മക്കള്‍ ഡോക്ടറോ എന്‍ജിനീയറോ ആയേ തീരൂ എന്ന വാശി വേണ്ട, അതുമാത്രമല്ല കരിയര്‍


By ഗംഗ കൈലാസ്, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്

3 min read
educational guidance
Read later
Print
Share

'ചേര്‍ന്നുകഴിയുമ്പോള്‍ അവരങ്ങു പഠിച്ചോളും' എന്ന ധാരണയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഒരു കോഴ്സിനും പറഞ്ഞുവിടാതിരിക്കുക'

Representational Image | Photo: Canva

സ്വന്തം താത്പര്യങ്ങള്‍ക്കും കഴിവുകള്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഇന്നത്തെ തലമുറയിലെ എത്ര കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? പത്താംക്ലാസില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയതുകൊണ്ടുമാത്രം ഇഷ്ടവിഷയമായ ഹ്യുമാനിറ്റീസോ കൊമേഴ്സോ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുവാദം കിട്ടാത്തവര്‍, തന്നെക്കൊണ്ട് പഠിച്ചുനേടാന്‍ കഴിയാത്ത കോഴ്സുകളിലേക്കുള്ള പ്രവേശനം വന്‍തുക കൊടുത്ത് മാതാപിതാക്കള്‍ നേടിക്കൊടുക്കുമ്പോള്‍ അതില്‍നിന്ന് പിന്മാറാന്‍ കഴിയാതെപോകുന്നവര്‍, മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ക്കിടയിലും ഉയര്‍ന്ന ഫീസ് നല്‍കി കോച്ചിങ്ങിന് വിടുമ്പോള്‍ അവരുടെ ആഗ്രഹം നിറവേറ്റാനും സാമ്പത്തികനഷ്ടം നികത്താനും 'ഡോക്ടറോ എന്‍ജിനീയറോ ആയേതീരൂ' എന്ന അവസ്ഥയിലെത്തുന്നവര്‍ ഒക്കെ ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ ധാരാളമാണ്.

പലകുട്ടികളും കോഴ്സുകള്‍ പാതിവഴിക്ക് നിര്‍ത്തുകയും, പഠനഭാരത്താല്‍ വിഷാദത്തിലേക്ക് പോവുകയുമൊക്കെ ചെയ്യുന്ന സാഹചര്യങ്ങള്‍ അത്ര കുറവല്ല. അതിനാല്‍ കുട്ടികള്‍ സ്വന്തം കര്‍മമേഖല (career) തിരഞ്ഞെടുക്കുന്നത് അത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുതന്നെയാണ്. 'ഇഷ്ടമായതുകൊണ്ടാണ് ഈ കോഴ്സ് തിരഞ്ഞെടുത്തത്' എന്നുപറയുന്ന കുട്ടികളില്‍ പലര്‍ക്കും, എന്തുകൊണ്ട് അതിഷ്ടമായി എന്നതിന് കൃത്യമായ ഉത്തരമില്ല. മറ്റുചിലര്‍ പറയുന്ന കാരണങ്ങള്‍ ഉയര്‍ന്ന ശമ്പളം, മറ്റുരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ തുടങ്ങിയവയൊക്കെയാണ്. എന്നാല്‍, ശമ്പളവും ജോലിസാധ്യതയും മാത്രം നോക്കി തിരഞ്ഞെടുക്കേണ്ട ഒന്നാണോ സ്വന്തം കര്‍മമേഖല എന്ന് കുട്ടികളും മാതാപിതാക്കളും ചിന്തിക്കേണ്ടതാണ്.

കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍ ഇവയാണ്:

1. അഭിരുചി

മറ്റുള്ളവരെക്കാള്‍ വിജയകരമായും കാര്യക്ഷമമായും ഏതെങ്കിലും പ്രവൃത്തികള്‍ ചെയ്യാനോ വിഷയങ്ങള്‍ പഠിക്കാനോ ഒരാള്‍ക്കുള്ള പ്രത്യേക ശേഷികളാണ് അഭിരുചി (aptitude). പാട്ടുപാടുക, പടംവരയ്ക്കുക, വളരെപ്പെട്ടെന്ന് ഗണിതക്രിയകള്‍ ചെയ്യാനുള്ള കഴിവ്, വിശകലനംചെയ്യാനുള്ള കഴിവ്, ഭാഷാപരമായ അഭിരുചി, കായികാഭിരുചി തുടങ്ങി പലതരം അഭിരുചികള്‍ കാണാവുന്നതാണ്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ അഭിരുചികളെ സ്വാധീനിക്കുന്നവയാണ്.

സ്വന്തം അഭിരുചി ഏതുമേഖലയിലാണെന്ന് തിരിച്ചറിയുന്നത് കര്‍മമേഖല തിരഞ്ഞെടുക്കുന്നതില്‍ വളരെ പ്രധാനമാണ്. ഒരുവിഷയം വലിയ പരിശ്രമം കൂടാതെതന്നെ പഠിച്ചെടുക്കാനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങാനും കഴിയുന്നെങ്കില്‍ ആ വിഷയത്തില്‍ ആ കുട്ടിക്ക് അഭിരുചിയുണ്ടെന്നുപറയാം. അതുപോലെ, ചില അഭിരുചികള്‍ വളരെക്കാലം തിരിച്ചറിയപ്പെടാതെപോകാനും സാധ്യതയുണ്ട്. ചില ജോലികള്‍ ചെയ്യാനോ വിഷയങ്ങള്‍ പഠിക്കാനോ അവസരം കിട്ടുമ്പോള്‍ മാത്രമാകും അവ തിരിച്ചറിയപ്പെടുന്നത്.

സ്‌കൂള്‍പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നവയല്ല അഭിരുചികള്‍. സ്വന്തം അഭിരുചികള്‍ക്കനുസൃതമായ ജോലികള്‍ തിരഞ്ഞെടുക്കുന്നത് ആ മേഖലയില്‍ പ്രാഗല്ഭ്യം തെളിയിക്കാന്‍ സഹായകമാകും.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

2. താത്പര്യം

ഓരോ വ്യക്തിക്കും എല്ലാ കാര്യങ്ങളിലും അവരുടെതായ താത്പര്യങ്ങളുണ്ടാകാറുണ്ട്. ഓരോ വിഷയത്തിലും ജോലിയിലും ഒരാള്‍ക്ക് എത്രമാത്രം താത്പര്യമുണ്ടെന്നത് വളരെ പ്രധാനമാണ്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതുകൊണ്ടുമാത്രം ആ വിഷയം കുട്ടിക്ക് താത്പര്യമുള്ളതാകണമെന്നില്ല. കാരണം, ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ക്കുപോലും കഠിനാധ്വാനംകൊണ്ട് ചില കുട്ടികള്‍ നല്ല മാര്‍ക്ക് നേടിയെടുക്കാറുണ്ട്.

അതിബുദ്ധിമാന്മാരായ കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഒരേപോലെ മികച്ച മാര്‍ക്ക് വാങ്ങുന്നവരായിരിക്കും. എന്നാല്‍, അതില്‍ അവര്‍ ഏറെ താത്പര്യത്തോടുകൂടി പഠിക്കുന്ന വിഷയങ്ങള്‍ ഒന്നോ രണ്ടോ ആവും ഉണ്ടാവുക. അതുപോലെ ഓരോരുത്തര്‍ക്കും ഓരോ ജോലിചെയ്യാന്‍ താത്പര്യമുണ്ടാകും. ഉദാഹരണത്തിന്, യാത്രകള്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്ക് വേണ്ടിവരുന്ന ജോലികള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും. ചില താത്പര്യങ്ങള്‍ മാറുന്നവയാണെങ്കിലും, സ്ഥിരമായിട്ടുള്ള ചില താത്പര്യങ്ങള്‍ ഏതാണെന്ന് നിര്‍ണയിക്കപ്പെടേണ്ടതാണ്.

