പരിഹസിച്ചവരോട്‌ അമേരിക്കയിലിരുന്ന് അമര്‍ പറയുന്നു 'അതെ! തേപ്പുകാരന്റെ,പാണ്ടിയുടെ മകനാണ് ഞാന്‍' 


എം.ബി. ബാബുഅച്ഛൻ മുരുകേശനും അമ്മയ്ക്കും സഹോദരിക്കും മുത്തച്ഛനുമൊപ്പം അമർനാഥ്‌

തേനി കമ്പത്തുള്ള നാലു സെന്റിലെ കൊച്ചു പുരയിലിരുന്ന് ആരും കാണാതെ അമര്‍നാഥ് ഒരു കത്ത് എഴുതാന്‍ തുടങ്ങി: എന്റെ പ്രിയപ്പെട്ട അച്ഛാ..., ആ കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുടയിലെ വാടകമുറിയിലിരുന്ന് മുരുകേശന്‍ പൊട്ടിക്കരഞ്ഞു. കണ്ണീര്‍ത്തുള്ളികള്‍ കനലെരിയുന്ന ഇസ്തിരിപ്പെട്ടിയുടെ മുകളില്‍ നീരാവിയായി.

കമ്പത്തെ ഒരുതുണ്ടുഭൂമിയില്‍ പൊട്ടിപ്പൊളിയാറായ വീടുമുണ്ടായിരുന്നു, ആ കുടുംബത്തിന്. അതിലാണ് അമര്‍നാഥ് താമസിച്ചിരുന്നത്. ആ ചെറിയ സ്വത്തിന് അഞ്ച് അവകാശികള്‍. അവരും അവരുടെ കുടുംബവും ആ വീട്ടില്‍ത്തന്നെയായിരുന്നു. ഈ സ്വത്തിന്റെ പേരിലുള്ള തര്‍ക്കങ്ങളും പോരുമായിരുന്നു കത്തില്‍ അമര്‍നാഥ് സൂചിപ്പിച്ചിരുന്നത്. അത് അവിടെത്താമസിക്കുന്ന തന്റെ പഠനത്തെയും ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നെന്നും അവന്‍ കത്തില്‍ വിവരിച്ചിരുന്നു.

'അച്ഛാ, എനിക്ക് പഠിക്കണം. ഇവിടെ നിന്നാല്‍ അതിന് കഴിയില്ല. അച്ഛന്‍ വന്ന് എന്നെ കൂട്ടിക്കൊണ്ട് പോകണം. എന്നെ മാത്രമല്ല, അര്‍ച്ചനയെയും അമ്മയെയും. ഞാന്‍ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛന്റെ കഷ്ടപ്പാടുകള്‍ തീര്‍ക്കും. നമുക്ക് നല്ലൊരു ജീവിതമുണ്ടാകും. തീര്‍ച്ച....'

അഞ്ചാം ക്ലാസുകാരനായ മകന്റെ ആത്മനൊമ്പരം നിറഞ്ഞ കത്തു കിട്ടിയ അന്നുതന്നെ മുരുകേശന്‍ കമ്പത്തേക്ക് പുറപ്പെട്ടു. അവിടെനിന്ന് കുടുംബത്തെക്കൂട്ടി തിരികെ ഇരിങ്ങാലക്കുടയിേലക്ക്. ഒരു പെട്ടിയില്‍ കുറച്ച് വസ്ത്രങ്ങളും സാധനങ്ങളും. അതായിരുന്നു അവര്‍ കേരളത്തിലേക്ക് കൊണ്ടുവന്ന സ്വത്ത്.

