Representational Image | Photo: freepik.com
എന്‍ജിനീയറിങ്ങിന് ചേരണോ? ഈ ചോദ്യവുമായി പലരും എന്നെ സമീപിക്കാറുണ്ട്. ഒറ്റയടിക്ക് ഉത്തരം പറയാന്‍ വിഷമമാണ്. ഒരു ഉത്തരത്തിലേക്ക് സ്വയം എത്തിച്ചേരാന്‍ ചില വഴികള്‍ പറയാം. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പന്ത്രണ്ടാം ക്ലാസ് പാസായവരെയാണ് എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ മിനിമം മാര്‍ക്ക് വേണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ മിനിമം ഉള്ളവര്‍ക്ക് വര്‍ഷാവര്‍ഷം നടത്തുന്ന സംസ്ഥാന- ദേശീയതല പ്രവേശന പരീക്ഷ എഴുതാം. ഇതില്‍ കിട്ടുന്ന റാങ്കനുസരിച്ചാണ് പ്രവേശനം. കേരളത്തിലെ എല്ലാ കോളേജുകളിലും ഒരേ പഠനരീതിയാണ് നിലവിലുള്ളത്. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് കേരളത്തില്‍ എന്‍ജിനീയറിങ് ബിരുദ പരീക്ഷകള്‍ നടത്തുന്നത്
നവീകരിക്കപ്പെടാത്ത പഠനമേഖല
ഇന്ത്യയിലെ എന്‍ജിനീയറിങ് പഠനരീതി 1960-കളിലേതാണെന്ന് പറയാം. അക്കാലത്താണ് ഇന്ത്യയില്‍ വലിയ ഡാമുകളും പാലങ്ങളും ഫാക്ടറികളും നിര്‍മ്മിക്കപ്പെടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എന്‍ട്രി ലെവല്‍ എക്‌സിക്യൂട്ടീവുകളെ വാര്‍ത്തെടുക്കാനുള്ള പഠനരീതി എന്‍ജിനീയറിങ് കോളേജുകളില്‍ ആവിഷ്കരിച്ചു. അതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. കേരളത്തില്‍ ഇപ്പോള്‍ 150-ഓളം കോളേജുകളിലായി മുപ്പതോളം ബ്രാഞ്ചുകളാണ് ഇന്ന് നിലവിലുള്ളത്. പുതിയ ബ്രാഞ്ചുകളും സ്‌പെഷലൈസേഷനുകളും വന്നെങ്കിലും അവയില്‍ പോലും പഴയ പാഠ്യരീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.
നാല് വര്‍ഷമാണ് എന്‍ജിനീയറിങ് പഠന കാലാവധി. ആറ് മാസം വീതമുള്ള എട്ട് സെമസ്റ്ററായി ഇതിനെ തിരിച്ചിരിക്കുന്നു. ഓരോ സെമസ്റ്ററിലും പരീക്ഷയുണ്ട്. നാലു വര്‍ഷത്തെ പഠനത്തില്‍ ഒന്നാം വര്‍ഷം പൊതു എന്‍ജിനീയറിങ് വിഷയങ്ങള്‍ പഠിപ്പിക്കും. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തിരഞ്ഞെടുത്ത മേഖലയിലെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കും. അവസാന വര്‍ഷം ആദ്യ മൂന്നു വര്‍ഷത്തെ കാര്യങ്ങള്‍ പ്രായോഗികമായി ചെയ്യാനും ഉന്നതപഠനത്തിനുള്ള വിഷയങ്ങള്‍ക്കുമാണ് പ്രാധാന്യം.
എന്‍ജിനീയര്‍മാര്‍ക്ക് ജോലിയില്ലേ?
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മിടുക്കരായ കുട്ടികള്‍ പലരും എന്‍ജിനിയറിങ് കഴിഞ്ഞാല്‍ ജോലി കിട്ടില്ലെന്ന ധാരണയില്‍ ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാന്‍ പോകുന്നത് കാണാറുണ്ട്. പക്ഷെ ഇപ്പോഴും തൊഴില്‍ സാധ്യത എന്‍ജിനിയറിങ്ങിന് തന്നെയാണ് കൂടുതല്‍. നല്ല നിലയില്‍ എന്‍ജിനീയറിങ് പഠിച്ചിറങ്ങുന്ന മിടുക്കര്‍ക്ക് കോളജ് വിടുന്നതിന് മുന്‍പ് തന്നെ ക്യാമ്പസ് റിക്രൂട്ടമെന്റിലൂടെ ജോലി കിട്ടാറുണ്ട്. ചെറുകിട കമ്പനികള്‍ പലപ്പോഴും നല്ല എന്‍ജിനിയര്‍മാരെ കിട്ടാനില്ല എന്ന് പരാതിപ്പെടാറുമുണ്ട്. അവസരങ്ങളുടെ എണ്ണം കുറയുമ്പോള്‍ പഠന മികവില്ലാത്തവരുടെ സാധ്യതകള്‍ കുറയും. നാലു വര്‍ഷത്തെ എന്‍ജിനിയറിങ് പഠനത്തെ ഗൗരവപൂര്‍വം സമീപിച്ചാല്‍ ജോലി അത്ര വലിയ പ്രശ്‌നമാകില്ല.
