-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) സ്ഥാപനങ്ങളിൽ അഗ്രിക്കൾച്ചർ, അനുബന്ധ വിഷയങ്ങളിലെ ബിരുദ (യു.ജി.), ബിരുദാനന്തരബിരുദ (പി.ജി.), പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകളിലെ പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ പ്രവേശനപരീക്ഷകൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അപേക്ഷ ക്ഷണിച്ചു.
എ.ഐ.ഇ.ഇ.എ.-യു.ജി.
കാർഷികസർവകലാശാലകളിലെ, അഗ്രിക്കൾച്ചർ അനുബന്ധമേഖലകളിലെ (വെറ്ററിനറി സയൻസ് ഒഴികെ) നാലുവർഷം ദൈർഘ്യമുള്ള 11 പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ.) യു.ജി.യുടെ പരിധിയിൽ വരുന്നത്. ഇതുവഴി 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ (ഇത് 20 ശതമാനമായി വർധിപ്പിക്കാൻ സാധ്യതയുണ്ട്) നികത്തും. എന്നാൽ, റാണി ലക്ഷ്മിബായ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (ഝാൻസി), നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കർനാൽ), ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.ആർ.ഐ.-ന്യൂഡൽഹി), ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (പ്യൂസാ, ബിഹാർ) എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും ഈ പരീക്ഷവഴിയാകും നികത്തുക.
യോഗ്യത: ചേരാനുദ്ദേശിക്കുന്ന കോഴ്സിനനുസരിച്ച് ഫിസിക്സ് (പി), കെമിസ്ട്രി (സി), ബയോളജി (ബി), മാത്തമാറ്റിക്സ് (എം), അഗ്രിക്കൾച്ചർ (എ) എന്നിവയിൽ നിശ്ചിതവിഷയങ്ങൾ പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി/ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് 40 ശതമാനം) വാങ്ങി ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയുടെ പരിധിയിൽവരുന്ന കോഴ്സുകൾ, ഓരോന്നിനും പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ:
* ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ: പി.സി.ബി./പി.സി.എം.ബി./പി.സി.എം./ഇന്റർ - അഗ്രിക്കൾച്ചർ
* ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി: പി.സി.ബി./പി.സി.എം.ബി./ഇന്റർ-അഗ്രിക്കൾച്ചർ
* ബി.എസ്സി. (ഓണേഴ്സ്) കമ്യൂണിറ്റി സയൻസ്/സെറികൾച്ചർ, ബി.ടെക്. ബയോടെക്നോളജി: പി.സി.ബി./പി.സി.എം.ബി./പി.സി.എം. [ഫുഡ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിക്സ് ബാച്ച്ലർ പ്രോഗ്രാമിനും (അംഗീകാരത്തിന് വിധേയം) ഇതാണ് വേണ്ട യോഗ്യത]
*ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ഡെയറി ടെക്നോളജി/ ഫുഡ് ടെക്നോളജി: പി.സി.എം.ബി./പി.സി.എം.
പ്രായം: അപേക്ഷകർക്ക് 2022 ഓഗസ്റ്റ് 31-ന് കുറഞ്ഞത് 16 വയസ്സുണ്ടായിരിക്കണം.
പ്രവേശനപരീക്ഷ: രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ലാൻ അധിഷ്ഠിത കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയിരിക്കും എ.ഐ.ഇ.ഇ.എ. (യു.ജി.). കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാലു പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാതീയതികൾ പിന്നീടുപ്രഖ്യാപിക്കും. ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടമാകും.
പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അഗ്രിക്കൾച്ചർ എന്നീ വിഷയങ്ങളിൽനിന്ന് 50 വീതം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ചേരാനാഗ്രഹിക്കുന്ന കോഴ്സിനനുസരിച്ച്, അപേക്ഷയിൽ തിരഞ്ഞെടുത്തുനൽകിയ മൂന്നു വിഷയങ്ങളിൽനിന്നുമായി 150 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. കോഴ്സ്, ഉത്തരം നൽകേണ്ട വിഷയങ്ങൾ: അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ: പി.സി.ബി./പി.സി.എം./പി.സി.എ./എ.ബി.സി. ഫിഷറീസ്, ഫോറസ്ട്രി: പി.സി.ബി./പി.സി.എ./എ.ബി.സി. കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിക്സ്, സെറികൾച്ചർ, ബയോടെക്നോളജി: പി.സി.ബി./പി.സി.എം. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി: പി.സി.എം. ഈ പരീക്ഷവഴി സ്വന്തം സംസ്ഥാനത്തിനുപുറത്ത് യു.ജി. പ്രവേശനം നേടുന്നവർക്ക് വ്യവസ്ഥകൾക്കു വിധേയമായി പ്രതിമാസം 3000 രൂപ നിരക്കിൽ, നാഷണൽ ടാലൻറ് സ്കോളർഷിപ്പിന് (എൻ.ടി.എസ്.) അർഹതയുണ്ടാകും.
അപേക്ഷ
icar.nta.nic.in/ വഴി ഓഗസ്റ്റ് 19-ന് വൈകീട്ട് അഞ്ചുവരെ നൽകാം. യോഗ്യതാകോഴ്സ് അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ (ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., യു.പി.എസ്. -770 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ് ജെൻഡർ വിഭാഗക്കാർ -400 രൂപ). ഓഗസ്റ്റ് 19 വരെ ഫീസ് അടയ്ക്കാം.
കേരളത്തിലെ പ്രവേശനം
അപേക്ഷയിൽ വന്നേക്കാവുന്ന പിശകുകൾ തിരുത്താൻ ഓഗസ്റ്റ് 21മുതൽ 23വരെ അവസരം കിട്ടും. താത്കാലിക പട്ടികപ്രകാരം, തൃശ്ശൂർ കേരള കാർഷികസർവകലാശാല, വയനാട് പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ 46 സർവകലാശാലകൾ/സ്ഥാപനങ്ങളാണ്, യു.ജി. പരീക്ഷയുടെ പരിധിയിൽ വരുന്നത്. പങ്കെടുക്കുന്ന സർവകലാശാലകളുടെ അന്തിമപ്പട്ടികയും സീറ്റ് ലഭ്യതയും പിന്നീട് പ്രസിദ്ധപ്പെടുത്തും.
എ.ഐ.ഇ.ഇ.എ.(പി.ജി.)
കാർഷികസർവകലാശാലകളിലെ അഗ്രികൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ആനിമൽ സയൻസസ്, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, കമ്യൂണിറ്റി സയൻസ് (ഹോം സയൻസ് എന്നപേരിൽ ഉണ്ടായിരുന്ന പ്രോഗ്രാം), ഫിഷറീസ്, ഡെയറി സയൻസ്, മറ്റ് അനുബന്ധസയൻസസിലെ മാസ്റ്റേഴ്സ് കോഴ്സുകളിലെ 25 ശതമാനം സീറ്റുകൾ (30 ശതമാനമായി വർധിപ്പിക്കാൻ സാധ്യതയുണ്ട്, ചില സ്ഥാപനങ്ങളിൽ 100 ശതമാനം സീറ്റുകൾ) നികത്തുന്നതിനായി നടത്തുന്ന പി.ജി. പ്രവേശനത്തിനുള്ള എ.ഐ.ഇ.ഇ.എ. (പി.ജി), പ്രവേശനപരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷിക്കാം.
എ.ഐ.സി.ഇ. പിഎച്ച്.ഡി.
പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.) എന്നിവ അനുവദിക്കുന്നതിനുമായി നടത്തുന്ന ഓൾ ഇന്ത്യ കോമ്പറ്റേറ്റീവ് എക്സാമിനേഷൻ (എ.ഐ.സി.ഇ.) ജെ.ആർ.എഫ്./എസ്.ആർ.എഫ്. (പിഎച്ച്.ഡി.) എന്നിവയിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
പി.ജി./ഡോക്ടറൽ പ്രവേശനപരീക്ഷകൾക്കും icar.nta.nic.in വഴി ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..