രണ്ട് കനല്‍ ഇസ്തിരിപ്പെട്ടികളും ഒരു സ്റ്റൗവും കലവും മാത്രമുള്ള മുറി. ഇരിങ്ങാലക്കുടയിലെ ആ മുറിയിലാണ് മുരുകേശനും പിതാവ്‌ െവള്ളച്ചാമിയും താമസിക്കുന്നത്. പതിനൊന്നുകാരനായ അമര്‍നാഥും അനിയത്തി അര്‍ച്ചനയും അമ്മ ജയലക്ഷ്മിയും ആ മുറി സ്വര്‍ഗമാക്കി താമസം തുടങ്ങി. ഏഴുവര്‍ഷം മുന്പായിരുന്നു അത്.

ഇസ്തിരിപ്പണിക്കായി വെള്ളച്ചാമി 31 വര്‍ഷം മുമ്പ് കമ്പത്തുനിന്ന് ഇരിങ്ങാലക്കുടയില്‍ എത്തിയതാണ്. പത്താം ക്ലാസ് ജയിച്ചെങ്കിലും ഉപരിപഠനത്തിന് വകയില്ലാത്തതിനാല്‍ മുരുകേശനും വെള്ളച്ചാമിയോടൊപ്പം ഇരിങ്ങാലക്കുടയിലേക്ക് പോന്നു. മുരുകേശന്‍ ഇവിടെയെത്തി ഇസ്തിരിജോലി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് 21 വര്‍ഷം. അമര്‍നാഥും അനിയത്തിയും അമ്മയും എത്തിയിട്ട് ഏഴുവര്‍ഷവും.

ഒറ്റമുറിയില്‍നിന്ന് ചെറിയൊരു വാടകവീട്ടിേലക്ക് മാറി എന്നത് മാത്രമാണ് ഇതിനിടെയുണ്ടായ മാറ്റം.

അമര്‍നാഥും കുടുംബവും

കമ്പത്തെ നാട്ടുതമിഴ് പഠിച്ച് കേരളത്തിലേക്ക് പറിച്ചുനടപ്പെട്ട് ആറാം ക്ലാസില്‍ മലയാളത്തനിമയിലേക്ക് ചേക്കേറേണ്ടിവന്ന അമര്‍നാഥ് പലകുറി പഠനം നിര്‍ത്താന്‍ തുനിഞ്ഞതാണ്. തമിഴ് മാത്രമറിയുന്ന, പഠനത്തില്‍ പിന്നാക്കക്കാരനായ ഒരാളോട് മലയാളികളായ ചില സഹപാഠികളുടെ കളിയാക്കലായിരുന്നു കാരണം. പാണ്ടിയെന്നും തേപ്പുകാരനെന്നും ചിലര്‍ വിളിച്ചു.

എന്നാല്‍ പഠനത്തുടക്കത്തിനുള്ള യാത്രതന്നെ അബദ്ധമായിരുന്നെങ്കിലും അത് നല്ല അനുഭവമായി. അമര്‍നാഥിനെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ആദ്യം കൊണ്ടുപോയത് ഇരിങ്ങാലക്കുടയിലെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍. ഇത് ഗേള്‍സ് സ്‌കൂളാണെന്ന് അറിഞ്ഞിരുന്നില്ല. അവിടെയെത്തി മകന് പ്രവേശം തേടിയ മാതാപിതാക്കളെ പ്രിന്‍സിപ്പലായ സിസ്റ്റര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ലിസ്യൂ സ്‌കൂളിലേക്ക് പറഞ്ഞയച്ചു. അവിടെയെത്തിയപ്പോള്‍ ഇവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ആ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. വേറിട്ട അനുഭവം.

തേപ്പുപണി ചെയ്ത് മക്കളെ വളര്‍ത്തുന്ന കുടുംബത്തിന് താങ്ങായി സ്‌കൂള്‍ അധികൃതരുടെ അടുത്ത നടപടി. എത്രത്തോളം പഠിക്കാമോ അത്രത്തോളം ഫീസില്ലാതെ പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. അതിനനുസരിച്ച് അമര്‍നാഥ് പഠിച്ചു.