എന്‍ജിനിയറിങ്ങിന് ചേരാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥിയും രക്ഷിതാവും ഒരു സ്വയം വിലയിരുത്തല്‍ നടത്തണം. ഇതിനായി ഇനിപ്പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാം
1. എന്‍ജിനീയറിങ് വിദ്യാഭ്യാസ പദ്ധതിയില്‍ ഗണിതത്തിന് വളരെ പ്രാമുഖ്യമുണ്ട്. അതിനാല്‍ പ്ലസ്ടു തലത്തിലെ ഗണിതത്തില്‍ നല്ല ഗ്രാഹ്യമുണ്ടോ? കാല്‍കുലസ് ട്രിഗ്‌ണോമെട്രി, കോര്‍ഡിനേറ്റ് ജോമെട്രി എന്നിവയില്‍ സാമാന്യ ധാരണയില്ലെങ്കില്‍ എന്‍ജിനിയറിങ് ഒരു ശ്രമത്തില്‍ പാസാകില്ല. പ്ലസ്ടുവിന് കണക്കില്‍ 45% മാര്‍ക്ക് ഇല്ലാത്തവരെ തമിഴ്‌നാട്ടില്‍ ചേര്‍ക്കും എന്ന് പരസ്യം വരും. ഈ സ്‌കീമില്‍ പോകാതിരിക്കുകയാണ് നല്ലത്. കണക്ക് നാലാം വിഷയമായി പ്ലസ്ടുവിന് പഠിച്ചിരുന്നവര്‍ പലപ്പോഴും എന്‍ജിനിയറിങ് ക്ലാസുകളില്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഇതിന് കാരണം കണക്ക് സീരിയസായി പഠിക്കാത്തത് തന്നെയാണ്. (ഇത്തരക്കാര്‍ക്ക് എന്‍ജിനിയറിങ് ചേരാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ കണക്ക് പഠിച്ച് തുടങ്ങുന്നത് നന്നായിരിക്കും. മേല്‍പറഞ്ഞ ടോപ്പിക്കുകള്‍ പരീക്ഷാ പേടിയില്ലാതെ ഇന്റര്‍നെറ്റ് സഹായത്തോടെ പഠിച്ച് തുടങ്ങാം.
2. നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്വയം ഗ്രഹിക്കുന്നതിനും പഠിക്കുന്നതിനും കഴിവുണ്ടോ? എന്‍ജിനിയറിങ് വിഷയങ്ങള്‍ മലയാള പദ്യം പോലെ കാണാപ്പാഠം പഠിക്കാനുള്ളതല്ല. പലപ്പോഴും മൊത്തം സിലബസിന്റെ മുക്കാല്‍ പങ്കേ ക്ലാസില്‍ പഠിപ്പിക്കു. ബാക്കി വിദ്യ സ്വയം ആര്‍ജിക്കണം. അല്ലെങ്കില്‍ മധ്യതിരുവിതാംകൂറില്‍ ഒരിടത്ത് പണ്ട് നടത്തിയിരുന്നപോലത്തെ ഏതെങ്കിലും കോളേജ് ജയിലില്‍ ചേരണം. ഇങ്ങനെ ജയില്‍ ചപ്പാത്തി കഴിച്ച് പരീക്ഷ ജയിക്കുന്നവര്‍ റിക്രൂട്ട്‌മെന്റ് സമയത്ത് പൊതുവെ പിന്തള്ളപ്പെടാറുണ്ട്. ഭാവി കരിയറില്‍ സ്വയം പഠിക്കാനും പ്രയോഗിക്കാനും ധാരാളം അവസരങ്ങള്‍ വരും. അപ്പോഴൊന്നും ട്യൂഷന്‍ മാസ്റ്ററെ കിട്ടില്ല. സ്വയം പണിയെടുക്കേണ്ടി വരും.
3. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാമോ? കമ്പ്യൂട്ടര്‍ഗെയിം കളിക്കാനല്ല, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് അറിയാമോ എന്നാണ് ചോദ്യം. പ്ലസ്ടുവിന് കമ്പ്യൂട്ടര്‍ പഠിച്ചിട്ടുള്ളവര്‍ ബി.ടെക് കഴിഞ്ഞ് ജോലി കിട്ടുന്ന കാര്യത്തില്‍ ഒരു പടി മുമ്പില്‍ നില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. എല്ലാ എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍ക്കും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ആവശ്യമാണ്. പലപ്പോഴും ഇതു കോളേജില്‍ പഠിപ്പിക്കുന്നത്, നിങ്ങള്‍ പ്ലസ്ടുവിന് പഠിച്ചിട്ടുണ്ടാകും എന്ന മുന്‍ ധാരണയിലാണ്. നിത്യജീവിതത്തില്‍ കമ്പ്യൂട്ടറുകള്‍ ഒരവശ്യ വസ്തുവാണ്. എന്‍ജിനിയറിങ്ങിന് ചേരാന്‍ തീരുമാനിച്ചാല്‍ അത്യാവശ്യമായി കമ്പ്യൂട്ടര്‍ പഠിക്കണം. വേര്‍ഡ് പ്രോസസിംഗ്, സ്‌പ്രെഡ്ഷീറ്റ് എന്നിവ ചേരുന്നതിന് മുന്‍പേ പഠിച്ചാല്‍ നന്ന്. പൈത്തണ്‍ പ്രോഗ്രാമിങ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
4. ഇംഗ്ലീഷ് വൃത്തിയായി എഴുതാനും സംസാരിക്കാനും അറിയാമോ? ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടോ? എന്‍ജിനിയറിങ് കഴിഞ്ഞവര്‍ക്ക് പല തലത്തിലും ജോലി സാധ്യതയുണ്ട്. എവിടെ പോയാലും ഇംഗ്ലീഷ് അത്യാവശ്യമാണ്. എന്‍ജിനിയറിങ് കോളേജില്‍ ആരും നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കില്ല. ഇംഗ്ലീഷ് അറിയാമോ എന്നതിന് ഉത്തരമായി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചതെന്നു പറയരുത്. ഹിന്ദു പത്രത്തിലെ ഒരു വാര്‍ത്ത വായിച്ച് കാര്യം മനസ്സിലാക്കാന്‍ പറ്റുമോ? ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഒരു മാനുവല്‍ വായിച്ച് ഒരു വാഷിങ് മെഷീന്റെ എല്ലാ ഓപ്ഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുമോ? എങ്കില്‍ നിങ്ങള്‍ ഒരു പടി മുന്നിലാണ്. മനസിലുള്ള ആശയം വ്യക്തമായി എഴുത്തിലൂടേയും സംസാരത്തിലൂടെയും പ്രകടിപ്പിക്കാനായാല്‍ നിങ്ങളുടെ എന്‍ജിനീയറിങ് കരിയര്‍ പകുതി വിജയിച്ചു എന്ന് പറയാം.
5. എന്‍ജിനീയറിങ് പഠനം അത്യാവശ്യം പണച്ചിലവുള്ള ഏര്‍പ്പാടാണ്. ഫീസ്, പുസ്തകങ്ങള്‍ മറ്റനുബന്ധ ചിലവുകള്‍ എന്നിയ്ക്കു പണം വേണം. നിങ്ങള്‍ എവിടെയാണ് ചേരുന്നത് എന്നതിനനുസരിച്ച് ആവശ്യമായ പണത്തിന്റെ അളവ് മാറും. എന്‍ജീനീയറിങ് പഠനത്തിന് പോകാനുള്ള സാമ്പത്തികശേഷി നിങ്ങള്‍ക്കുണ്ടോ എന്ന് നിര്‍ബന്ധമായും സ്വയം വിലയിരുത്തേണ്ടതുണ്ട്. പഠിച്ച് ജോലി നേടി പണം തിരിച്ചടക്കാം എന്ന ആത്മവിശ്വാസമുണ്ടെങ്കിലേ ലോണെടുത്ത് പഠിക്കാവൂ. കഴിവതും സ്വകാര്യ-സ്വാശ്രയത്തില്‍ ലോണെടുത്ത് പഠിക്കരുത്. നിങ്ങള്‍ പാസാകുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റ് ലോണ്‍ എഴുതിത്തള്ളും എന്ന് പ്രതീക്ഷിക്കരുത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജുകളില്‍ പഠനച്ചിലവ് പൊതുവെ കുറവായിരിക്കും എന്നതും ഓര്‍ക്കുക
6. നിങ്ങള്‍ക്ക് ഷോര്‍ട്ട് ഫിലിം, ഡാന്‍സ്, കളരിപ്പയറ്റ്, പാട്ട്, രാഷ്ട്രീയം എന്നിവയിലൊക്കെയാണ് താത്പര്യമെങ്കില്‍ ആ വിഷയം പഠിക്കൂ. ഇക്കാലത്ത് എല്ലാ മേഖലയിലും അവസരങ്ങളുണ്ട്. വെറുതെ എന്‍ജിനീയറിങ് എടുത്ത് സമയം പാഴാക്കരുത്. സിനിമയില്‍ കാണുന്നതുപോലെയല്ല എന്‍ജിനീയറിങ് കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജില്‍ അടിച്ച് പൊളിച്ച് അവസാന ദിവസം പഠിച്ച് പാസാകാം എന്ന് കരുതരുത്.
