഖത്തോ വായിലോ അർബുദമുള്ളവർ നേരിടുന്ന വലിയ പ്രശ്നം റേഡിയേഷന്റെ ഭാഗമായി വായിലുണ്ടാകുന്ന മുറിവുകളും ഉമിനീര് ഉത്പാദിക്കുന്നതിനുണ്ടാകുന്ന തടസ്സവുമാണ്. ഇത് ഭേദപ്പെടുത്താൻ അലോപ്പതിയെക്കാൾ ആയുർവേദത്തിനുസാധിക്കുമെന്നാണ് ബോധ്യം. ഇതിനായി എള്ളും തേനും ചേർന്ന മിശ്രിതം പ്രയോഗിക്കുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണപ്രബന്ധം. ഈ മരുന്ന് ദിവസവും രാവിലെയും വൈകുന്നേരവും ഉപയോഗിച്ചാൽ മുറിവും ഉമിനീർപ്രശ്നവും ഭേദമാകും.
സ്വപ്നങ്ങൾ
കോട്ടയ്ക്കലിൽ ആയുർവേദസർവകലാശാല വേണം. സർവകലാശാലവന്നാൽ ഗവേഷണത്തിന് കൂടുതൽ സൗകര്യങ്ങളൊരുങ്ങും. കോട്ടയ്ക്കൽ ആയുർവേദകോളേജിൽ ശാലാക്യതന്ത്രത്തിൽ ബിരുദാനന്തരബിരുദം തുടങ്ങണമെന്നത് മറ്റൊരു ആഗ്രഹം. മണ്മറഞ്ഞ ഡോ. പി.കെ. വാരിയരുടെ സ്വപ്നം കൂടിയായിരുന്നു ഇത്.
കുടുംബം, പ്രവർത്തനങ്ങൾ
കോഴിക്കോടാണ് സ്വദേശം. എ.കെ.പി.സി.ടി.എ. ജില്ലാപ്രസിഡന്റും കോട്ടയ്ക്കൽ ഹെർബൽസിറ്റി ലയൺസ് ക്ലബ്ബ് സെക്രട്ടറിയുമാണ്. ബെയ്ജിങ്, തായ്ലൻഡ് മോസ്കോ എന്നിവിടങ്ങളിലെ കോൺഫറൻസുകളിൽ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. അച്ഛൻ: എൻ.എസ്. ജനാർദ്ദനൻ. അമ്മ: യമുനാഭായി. ഇപ്പോൾ കോട്ടയ്ക്കലിനടുത്ത് കൊളത്തൂപ്പറമ്പിൽ താമസിക്കുന്നു. ഭർത്താവ്: ഡോ. എ.കെ. മുരളീധരൻ (എക്സിക്യുട്ടിവ് ഡയറക്ടർ, കോട്ടയ്ക്കൽ എച്ച്.എം.എസ്. ഹോസ്പിറ്റൽ). മക്കൾ: അവന്തിക, നീഹാരിക.
Content Highlights: interview with Dr.NJ Jeena
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..