പതറിപ്പോകുന്ന ചില അവസരങ്ങളുണ്ടായിരുന്നു. ഇസ്തിരിച്ചൂടില്‍ അച്ഛനും മുത്തച്ഛനും വെന്തുരുകി ജോലിചെയ്തിട്ടും വീട്ടുവാടകയുള്‍പ്പെടെയുള്ള ചെലവും വരവും കൂട്ടിമുട്ടിക്കാനാകാത്ത സന്ദര്‍ഭങ്ങള്‍ ഏറെ. അടുത്ത വീടുകളില്‍ അമ്മ ജയലക്ഷ്മി പണിക്ക് പോയി. അമര്‍നാഥിനെയും അനിയത്തി അര്‍ച്ചനയെയും പരമാവധി പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. എങ്കിലും വീട്ടിലെ പ്രാരബ്ധം കൂടിവന്നു. ഉന്നതപഠനം എന്ന ലക്ഷ്യവും സ്വപ്നവും ഉപേക്ഷിച്ച് എന്തെങ്കിലും പണിക്ക് പോകാനുള്ള ആലോചനയിലായിരുന്നു അമര്‍നാഥ്.

സ്‌കൂളിന് അകത്തും പുറത്തും അമര്‍നാഥിന് തുണയായത് സ്മിനി, സുബി തുടങ്ങിയ അധ്യാപികമാരായിരുന്നു. അവരുടെ ഉപദേശങ്ങളും പ്രോത്സാഹനങ്ങളും അവനില്‍ ആത്മവിശ്വാസമുയര്‍ത്തി. ഒന്‍പതാം ക്ലാസില്‍ പുതുതായെത്തിയ േജാര്‍ജ് എന്ന വിദ്യാര്‍ഥി മറ്റൊരു തുണയായി. പഠനത്തില്‍ ഒന്നാമനായ ജോര്‍ജുമായുള്ള ചങ്ങാത്തമാണ് മികച്ച വിജയങ്ങളിലേക്ക് അമര്‍നാഥിന് തുടക്കം നല്‍കിയത്. പത്തില്‍ അമര്‍നാഥ് 96 ശതമാനം മാര്‍ക്ക് നേടി.

പത്തിനുശേഷം ജോര്‍ജും അമര്‍നാഥും മാപ്രാണത്തെ ഹോളി ക്രോസ് സ്‌കൂളില്‍ ചേര്‍ന്നു. ബയോ മാത്സായിരുന്നു വിഷയം.

പ്ലസ്ടു കഴിഞ്ഞ് േജാര്‍ജ് രാജ്യാന്തര സര്‍വകലാശാലകളിലേക്ക് പ്രവേശനത്തിനായി നടത്തുന്ന എസ്.എ.ടി. പരീക്ഷാപരിശീലനത്തിന് കൊച്ചിയില്‍ പോയി. സാന്പത്തികപ്രതിസന്ധി കാരണം അമര്‍നാഥിന് പോകാനായില്ല. എസ്.എ.ടി. പരീക്ഷ ജയിച്ച ജോര്‍ജ് അമേരിക്കയിലെ സര്‍വകലാശാലയില്‍ 2.75 കോടിയുടെ സ്‌കോളര്‍ഷിപ്പ് നേടി.

ജോര്‍ജ് പഠനസാമഗ്രികളെല്ലാം അമര്‍നാഥിന് നല്‍കി. പരീക്ഷ ജയിക്കാനുള്ള പ്രായോഗിക ഉപദേശങ്ങളും പറഞ്ഞുകൊടുത്തു. അപേക്ഷ അയയ്ക്കാന്‍ സഹായിച്ചു. അമര്‍നാഥ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അത് ഫലം കണ്ടു.