3. വ്യക്തിത്വം

സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് (personality) അറിവുണ്ടായിരിക്കുന്നത് കൃത്യമായ പ്രവര്‍ത്തനമേഖല തിരഞ്ഞെടുക്കുന്നതിന് അത്യാവശ്യമാണ്. സ്വന്തം ഇഷ്ടങ്ങള്‍, ചിന്തകള്‍, സ്വഭാവങ്ങള്‍, വികാരങ്ങള്‍ ഒക്കെയും സ്വയം നിരീക്ഷിച്ച് ഒരു ധാരണയുണ്ടാക്കുന്നത് അനുയോജ്യമായ ജോലി തിരഞ്ഞെടുക്കുന്നതിന് സഹായകമാവും. ഉദാഹരണത്തിന്, വളരെ അന്തര്‍മുഖനായ ഒരാള്‍ക്ക്, ഒരുകൂട്ടം വ്യക്തികള്‍ക്കൊപ്പമിരുന്നു ചെയ്യേണ്ടതോ ഒരുപാടാളുകളുമായി ഇടപഴകേണ്ടിവരുന്നതോ ആയ ജോലികള്‍ പ്രയാസമുണ്ടാക്കും.

4. കഴിവുകള്‍

ഓരോ മേഖലയിലും ജോലിചെയ്യുന്നതിന് വ്യത്യസ്തമായ നൈപുണികള്‍ (skills) ആണ് ആവശ്യമായിട്ടുള്ളത്. എല്ലാവര്‍ക്കും എല്ലാ നൈപുണികളും ഉണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല. എന്നാല്‍, പരിശീലനത്തിലൂടെ ഒരുപരിധിവരെ ആര്‍ജിച്ചെടുക്കാവുന്നവയാണ് ഇവ. മറ്റുള്ളവരുമായി ഇടപഴകാനും സംസാരിക്കാനുമുള്ള കഴിവ് (communication skill), പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് (problem solving and decision making skills), നേതൃതൃപാടവം (leadership skill), കാര്യങ്ങള്‍ ആസൂത്രണംചെയ്യാനുള്ള സാമര്‍ഥ്യം (planning skill), കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാനുള്ള കഴിവ് (learning skill) തുടങ്ങിയവയൊക്കെ പല പ്രവര്‍ത്തനമേഖലകളിലും പൊതുവായി വേണ്ട നൈപുണികളാണ്.

എന്നാല്‍, ചില ജോലികള്‍ക്ക് അവയുടെ പ്രത്യേകതയനുസരിച്ച് മറ്റുപല നൈപുണികളും ആവശ്യമായിവരാം. ഉദാഹരണത്തിന്, പട്ടാളക്കാരനാകുന്നതിനുവേണ്ട പ്രത്യേക നൈപുണികളാണ് മലകയറാനും ഓടാനുമൊക്കെയുള്ള ശാരീരികമായ കഴിവുകള്‍ (physical fitness), വളരെയധികം ശ്രദ്ധയും ഏകാഗ്രതയും (listening and concentration skills) മുതലായവയൊക്കെ. താത്പര്യമുള്ള പ്രവര്‍ത്തനമേഖലകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനാവശ്യമായ നൈപുണികളെന്താണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഒപ്പം, പരിശീലനത്തിലൂടെ തന്നെക്കൊണ്ട് നേടിയെടുക്കാന്‍ സാധിക്കുന്നവയാണോ അവയെന്നും ചിന്തിച്ച് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ തിളങ്ങാന്‍ സഹായിക്കും.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

പലകുട്ടികള്‍ക്കും വളരെക്കുറച്ചു ജോലികളെപ്പറ്റിയുള്ള അറിവുമാത്രമേ ഉള്ളൂ. വിവിധതരം കോഴ്സുകള്‍, ജോലികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരിജ്ഞാനം കുട്ടികള്‍ക്ക് നല്‍കുക. ശമ്പളം, സമൂഹത്തില്‍ കിട്ടുന്ന സ്ഥാനം മുതലായവ പരിഗണിക്കുന്നതിനോടൊപ്പം കുട്ടികളുടെ താത്പര്യവും അഭിരുചിയും പ്രത്യേകതകളും മനസ്സിലാക്കി കോഴ്സുകള്‍ തിരഞ്ഞെടുക്കുക. അതിനായി അവരുമായി കൂടുതല്‍ തുറന്നു സംസാരിച്ച് തീരുമാനങ്ങളെടുക്കാവുന്നതാണ്.