7. നിങ്ങള്‍ ഒരു ഓള്‍റൗണ്ടറാണോ? അത്യാവശ്യം വീട്ടുജോലി, തട്ടുമുട്ട് പണികള്‍, എന്നിവയറിയാമോ? വീട്ടിലെ പൈപ്പ് ലീക്കായാല്‍ നന്നാക്കാന്‍ നോക്കിയിട്ടുണ്ടോ? ഫ്യൂസായ ട്യൂബ് മാറ്റിയിടാനറിയാമോ? ആരെങ്കിലും ചെറിയ ഒരു ജോലി എല്‍പിച്ചാല്‍ മടികൂടാതെ ചെയ്യുമോ? എങ്കില്‍ നിങ്ങള്‍ എന്‍ജിനിയറിങ് രംഗത്ത് ശോഭിക്കാന്‍ സാധ്യത കൂടുതലാണ്.
8. എന്‍ജിനിയറിങ് വിദ്യാഭ്യാസം ലോക തൊഴില്‍ മാര്‍ക്കറ്റിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ്. നിങ്ങള്‍ ബാംഗ്ലൂരോ ബോംബെയിലെ ജോലി എടുക്കാന്‍ തയ്യാറാണോ? അതിന് നിങ്ങളെ (പ്രത്യേകിച്ച് പെണ്‍കുട്ടികളെ) വീട്ടുകാര്‍ അനുവദിക്കുമോ? കിട്ടുന്ന ഏതു ജോലിയുംചെയ്യാന്‍ തയ്യാറാണോ? ആരെങ്കിലും ഒരാള്‍ ദേഷ്യപ്പെട്ടാല്‍, മുഖം കറുപ്പിച്ചാല്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമോ? അതോ വഴക്കിടാന്‍ നോക്കുമോ? തൊഴിലിടങ്ങളില്‍ പലപ്പോഴും ഇത്തരം സാഹചര്യമുണ്ടാകും. സമചിത്തതയോടെ കാര്യങ്ങള്‍ നടത്താന്‍ കഴിവുണ്ടോ എങ്കില്‍ വിജയം എളുപ്പമാണ്.
9. നല്ല നിലയില്‍ എന്‍ജിനിയറിങ് പാസാകാന്‍ ഐന്‍സ്റ്റീന്റെ പോലെയുള്ള ഐക്യു ഒന്നും വേണമെന്നില്ല. എങ്കിലും ചുറ്റും കാണുന്ന കാര്യങ്ങളില്‍ നിന്ന് പഠിക്കാനും നിഗമനങ്ങളില്‍ എത്താനും നിങ്ങള്‍ക്ക് കഴിവുണ്ടാകണം. പഠിക്കുന്ന വിഷയത്തോട് താത്പര്യം ഉണ്ടാക്കി എടുക്കണം.
10. നാലു വര്‍ഷം നീണ്ട ഒരു കാലയളവാണ് എന്‍ജിനീയറിങ് പഠനം. അത്രയുംകാലം കണ്‍സിസ്റ്റന്റായി പഠിക്കേണ്ടി വരും. ഇതില്‍ പഠനത്തോടുള്ള/ പഠിക്കുന്ന വിഷയത്തോടുള്ള ആറ്റിറ്റിയൂഡ് വളരെ പ്രധാനമാണ്. ഈ വര്‍ഷം അടിച്ചു പൊളിച്ചിട്ട് അടുത്ത വര്‍ഷം പഠിക്കാം എന്നു വിചാരിക്കുന്നവര്‍ വെള്ളത്തിലാകും. പഠനം തുടങ്ങുമ്പോള്‍ത്തന്നെ വ്യക്തമായ ലക്ഷ്യബോധം ഉണ്ടാകണം. ജോലി താനെകിട്ടിക്കോളും.
എന്‍ജിനീയറിങ് ഏത് ബ്രാഞ്ചാണ് എടുക്കേണ്ടതെന്നും കോളേജുകള്‍ തിരഞ്ഞെടുക്കേണ്ടതെങ്ങിനെ എന്നും അടുത്ത ഭാഗം വായിക്കാം
(മുംബൈ ഐ.ഐ.ടി.യിൽ നിന്ന് എൻജിനിയറിങിൽ ഗവേഷണ ബിരുദം നേടിയ ലേഖകൻ, ആറ്റിങ്ങൽ എൻജിനിയറിങ് കോളേജ് മുൻ പ്രിൻസിപ്പലാണ്)
Content Highlights: Important Things To Consider While Pursuing Engineering Courses
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..