കൊച്ചുവാടകവീട്ടിലേക്ക് ഒത്തിരി സന്തോഷമെത്തി. തേപ്പുകാരന്റെ മകനെന്നും പാണ്ടിത്തമിഴനെന്നും കളിയാക്കിയിരുന്നവരെ അമര്‍നാഥ് വലിയ നേട്ടത്തിലൂടെ ഞെട്ടിച്ചു. അമര്‍നാഥിലൊരു പ്രതിഭയുണ്ടെന്ന് കണ്ടെത്തി പ്രോത്സാഹിപ്പിച്ച അധ്യാപകര്‍ സ്വപ്നം കണ്ടിരുന്ന നേട്ടം. മാതാപിതാക്കളുടെ പ്രാര്‍ഥനയ്ക്ക് കിട്ടിയ പ്രതിഫലം- അമേരിക്കയില്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് പഠനത്തിന് സര്‍വകലാശാലയുെട ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളര്‍) സ്‌കോളര്‍ഷിപ്പാണ് അമര്‍നാഥ് നേടിയെടുത്തത്.

വെമോണ്ടിലെ നോര്‍വിച്ച് സര്‍വകലാശാലയില്‍ നാലുവര്‍ഷത്തെ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പാണ് അമര്‍നാഥ് നേടിയത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാംവര്‍ഷ രസതന്ത്രബിരുദവിദ്യാര്‍ഥിയായിരുന്നു അമര്‍നാഥ് അപ്പോള്‍. അമേരിക്കയിലെ ഏഴ് സര്‍വകലാശാലകളിലും ഇറ്റലിയിലെ ഒരു സര്‍വകലാശാലയിലും അമര്‍നാഥിന് സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്നു. അതില്‍ മികച്ചതായ വെമോണ്ടിലെ നോര്‍വിച്ച് സര്‍വകലാശാലയാണ് തിരഞ്ഞെടുത്തത്.

പ്രതിസന്ധി പിന്നെയും

പക്ഷേ, വലിയൊരു പ്രതിസന്ധി അവിടെ ബാക്കിയുണ്ടായിരുന്നു. സ്‌കോളര്‍ഷിപ്പ് കിട്ടുക രണ്ടാംവര്‍ഷംമുതലാണ്. ആദ്യവര്‍ഷത്തേക്കുള്ള പണവും യാത്രയ്ക്കുള്ള തുകയും കണ്ടെത്തണം. ഒട്ടും ചെറുതല്ലാത്ത തുക. അമര്‍നാഥിനും കുടുംബത്തിനും ചിന്തിക്കാനാകുന്നതിലും വലുതാണ്. ഉടന്‍ കണ്ടെത്തുകയും വേണം.

2021 ഓഗസ്റ്റില്‍ ക്ലാസ് തുടങ്ങും. അതിനുമുന്നേ അമേരിക്കയിലെത്തണം. പലരും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ചിലത് വാഗ്ദാനമായി അവശേഷിച്ചു. കുറേപ്പേര്‍ സഹായമെത്തിച്ചു. പക്ഷേ, അതുകൊണ്ടൊന്നും തികയില്ല. അമേരിക്കയിലെ പഠനം അനിശ്ചിതത്വത്തിലായി. വീട്ടില്‍ മ്ലാനത പടര്‍ന്നു.

വൈകാതെ അമര്‍നാഥിന്റെ വീട്ടിലേക്ക് ജോര്‍ജ് എത്തി. പഠനത്തിനായി അമേരിക്കയിലേക്ക് പോകുംമുന്നേ യാത്ര പറയാന്‍. ജോര്‍ജിന് വേറെ സര്‍വകലാശാലയിലാണ് പ്രവേശനം കിട്ടിയിരിക്കുന്നത്. അവിടെ മുന്നേ ക്ലാസ് തുടങ്ങുകയാണ്. അമര്‍നാഥിന്റെ പഠനം ആരംഭിക്കാന്‍ സമയമുണ്ട്. അമേരിക്കയില്‍വെച്ച് കാണാമെന്ന് പറഞ്ഞ് ജോര്‍ജ് പിരിഞ്ഞു. കാണാന്‍ സാധ്യതയില്ലെന്ന് അമര്‍നാഥ് മനസ്സില്‍ പറഞ്ഞു.