ചില ജോലികള്‍ മോശം, ചിലത് നല്ലത് എന്നതരത്തിലുള്ള മുന്‍ധാരണകള്‍ ഒഴിവാക്കുക. ഓരോ ജോലിയെപ്പറ്റിയും വ്യക്തമായി മനസ്സിലാക്കിയതിനുശേഷം തീരുമാനങ്ങളെടുക്കുക. എല്ലാ ജോലികള്‍ക്കും അതിന്റെതായ മഹത്ത്വവും സാധ്യതകളും ഉണ്ട്.

ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന നിലയില്‍ അവര്‍ക്ക് താത്പര്യമുള്ള മേഖലകളില്‍നിന്നു വിലക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്, ആണ്‍കുട്ടികള്‍ നഴ്സാകുന്നതും, പെണ്‍കുട്ടികള്‍ പൈലറ്റാകുന്നതുമൊക്കെ സാധാരണമായിക്കഴിഞ്ഞു.

കുട്ടികള്‍ക്ക് പത്തിലും പ്ലസ്ടുവിനും കിട്ടുന്ന മാര്‍ക്കിനെ മാത്രം പരിഗണിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന പ്രവണത ഒഴിവാക്കുക. ഒമ്പതാംക്ലാസിലെത്തുമ്പോള്‍ മുതലെങ്കിലും കരിയറിനെപ്പറ്റി ചിന്തിച്ചുതുടങ്ങുക. പലകാര്യങ്ങളും വിശദമായി മനസ്സിലാക്കി ഒരുപാട് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുക്കാന്‍ ഇത് സഹായിക്കും.

കുട്ടികളെടുക്കുന്ന കോഴ്സുകള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദംമൂലം തിരഞ്ഞെടുക്കപ്പെട്ടതാണോ എന്നത് പരിശോധിക്കുക. കൂട്ടുകാരെടുക്കുന്ന കോഴ്സുകള്‍ തനിക്ക് ചേരുന്നതാണോ എന്നൊന്നും ആലോചിക്കാതെ തിരഞ്ഞെടുക്കാനുള്ള പ്രവണത കൗമാരപ്രായക്കാര്‍ക്കിടയിലുണ്ട്.

'ചേര്‍ന്നുകഴിയുമ്പോള്‍ അവരങ്ങു പഠിച്ചോളും' എന്ന ധാരണയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഒരു കോഴ്സിനും പറഞ്ഞുവിടാതിരിക്കുക. അങ്ങനെ പഠിച്ചവര്‍ ഉണ്ടായേക്കാം, പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്ന് നിര്‍ബന്ധമില്ല.

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Indian Parents' Obsession with Engineering and MBBS

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
DEVIPRIYA

1 min

സിവിൽ സർവീസിൽ അഞ്ച് വട്ടം തുടർച്ചയായ പരാജയം, ആറാം തവണ ദേവിപ്രിയ റാങ്ക് ലിസ്റ്റില്‍

May 24, 2023


confused student
Premium

17 min

പത്താം ക്ലാസ് കഴിഞ്ഞാൽ ഏത് കോഴ്‌സിന് ചേരണം? എല്ലാറ്റിനുമുള്ള ഉത്തരം ഇവിടെയുണ്ട്‌

May 26, 2023


Akhila Buhari

1 min

രണ്ടുതവണയും ഇന്റർവ്യു വരെയത്തി പരാജയം, മൂന്നാം തവണ അഖില സിവിൽ സർവീസിൽ ഇടം കെെയാൽ ഇടം നേടി

May 24, 2023

Most Commented