അമര്‍നാഥും സുഹൃത്ത് ജോര്‍ജും

പല സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും വലുതും ചെറുതുമായ സഹായമെത്തിയെങ്കിലും അമര്‍നാഥിന് അത് ആദ്യവര്‍ഷ പഠനത്തിന് മാത്രമായൊതുങ്ങി. യാത്രക്കൂലിക്ക് പണമില്ല. അതാണ് വലിയ പ്രതിസന്ധിയായി നിന്നത്. അതിനിടെ വീട്ടിലേക്കൊരു അപരിചിതനെത്തി. അമര്‍നാഥ് എന്ന മിടുക്കനെ കാണാനും പരിചയപ്പെടാനും എത്തിയതാണ്. അമേരിക്കയിലേക്കുള്ള യാത്രാ ഒരുക്കം എവിടെവരെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു. യാത്രക്കൂലി ഇനിയും കണ്ടെത്താനുണ്ടെന്ന് പറഞ്ഞു. യാത്രയും സ്വപ്നവും മുടങ്ങില്ലെന്ന ഉറപ്പും നല്‍കിയാണ് അദ്ദേഹം പോയത്.

മൂന്നാം ദിനം രാവിലെ അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റുമായാണ് അദ്ദേഹം എത്തിയത്. അമര്‍നാഥ് പേര് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു-

എന്റെ പേരിലെന്തിരിക്കുന്നു. നിന്റെ പേരാണ് എല്ലാവരും കേള്‍ക്കേണ്ടത്.

പേരും വിവരങ്ങളും വെളിപ്പെടുത്താതെ ആ അജ്ഞാതന്‍ പോയി. ആ അജ്ഞാതന്‍ ഇന്നും അജ്ഞാതന്‍ തന്നെ.

അമര്‍നാഥ് അമേരിക്കയില്‍

അങ്ങനെ അമര്‍നാഥ് അമേരിക്കയിലെത്തി പഠനം തുടങ്ങി. പണം കണ്ടെത്താന്‍ പാര്‍ട്ട്‌ ൈടം േജാലി ചെയ്യാം. അത് കിട്ടിയത് ജനുവരിയിലാണ്. പിന്നെ ജോലികള്‍ ഒന്നിനു പിറകേ ഒന്നായി വന്നു.

സര്‍വകലാശാലയിലെ റസിഡന്‍ഷ്യല്‍ അഡൈ്വസര്‍ ജോലിയാണ് ആദ്യം കിട്ടിയത്. അഭിമുഖം, ചര്‍ച്ച തുടങ്ങിയ കടമ്പകള്‍ കടന്നാണ് ഈ ജോലി നേടിയത്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ തങ്ങുന്ന കെട്ടിടങ്ങളിലെ സുരക്ഷാ പ്രോട്ടോകോള്‍ സംരക്ഷണമാണ് ജോലി. ഗവേഷണം നടത്തുന്ന അധ്യാപകരെ സഹായിക്കുന്ന അപ്രന്റീസ്ഷിപ് ജോലിയായിരുന്നു പിന്നാലെ. ഒരേസമയം രണ്ട് പാര്‍ട്ട് ടൈം ജോലിയാണ് ഇവിടെ ചെയ്യാനാകുക. അപ്രന്റീസ്ഷിപ് ഓഗസ്റ്റ് പകുതിയോടെ തീരും. അപ്പോള്‍ തുടരാനായുള്ള അടുത്ത ജോലിയും കിട്ടി. പുതിയതായി എത്തുന്ന വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ കോഡിങ് പഠിപ്പിക്കുന്ന ജോലിയായിരുന്നു. സര്‍വകലാശാലയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ഈ കോഡിങ് പഠിപ്പിക്കാനുള്ള അനുമതിയുള്ളത്. അതിലൊന്ന് അമര്‍നാഥിനാണ്.

ഓഗസ്റ്റില്‍ തുടങ്ങാവുന്ന മറ്റൊരു ജോലിയും കിട്ടിയിട്ടുണ്ട്. സര്‍വകലാശാലയില്‍ റിസര്‍ച്ച് ലീഡ് അംബാസഡറാണത്. ഏറെ ബുദ്ധിമുട്ടുള്ള അഭിമുഖത്തിനും കടമ്പകള്‍ക്കും ശേഷമാണ് ഈ ജോലിയും നേടിയത്.

അമേരിക്കയിലെത്തിയെങ്കിലും നാട്ടിലെ സേവനങ്ങളും അമര്‍നാഥ് നിര്‍ത്തിയിരുന്നില്ല. അമേരിക്കയില്‍ പഠനത്തിനായുള്ള യാത്രാ തീരുമാനം അനന്തമായി നീണ്ടപ്പോള്‍ അക്കാദമിക് സേവനം നടത്തുന്ന ഒരു സന്നദ്ധസംഘടനയില്‍ അമര്‍നാഥ് അംഗമായിട്ടുണ്ടായിരുന്നു. റോബിന്‍ഹുഡ് ആര്‍മി എന്ന ആ സംഘടനയുെട ദക്ഷിേണന്ത്യാ ലീഡറായി. ഇരിങ്ങാലക്കുടയിലും ഇതിന് ശാഖ തുറന്നു. അതുവഴി നിരവധി അക്കാദമിക് സേവനങ്ങളും നടത്തി. അക്കാലത്ത് ഈ അക്കാദമിയില്‍ അംഗമായിരുന്നു ഇരിങ്ങാലക്കുടയിലെ ശ്രീഭദ്ര. വിദേശത്ത് നഴ്‌സിങ് പഠന മോഹവുമായി നടന്നിരുന്ന ശ്രീഭദ്രയ്ക്ക് അതിനുള്ള അപേക്ഷ അയച്ച്‌ േനടിയെടുക്കുന്ന രീതി അറിയില്ലായിരുന്നു. അമര്‍നാഥ് അതിനുള്ള വഴിയൊരുക്കി. ജോര്‍ജ് ആരംഭിച്ച് അമര്‍നാഥ് പങ്കാളിയായ 'നിറ്റിവോ' എന്ന വിദേശ പഠനസഹായ കണ്‍സള്‍ട്ടന്‍സി ശ്രീഭദ്രയെ എസ്.എ.ടി. പരീക്ഷയെഴുതാന്‍ സഹായിച്ചു. അപേക്ഷ അയച്ചതും മാര്‍ഗനിര്‍ദേശം നല്‍കിയതുമെല്ലാം നിറ്റിവോ ആണ്.

നോര്‍വിച്ച് സര്‍വകലാശാലയില്‍ 1.25 കോടിയുടെ സ്‌കോളര്‍ഷിപ്പോടെ ശ്രീഭദ്ര നഴ്‌സിങ് പ്രവേശനം നേടി. ഇരിങ്ങാലക്കുടയില്‍ നിന്ന് നോര്‍വിച്ച് സര്‍വകലാശാലയിേലക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിയ രണ്ടാമത്തെ ആളായി ശ്രീഭദ്ര. വിമാനടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞ ശ്രീഭദ്ര ഓഗസ്റ്റ് അവസാനം അമേരിക്കയിലെത്തും.

എട്ടുവര്‍ഷം മുമ്പ് തേനിയിലെ കമ്പത്തുനിന്ന് അമര്‍നാഥ് അച്ഛനെഴുതിയ കത്ത് അര്‍ഥപൂര്‍ണമാകുകയാണ്.-'അച്ഛാ, എനിക്ക് പഠിക്കണം.... ഞാന്‍ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛന്റെ കഷ്ടപ്പാടുകള്‍ തീര്‍ക്കും. നമുക്ക് നല്ലൊരു ജീവിതമുണ്ടാകും, തീര്‍ച്ച.'

Content Highlights: inspiring story of Amarnath who got 1.5 crore scholarship for study abroad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented